മമ്മൂട്ടിയും ശ്രീനിയും ഇന്നസന്റും; ലൊക്കേഷൻ അഡയാർ: അപൂർവ ചിത്രത്തിന്റെ കഥ പറഞ്ഞ് ചിത്ര കൃഷ്ണൻകുട്ടി
Mail This Article
ഞാൻ സിനിമാ മാസികയ്ക്കു വേണ്ടി പടം എടുക്കുന്ന കാലമായിരുന്നു അത്. ഇന്നസന്റും നിർമാതാവ് ഡേവിഡ് കാച്ചപ്പിള്ളിയും മദ്രാസിൽ ഒന്നിച്ചായിരുന്നു താമസം. മദ്രാസിൽ ചുറ്റിക്കറങ്ങി വരുന്ന പ്രത്യേകിച്ച് നാട്ടിൽ നിന്നും വരുന്നവരുടെ ആശാകേന്ദ്രമായിരുന്നു ഇവരുടെ മുറി. അവരുടെ വീട് അന്നത്തെ മലയാള സിനിമയുടെ പി.ആർ.ഒ ഓഫിസ് ആയിരുന്നെന്ന് പറഞ്ഞാലും തെറ്റില്ല. ഞാൻ സിനിമാ മാസികയായ ചിത്രരമയ്ക്കു വേണ്ടി സിനിമ കവർ ചെയ്യാൻ ചെന്നാൽ എല്ലാ സഹായങ്ങളും നൽകി ഇന്നസന്റും ഡേവിഡ് കാച്ചപ്പിള്ളിയും ഉണ്ടാകും. അങ്ങനെ കണ്ടു കണ്ട് ഞങ്ങൾ വലിയ അടുപ്പക്കാരായി. എവിടെ മലയാളം പടത്തിന്റെ ഷൂട്ടിങ് ഉണ്ടെങ്കിലും ഇവർ അവിടെ ഉണ്ടാകും. അവിടെ നിന്ന് അടുത്ത പടത്തിന്റെ സെറ്റിലേക്ക് പോകും. ഷൂട്ടിങ്ങ് എവിടെയെല്ലാം നടക്കുന്നുണ്ടെന്ന് കൃത്യമായി ഇവർക്ക് അറിയുന്നതുകൊണ്ട് എല്ലാ സിനിമാപത്രക്കാരും ഇവരെ ബന്ധപ്പെടും. എല്ലാവരുമായും ഇവർക്ക് നല്ല അടുപ്പമാണ്.
മാസികയ്ക്കു വേണ്ടി സിനിമാക്കാരുടെ പടം എടുക്കാൻ എന്നെ ഒത്തിരി സഹായിച്ചിട്ടുണ്ട് ഇന്നസന്റ്. നല്ല കവർ പേജും സെൻട്രൽ സ്പ്രഡും എടുക്കാൻ പല തവണ സഹായിച്ചു. അതൊന്നും ഒരിക്കലും മറക്കാൻ പറ്റില്ല. പുതിയ നടിമാരുടെ അഡ്രസ് എല്ലാം ഇവർക്ക് അറിയാമായിരുന്നു.സിനിമാക്കാരുടെ ഇടയിലെ മരണങ്ങൾ, അപകട മരണങ്ങൾ എന്നിവ സംഭവിച്ചാൽ സഹായത്തിന് മുൻപന്തിയിൽ ഇന്നസന്റും കാച്ചപ്പിള്ളിയും കാണും. പല ബിസിനസും നടത്തി പരാജയപ്പെട്ട് ഒടുവിൽ കർണാടകയിൽ ഒരു തീപ്പെട്ടി കമ്പനി വരെ നടത്തിയ കഥകൾ അദ്ദേഹം പറഞ്ഞു കേട്ടിട്ടുണ്ട്.
ഞങ്ങളൊക്കെ ഹോട്ടൽ ഭക്ഷണം കഴിച്ച് മടുക്കുമ്പോൾ ഇന്നസെന്റ് ഞങ്ങളെ അദ്ദേഹത്തിന്റെ മദ്രാസിലെ വീട്ടിലേക്ക് വിളിക്കും. ഞങ്ങൾ അങ്ങോട്ട് പറഞ്ഞിട്ടല്ല ഈ ക്ഷണം. ഞങ്ങളുടെ സ്ഥിതി മനസിലാക്കി ഇങ്ങോട്ട് പറയും, കഞ്ഞി കുടിക്കാൻ വരൂ എന്ന്. ചെറുപയർ തോരനും ചമ്മന്തിയും കൂട്ടിയുള്ള ആ കഞ്ഞികുടി ഒരിക്കലും മറക്കാൻ പറ്റില്ല. ഈ കഞ്ഞി കുടിക്കാൻ ധാരാളം പേരുണ്ടാകും. എത്ര പേർ വന്നാലും അവർക്കെല്ലാവർക്കുമുള്ള കഞ്ഞിയുണ്ടാകും. ഇന്നസെന്റിന്റെ സൗഹൃദവലയം ആരെയും അതിശയിപ്പിക്കുന്ന ഒന്നാണ്.
ആ സമയത്തെടുത്ത് ഒരു അപൂർവ ചിത്രമാണ് മമ്മൂട്ടിയും ശ്രീനിവാസനും ഇന്നസെന്റും ഒരുമിച്ചു നിൽക്കുന്ന ഫോട്ടോ. മദ്രാസിൽ വച്ച് അപ്രതീക്ഷിതമായി ലഭിച്ച ക്ലിക്കാണിത്. അഡയാറിലെ ഒരു വീട്ടിലായിരുന്നു അന്നു ഷൂട്ട്. സംവിധായകൻ മോഹനന്റെ ഏതോ സിനിമയുടെ ഷൂട്ടായിരുന്നു. രാവിലെ എട്ടരയ്ക്ക് തന്നെ ഞാൻ അവിടെ എത്തി. രണ്ടു നിലയുള്ള ഒരു വീട്ടിലായിരുന്നു ഷൂട്ട്. അഭിനേതാക്കളൊക്കെ വന്നു തുടങ്ങുന്നതേ ഉള്ളൂ. മുകളിലത്തെ നിലയിലേക്ക് കേറിയപ്പോൾ അവിടെ മമ്മൂട്ടിയും ശ്രീനിവാസനും ഇന്നസെന്റും സംസാരിച്ചു നിൽക്കുന്നു. സിനിമയിൽ പച്ച പിടിച്ചു വരുന്നതേയുള്ളൂ മൂവരും. താടിക്ക് കൈ കൊടുത്ത് എന്തോ ആലോചിച്ച് ഇരിക്കുന്ന മമ്മൂട്ടിയുടെ അടുത്ത് വർത്തമാനം പറഞ്ഞു നിൽക്കുകയാണ് ശ്രീനിവാസനും ഇന്നസെന്റും. അന്ന് ബ്ലാക്ക് ആന്റ് വൈറ്റിന്റെ കാലമാണ്. ഞാൻ അവർ അറിയാതെ അവരുടെ ആ സൗഹൃദനിമിഷം ക്യാമറയിൽ പകർത്തി. അവരുടെ ആ ഇരിപ്പിലുണ്ട് ആ കാലത്തെ ജീവിതത്തിന്റെ പ്രതിഫലനം. മമ്മൂട്ടിക്ക് അന്ന് അങ്ങനെ പടമില്ല. ശ്രീനിവാസൻ അന്ന് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കുകയായിരുന്നുവെന്ന് തോന്നുന്നു. അധികം സിനിമകളിലൊന്നും മുഖം കാണിച്ചിട്ടില്ല. ഇന്നസെന്റ് ആണെങ്കിൽ കാച്ചപ്പിള്ളിയുടെ കൂടെ ഓരോ പരിപാടിയുമായി നടക്കുന്നു. സിനിമയിൽ നല്ല ബുദ്ധിമുട്ടുള്ള സമയമായിരുന്നു അവർക്ക്. പിന്നീട് എല്ലാവരും മലയാള സിനിമയിൽ പ്രശസ്തരായി.
അന്നു മുതലുള്ള ബന്ധമാണ് ഇന്നസെന്റുമായി. അന്നേ അദ്ദേഹത്തിന് അൽപം രാഷ്ട്രീയമുണ്ട്. പിന്നീട് എം.പി വരെ ആകാൻ അദ്ദേഹത്തിന് കഴിഞ്ഞു. ചെന്നു കയറിയ എല്ലാ മേഖലയിലും അദ്ദേഹം സുഹൃത്തുക്കളെ ഉണ്ടാക്കി. ആ വലിയ സുഹൃദ് വലയത്തിൽ ഞാനും ഒരു കണ്ണിയായിരുന്നുവെന്ന് ഓർക്കുമ്പോൾ അഭിമാനം തോന്നുന്നു. ചുറ്റുമുള്ളവരെ എന്നും പൊട്ടിച്ചിരിപ്പിച്ച, ചേർത്തു പിടിച്ച എന്റെ പ്രിയ സുഹൃത്തിന് വിട. ഒന്നിച്ചിരുന്ന് പൊട്ടിച്ചിരിച്ച ആ നിമിഷങ്ങൾ ഒരിക്കലും മറക്കില്ല.