‘ബ്രഹ്മപുരം’ തീപിടിത്തം സിനിമയാകുന്നു; നായകൻ കലാഭവൻ ഷാജോൺ

Mail This Article
ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലെ തീപിടിത്തവും തുടർന്നുണ്ടായ പ്രശ്നങ്ങളും സിനിമയാകുന്നു. കലാഭവൻ ഷാജോൺ നായകനാകുന്ന ചിത്രത്തിന് മറയൂരിൽ തുടക്കമായി. ‘ഇതുവരെ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിക്കുന്നത് അനിൽ തോമസാണ്. ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലെ തീപിടിത്തത്തെതുടർന്ന് പ്ലാന്റിനെ ചുറ്റിപറ്റി ജീവിക്കുന്ന ഒരു കുടുംബത്തിലെ അംഗങ്ങൾക്കുണ്ടാകുന്ന രൂക്ഷമായ ആരോഗ്യപ്രശ്നങ്ങളുമാണ് ചിത്രം ചർച്ച ചെയ്യുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ അണിയറ പ്രവർത്തകർ റിലീസ് ചെയ്തു.

ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ തുടക്കം മുതൽ ഇതുവരെ നടന്ന സംഭവ വികാസങ്ങളെക്കുറിച്ചും ചിത്രം ചര്‍ച്ച ചെയ്യുന്നുണ്ട്. നിരവധി പുരസ്‌കാരങ്ങൾക്ക് അർഹമായ ‘മിന്നാമിനുങ്ങ്’ എന്ന ചിത്രത്തിന്റെ സംവിധായകനാണ് അനിൽ. അദ്ദേഹം തന്നെയാണ് ഈ സിനിമയുടെയും രചനയും സംവിധാനവും നിർവഹിക്കുന്നത്.
ബ്രഹ്മപുരത്തുണ്ടായ തീയും പുകയും ആരോഗ്യപ്രശങ്ങൾ ഉണ്ടാക്കുമോ എന്ന ഭീതിയിലാണ് ബ്രഹ്‌മപുരത്തും കൊച്ചിയുടെ വിവിധ ഭാഗങ്ങളിലും ജീവിക്കുന്ന ജനങ്ങൾ. ബ്രഹ്മപുരത്തെ പുകയടങ്ങുന്നതിനു മുൻപ് ഈ സംഭവത്തെക്കുറിച്ചൊരു സിനിമ വരുന്നത് ചർച്ചയാവുകയാണ്. ടൈറ്റസ് പീറ്റർ ആണ് നിർമാണം.