ഒന്നു ചിരിച്ചിട്ട് ഏഴ് ആഴ്ചയായി, ഉറങ്ങാൻ പോലും പറ്റുന്നില്ല: മാനസികാവസ്ഥ െവളിപ്പെടുത്തി ശ്രുതി രജനികാന്ത്
Mail This Article
ഡിപ്രഷൻ എന്ന മാനസികാവസ്ഥയിലൂടെ കടന്നുപോകുന്നുവെന്ന വെളിപ്പെടുത്തലുമായി നടി ശ്രുതി രജനികാന്ത്. മനസ്സു തുറന്ന് ചിരിച്ചിട്ട് ഇപ്പോൾ ഏഴ് ആഴ്ചകളായെന്ന് ശ്രുതി പറയുന്നു. ജീവിതത്തിൽ ഒന്നും ചെയ്യാനോ പ്രവർത്തിക്കാനോ പോലും പറ്റാത്ത അവസ്ഥയാണെന്നും നെഗറ്റിവ് ചിന്തകളാകും ആ സമയങ്ങളിൽ മനസ്സിൽ നിറയെയെന്നും നടി പറയുന്നു. നേരത്തെ ജോഷ് ടോക്കില്‍ താൻ വിഷാദത്തെ അതിജീവിച്ചതിനെക്കുറിച്ച് ശ്രുതി സംസാരിച്ചിരുന്നു. അതിൽ കൂടുതൽ വ്യക്തത വരുത്തിക്കൊണ്ടുള്ളതാണ് ശ്രുതിയുടെ പുതിയ വിഡിയോ.
‘‘ഒന്ന് ഉറങ്ങാൻ പോലും പറ്റാത്ത അവസ്ഥ, ഇതെങ്ങനെ പറഞ്ഞു മനസ്സിലാക്കണം എന്ന് അറിയില്ല. ചിലർക്ക് നമ്മുടെ അവസ്ഥ എന്താണെന്ന് അറിയില്ല, അവർക്കത് മനസ്സിലാകണമെന്നുമില്ല. ജോലി ചെയ്ത് കഴിഞ്ഞു വരുമ്പോൾ കണ്ണടച്ചാലും ഉറങ്ങാൻ പറ്റില്ല. ഓരോ കാര്യങ്ങൾ ഇങ്ങനെ ആലോചിച്ചു കൂട്ടി കിടക്കുന്നു. ആദ്യം കുറെ കരയുമായിരുന്നു. ഇപ്പോൾ കരയാൻ പോലും പറ്റുന്നില്ല. ഇത് ഞാൻ മാത്രം അനുഭവിക്കുന്ന കാര്യമല്ല. എന്റെ തലമുറയിൽ ഒരുപാട് പേർ ഇത് അനുഭവിക്കുന്നുണ്ട്. ഒരു ദിവസം ഇൻസ്റ്റഗ്രാമിൽ ഡിപ്രഷൻ അനുഭവിക്കുന്ന ആരെങ്കിലും ഉണ്ടോ എന്ന് ചോദിച്ച് സ്റ്റോറി ചെയ്തിരുന്നു. അതിന്റെ മറുപടിയിൽ ഇൻസ്റ്റഗ്രാം നിറഞ്ഞു കവിഞ്ഞെന്നു പറയാം. ആരും സന്തോഷത്തിലല്ല. എല്ലാവരും മുഖംമൂടി ഇട്ട് ജീവിക്കുന്നതെന്തിനാണ്. നമ്മൾ ഓക്കെ അല്ല എന്നു പറഞ്ഞു ശീലിക്കാം. സുഖമാണോ എന്ന് ചോദിച്ചാൽ എന്തെങ്കിലും വിഷമം ഉണ്ടെങ്കിലും സുഖമാണ് എന്നേ പറയൂ.
മനസ്സുകൊണ്ട് സന്തോഷത്തോടെ ഇരിക്കാന്‍ പറ്റുക എന്നതാണ് പ്രധാനം. കയ്യില്‍ എത്ര കാശുണ്ടെന്ന് പറഞ്ഞാലും ഇഷ്ടപ്പെട്ട ആളുകൾക്കൊപ്പം കുറച്ച് നേരം സന്തോഷത്തോടെ ഇരിക്കാനും ഇഷ്ടപ്പെട്ട ജോലി ആസ്വദിച്ച് ചെയ്യാനും ഒക്കെ പറ്റുന്നില്ലെങ്കിൽ എന്ത് ചെയ്യാന്‍ പറ്റും. കയ്യില്‍ അഞ്ച് പൈസ ഇല്ലെങ്കിലും സന്തോഷത്തോടെ ജീവിക്കാന്‍ കഴിയുക എന്ന് പറയുന്നത് ഭാഗ്യമാണ്.
ചില വേദനകള്‍ വിശദീകരിക്കാനും നിര്‍വചിക്കാനും കഴിയാത്തതാണ്. നിര്‍വീര്യമായ അവസ്ഥയാണ്. ഇത് എന്റെ മാത്രമല്ല. എന്നെപോലെ പലരും ഉണ്ടാവും. കൗൺസ്‌ലിങ് നല്ലതാണ്. മനസ്സുതുറന്ന് സംസാരിക്കാൻ തയാറാണെങ്കിൽ കൗൺസ്‌ലിങ് സഹായകരമാകും. ഇങ്ങനെയുള്ള ആളുകളോട് ആത്മാർഥതയോടെയും സത്യസന്ധതയോടെയും ഇരിക്കുക.’’–ശ്രുതി പറയുന്നു.