വിജയാഘോഷത്തിന് മുറിക്കുന്ന കേക്കിന്റെ കാശുപോലും കലക്ഷനിൽ ഇല്ല: തുറന്നു പറഞ്ഞ് സുരേഷ് കുമാർ
Mail This Article
സിനിമയുടെ വിജയം തീരുമാനിക്കുന്നത് ഇപ്പോൾ അതിന്റെ അണിയറ പ്രവർത്തകരാണെന്ന് നിർമാതാവ് സുരേഷ് കുമാർ. സിനിമയുടെ ആദ്യ ഷോ കഴിയുമ്പോൾ കേക്ക് മുറിച്ച് വിജയാഘോഷം തുടങ്ങുകയാണ്. മുറിക്കുന്ന കേക്കിന്റെ കാശ് പോലും ആ സിനിമയ്ക്ക് തിയറ്ററിൽ നിന്നും ലഭിക്കുന്നില്ല എന്നതാണ് വാസ്തവമെന്നും സുരേഷ് കുമാർ പറയുന്നു. ഇപ്പോൾ നടപടി എടുത്ത രണ്ടുപേർ മാത്രമല്ല ഇവിടെയുള്ള പ്രശ്നക്കാരെന്നും പരാതികൾ വന്നാൽ മറ്റുളള താരങ്ങൾക്കെതിരെയും ഇതുപോലുള്ള നടപടികൾ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘‘എഴുപത്തിയഞ്ചോ എഴുപത്തിയാറോ സിനിമകൾ പുറത്തിറങ്ങിയതിൽ ഒരൊറ്റ സിനിമ മാത്രമാണ് കഴിഞ്ഞ വർഷം ഓടിയത്. വലിയ സൂപ്പർ താരങ്ങൾ അഭിനയിച്ച പടങ്ങളും പൊട്ടി തരിപ്പണമായി പോകുന്നു. 38 സിനിമകളാണ് നടന്നുകൊണ്ടിരിക്കുന്നത്. അൻപത് പ്രോജക്ടുകൾ തട്ടിലുണ്ട്. ഇതൊക്കെ എവിടെ ചെന്ന് നിൽക്കും. ആളുകൾക്കൊന്നും ഡേറ്റുമില്ല. ഇന്ന് ഒരു സിനിമയിൽ അഭിനയിച്ചാൽ പോയാൽ മാത്രം പോര. പ്രമോഷന് പോകണം. പ്രധാനപ്പെട്ട ആൾക്കാർ എങ്കിലും പോകണം. കേരളത്തിൽ മാത്രമാണല്ലോ ആരും പോകാതിരിക്കുന്നത്. തമിഴ്നാട്ടിലും ആന്ധ്രയിലുമൊക്കെ ഉള്ള താരങ്ങൾ എല്ലാ പ്രമോഷനും പോകുന്നുണ്ടല്ലോ. ദസറയുടെ പ്രമോഷന് വേണ്ടി നാനി കേരളത്തിൽ വന്നില്ലേ. അവർ ഇന്ത്യ മുഴുവൻ ഓടി നടക്കുകയാണ് പ്രമോഷന് വേണ്ടി.
നമ്മുടെ ഇവിടെ ആൾക്കാരെ വിളിച്ചാൽ വരില്ല. അതെന്തൊരു ഏർപ്പാടാണ്. കാശും വാങ്ങി പോക്കറ്റിലിട്ട് സിനിമയിൽ അഭിനയിച്ച് പോയാൽ മതിയോ. ആ പടം ഓടുന്നോ ഇല്ലയോ എന്ന് നോക്കണ്ടേ. എഗ്രിമെന്റിൽ ഒപ്പിടാത്ത ഒരാളും ഇനി ഇവിടെ അഭിനയിക്കില്ല. അത് നൂറ് ശതമാനം ഉറപ്പാണ്. ഒപ്പിടാത്ത ആരെങ്കിലും ഉണ്ടെങ്കിൽ സിനിമ ചെയ്യട്ടേ. ഞങ്ങൾ കാണിച്ചു തരാം. ഒരു ദിവസം ഷൂട്ട് ചെയ്ത പണം പോലും സിനിമയ്ക്ക് കിട്ടുന്നില്ല. അഞ്ച് ലക്ഷം പോലും വരുന്നില്ല. പല പടങ്ങളും അഞ്ചും നാലും മൂന്നും ലക്ഷങ്ങളാണ് കലക്ട് ചെയ്യുന്നത്. ഇതെവിടെ പോയി നിൽക്കും. സൂപ്പർ താരങ്ങളൊക്കെ ഇപ്പോൾ വാങ്ങിക്കുന്ന പ്രതിഫലം കുറയ്ക്കണം. കുറച്ചാലെ പറ്റൂ. ഒരു പടം പൊട്ടിയാലും അവർ പ്രതിഫലം കൂട്ടുകയാണ്. അതുപാടില്ല. ഗ്രൗണ്ട് റിയാലിറ്റി മനസിലാക്കി വേണം അവർ പ്രതിഫലം വാങ്ങാൻ.
സിനിമ പ്രതിസന്ധിയിലാണെന്ന് താരങ്ങൾ മനസിലാക്കണം. പടം പരാജയപ്പെട്ടാൽ ഉത്തരം പറയേണ്ടത് നിർമാതാക്കളാണ്. മിക്കവാറും എല്ലാ നിർമാതാക്കളും പ്രതിസന്ധിയിലാണ്. വലിയ താരങ്ങൾ അവരുടെ പേര് വച്ചിട്ടാകും പടം ബിസിനസ് ആകുന്നത്. തൊട്ട് താഴെ ഉള്ളവർ മുപ്പതും നാൽപതും ലക്ഷങ്ങൾ ചോദിക്കുക എന്ന് പറഞ്ഞാൽ നമുക്ക് സഹിക്കാൻ പറ്റാത്ത കാര്യങ്ങളാണ്. രണ്ടാം നിര താരങ്ങൾ പ്രതിഫലം കുറച്ചില്ലെങ്കിൽ അവരെ ഒഴിവാക്കി പുതുമുഖ താരങ്ങളെവച്ച് സിനിമ ചെയ്യും.
ലഹരി ഉപയോഗിക്കുന്നവരും പ്രശ്നക്കാരുമായ നിരവധി പേർ സിനിമാ മേഖലയിലുണ്ട്. അവരെയെല്ലാം മാറ്റിനിർത്താനാണ് ഇപ്പോൾ ആലോചിക്കുന്നത്. അങ്ങനെയുള്ളവരെ മലയാളസിനിമയിലേക്ക് വേണ്ട. രാവിലെ വന്ന് കാരവാനിൽ കയറി ലഹരി ഉപയോഗിച്ച് സിനിമയിലഭിനയിക്കാനിറങ്ങുക എന്നുപറയുന്നത് ഒരു ശരിയായ രീതിയല്ല.
അഭിനയം കഴിഞ്ഞിട്ട് അവർ എവിടെ വേണമെങ്കിലും പോയി എന്തുവേണമെങ്കിലും ചെയ്തോട്ടെ. അതവരുടെ ഇഷ്ടം. അല്ലാതെ സെറ്റിൽ വന്ന് ഇതൊക്കെ ഉപയോഗിക്കുക എന്നൊക്കെ പറഞ്ഞാൽ നമ്മളത് അനുവദിച്ച് കൊടുക്കില്ല. ഒരു നിർമാതാവിനെ എങ്ങനെ കുഴപ്പിക്കാം എന്ന ആലോചനയിലാണ് പല താരങ്ങളും. അതാരെന്ന് ഞാൻ പറയില്ല. സമയമാവുമ്പോൾ അവരുടെ പേര് പറയും. പുതുതലമുറയിൽ മര്യാദക്കാരായിട്ടുള്ള ഒത്തിരി താരങ്ങളുണ്ട്. പക്ഷേ ചിലർ വളരെ പ്രശ്നമാണ്. വിളിച്ചാൽ സമയത്ത് ഡബ്ബിങ്ങിന് വരില്ല. ആളുകൾ കാത്തിരിക്കുക, രാത്രിയാവുമ്പോൾ കയറിവരും. ഈ രണ്ടുപേർ മാത്രമല്ല ഇവിടെയുള്ള പ്രശ്നക്കാർ.
സർക്കാർ ഈ പ്രശ്നം കണ്ടില്ലെന്ന് നടിക്കാൻ പാടില്ല. ശക്തമായ നടപടി സ്വീകരിക്കണം. എല്ലാവരും കൂടി ഇടപെട്ടാലേ ഈ ഇൻഡസ്ട്രി നന്നാവൂ. സർക്കാർ ഇത്തരം ആളുകളുടെ സ്വാധീനത്തിൽ വീഴുന്നുണ്ടെന്ന് തോന്നുന്നില്ല. അറിഞ്ഞാൽ എന്തായാലും നടപടിയെടുക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. പോലീസായാലും ഈ മേഖലയിൽ കയറി ഒരു പ്രശ്നമുണ്ടാക്കേണ്ട എന്നു കരുതിയിട്ടായിരിക്കും ഇടപെടാതിരിക്കുന്നത്. മലയാളസിനിമയിൽ താങ്ങാൻപറ്റാത്ത പ്രതിഫലമാണ് എല്ലാവരും വാങ്ങുന്നത്. പ്രതിഫലം കുറയ്‌ക്കണമെന്ന് അവരോട് അപേക്ഷിക്കും. ഇല്ലെങ്കിൽ എല്ലാം പൂട്ടിക്കെട്ടി അവിടെ നിൽക്കും. കുറച്ചുനാൾ ഇൻഡസ്ട്രി അങ്ങനെ നിൽക്കട്ടെ.’’ സുരേഷ് കുമാർ പ്രതികരിച്ചു.