ADVERTISEMENT

മലയാള സിനിമയിലെ ആദ്യകാല സൂപ്പർസ്റ്റാറുകളായിരുന്ന പ്രേംനസീറിനോടും മധുവിനോടുമൊപ്പം ശക്തമായ ഒരു വില്ലൻ വേഷത്തിലൂടെ കടന്നു വന്ന, നമ്മുടെ എല്ലാവരുടെയും  പ്രിയപ്പെട്ട നടനായിരുന്നു ക്യാപ്റ്റന്‍ രാജു. ഞാൻ തിരക്കഥ എഴുതി ജോഷി സംവിധാനം ചെയ്ത ‘രക്തം’ എന്ന മൾട്ടിസ്റ്റാർ ചിത്രത്തിലൂടെയാണ് ക്യാപ്റ്റൻ രാജുവിന്റെ സിനിമാപ്രവേശം. ആറടി രണ്ടിഞ്ച് ഉയരമുള്ള ആ യുവ പുരുഷ സ്വരൂപത്തെ കണ്ട് പ്രേക്ഷകലക്ഷങ്ങൾ ഒരേ സ്വരത്തിൽ പറഞ്ഞത് മലയാള സിനിമയിലെ ആദ്യത്തെ ലക്ഷണമൊത്ത, സുന്ദരനായ  പ്രതിനായകനെന്നാണ്. അന്നുവരെ നമ്മൾ കണ്ടു ശീലിച്ച സാമ്പ്രദായിക വില്ലന്മാരുടെ കണ്ണുരുട്ടലോ ഗോഷ്ഠികളോ ഒന്നുമില്ലാത്ത ഈ സ്മാർട്ട് യങ് ആന്റി ഹീറോയെ ജനം നെഞ്ചിലേറ്റിയതോടെ ക്യാപ്റ്റൻ പോലും നിനച്ചിരിക്കാത്ത പുതിയൊരു പ്രതിനായക സ്വരൂപമായി മാറുകയായിരുന്നു. 

 

captain-mohanlal

തുടർന്ന് ഐ.വി. ശശി, സിബി മലയിൽ, കെ. മധു തുടങ്ങിയ മലയാളത്തിലെ പ്രഗത്ഭ സംവിധായകരുടെ ചിത്രങ്ങളിലെ നിറസാന്നിധ്യം കൂടിയായപ്പോൾ ക്യാപ്റ്റനെത്തേടി തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽനിന്നു പല വലിയ ഓഫറുകളും വരാൻ തുടങ്ങി. രജനീകാന്ത്, കമല്‍ഹാസൻ, ചിരഞ്ജീവി, വിജയശാന്തി തുടങ്ങിയവരുടെയെല്ലാം വില്ലന്‍ കഥാപാത്രമായി മാറിയതോടെ തെന്നിന്ത്യ മുഴുവൻ അറിയപ്പെടുന്ന താരപരിവേഷമുള്ള നടനായി ക്യാപ്റ്റൻ രാജു മാറി. 

 

ഞാൻ രാജുച്ചായൻ എന്നു വിളിക്കുന്ന അദ്ദേഹത്തിന്റെ സിനിമാപ്രവേശം തികച്ചും അപ്രതീക്ഷിതമായിരുന്നു. 1981 ൽ ജഗൻ പിക്ചേഴ്സ് അപ്പച്ചനു വേണ്ടി ജോഷിയും ഞാനും കൂടി ചെയ്യാൻ പോകുന്ന ‘രക്തം’ എന്ന ചിത്രത്തിൽ ഒരു പുതുമുഖ വില്ലനെ അവതരിപ്പിക്കണമെന്നായിരുന്നു ഞങ്ങളുടെ ആഗ്രഹം. അപ്പോൾ നിര്‍മാതാവ് അപ്പച്ചനാണ് ഈ പുതുമുഖ നടന്റെ കാര്യം ഞങ്ങളോടു പറയുന്നത്. കക്ഷി ബോംബെയിൽ മിലിട്ടറിയിൽ ക്യപ്റ്റനാണ്, പത്തനംതിട്ടക്കാരൻ മലയാളിയാണ്. അഭിനയമോഹം കൊണ്ട് ആരുടെയോ ശുപാർശയിൽ നേരത്തേ അപ്പച്ചനെ വിളിച്ചു സംസാരിക്കുകയും ഫോട്ടോ അയച്ചു കൊടുക്കുകയും ചെയ്തിട്ടുണ്ട്. അങ്ങനെയാണ് സംവിധായകൻ ജോഷിയെയും എന്നെയും കാണാനായി എറണാകുളം ബിടിഎച്ചിൽ ക്യാപ്റ്റൻ രാജു വരുന്നത്. ജോഷിയും ഞാനും മാത്രമേ മുറിയിലുണ്ടായിരുന്നുള്ളു. ഉച്ചയോടടുത്ത സമയത്താണ് അമിതാഭ്ബച്ചന്റെ ഉയരവും ഹിന്ദി നടന്റെ രൂപഭംഗിയുമുള്ള ഒരു ചെറുപ്പക്കാരൻ മുറിയിലേക്കു കടന്നു വരുന്നത്. 

captain-raju-3

 

അപ്പച്ചൻ എല്ലാ വിവരങ്ങളും നേരത്തേ പറഞ്ഞിരുന്നതുകൊണ്ട് ആമുഖത്തിന്റെ ആവശ്യം വന്നില്ല. ആദ്യകാഴ്ചയിൽത്തന്നെ ജോഷിക്കും എനിക്കും ഇഷ്ടപ്പെട്ടു. തെല്ലു നേരത്തെ സംസാരത്തിനു ശേഷം അപ്പോൾത്തന്നെ ഞങ്ങൾ അയാളെ ഫിക്സു ചെയ്യുകയും ചെയ്തു. അങ്ങനെയാണ് ക്യാപ്റ്റൻ രാജു എന്ന നടൻ ജനിക്കുന്നത്.

 

‘രക്തം’ റിലീസായതോടെ എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമായി മാറുകയായിരുന്നു ക്യാപ്റ്റൻ. തുടർന്ന് മൂന്നാലു വർഷക്കാലം ക്യാപ്റ്റൻ രാജു എന്ന നടന്റെ പിറകെ ആയിരുന്നു സംവിധായകരും നിർമാതാക്കളും. മലയാളം കൂടാതെ തമിഴ്, തെലുങ്ക് സിനിമകളുമായി വിശ്രമമില്ലാതെ ക്യാപ്റ്റൻ ഓടി നടക്കുന്ന സമയത്താണ് എനിക്ക് മദിരാശിയിൽനിന്ന് ഒരു  ഫോൺ വരുന്നത്. എന്റെയും രാജുച്ചായന്റെയും സുഹൃത്തായ എ.ആർ.രാജനാണ് വിളിക്കുന്നത്. 

 

‘‘ഡെന്നിസറിഞ്ഞില്ലേ, നമ്മുടെ ക്യാപ്റ്റൻ രാജു സിനിമാഅഭിനയത്തിന് തിരശീലയിടാൻ പോകുന്നതായി കേട്ടു.’’ 

‘തിരശീലയിടുന്നു’ എന്ന വാക്കു കേട്ടപ്പോൾ ഞാൻ ചോദിച്ചു: ‘‘എന്താ രാജാ താനീപ്പറയുന്നത്. തിരശീലയിടാൻ എന്താണ് കാരണം?’’

‘‘വില്ലൻ വേഷങ്ങൾ ചെയ്തു ചെയ്തു മടുത്തതുകൊണ്ട് ഇനി പോസിറ്റീവ് റോളുകളിൽ മാത്രമേ അഭിനയിക്കൂ എന്നൊരു തീരുമാനമെടുത്തിരിക്കുകയാണു കക്ഷി.’’‌‌‌ രാജൻ പറഞ്ഞു.

 

രാജൻ പാതി തമാശയായും പാതി സീരിയസുമായിട്ടാണ് പറഞ്ഞതെങ്കിലും വില്ലന്മാരായിരുന്ന പല നടന്മാരും ഇങ്ങനെയൊക്കെ പറയുന്നത് ഇതിനു മുൻപും ഞാൻ കേട്ടിട്ടുണ്ട് അതുകൊണ്ട് ഞാനതത്ര കാര്യമായെടുത്തില്ല. എന്നാലും രാജുച്ചായനോട് ചോദിക്കാമെന്നു കരുതി അദ്ദേഹത്തിന്റെ മദ്രാസിലെ ലാൻഡ് നമ്പറിലേക്കു ഞാൻ വിളിച്ചു. 

captain-raju-family

 

പതിവു പോലെ രാജുച്ചായന്റെ മുഴങ്ങുന്ന ശബ്ദമാണ് ഉയർന്നു കേട്ടത്: ‘‍‘ഡെന്നിച്ചായൻ എവിടുന്നാ വിളിക്കുന്നത്? മദിരാശിയിൽ എത്തിയോ?’’

 

സംസാരത്തിൽ ‘അഭിനയത്തിന്റെ തിരശീല വീഴുന്നതിന്റെ’ ലക്ഷണങ്ങളൊന്നും കേട്ടില്ല. വളരെ പ്രസന്നതയുള്ള വാക്കുകളാണ് പുറത്തേക്കു വന്നത്. അതുകേട്ട് ഞാൻ തമാശരൂപേണ ചോദിച്ചു: ‘‘രാജുച്ചായൻ അഭിനയം നിർത്താൻ പോകുന്നു എന്ന് പറയുന്നതു കേട്ടല്ലോ.  എന്തു പറ്റി? ഇപ്പോഴേ തന്നെ അഭിനയം മടുത്തോ?’’‌‌ 

 

അദ്ദേഹത്തിന്റെ ചിരിയിലും സംസാരത്തിന്റെ ടോണിലും അൽപം നിസ്സംഗത കടന്നുകൂടിയതായി എനിക്ക് തോന്നി.  

 

‘‘ഞാൻ അഭിനയം നിർത്തുന്നില്ല ഡെന്നിച്ചായാ. വില്ലൻ വേഷം ചെയ്തു ചെയ്തു മടുത്തു.  ഇനി നല്ല പോസിറ്റീവ് റോളുകളിൽ മാത്രം അഭിനിയിച്ചാൽ മതിയെന്ന തീരുമാനമെടുത്തിരിക്കുകയാണ്.’’

 

‘‘പെട്ടെന്ന് എന്താണ് ഇങ്ങനെ ഒരു മനംമാറ്റത്തിന് കാരണം. വില്ലനായാലും നായകനായാലും ക്യാരക്ടർ റോളുകളായാലും എല്ലാം അഭിനയമല്ലേ.’’

 

എന്റെ ചോദ്യത്തിന് അദ്ദേഹം മറുപടി പറഞ്ഞതിങ്ങനെയാണ്: ‘‘ങാ അതൊക്കെ ഞാൻ നേരിൽ കാണുമ്പോൾ പറയാം. ഞാനിപ്പോൾ ഷൂട്ടിങ്ങിന് പോകാനായി നിൽക്കുകയാണ്. എവിഎമ്മിൽ രജനീകാന്ത് അഭിനയിക്കുന്ന തമിഴ് സിനിമയിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് ഞാൻ. ഒരാഴ്ച കഴിഞ്ഞ് ഞാൻ എറണാകുളത്തു വരുമ്പോൾ നമുക്ക് കാണാം.’’

 

രാജുച്ചായൻ എറണാകുളത്തു വരുന്നതിനു മുൻപേ എനിക്ക് പെട്ടെന്ന് മദ്രാസിൽ പോകേണ്ട ഒരാവശ്യം വന്നു. മൂന്നു ദിവസം കഴിഞ്ഞ് മദ്രാസിൽ എത്തിയപ്പോള്‍ ഞാൻ രാജുച്ചായനെ വിളിച്ചു: ‘‘ഞാൻ മദ്രാസിൽ എത്തിയിട്ടുണ്ട്, വൈകുന്നേരം വീട്ടിലേക്കു വരാം.’’

 

വൈകുന്നേരത്തോടെ ഞാൻ രാജുച്ചായന്റെ വീട്ടിലെത്തിയപ്പോൾ അദ്ദേഹം എന്നെയും കാത്തിരിക്കുകയായിരുന്നു. 

 

ആദ്യമായി ‘രക്തം’ എന്ന സിനിമയില്‍ അഭിനയിക്കാൻ എറണാകുളത്തെത്തിയപ്പോൾ  ജോഷിയോടും എന്നോടും കാണിച്ച ആ എളിമയും വിനയവുമൊന്നും ഒട്ടും ചോർന്നു പോകാതെ അതേ അളവിൽ തന്നെയുള്ള സ്നേഹാദരങ്ങളോടെയാണ് എന്നെ സ്വീകരിച്ചത്. 

 

കുശലാന്വേഷണങ്ങൾക്കു ശേഷം ഞാൻ അദ്ദേഹത്തിന്റെ അഭിനയത്തിന് തിരശീല വീഴുന്നതിനെക്കുറിച്ചുള്ള വിഷയത്തിലേക്ക് കടന്നു. അപ്പോൾ രാജുച്ചായൻ വളരെ സീരിയസായി പറഞ്ഞതിങ്ങനെയാണ്. ‘‘വർഷങ്ങളായി കള്ളനും കൊലപാതകിയും സ്ത്രീപീഡകനുമൊക്കെയായി വേഷം കെട്ടി കെട്ടി ഞാൻ മടുത്തു. മാത്രമല്ല പുറത്തേക്കിറങ്ങിയാൽ സ്ത്രീകളും കൊച്ചുകുട്ടികള്‍ വരെ എന്നെ കാണുമ്പോൾ ഭയത്തോടും വെറുപ്പോടും കൂടിയാണ് നോക്കുന്നത്. അവരുടെ കമന്റുകൾ കൂടി കേട്ടപ്പോള്‍ എന്റെ മനം വല്ലാതെ നൊന്തു.’’

 

വളരെ ഫീലിങ്ങോടെയുള്ള രാജുച്ചായന്റെ സംസാരം കേട്ടപ്പോള്‍ എന്റെ ഉള്ളിൽ ചിരിയാണ് വന്നത്.  ഇങ്ങിനെയൊരു പാവം മനുഷ്യനായിപ്പോയല്ലോ രാജുച്ചായൻ എന്ന് എന്റെ മനസ്സ് മന്ത്രിക്കുകയും ചെയ്തു. ഈ തീരുമാനത്തിൽനിന്ന് എന്തു പറഞ്ഞാണ് അദ്ദേഹത്തിന്റെ മനസ്സു മാറ്റുന്നതെന്ന ചിന്തയിൽ ഞാൻ പറഞ്ഞു: ‘‘രാജുച്ചായൻ ഇങ്ങനെ കൊച്ചുകുട്ടികളെപ്പോലെയായാലോ? ഇത് സിനിമയല്ലേ? ജീവിതമല്ലല്ലോ. മലയാള സിനിമയിലല്ല, മറ്റ് ഭാഷകളിലും വില്ലന്മാരായഭിനയിക്കുന്ന കൂടുതൽ ആളുകളും നല്ലവരാണ്. പ്രത്യേകിച്ചും തമിഴിലെ നമ്മുടെ എം.എൻ. നമ്പ്യാരെപ്പോലെ ഇത്രയും നല്ല മനുഷ്യനും സാത്വികനുമായ വേറെആരാണുള്ളത്? അതേപോലെ തന്നെയാണ് രാജുച്ചായനും.’’

 

‘‘അതല്ല ഡെന്നിച്ചായാ, ഞാൻ പ്രതീക്ഷിച്ചതിലും കൂടുതലായി ദൈവം എനിക്ക് എല്ലാം തന്നില്ലേ? ഇനി എന്തിനാണ് റേപ്പ് റോളിലും നെഗറ്റീവ് വേഷങ്ങളിലുമൊക്കെ അഭിനയിക്കുന്നത്. വെറുതെ കാഴ്ചക്കാരായ സ്ത്രീകളുടെ ഒക്കെ ശാപം വാങ്ങിക്കൂട്ടുന്നതെന്തിനാ.’’

 

രാജുച്ചായന്റെ നിഷ്കളങ്കമായ ഈ തീരുമാനത്തെ യുക്തിഭദ്രമായ ചില മറുചോദ്യങ്ങള്‍കൊണ്ട് ഞാൻ വെട്ടി കയ്യിൽ കൊടുത്തു.  പിന്നെ അദ്ദേഹത്തിന്റെ മനസ്സു മാറ്റൽ ശുശ്രൂഷ പോലെ ഒരു ഓഫറും കൊടുത്തു. 

 

‘‘സിനിമയെന്നു പറയുന്നത് നമ്മുടെ തൊഴിലാണ്. അതിൽ എന്തു വേഷം വേണമെങ്കിലും നമുക്ക് കെട്ടാം. കഥാപാത്രത്തിന്റെ സ്വഭാവം തന്നെയാണ് നടനെന്ന് ജനം വിശ്വസിക്കില്ല. ഞാൻ എഴുതാൻ പോകുന്ന അടുത്ത പടത്തിൽ രാജുച്ചായന് ഞാൻ ഒരു നല്ല പോസിറ്റീവ് വേഷം തരാം. നായകപ്രാധാന്യമുള്ള ഒരു കഥാപാത്രമായിരിക്കും അത്.’’ 

 

ഞാൻ അടുത്തതായി ചെയ്യാൻ പോകുന്ന സിനിമയായിരുന്നു ‘ഉപ്പുകണ്ടം ബ്രദേഴ്സ്’.  മാരുതി പിക്ചേഴ്സിന്റെ തൊമ്മിക്കുഞ്ഞ് നിർമാതാവും സംവിധാനം ടി.എസ്. സുരേഷ് ബാബുവുമായിരുന്നു. ഉപ്പുകണ്ടം ബ്രദേഴ്സ് നാലു സഹോദരന്മാരുടെ കഥയാണ്. നാലു ക്യാരക്ടറും നായകപ്രാധാന്യമുള്ളതാണ്. അപ്പോഴാണ് എന്റെ മനസ്സിൽ പെട്ടെന്നൊരു ചിന്ത കടന്നു വരുന്നത്. വില്ലന്മാരായ നടന്മാരെ നായകന്മാരാക്കിയാലോ? ഞാൻ സുരേഷ് ബാബുവിനോടും തൊമ്മിക്കുഞ്ഞിനോടും പറഞ്ഞപ്പോൾ ആദ്യം അവർക്ക് സന്ദേഹമുണ്ടായെങ്കിലും പിന്നീട് അവരും പച്ചക്കൊടി കാട്ടി. അങ്ങനെയാണ് ക്യാപ്റ്റൻ രാജു, ബാബു ആന്റണി, മോഹൻ രാജ് (കീരിക്കാടൻ ജോസ്) തുടങ്ങിയ വില്ലന്മാരായ നടന്മാരെ വച്ച് ഉപ്പ്കണ്ടം ബ്രദേഴ്സ് ചെയ്തത്. ചിത്രം പുറത്തിറങ്ങിയപ്പോൾ മഹാവിജയമായി മാറുകയും ചെയ്തു. അതേതുടർന്ന് ഞാൻ എഴുതിയ എഴുപുന്നത്തരകനിലും ഒരു പോസിറ്റീവ് വേഷമായിരുന്നു രാജുച്ചായനു നൽകിയത്. 

 

ഞാൻ പരിചയപ്പെട്ടിട്ടുള്ള നടന്മാരിൽ വളരെ വ്യത്യസ്തമായ വ്യക്തിത്വമായിരുന്നു ക്യാപ്റ്റൻ രാജുവിന്റേത്. വലിയ ദൈവവിശ്വാസിയായിരുന്നു രാജുച്ചായൻ. അതിനു ശേഷം സ്ഫടികം ജോർജാണ് രാജുച്ചായനെപ്പോലെ ദൈവപ്രമാണങ്ങൾ മുറുകെപ്പിടിച്ചു ജീവിക്കുന്ന മറ്റൊരു നടനായി എനിക്ക് തോന്നിയത്. സഹപ്രവർത്തകർക്കു പാര പണിയാതെ, പരദൂഷണം പറയാതെ, ജീവിതമൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ടുള്ള ദാർശനിക സ്വഭാവമുള്ള ഒരു സ്വഭാവ വിശേഷത്തിന്റെ ഉടമയായിരുന്നു ക്യാപ്റ്റൻ രാജു എന്ന് പറയുന്നതാകും ഏറെ ശരി. 

 

‘രക്തം’ കഴിഞ്ഞ് ഞാൻ എഴുതിയ മൂന്നാലു ചിത്രത്തിൽ കൂടി ക്യാപ്റ്റൻ രാജു അഭിനേതാവായതോടെ ഞങ്ങൾ തമ്മിലുള്ള സൗഹൃദം വലിയൊരു ആത്മബന്ധമായി മാറുകയായിരുന്നു. എന്നെ സ്വന്തം സഹോദരനെപ്പോലെയായിരുന്നു അദ്ദേഹം കണ്ടിരുന്നത്. എന്റെ മൂത്ത മകൻ ഡിനുവിന്റെ വിവാഹം നടന്നപ്പോൾ എല്ലാത്തിനും എന്നോടൊപ്പം രാജുച്ചായനും കൂടെയുണ്ടായിരുന്നു. എന്നും പോസിറ്റീവായ ഉപദേശങ്ങൾ തരാനും എന്നിൽ ദൈവ വിശ്വാസം വളർത്താനും കൂടെയുണ്ടായിരുന്ന സഹോദരതുല്യനായ അദ്ദേഹത്തിന്റെ, ഒട്ടും നിനച്ചിരിക്കാത്ത സമയത്തുള്ള വിടവാങ്ങൽ എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമായിട്ടാണ് ഞാൻ കാണുന്നത്. 

 

ക്യാപ്റ്റൻ രാജുവിനെക്കുറിച്ച് ഓർക്കുമ്പോൾ അദ്ദേഹം സ്വന്തം അമ്മയെക്കുറിച്ചും അമ്മ എന്ന രണ്ടക്ഷരത്തിന്റെ മാഹാത്മ്യത്തെക്കുറിച്ചും പറയുന്ന വാക്കുകളാണ് എന്റെ മനസ്സിലേക്ക് കടന്നുവരുന്നത് - ‘‘അമ്മ ഒരു പാഠമല്ല, അനേകായിരം അധ്യായങ്ങളുള്ള ഒരു വിശുദ്ധ ഗ്രന്ഥമാണ്.’’

 

(തുടരും)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com