‘മുത്തയ്യ മുരളീധരൻ’ ആയി മധുർ മിറ്റാൽ; വിജയ് സേതുപതി പിന്മാറിയ ‘800’ റിലീസിന്
Mail This Article
ശ്രീലങ്കൻ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരന്റെ ജീവിതകഥ പറയുന്ന ‘800’ എന്ന സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ എത്തി. ബോളിവുഡ് നടൻ മധുർ മിറ്റാൽ ആണ് മുരളീധരനായി വേഷമിടുന്നത്. സ്ലം ഡോഗ് മില്യനെയർ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ താരമാണ് മധുർ. നേരത്തെ വിജയ് സേതുപതിയെ നായകനാക്കി പ്രഖ്യാപിച്ച സിനിമയായിരുന്നു ഇത്. സേതുപതി, മുരളീധരന്റെ ലുക്കിലെത്തുന്ന സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്ററും വൈറലായിരുന്നു. എന്നാൽ ഇൗ സിനിമയ്ക്കും താരത്തിനും എതിരെ തമിഴ്നാട്ടിൽ വ്യാപക പ്രതിഷേധം ഉയർന്നതിനെ തുടർന്ന് ചിത്രത്തിൽ നിന്നും വിജയ് സേതുപതിക്കു പിന്മാറേണ്ടി വന്നു. ശ്രീലങ്കയിലെ തമിഴ് കൂട്ടക്കൊലയെ മുരളീധരൻ ന്യായീകരിച്ചുവെന്നും മഹിന്ദ രജപക്ഷയ്ക്കു അനുകൂല നിലപാടെടുത്തുവെന്നും ആരോപിച്ചായിരുന്നു വിജയ് സേതുപതിക്കെതിരായ പ്രതിഷേധം. ഭാവിയെ ബാധിക്കുമെന്നതിനാൽ ചിത്രത്തിൽ നിന്നു പിന്മാറാൻ മുരളീധരൻ, വിജയ് സേതുപതിയോട് അഭ്യർഥിച്ചതിനു പിന്നാലെയായിരുന്നു താരതതിന്റെ തീരുമാനം.
എം.എസ് ശ്രീപതിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനാഥനായി വളര്‍ന്ന ഒരു ബാലന്‍ ലോകത്ത് ഏറ്റവും വിക്കറ്റെടുത്ത ക്രിക്കറ്റായി വളര്‍ന്ന കഥയാണ് പറയുന്നത്. മധി മലർ എന്ന കഥാപാത്രമായി മഹിമ നമ്പ്യാർ എത്തുന്നു. വെങ്കട്ട് പ്രഭുവിന്റെ അസോഷ്യേറ്റ് ആയിരുന്ന ശ്രീപതി 2010ൽ 'കനിമൊഴി' എന്ന ചിത്രം സംവിധാനം ചെയ്ത് സംവിധാന രംഗത്തെത്തി.
ശ്രീലങ്ക, ചെന്നൈ, ഇംഗ്ലണ്ട്, കൊച്ചി, ഓസ്‌ട്രേലിയ എന്നിവിടങ്ങളാണ് 800ന്റെ പ്രധാന ലൊക്കേഷൻസ്. തമിഴ്, തെലുഗ്, ഹിന്ദി, ഇംഗ്ലിഷ് ഭാഷകളിലാണ് ചിത്രം റിലീസിനായി തയാറെടുക്കുന്നത്. നരേൻ, നാസർ, വേല രാമമുർത്തി, ഋത്വിക, ഹരി കൃഷ്ണൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. സഹ നിർമാതാവ് വിവേക് രംഗാചരി,പ്രൊഡക്ഷൻ ഡിസൈനർ വിദേശ്. ആർ.ഡി രാജശേഖറാണ് ക്യാമറ. സംഗീതം ഗിബ്രാൻ. എഡിറ്റിങ് പ്രവീൺ കെ.എൽ. ചിത്രം ഈ വർഷം റിലീസിനെത്തും.
മുരളീധരന്റെ അതേ ലുക്കിൽ സേതുപതി, എന്നിട്ടും...
ശ്രീലങ്കന്‍ ക്രിക്കറ്റ് താരമെന്നതിനപ്പുറം തമിഴ് വംശജന്‍കൂടിയാണ് മുത്തയ്യ മുരളീധരന്‍. സ്വഭാവികമായും മുരളീധരനെ കുറിച്ചുള്ള സിനിമ തമിഴകം കൊണ്ടാടേണ്ടതായിരുന്നു. എന്നാല്‍ മറിച്ചാണ് കാര്യങ്ങള്‍ ഉണ്ടായത്. പ്രധാന കാരണം എല്‍.ടി.ടിയെ അടിച്ചൊതുക്കുന്നതിന്റെ മറവില്‍ ശ്രീലങ്കന്‍ സൈന്യവും സിംഹള, ബുദ്ധ മതക്കാരും തമിഴ് വംശജരെ കൂട്ടക്കുരുതി നടത്തിയതെന്നതാണ്. ഈ വിഷയത്തില്‍ ശ്രീലങ്കന്‍ സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന നിലപാടാണ് താരം എടുത്തിരുന്നത്. തമിഴ്പുലികളെ നിഷ്കാസനം ചെയ്യുന്നതിനിടെ നടന്ന വംശഹത്യയെ മുത്തയ്യ മുരളീധന്‍ നിസാരവല്‍ക്കരിച്ചെന്നും പ്രതിഷേധക്കാര്‍ ചൂണ്ടിക്കാണിക്കുന്നു.
മോഷന്‍ പിക്ച്ചറും ഫസ്റ്റ് ലുക്ക് പോസ്റ്റരും പുറത്തുവന്നു തൊട്ടുപിറകെ സമൂഹമാധ്യമങ്ങളിലാണ ്പ്രതിഷേധത്തിനു തുടക്കം കുറിക്കുന്നത്. ട്വിറ്ററില്‍ ഷെയിം ഓണ്‍ വിജയ് സേതുപതിയെന്ന ഹാഷ് ടാഗ് തുടങ്ങി. പിറകെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഏറ്റെടുത്തു. നാം തമിഴര്‍ പാര്‍ട്ടിയാണ് ആദ്യം പരസ്യമായി രംഗത്തെത്തിയത്. വിജയ് സേതുപതി പിന്‍വാങ്ങണം. തമിഴ് വികാരം വ്രണപ്പെടുത്തിയുള്ള നീക്കവുമായി മുന്നോട്ടുപോയാല്‍ ഈ സിനിമ മാത്രമല്ല, ഇനി വരാനിരിക്കുന്ന സിനിമകളും അതിന്റെ തിക്ത ഫലം അനുഭവിക്കേണ്ടി വരുമെന്നായിരുന്നു മുന്നറിയിപ്പ്. തൊട്ടുപിറകെ വൈക്കോ, തിരുവാളവന്‍ തുടങ്ങി തമിഴ് ദേശീയത ഉയര്‍ത്തിപിടിക്കുന്ന പാര്‍ട്ടികളും സംഘടനകളും രംഗത്തെത്തി.
മുതിര്‍ന്ന സംവിധായകന്‍ ഭാരതി രാജ എതിര്‍പ്പുമായി രംഗത്തെത്തിയതോടെ 800–ന്റെ പിന്നണി പ്രവര്‍ത്തകര്‍ പ്രതിരോധത്തിലായി. സമൂഹത്തില്‍ നല്ല പേരുണ്ടാക്കിയെടുക്കുയെന്നതു വലിയ ബുദ്ധിമുട്ടാണ്. താങ്കളുടെ എളിമയോടെയുള്ള പെരുമാറ്റവും ഇടപെടലും ജനങ്ങളുടെ സ്നേഹം പിടിച്ചുപറ്റാന്‍ കാരണായിട്ടുണ്ട്. കുറേ ആളുകള്‍ അവരുടെ സ്നേഹം താങ്കള്‍ക്കു നല്‍കുന്നത് അവര്‍ ചിന്തിക്കുന്നതുപോലെ നിങ്ങള്‍ പെരുമാറുന്നുവെന്നതു കൊണ്ടാണ്. നിങ്ങള്‍ മുത്തയ്യ മുരളീധരന്റെ ജീവിത കഥ പറയുന്ന സിനിമയില്‍ അഭിനയിക്കാന്‍ പോകുകയാണെന്നു കേട്ടു. മുത്തയ്യ മുരളീധരന്‍ തമിഴ് ഈഴം അല്ലെങ്കില്‍ തമിഴ് രാജ്യമെന്ന സങ്കല്‍പെത്തെ എതിര്‍ത്തയാളാണ്. ശ്രീലങ്കയിലെ തമിഴ് വംശഹത്യയെ പിന്തുണച്ചയാളാണ്. ക്രിക്കറ്റില്‍ അയാള്‍ കുറേ നേട്ടങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. പക്ഷേ തമിഴ് വംശഹത്യ നടന്നപ്പോള്‍ മിണ്ടാതിരുന്നയാളാണ്. അയാള്‍ വഞ്ചകനാണ്. ലോകത്താമകമാനമുള്ള തമിഴര്‍ക്കുവേണ്ടി ഞാന്‍ നിങ്ങളോട് അഭ്യര്‍ഥിക്കുകയാണ് ഈ സിനിമയില്‍ നിന്ന് പുറത്തുപോകാന്‍. അങ്ങിനെ ചെയ്യുകയാണെങ്കില്‍ തമിഴരുടെ മനസില്‍ നിങ്ങളുണ്ടാകും. വെറുതെ എന്തിനാണ് വഞ്ചകരുടെയും ഒറ്റുകാരുടെയും കൂട്ടത്തില്‍പെടുന്നത്. ഇതായിരുന്നു ഭാരതിരാജയുടെ തുറന്ന കത്ത്. തൊട്ടുപിറകെ കവിയും ഗാനരചയിതാവുമായ വൈരമുത്തുവും രംഗത്തെത്തി. സിനിമ വോണോ, കരിയറില്‍ വളര്‍ച്ചയുടെ ഘട്ടത്തിലാണ് താങ്കള്‍. കരിയറില്‍ ഇങ്ങിനെയൊരു കറ വേണോയെന്നത് സ്വയം ചിന്തിക്കണമെന്നായിരുന്നു വൈരമുത്തുവിന്റെ ഉപദേശം. പിറകെ സീനുരാമസാമി തുടങ്ങിയവരും രംഗത്തെത്തി.
‘സിനിമയെ സിനിമയായി കണ്ടാല്‍ പോരേ. മറ്റു രീതിയില്‍ കാണുന്നതാണ് പ്രശ്നങ്ങള്‍ക്കു കാരണം. ഐ.പിഎല്‍ ടീമായ സണ്‍ൈറസസ് ഹൈദരാബാദിന്റെ പരിശീലകനായി മുത്തയ്യ മുരളീധരനെത്തിയപ്പോള്‍ ഉണ്ടാവാത്ത എന്തു പ്രശ്നമാണ് സിനിമ പ്രഖ്യാപിക്കുമ്പോള്‍ ഉണ്ടാവുന്നത്. ഡി.എം.കെ നേതാവ് ദയാനിധി മാരന്റെ സഹോദരന്‍ കലാനിധിയുടെ ടീമാണ് സണ്‍റൈസ് ഹൈദരാബാദെന്ന് മറക്കരുത്’– രാധിക ശരത്കുമാര്‍ ട്വീറ്റില്‍ പറഞ്ഞു. ശ്രീലങ്കന്‍ തമിഴര്‍ക്കു അര്‍ഹമായ അവകാശങ്ങള്‍ ലഭിക്കണമെന്നതില്‍ തര്‍ക്കമില്ല. സിനിമയുടെ പേരില്‍ താരത്തെ ക്രൂശിക്കുന്നത് തെറ്റാണെന്ന് കാര്‍ത്തി ചിദംബരവും അഭിപ്രായപെട്ടു. എന്നാല്‍ അഭിനയിക്കണമോയെന്നതു തീരുമാനിക്കേണ്ടത് വിജയ് സേതുപതിയാണെന്നും തമിഴ് വികാരം മാനിച്ചാല്‍ ഭാവിയില്‍ നല്ലതായിരിക്കുമെന്നും തമിഴ്നാട് സിനിമ മന്ത്രി കടമ്പൂര്‍ രാജു പറഞ്ഞു. ഇതോടെ സര്‍ക്കാര്‍ നിലപാടും വിഷയത്തില്‍ പുറത്തുവന്നു.
ശ്രീലങ്കന്‍ സര്‍ക്കാര്‍ പിന്തുണയോടെ തമിഴ് വംശഹത്യയെ വെള്ളപൂശാനാണ് സിനിമയെന്നാണ് പ്രധാന ആരോപണം. ശ്രീലങ്കന്‍ ഭരണാധികാരികളുമായി അടുപ്പമുള്ളരുടെ ബിനാമികളാണ് നിര്‍മാതാക്കളെന്നും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. എന്നാല്‍ നിര്‍മാതാക്കളായ ദാര്‍ മോഷന്‍സ് പറയുന്നത് ചിത്രം പൂര്‍ണമായിട്ടും സ്പോര്‍ട്സ് ബയോപിക്കാണെന്നാണ്. അനാഥനായി വളര്‍ന്ന ഒരു ബാലന്‍ ലോകത്ത് ഏറ്റവും വിക്കറ്റെടുത്ത ക്രിക്കറ്റായി വളര്‍ന്ന കഥയാണ് പറയുന്നത്. സിനിമയില്‍ ഒരിടത്തും ശ്രീലങ്കയിലെ തമിഴ് – സിംഹള പ്രശ്നങ്ങളോ പോരാട്ടങ്ങളോ പറയുന്നില്ല. രാഷ്ട്രീയവുമില്ല. പക്ഷേ ഈ വിശദീകരണം കൊണ്ടൊന്നും പ്രതിഷേധങ്ങള്‍ തണുപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. പുതിയ നായകനാകുമായി ചിത്രം റിലീസിനെത്തുമ്പോൾ തമിഴകം എങ്ങനെ പ്രതികരിക്കുമെന്ന് കാത്തിരുന്ന് കാണാം.