ADVERTISEMENT

തോൾ വിരിവും കവിൾതുടിപ്പുമുള്ള നായകൻമാർ ഇവിടെ തടി പോലുള്ളപ്പോൾ മെലിഞ്ഞു കവിളൊട്ടിയ ഒരു സാധാരണക്കാരൻ നടൻ നാട്ടുകാരുടെ ശ്രദ്ധമുഴവൻ തട്ടിയെടുക്കുന്നു. 45ാം വയസ്സിലും പ്രേമലേഖനങ്ങൾ നേടുന്നു. മാമുക്കോയയുടെ ഈ ‘വന്നു കണ്ടു കീഴടക്കി’ സ്‌റ്റൈലിന്റെ രഹസ്യമെന്താണ്? വനിതയോടൊപ്പം നേരിട്ടന്വേഷിക്കുക.

∙ മാമൂക്കോയയുടെ ചിരിയാണു പെണ്ണുങ്ങളെ ആകർഷിക്കുന്നതെന്ന് ഒരു സംസാരം ഉണ്ടല്ലോ?

ചോദ്യം കേട്ടു തെല്ലുനേരം മാമൂക്കോയ ഗൗരവം പൂണ്ടിരുന്നു. പെട്ടെന്ന് ഗൗരവം വിടാതെ പറഞ്ഞു. ‘‘പെണ്ണുങ്ങളെയല്ല, പെണ്ണിനെ, ഒരു പെണ്ണിനെ (എന്റെ ഭാര്യയെ)’’. കടിഞ്ഞൂൽ കല്യാണം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനു കോഴിക്കോട്ടു നിന്നു ചേർത്തലയിൽ എത്തിയതാണു മാമൂക്കോയ.  രാത്രിയായി.  പകൽ ധാരാളം പൊരിഞ്ഞ സ്‌റ്റണ്ട് സീനുകൾ എടുത്തിരുന്നു. ഹോട്ടൽമുറിയിലെ കിടക്കയിൽ ചാരിയിരിക്കുന്ന മാമുക്കോയയുടെ ചലനങ്ങളിലും ഭാവങ്ങളിലും എല്ലാം നാം ഇഷ്‌ടപ്പെടുന്ന എന്തെല്ലാമോ ഉണ്ട്. 45 കാരനായ ഒരു ശുദ്ധഹൃദയൻ.

∙ സിനിമയിലേതുപോലെ ജീവിതത്തിലും താങ്കൾ ഒരു പൊടിതമാശക്കാരനാണോ? എന്തേ ഹാസ്യകഥാപാത്രങ്ങൾ തന്നെ തലയിൽ വീഴാൻ?

‘‘തമാശയോ? ഞാൻ വളരെ സീരിയസായി അഭിനയിക്കുകയാണ്. അതിന്റെ  റിസൽട്ട് കോമഡിയാണെന്നു മാത്രം. അതല്ല നല്ല  കോമഡി. ചിലപ്പോൾ വളരെ ലളിതമായ സംഭവമേ കാണൂ. അതു മതി. പക്ഷേ, ഞാൻ അടിമുടി ഗൗരവക്കാരനാണ്.’’

∙ സിനിമയിലേക്കു വരുന്നതിനു മുമ്പ്........?

നിരവധി അനുഭവങ്ങൾ മാമുക്കോയയുടെ ഓർമയിൽ തിരക്കിട്ടു. പക്ഷേ, വൻതോതിൽ വികാരം കൊള്ളാതെ കാര്യങ്ങളെ വസ്‌തുനിഷ്‌ഠമായി കാണുന്ന ഒരാളുടെ നിസ്സംഗതയോടെ, മാമൂക്കോയ സംസാരിച്ചു നാടകത്തിൽ മനസ്സർപ്പിച്ച ബാല്യം. കെ.ടി.മുഹമ്മദിന്റെയും വാസുപ്രദീപിന്റെയും നാടകങ്ങൾ കണ്ടു വീട്ടിൽ വന്ന് അതുപോലെ സ്വയം അഭിനയിച്ചുനോക്കി. പക്ഷേ, മാമുക്കോയയുടെ സാമ്പത്തിക സ്‌ഥിതി ഒട്ടും മെച്ചപ്പെട്ടതായിരുന്നില്ല.

‘‘പഠിത്തം കഴിഞ്ഞയുടനെ കൂപ്പുകളിലും തടിമില്ലുകളിലും തടിയുടെ അളവെടുപ്പുകാരനായി പണിയെടുത്തു. തടിയുടെ കേടു നോക്കുക. തടി എത്ര ക്യൂബിക്കടിയുണ്ടെന്നു തിട്ടപ്പെടുത്തുക. കൂടെ വേറെ ജോലിക്കാരുമുണ്ടായിരുന്നു. എന്നാലും സ്‌ഥിരം വരുമാനമെന്നു പറഞ്ഞുകൂടാ. ആദ്യം  ഞാൻ പെണ്ണു കാണാൻ പോയതിനുമുണ്ട് ഒരു കഥ. പെണ്ണു കണ്ടിഷ്‌ടപ്പെട്ടു വീട്ടിൽ വന്നപ്പോൾ പെണ്ണിന്റെ കൂട്ടർ ഞാനറിയാതെ എന്നെക്കുറിച്ചന്വേഷിച്ചു. ചെറുക്കൻ കള്ളുകുടിക്കുമോ? കൂട്ടുകൂടുമോ? ഞാനവരോടു പറഞ്ഞു. ‘‘ഞാൻ കഞ്ചാവടിച്ചിട്ടുണ്ട്, കള്ളടിച്ചിട്ടുണ്ട്. ഇതൊക്കെ ഒരു കുറ്റമായി ഞാൻ കരുതുന്നില്ല. നിങ്ങൾ ഈ റൂട്ടിൽ അന്വേഷിച്ചാൽ എന്നെ കിട്ടില്ല. നിങ്ങളുടെ മോളെ എനിക്കിഷ്‌ടമായി.’’ ഇത്രയും കേട്ടതേ അവർ ആലോചന മതിയാക്കി. രണ്ടാമതൊരു കുട്ടിയെ കണ്ടു. തരക്കേടില്ല. ഇവൾ ഭാര്യയായി  പറ്റുമെന്നു തോന്നി. ‘‘ന്റെ ഭാര്യയായി വരൻ അവൾക്കു പറ്റുമോ എന്നറിഞ്ഞാൽ മതി സ്‌ത്രീധനം വേണ്ട. സ്വർണം ഉണ്ടെങ്കിൽ കൊടുത്തോ’’ –ഞാൻ പറഞ്ഞു. 26 ാം വയസ്സിൽ 15 കാരിയായ സുഹ്‌റാബീവിയെ കല്യാണം കഴിക്കുമ്പോൾ കല്യാണക്കുറിയടിക്കാൻ കാശില്ലായിരുന്നു. സ്വന്തം കൈപ്പടയിൽ എഴുതി കുറിച്ച ബ്ലോക്കെടുത്തു തന്നതു സ്‌നേഹിതൻ വാസുപ്രദീപ്. അതു വീട്ടാൻ മാർഗമില്ലാതെ, ഒടുവിൽ 5400 രൂപയ്‌ക്കു വീടു വിറ്റു. വീടു വർഷംതോറും മേയാൻ കൂടി കഷ്‌ടപ്പാടായിരുന്നു.

ആ ജോലിക്കിടയിലും നാടകബന്ധങ്ങൾ തുടർന്നു. ‘ഇബിലീസിന്റെ മരണം’– അതാണു ഞാനാദ്യം അഭിനയിച്ച നാടകം സുന്ദരൻ കല്ലായിയുടെ ആ നാടകം കോഴിക്കോട് ടൗൺഹാളിലാണ് ആദ്യം അരങ്ങേറിയത്. എന്റേത് ഒരു കോമഡി റോളായിരുന്നു. അങ്ങനെയിരിക്കെ ശ്രീനിവാസൻ വരുന്നു.  ഇപ്പോഴത്തെ നടനും സംവിധായകനുമായ ശ്രീനിവാസൻ. ഞങ്ങൾ നാടകം വഴിതന്നെ സുഹൃത്തുക്കളാണ്. ബക്കർ, പവിത്രൻ, സുരാസു ഞങ്ങളൊക്കെ ചേർന്നു ബക്കറെക്കൊണ്ട് ഒരു പടം സംവിധാനം ചെയ്യിക്കാമെന്നു വിചാരിച്ചിരിക്കുമ്പോഴാണ്, മണ്ണ് എന്ന സിനിമയുടെ ഒരു പാർട്‌ണറെ കിട്ടുന്നത്. അദ്ദേഹം ഡയറക്‌ടർ എസ്. കൊന്നനാട്ടിനെ പരിചയപ്പെടുത്തി. ‘രണ്ടു ദിവസം കഴിഞ്ഞു വരൂ, എന്തെങ്കിലുമൊക്കെ ചെയ്യാമോ എന്നു നോക്കട്ടെ.’

‘‘എന്തെങ്കിലും ഒക്കെ’ ചെയ്യാൻ ഞാൻ വേണോ?’’ അതിൽ  ചെറിയൊരു റോളായിരുന്നു. ചെറിയ ഒന്നുരണ്ടു സീൻ. കുതിരയ്‌ക്കു പുല്ലിട്ടുകൊടുക്കുകയോ മറ്റോ ചെയ്യുന്ന റോൾ. പിന്നെയും തടിയളവ്, അതിന്റെ ബദ്ധപ്പാടുകളുമായി നടക്കുമ്പോഴാണ് പി.എ.മുഹമ്മദ്‌ കോയയുടെ ‘സുറുമയിട്ട കണ്ണുകൾ’  സിനിമയാക്കുന്ന വിവരം അറിഞ്ഞത്.

ബഷീർക്കാ (വൈക്കം മുഹമ്മദ് ബഷീർ) പറഞ്ഞു. ‘‘എടേ, പി. ഏന്റെ കഥ സിനിമയാക്കുന്നു  മുസ്‌ലീം സബ്‌ജക്‌ട്. കോഴിക്കോട്ട് ഷൂട്ടിങ്. തനിക്കു ചെയ്യാൻ പറ്റുന്ന ധാരാളം കഥാപാത്രങ്ങൾ കാണും നീ ഒന്നു  ട്രൈ ചെയ്യ്.’’

‘‘ഞാനങ്ങനെ ട്രൈ ചെയ്യാനാ ബഷീർക്കാ. എനിക്ക് ഒരു ചാൻസ് തരി എന്നു പറയാനൊക്കുമോ?’’

‘‘ഞാനൊരു എഴുത്ത് തരാം. നീയതു പി.എ.യ്‌ക്കു കൊടുക്ക്. ’’

ബഷീർക്കാ പി. എ. മുഹമ്മദ്‌കോയയ്ക്ക് കത്തു തന്നു രണ്ടു ദിവസം കഴിഞ്ഞു മുഹമ്മദ് കോയയെ പോയിക്കണ്ടു. പിന്നെ ധാരാളം നാടകങ്ങളിൽ അഭിനയിക്കാൻ തുടങ്ങി.  യുഡിഎ എന്ന നാടക ട്രൂപ്പിന്റെ ‘മോചനം’ എന്ന  നാടകത്തിൽ അഭിനയിച്ചു. ആ നാടകം പിന്നെ നിരവധി വേദികളിൽ കളിച്ചു. അങ്ങനെയിരിക്കെ ഒരു ദിവസം ശ്രീനിവാസൻ വീട്ടിൽ വരുന്നു. ‘‘നീ എന്താ പണി?’’ ‘‘ഓ അങ്ങനെ പോകുന്നു.’’

‘‘അരോമ മണിക്കുവേണ്ടി സിബി മലയിൽ എന്നയാൾ ഒരു പടം ചെയ്യുന്നു. നല്ലയാളാണ്. സ്‌കൂൾകുട്ടികളും അധ്യാപകരുമൊക്കെയടങ്ങുന്ന അന്തരീക്ഷമുള്ള കഥ. ദൂരെ ദൂരെ ഒരു കൂടു കൂട്ടാം. അതിൽ നിന്നെ  ഞാനൊരധ്യാപകനായി കൊള്ളിക്കുന്നുണ്ട്. സംവിധായകനെ പരിചയപ്പെടുത്താം.’’ - ശ്രീനി പറഞ്ഞു.

സിബിയെ കാണാൻ ചെന്നു. സിബി കിടന്നുറങ്ങുന്നു. ശ്രീനി വിളിച്ചുണർത്തി. എന്നെ പരിചയപ്പെടുത്തി. ‘‘ഇതു മാമു. ഇവൻ നാടകങ്ങളിൽ അഭിനയിക്കുന്നു. നമ്മുടെ കഥാപാത്രത്തിനു പറ്റിയ ആളാണ്’’ പിന്നെ ഞാനാ സെറ്റിൽ മുഴുകി. നടനെന്ന നിലയിലല്ല. സെറ്റിടാൻ, മുള വാങ്ങാൻ, ഓല സംഘടിപ്പിക്കാൻ. ജോലിക്കാർക്കു കാശു കൊടുക്കാൻ. എന്റെ വീടിന്റെ പരിസരത്തായിരുന്നു ഷൂട്ടിങ്. അറബി മുൻഷിയുടെ റോളായിരുന്നു എനിക്ക്.
ആദ്യ സീൻ എടുത്തു. സിബി പറഞ്ഞു ‘‘ആ കാരക്‌ടർ  ഒന്നു ഡവലപ്  ചെയ്‌താലോ ശ്രീനി?’’
ശ്രീനിവാസന്റെ തിരക്കഥ. മോഹൻലാൽ വ്യാജസർട്ടിഫിക്കറ്റുമായി പഠിപ്പിക്കാൻ വരുന്ന അധ്യാപകൻ, സുകുമാരി, നെടുമുടി വേണു, ജഗതി തുടങ്ങിയവരുമുണ്ട്. ആറേഴു സീനെടുത്തു. വളരെ സാവധാനം ചെയ്യാവുന്ന റോൾ.

∙ അതു കോമഡിയായിരുന്നോ?

കോമഡിയല്ല പക്ഷേ, ചിരിക്കാൻ വകയുണ്ട്. പിന്നെ സത്യൻ അന്തിക്കാടിന്റെ ഗാന്ധിനഗർ സെക്കന്‍ഡ് സ്‌ട്രീറ്റിൽ മോഹൻലാലിന്റെ കൂട്ടുകാരനായി അഭിനയിച്ചു. അതു കൂടുതൽ ശ്രദ്ധിക്കപ്പെട്ടു. അതു കഴിഞ്ഞാണു  വെറും മാമു ആയ ഞാൻ മാമൂക്കോയ ആയത്. ഒരു സിനിമാ മാസികയാണ് ആ പേരുമാറ്റം നടത്തിയത്.

∙ ഇപ്പോൾ എത്ര പടങ്ങളായി?

60.

∙ ഏറെ ഇഷ്‌ടപ്പെട്ട  ഒരു കഥാപാത്രം?

90 ശതമാനം കഥാപാത്രങ്ങളും ഇഷ്‌ടപ്പെട്ടതുതന്നെ. നേരത്തേ പറഞ്ഞ അറബി മുൻഷി, നാടോടിക്കാറ്റിലെ ഗഫൂർക്കാ, മഴവിൽക്കാവടിയിലെ കള്ളൻ, തലയണമന്ത്രത്തിലെ കാറു ബ്രോക്കർ, വരവേൽപ്പിലെ ബസ്‌ക്ലീനർ, വിദ്യാരംഭത്തിലെ തമിഴൻ..

∙ ചിരിപ്പടങ്ങൾ വിജയിച്ചതിനെ തുടർന്നു ഹാസ്യനടൻമാർ നായകൻമാരാകുന്നുണ്ടല്ലോ. അങ്ങനെ വല്ല മോഹവും ഉണ്ടോ?

എന്നെ നായകനാക്കിയാൽ അയാൾ കുത്തുപാളയെടുത്തേക്കും. ആർക്കും എന്തും ആവാമല്ലോ. നായക സങ്കൽപം ഇപ്പോഴും മമ്മൂട്ടിയെയും മോഹൻലാലിനെയും ചുറ്റിപ്പറ്റിയാണ്.  നടനെ നോക്കിത്തന്നെയാണ് ഇപ്പോഴും കഥാപാത്രങ്ങളെ ഉണ്ടാക്കുന്നത്. ഓണത്തിനൊരു പടം വേണം. മമ്മൂട്ടിയുടെ ഡേറ്റ് കിട്ടിയിട്ടുണ്ട്. ഇനി വേഗം എഴുതുകതന്നെ അതാണു ട്രെൻഡ്.

∙ റൊമാൻസ് ചെയ്യാൻ താല്‌പര്യമുണ്ടോ?

(മുഖം നിറഞ്ഞ ചിരി) വലിയ ഇൻട്രസ്റ്റാ... അതിനു റോളുണ്ടാക്കിത്തരുകയാ വേണ്ടത്.  നിങ്ങൾ എഴുതുമ്പോൾ ഇങ്ങനെ പറയാമല്ലോ– സംവിധായകരുടെ ശ്രദ്ധയ്ക്ക്, മാമൂക്കോയക്ക് പറ്റിയ റൊമാന്റിക് കഥാപാത്രങ്ങളെ കൊടുക്കണം.

ഈയിടെ ബഷീർക്കാ പറഞ്ഞു, എടേ, നീ കേറി നാലു ലൗ സീനിലൊക്കെ കളിക്കടേ, ഇവളൊന്നു പഠിക്കട്ടെ (ബഷീറിന്റെ ഭാര്യ ഫാബി) അപ്പം നിന്നോടുള്ള ഇവളുടെ ട്രീറ്റ്മെന്റ് മാറും... ബഷീർക്കാ ഭയങ്കര വിറ്റടിക്കും.

ബഷീർക്കാ പറയുകയാണ് വേദിയിൽ, ‘‘എംടിയും ഐ.വി. ശശിയും, സീമയും ഒക്കെയുണ്ട്. എനിക്കു ശശിയെയും  എം.ടിയെയും കാണാൻ പറ്റുന്നില്ല. പക്ഷേ സീമയെ ശരിക്കും മനസ്സിലാവുന്നുണ്ട്’’. പെണ്ണുങ്ങളുടെ നേരെ നല്ല കാഴ്‌ചശക്‌തിയുണ്ടെന്നർത്ഥം. അയാളെന്താ സാധനം! ഞാൻ ബഷീർക്കോയോടു  പല സംശയവും ചോദിക്കാറുണ്ട്. എന്തിനെക്കുറിച്ചും നല്ല അറിവുള്ള ആളാ.

∙ ഞങ്ങൾ മാമൂക്കോയയെ കാണുന്നുണ്ടെന്നു പറഞ്ഞപ്പോൾ സ്‌നേഹിതയായ താങ്കളുടെ ഒരാരാധിക ഒരു ചോദ്യം ചോദിക്കണമെന്നു പറഞ്ഞു. സുന്ദരനാണെന്നു സ്വയം തോന്നാറുണ്ടോ?

ഇത്രയും സൗന്ദര്യത്തിൽ എന്നെ സൃഷ്‌ടിച്ച ദൈവത്തിനു നന്ദി. ഒരാളെ സുന്ദരനായി നാം തിരഞ്ഞെടുത്താൽ അയാളെക്കാൾ സുന്ദരനായി വേറൊരാൾ ഉണ്ടാവും പിന്നെ, എനിക്കു സൗന്ദര്യമില്ല എന്നാരും പറയേണ്ട. അത്യാവശ്യ സൗന്ദര്യമൊക്കെ എനിക്കുണ്ട്.  ഓളോട് പറഞ്ഞേക്ക്.

∙ എന്തൊക്കെ വീട്ടുവിശേഷങ്ങൾ? താങ്കൾ വളരെ കർശനസ്വഭാവക്കാരനാണെന്നു കേട്ടല്ലോ?

ഏയ്. ആരു പറഞ്ഞു. നാലു മക്കളാണ്. നിസാർ, ഷാഹിദ, നാദിയാ, റഷീദ്. മുസ്‌ലിം സംസ്‌കാരം ഞാനവരെ പഠിപ്പിക്കുന്നുണ്ട്. അവർക്കു സ്വാതന്ത്ര്യം കൊടുത്തിട്ടുണ്ട്. മക്കൾക്കു നല്ല കമ്പനിയുണ്ടാവണം. ലോകത്തിന്റെ വിവിധ വശങ്ങൾ അറിയണം.  ഇപ്പോൾ പുകവലിക്കാറില്ല. ലോകത്തിൽനിന്ന് അകറ്റി മക്കളെ വീട്ടിൽത്തന്നെ അടക്കി നിർത്തുന്നതു മണ്ടത്തരമാണ്. അവർ മൂഢനായേ വളരൂ.

∙ വിവാഹം ശവസംസ്‌കാരം  മറ്റു ചടങ്ങുകൾക്കു പങ്കെടുക്കാറുണ്ടോ?

അതു പറയാതിരിക്കുകയാ ഭേദം. മരണവീട്ടിൽ ചെന്നാൽ  പിന്നെ ദുഃഖവും പോയി എല്ലാം പോയി. ശവം പോലും എണീറ്റുനിന്നുകൊണ്ട് ചിരിച്ചുകൊണ്ട് ഇങ്ങനെ ചോദിക്കും. ‘‘ഏത് സൈറ്റിൽ നിന്നാ വരുന്നത്. മദ്രാസിലായിരുന്നോ? മമ്മൂട്ടി എങ്ങനെയുണ്ട്? ഉർവശിയുടെ സ്വഭാവം എങ്ങനെ?

മരിച്ചുകിടക്കുന്നത് ചിലപ്പോൾ പയ്യന്റെ അച്‌ഛനായിരിക്കും അച്‌ഛന്റെ കാര്യം വല്ലതും ചോദിച്ചാൽ, ‘‘ ഓ എന്തു പറയാനാ. അച്‌ഛന്  ഒരറ്റാക്ക്’’ ആ  കാര്യമൊന്നും പറയാൻ അയാൾക്ക് താൽപര്യം ഉണ്ടാവില്ല. പിന്നെ എല്ലാവർക്കും ഒരേതരം ചോദ്യം.  കല്യാണ വീട്ടിലാണെങ്കിൽ പിന്നെ വരനും വധുവും അവഗണിക്കപ്പെടുന്നു. നടനു ചുറ്റും ആളു കൂടുന്നു.

പള്ളിയിൽ വെള്ളിയാഴ്‌ച ഉച്ചകഴിഞ്ഞു പോകും. പ്രസംഗത്തിനിടയിൽ കുട്ടികൾ താഴേക്കു നോക്കി മാമൂക്കാ മാമൂക്കാ എന്നു പറഞ്ഞു സംഭവം അലസിക്കും..

∙ വീട്ടിലും താരാരാധന ഉണ്ടോ? ഭാര്യ എന്തു പറയും?

ഏയ് ഒട്ടുമില്ല. മദ്രാസിലോ മറ്റോ ആണെങ്കിൽ, ഭാര്യ പടം കണ്ടു വിളിച്ചു പറയും: ‘ആദ്യം കൊള്ളാമായിരുന്നു ഒടുവിലത്ര ഏറ്റില്ല. കേട്ടോ.’ കുറേയായി അങ്ങനെയാണു പറയുന്നത്.

∙ ആരാധികമാർ, അവരുടെ കത്തുകൾ, രസമായിരിക്കും അല്ലേ?

ആരാധികമാർ അനവധി. മറുപടി അയയ്ക്കാറുണ്ട് ഒരു കത്ത് ഇങ്ങനെ ‘സുഹ്‌റാബീവിയെ കൂടാതെ മറ്റാരെയെങ്കിലും കല്യാണം കഴിക്കാൻ ഉദ്ദേശ്യമുണ്ടോ? മുമ്പു വല്ല  പ്രേമവുമുണ്ടായിരുന്നോ? ഇന്ന വേഷം കണ്ടു തരക്കേടില്ല മറ്റേ വേഷം അതിലും നന്നായി ഒരു കളർഫോട്ടോ അയച്ചുതരണം. പുസ്‌തകത്തിൽവയ്‌ക്കാനാണ്. ഞാനെന്നുമോർമിക്കും.’’

ഞാനെഴുതി ‘അയച്ചുതരാം പുസ്‌തകത്തിൽ വയ്‌ക്കേണ്ട’. നല്ല രസമുള്ള കത്തുകൾ വായിച്ച് ഞാൻ ഒരാൾക്ക് (സുഹ്‌റാബീവി) കൊടുക്കും ഈ കുട്ടികൾക്കു വേറെ പണിയൊന്നുമില്ല എന്നു തോന്നും. വീടു വിട്ടു ഹോസ്‌റ്റലുകളിലൊക്കെ താമസിക്കുന്ന കുട്ടികളാവും. ദുരുദ്ദേശ്യമൊന്നുമില്ല, വെറും നേരംപോക്ക്.....

∙ രസമുള്ള ഒരു കത്ത്?

പറയാം, ഒരു ലതയോ ലതികയോ എഴുതിയതാണ്. ‘നിങ്ങൾക്കു മൂന്നും നാലും ഒക്കെ ആവാമെല്ലോ. എന്നെയും ഭാര്യയാക്കാമോ?’

ഞാൻ മറുപടി എഴുതി: ‘വേണമെങ്കിൽ സുഹ്‌റാത്താത്താന്റെ അനുവാദത്തോടെ നിന്നേംകൂടി ഭാര്യയാക്കാൻ ശ്രമിക്കാം കുട്ടി. അതിനു നൂറു നൂറു കടമ്പകളുണ്ട്. വെറുതെ കേറി മൂന്നും നാലും കെട്ടില്ല.’

∙ ചില പ്രത്യേക കഥാപാത്രങ്ങൾക്കു വേണ്ടി തയാറെടുപ്പുകൾ നടത്താറുണ്ടോ?

ഇല്ല. മീൻ വില്‍ക്കുന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നുവെന്നു വയ്‌ക്കുക, ഉടനെ മീൻവില്‍പനക്കാരനെ ശ്രദ്ധിക്കണമെന്നില്ല.  ഞാൻ എന്നെത്തന്നെ ഓർക്കും. ഞാൻ  ഒരു മീൻ വില്‍പനക്കാരനായാൽ എങ്ങനെയാണു മീൻ വിൽക്കുക, എന്റെ ശൈലിയിലുള്ള മീൻ വിൽക്കൽ, വാങ്ങാൻ വരുന്നവരെ ആകർഷിക്കാൻ സ്വീകരിക്കുന്ന അടവുകൾ. ഞാൻ അന്തസ്സായി മീൻ വിൽക്കുന്നു. അപ്പുറത്തു സിനിമ പിടിക്കുന്നു. എന്നു മാത്രം. പോക്കറ്റടിക്കാരനായി അഭിനയിക്കുകയാണെങ്കിൽ ക്യാമറാമാന്റെ കൂടി കണ്ണു വെട്ടിച്ചു പോക്കറ്റടിക്കാനാണ് എന്റെ  ശ്രമം. ആ ക്യാരക്‌ടറായി മാറാൻ ശ്രമിക്കും. ചെയ്യുന്ന ജോലി ആത്മാർഥമായി ചെയ്‌താൽ മതിയെന്നേ.

∙ പ്രതീക്ഷാ പൂർവം കാത്തിരിക്കുന്ന കഥാപാത്രം വല്ലതുമുണ്ടോ?

ഏതു കഥാപാത്രം കിട്ടിയാലും അതിന്റെ സ്വഭാവം പഠിക്കും. കായംകുളം കൊച്ചുണ്ണിയെ കിട്ടിയാലും അതിവിദഗ്‌ധമായി അതുനുള്ള ശ്രമം നടത്തും. വടക്കൻവീരഗാഥയിൽ ചന്തുവിന്റെ വേഷം കിട്ടിയാൽ എനിക്കു പറ്റുന്നതുപോലെ ഞാനും അഭിനയിക്കും. അത്രതന്നെ. മൂച്ചീട്ടുകളിക്കാരനിലെ എട്ടുകാലി മമ്മൂഞ്ഞും മണ്ടൻകുഞ്ചുവിലെ മണ്ടൻമുത്തപ്പയും ഒക്കെ എന്നെ ആകർഷിച്ച കഥാപാത്രങ്ങളാണ്.

സിനിമയില്ലാതെ ജീവിക്കുന്നതിനെക്കുറിച്ചും എനിക്കു പേടിയില്ല. മുമ്പു തടിയുടെ ജോലിയുമായി ബന്ധപ്പെട്ട് 22 വർഷം കേരളത്തിൽ മുഴുവൻ കറങ്ങിയതാണു ഞാൻ. ദുഃഖത്തിലും സുഖത്തിലും സ്വയം മറക്കുന്ന മനസ്സല്ല എന്റേത്. എല്ലാ ദൈവമൊരുക്കുന്ന വഴികൾ അല്ലേ?

അഭിമുഖം അവസാനിപ്പിക്കുമ്പോൾ, തീയറ്ററിൽ ജീവിതത്തിന്റെ ആകുലതകളിൽ പരുങ്ങിനിന്നു ചിരിപ്പിക്കുന്ന ഹാസ്യനടനല്ല തെളിഞ്ഞത്. ഒന്നിനെയും ഭയക്കാതെ തന്റേടത്തോടെ ജീവിക്കുകയും അതൊക്കെ തുറന്നു പറയുകയും ചെയ്യുന്നതിൽ മടിക്കാത്തവന്റെ മുഖം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com