നാൽപതിലേക്ക് കടന്ന് രചന നാരായണൻകുട്ടി; പിറന്നാൾ ആഘോഷമാക്കി മോഹൻലാലും കൂട്ടരും
Mail This Article
രചന നാരായണൻകുട്ടിയുടെ പിറന്നാൾ ആഘോഷമാക്കി മോഹൻലാലും കൂട്ടരും. ഇത്രയേറെ താരങ്ങൾ പങ്കെടുത്ത ഒരു പിറന്നാൾ ആഘോഷം എന്തായാലും അടുത്തിടെ മലയാള സിനിമയിൽ ഉണ്ടായിട്ടില്ല എന്ന കാര്യം ഉറപ്പ്. കൊച്ചിയിലെ അമ്മ ഓഫിസിൽ വച്ചായിരുന്നു ഗംഭീര പിറന്നാൾ ആഘോഷം. മോഹൻലാലിനൊപ്പം ശ്വേത മേനോൻ, ബാബുരാജ്, ഇടവേള ബാബു, സുധീർ കരമന, ഇടവേള ബാബു, സിദ്ദീഖ് എന്നിവർ പങ്കെടുത്തു.
‘‘ഇങ്ങനെയായിരുന്നു എന്റെ പിറന്നാൾ ആഘോഷം. ഒരു സ്റ്റാർ ബർത്ഡേ. നന്ദി ലാലേട്ടാ, അങ്ങയുടെ സ്നേഹത്തിനും പ്രാർഥനകൾക്കും. നന്ദി സിദ്ദീഖ് ഇക്ക, ബാബു ചേട്ടന്മാർ, സുധീർ ഏട്ടാ, ശ്വേത ചേച്ചി. എക്സിക്യൂട്ടിവ് കമ്മിറ്റിക്കു ശേഷമുള്ള മനസ്സുനിറഞ്ഞുള്ള ചിരി...പിറന്നാൾ ആശംസകൾ നേർന്ന ഏവർക്കും നന്ദി. സന്തോഷത്തിന്റെ നാൽപതുകൾ ഇവിടെ ആരംഭിക്കുന്നു.’’–രചന നാരായണൻകുട്ടി കുറിച്ചു.
2001ൽ എം.ടി. വാസുദേവൻ നായരുടെ രചനയിൽ കണ്ണൻ സംവിധാനം ചെയ്ത ‘തീർത്ഥാടനം’ എന്ന സിനിമയിലൂടെയാണ് രചന അഭിനയരംഗത്തെത്തുന്നത്. മഴവിൽ മനോരമയിലെ ‘മറിമായം‘ സീരിയൽ രചനയെ ജനപ്രിയ താരമാക്കി.
നൃത്തവും അധ്യാപനവുമാണ് രചന നാരായണൻകുട്ടിയുടെ മറ്റു പ്രധാന മേഖലകൾ. ഒട്ടേറെ വിദ്യാർഥിനികളെ നൃത്തം പഠിപ്പിച്ച അദ്ധ്യാപിക എന്ന നിലയിലും രചന ശ്രദ്ധേയയാണ്. തൃശൂർ ദേവമാത സ്കൂളിലെ കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷ് ടീച്ചറായിരുന്നു.