കൈക്കുഞ്ഞുമായി യാത്ര ചെയ്ത യുവതിയുടെ ലഗേജ് ചുമന്ന് അജിത്
Mail This Article
പത്തു മാസം പ്രായമുള്ള കുഞ്ഞിനോടൊപ്പം യാത്ര ചെയ്യുകയായിരുന്ന യുവതിയുടെ ലഗേജ് എടുത്തുസഹായിച്ച് നടൻ അജിത്. ലണ്ടനിൽനിന്നു ചെന്നൈയ്ക്കുള്ള യാത്രയ്ക്കിടെ വിമാനത്താവളത്തിൽ വച്ചാണ് യുവതി അജിത്തിനെ കാണുന്നത്. യുവതിയുടെ പ്രശ്‌നം നേരിൽ കണ്ടതോടെയാണ് അജിത് കുമാർ അവരെ സഹായിച്ചത്. യുവതിയുടെ ഭർത്താവ് തന്നെയാണ് ഈ വിവരം സമൂഹമാധ്യമത്തിലൂടെ ആരാധകരെ അറിയിച്ചത്. അജിത്തിനൊപ്പം ഭാര്യയും കുഞ്ഞും നില്‍ക്കുന്ന ചിത്രത്തിനൊപ്പമായിരുന്നു യുവാവിന്റെ നീണ്ട കുറിപ്പ്.
‘‘എന്റെ ഭാര്യ ഗ്ലാസ്ഗോയില്‍നിന്ന് ചെന്നൈയിലേക്ക് പോകുകയായിരുന്നു. 10 മാസം പ്രായമുള്ള കുഞ്ഞുമുണ്ടായിരുന്നു. കൂടെ കാബിന്‍ സ്യൂട്ട്കേസും ബേബി ബാഗുമുണ്ടായിരുന്നു. ഇതിനിടയില്‍ ലണ്ടനിലെ ഹീത്രൂവില്‍ വച്ച് നടന്‍ അജിത്തിനെ കാണാന്‍ അവസരം ലഭിച്ചു. ഫോട്ടോ എടുക്കാനായി അവള്‍ കുഞ്ഞുമായി അവള്‍ അജിത്തിന്റെ അടുത്തെത്തി. എന്നാല്‍ അദ്ദേഹം ഫോട്ടോയ്ക്ക് പോസ് ചെയ്യുക മാത്രമല്ല അവിടെനിന്ന് ഫ്ളൈറ്റ് വരെ ബേബി ബാഗ് പിടിച്ചു. ഭാര്യ ഒറ്റയ്ക്കാണെന്നു മനസ്സിലാക്കിയായിരുന്നു ഈ സഹായം.
ബേബി ബാഗ് പിടിക്കേണ്ട എന്ന് ഭാര്യ വിലക്കിയെങ്കിലും ‘എനിക്കും രണ്ട് കുട്ടികളുണ്ട്. ഈ ബുദ്ധിമുട്ടുകളൊക്കെ എനിക്ക് മനസ്സിലാക്കാന്‍ കഴിയും’ എന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്. അദ്ദേഹത്തിന്റെ കാബിന്‍ സ്യൂട്ട്‌കേസിനൊപ്പമാണ് ആ ബേബി ബാഗ് പിടിച്ചത്. ഫ്‌ളൈറ്റില്‍ എത്തിയപ്പോള്‍ അത് കാബിന്‍ ക്രൂവിന്റെ കയ്യില്‍ ഏല്‍പിച്ചു. എന്റെ ഭാര്യയുടെ സീറ്റിനു സമീപം തന്നെ അത് വച്ചിട്ടില്ലേ എന്ന് അദ്ദേഹം ഉറപ്പുവരുത്തി. അദ്ദേഹത്തിന്റെ കൂടെ യാത്ര ചെയ്തിരുന്ന ഒരാള്‍ ആ ബാഗ് പിടിക്കാം എന്ന് പറഞ്ഞു. ഞാന്‍ തന്നെ പിടിച്ചോളാം എന്നായിരുന്നു അജിത്തിന്റെ മറുപടി. ഷട്ടില്‍ ബസ്സില്‍ യാത്ര ചെയ്യുമ്പോഴും ഭാര്യ ആ ബാഗ് പിടിക്കണ്ട എന്ന് പറഞ്ഞുനോക്കി. പക്ഷേ അദ്ദേഹം അത് കേട്ടില്ല. ഒരു വലിയ വ്യക്തി ഇങ്ങനെ ചെയ്തത് എന്നെ അദ്ഭുതപ്പെടുത്തി.’’– യുവാവ് പോസ്റ്റില്‍ പറയുന്നു.
കാർത്തിക്, രാജി എന്നിവരാണ് ഈ ദമ്പതികൾ. കാർത്തിക്കിന്റെ പോസ്റ്റ് വൈറലായതോടെ അജിത്തിന്റെ പ്രവൃത്തിയെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.
അതേസമയം പബ്ലിസിറ്റി ഉദ്ദേശിച്ചല്ല ഇങ്ങനെയൊരു പോസ്റ്റ് എഴുതിയതെന്നും ഒരാളുടെ സ്വകാര്യതെ ബഹുമാനിക്കണമെന്നും രാജി പിന്നീട് പ്രതികരിച്ചു.
‘‘അജിത്കുമാറിനെക്കുറിച്ചുള്ള എന്റെ ഭർത്താവിന്റെ കുറിപ്പ് അദ്ദേഹത്തിന്റെ പെരുമാറ്റത്തിന് നന്ദി സൂചകമായൊരു മറുപടിയായിരുന്നു. അതൊരിക്കലും ഒരു പബ്ലിസിറ്റിയും ഉദ്ദേശിച്ചായിരുന്നില്ല. എന്നാൽ ചില മാധ്യമങ്ങൾ ഈ ഫോട്ടോ എടുത്ത് ഞങ്ങളുടെ സമ്മതം പോലും ചോദിക്കാതെ അവരുടെ പേജിലും ചാനലിലും പോസ്റ്റ് ചെയ്തു. അജിത് സർ പോലും ഇത് പരസ്യമായി പോകുന്നത് ഇഷ്ടപ്പെടില്ലെന്നും ട്രെൻഡിങ്ങിനായല്ല ഇത് ചെയ്തതെന്നും എനിക്ക് ഉറപ്പുണ്ട്. ദയവായി ഞങ്ങളുടെയും അദ്ദേഹത്തിന്റെയും സ്വകാര്യതയെ ബഹുമാനിക്കുക. ഇത് ഷെയർ ചെയ്യുന്നത് നിർത്തുക, ഇത് ഒരു കമേഴ്സ്യൽ വാർത്തയാക്കാതിരിക്കുക.’’–രാജി പറഞ്ഞു.