പ്രേക്ഷർ കാത്തിരുന്ന പുണ്യാളൻ
Mail This Article
പ്രേക്ഷരുടെ പ്രിയപ്പെട്ട താരങ്ങളായ ജയസൂര്യയും കുഞ്ചാക്കോ ബോബനും നിവേദ തോമസും ഒന്നിക്കുന്ന എന്താടാ സജി ഈസ്റ്റർ റിലീസ് ആയി തിയറ്ററുകളിൽ എത്തി. നവാഗതനായ ഗോഡ്ഫി സേവ്യർ ബാബു ആണ് രചനയും സംവിധാനവും. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് നിർമ്മിക്കുന്നത്. കുടുംബ പ്രേക്ഷകർക്ക് ആയി ഒരുക്കിയിട്ടുള്ള ഒരു ഫാമിലി കോമഡി എന്റർടെയ്നർ ആണ് ചിത്രം. കൊച്ചു ഗ്രാമത്തിലെ ഒരുപറ്റം ആളുകളുടെ കഥ പറയുന്ന ചിത്രത്തിൽ സജിമോൾ എന്ന ടൈറ്റിൽ കഥാപാത്രം ആയി നിവേദ തോമസ് ആണ് എത്തുന്നത്. സെന്റ് റോക്കി പുണ്യാളൻ ആയി കുഞ്ചാക്കോ ബോബനും റോയ് എന്ന കഥാപാത്രം ജയസൂര്യയും എത്തുന്നു.
നിവേദ അവതരിപ്പിക്കുന്ന സജി മോൾ എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് ചിത്രം മുന്നോട്ടുപോവുന്നത്. പലയിടങ്ങളിലും സജി മോളുടെ ഒറ്റയാൾ പ്രകടനമാണ് കാണാനാവുക. ഈ കഥാപാത്രമാണ് ചിത്രത്തെ ഒറ്റയ്ക്ക് തോളിലേറ്റുന്നത്. കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്ന സെന്റ് റോക്കി എന്ന കഥാപാത്രം രംഗപ്രവേശം ചെയ്യുന്നതോടെ ചിത്രം പിന്നീട് ഫീൽ ഗുഡ് എന്ന തലത്തിലേക്കും പിന്നീട് വഴിമാറി ചെറിയ തോതിൽ ത്രില്ലർ എന്ന തലത്തിലേക്കും വഴിമാറുന്നുണ്ട്. അവിടെയെല്ലാം സജി മോളും പുണ്യാളനും നിറഞ്ഞുനിൽക്കുന്നുണ്ട്. കൊച്ചുകൊച്ചു സംഭവങ്ങളിലൂടെയും സാധാരണക്കാരായ കഥാപാത്രങ്ങളിലൂടെയുമാണ് ചിത്രത്തിന്റെ മുന്നോട്ടുപോക്ക്. എല്ലാവരും ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരുതരത്തിൽ സജിമോൾ എന്ന കഥാപാത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു.
നീണ്ട ഇടവേളയ്ക്ക് ശേഷം കുഞ്ചാക്കോ ബോബനും ജയസൂര്യയും ഒരുമിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിന് ഉണ്ട്. ഇരുവരും ഒന്നിച്ചപ്പോൾ എല്ലാം തന്നെ മലയാള സിനിമാ പ്രേക്ഷകർക്ക് മികച്ച ചിത്രങ്ങൾ ആയിരുന്നു ലഭിച്ചിരുന്നത്. തങ്ങളുടെ മുൻ കാല ഹിറ്റ് കൂട്ടുകെട്ടു പോലെ തന്നെ 'എന്താടാ സജിയിലും' മികച്ച വിജയം ആവർത്തിക്കാൻ ഇവർക്ക് കഴിഞ്ഞു. കോമഡിയും പ്രണയവും ഫാന്റസിയും ഒക്കെ ചേർത്തുവച്ച് കുട്ടികളെയും കുടുംബങ്ങളെയും രസിപ്പിക്കുന്ന തരത്തിലാണ് സംവിധായകൻ ചിത്രം ഒരുക്കിയിരിക്കുന്നത്.
സംഗീത സംവിധാനം വില്യം ഫ്രാൻസിസ് നിർവഹിക്കുന്നു. ക്യാമറ ജിത്തു ദാമോദർ, കോ-പ്രൊഡ്യൂസർ ജസ്റ്റിൻ സ്റ്റീഫൻ, ലൈൻ പ്രൊഡ്യൂസർ സന്തോഷ് കൃഷ്ണൻ,എഡിറ്റിങ് രതീഷ് രാജ്, പശ്ചാത്തല സംഗീതം ജെയ്ക്സ് ബിജോയ്, എസ്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ-നവീൻ പി.തോമസ്, മേക്കപ്പ് റോണക്‌സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ സമീറ സനീഷ്, പ്രൊഡക്‌ഷൻ കൺട്രോളർ ഗിരീഷ് കൊടുങ്ങലൂർ, ആർട്-ഷിജി പട്ടണം, ത്രിൽ-ബില്ല ജഗൻ, വിഎഫ്എക്‌സ്-Meraki, അസോഷ്യേറ്റ് ഡയറക്ടർ-മനീഷ് ഭാർഗവൻ, പ്രവീണ് വിജയ്, അഡ്മിനിസ്‌ട്രേഷൻ–ഡിസ്ട്രിബൂഷൻ ഹെഡ് ബബിൻ ബാബു, പ്രൊഡക്‌ഷൻ ഇൻ ചാർജ്-അഖിൽ യശോധരൻ, സ്റ്റിൽ പ്രേം ലാൽ,ഡിസൈൻ ആനന്ദ് രാജേന്ദ്രൻ, മാർക്കറ്റിങ് ബിനു ബ്രിങ് ഫോർത്ത്, ഡിജിറ്റൽ മാർക്കറ്റിങ് ഒബ്സ്ക്യുറ പിആർഓ മഞ്ജു ഗോപിനാഥ്.