ADVERTISEMENT

മാമുക്കോയയെ ഒരു നടനായല്ല, കോഴിക്കോടുകാരനായ, ശുദ്ധഹൃദയനായ ഒരു സുഹൃത്തായി മാത്രമാണ് കണ്ടിരുന്നതെന്ന് നടൻ ജയറാം. അര മണിക്കൂർ മുൻപ് വരെ സത്യൻ അന്തിക്കാടുമായി ഇക്കാര്യങ്ങൾ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നെന്നും ഇന്നസന്റ്, ശങ്കരാടി, കെപിഎസി ലളിത, ഒടുവിൽ ഉണ്ണികൃഷ്ണൻ തുടങ്ങിയ താരങ്ങളുടെ വിയോഗത്തോടെ തന്റെ ജീവിതത്തിലെ ഒരു അധ്യായം തന്നെ കീറിക്കളയുകയാണ് എന്ന് സത്യൻ അന്തിക്കാട് പറഞ്ഞതായും ജയറാം പറഞ്ഞു. ആ അധ്യായത്തിൽ ഒടുവിലത്തേതാണ് മാമുക്കോയ എന്ന് ജയറാം പറയുന്നു. മഴവിൽ കാവടിയിലെ ഉബൈദ് എന്ന, പഴനിയിലെ പോക്കറ്റടിക്കാരനെപ്പോലെയുള്ള കഥാപാത്രങ്ങളൊന്നും ചെയ്യാൻ ഇനി ആരുമില്ല എന്നും സിനിമയിൽ വലിയൊരു വിടവ് അവശേഷിപ്പിച്ചാണ് മാമുക്കോയ മടങ്ങുന്നതെന്നും ജയറാം പറഞ്ഞു.

‘‘ഞാൻ അര മണിക്കൂർ മുൻപ് സത്യൻ അന്തിക്കാടുമായി സംസാരിക്കുകയായിരുന്നു. ഇത്തരത്തിലുള്ള വിടവാങ്ങലുകൾ ഏറ്റവും കൂടുതൽ ബാധിക്കുന്ന സംവിധായകൻ ആണ് സത്യേട്ടൻ. അദ്ദേഹത്തിന്റെ സിനിമകളിൽ ഏറ്റവും കൂടുതൽ അഭിനയിച്ചിട്ടുള്ള ഒരു നടനാണ് ഞാൻ. അതുകൊണ്ടു തന്നെ ഇന്നസന്റ്, മാമുക്കോയ, ഉണ്ണിയേട്ടൻ, ശങ്കരാടി സാർ തുടങ്ങിയവർ ഉള്ള ഒരു പേജ് തന്നെ ഞാൻ എന്റെ ജീവിതത്തിൽ നിന്ന് കീറിക്കളയുകയാണ് എന്നാണ് സത്യേട്ടൻ പറഞ്ഞത്. എന്റെ ചിത്രങ്ങളിൽ ഇത്തരം കഥാപാത്രങ്ങൾ ചെയ്യാൻ ഇനി ആരുമില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. ആ ഒരു അധ്യായം കീറിക്കളയുകയാണ്.

ഇത്തരത്തിലുള്ള മഹാന്മാരായ കലാകാരൻമാർ സിനിമയിലുണ്ടായിരുന്ന കാലഘട്ടത്തിൽ എനിക്കും സിനിമയിൽ അഭിനയിക്കാൻ പറ്റിയല്ലോ സത്യേട്ടാ എന്നാണ് ഞാൻ പറഞ്ഞത്. അതൊരു പുണ്യമാണ് എന്റെ ജീവിതത്തിൽ. മാമുക്കോയയെ ഒരു നടൻ ആയി ഞാൻ കണ്ടിട്ടില്ല, ഒരു പച്ചയായ, കോഴിക്കോടുകാരനായ മനുഷ്യൻ. ഞങ്ങൾ തമ്മിൽ ഒരു മുപ്പത്തിയഞ്ചു വർഷത്തെ സൗഹൃദമാണ്. ഒരു നടനായിട്ട് തോന്നിയിട്ടില്ല. മഴവിൽ കാവടിയിലെ കുഞ്ഞിഖാദർ എന്ന കഥാപാത്രത്തെ നമുക്ക് കൃത്യമായി പഴനിയിലെ ഒരു പോക്കറ്റടിക്കാരൻ ആയിട്ട് തന്നെ തോന്നും. അതാണ് ആ നടന്റെ വിജയം. അതുപോലെയുള്ള എത്രയോ കഥാപാത്രങ്ങൾ എന്നോടൊപ്പം ചെയ്തു. ഉണ്ണിയേട്ടൻ, ശങ്കരാടി സർ, ലളിത ചേച്ചി ഒക്കെ എനിക്ക് അങ്ങനെ തോന്നുന്ന താരങ്ങളാണ്. ലിസ്റ്റിൽ അവസാനത്തെ പേരാണ് ഇപ്പോൾ പോയ മാമുക്കോയ.’’ ജയറാം പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com