ADVERTISEMENT

മാമുക്കോയയുടെ സംസ്കാര ചടങ്ങുകളിൽ മുൻനിര ചലച്ചിത്ര താരങ്ങൾ പങ്കെടുക്കാത്തതിൽ പരാതി ഇല്ലെന്നും വിവാദങ്ങളിലേക്കില്ലെന്നും കുടുംബം. വിവിധ ഇടങ്ങളിൽ നിന്ന് വിമർശനം ഉയർന്ന സാഹചര്യത്തിലാണ് മാമുക്കോയയുടെ മകൻ മാധ്യമങ്ങളെ കണ്ട് ഈ വിഷയത്തില്‍ പ്രതികരണം അറിയിച്ചത്. മോഹന്‍ലാലും മമ്മൂട്ടിയും ദിലീപുമടക്കമുള്ളവർ വിളിച്ച് സാഹചര്യം എന്താണെന്ന് അറിയിച്ചിരുന്നു. എല്ലാവരുടെയും സാഹചര്യം മനസിലാക്കണം. പൊലീസുകാരും മാധ്യമങ്ങളും വളരെ നന്നായി സഹകരിച്ചിരുന്നു. ഒരുപാട് വലിയ വലിയ ആളുകൾ ബാപ്പയെ കാണാൻ വന്നിരുന്നു. ഇത്രയും വലിയ ബാപ്പയുടെ മകൻ ആണെന്ന് ഇന്നലെയാണ് അറിയുന്നത്. ആരോടെങ്കിലും മോശമായി പ്രതികരിച്ചിട്ടുണ്ടെങ്കിൽ മാപ്പു ചോദിക്കുന്നു. സംസ്കാര ചടങ്ങിനിടെ ഒരാളുടെ മൊബൈൽ പിടിച്ചുവാങ്ങിയിരുന്നു. ഉപ്പയുടെ അന്ത്യകർമങ്ങൾ നടക്കുന്ന സ്ഥലത്ത് ബുദ്ധിമുട്ടുണ്ടാക്കിയപ്പോൾ പ്രതികരിക്കുക മാത്രമാണ് ചെയ്തത്. അയാളോടും മാപ്പുപറയുന്നു. ആളുകൾ വരാതിരുന്നതിൽ പരാതിയോ പരിഭവമോ ഇല്ല, ആരെങ്കിലും ഇതൊരു വിഷയമായി പറയുകയാണെങ്കിൽ അത് ആ പറയുന്നവരുടെ സ്വന്തം അഭിപ്രായം മാത്രമായിരിക്കുമെന്നും മകൻ മുഹമ്മദ് നിസാർ പറഞ്ഞു.

 

‘‘ആരെങ്കിലും വരാതിരുന്നാൽ വിഷമം വരുന്ന ഒരാളല്ല എന്റെ ബാപ്പ. അതുകൊണ്ട് എനിക്ക് തീരെ വിഷമമില്ല. ഇന്നലെയും പല ചാനലുകളും ചോദിച്ചപ്പോൾ ഞാൻ പറഞ്ഞതാണ്.  ജോജുവും ഇർഷാദും സാദിഖും ഇടവേള ബാബുവും വീട്ടിൽ വന്നിരുന്നു. മമ്മൂക്ക വിളിച്ചിരുന്നു, അദ്ദേഹത്തിന്റെ ഉമ്മ കഴിഞ്ഞ ദിവസമാണ് മരിച്ചത്. മോഹൻലാൽ ജപ്പാനിൽ ആണ്.  ദിലീപ് വിളിച്ചിരുന്നു, ഇന്ന് രാവിലെ വിനീത് വിളിച്ചിരുന്നു. അദ്ദേഹം മദ്രാസിൽ ഒരു പ്രോഗ്രാമിനിടയിലായിരുന്നു. മദ്രാസിൽ നിന്ന് ഇവിടെ വരെ ബുദ്ധിമുട്ടി വരാൻ പറ്റുമോ, ഇങ്ങനെയുള്ള വിഷമങ്ങൾ എല്ലാർക്കും ഉണ്ടാകും. പെട്ടന്നായിരുന്നല്ലോ കബറടക്കത്തിന്റെ സമയം പ്രഖ്യാപിച്ചത്. ഇവരൊന്നും വരുന്നതിലല്ലോ, പ്രാർഥിക്കുന്നതിലല്ലേ കാര്യം. ആരും ഒരു പരാതിയും പറയണ്ട, എനിക്കും കുടുംബത്തിനും ഒരു പരാതിയും ഇല്ല.  

 

പരാതി പറയുന്ന എന്റെ ബാപ്പയെ നിങ്ങൾ കണ്ടിട്ടുണ്ടോ? പറ്റാത്തത് കണ്ടാൽ ദേഷ്യം പിടിക്കും എന്നല്ലാതെ ബാപ്പക്ക് ആരോടും ദേഷ്യമില്ല. ഷൂട്ടും പരിപാടികളും മുടക്കി ചടങ്ങുകള്‍ക്ക് പോകുന്നതിനോട് ഉപ്പയ്ക്കും താല്പര്യമുണ്ടായിരുന്നില്ല. ഇന്നസന്‍റുമായി വളരെ അടുപ്പമുണ്ടായിരുന്ന ആളാണ് ഉപ്പ. പക്ഷേ ആ സമയത്ത് ഉപ്പ നാട്ടിൽ ഉണ്ടായിരുന്നില്ല, ഒരു പരിപാടിക്ക് പോയതായിരുന്നു. അന്ന് ഉപ്പയും വന്നിട്ടില്ല. വന്ന പിറ്റേദിവസം ഇന്നസന്റിന്റെ വീട്ടിൽപോയി.  ഇങ്ങനെ അനാവശ്യ വിവാദം ഉണ്ടാക്കുന്നത് കബറിൽ കിടക്കുന്ന എന്റെ ബാപ്പയ്ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കും. ഞാൻ ഇപ്പോൾ ശ്‌മശാനത്തിൽ പോയി പ്രാർഥിച്ചിട്ടു വരികയാണ്. എന്റെ പേര് നിസ്സാർ എന്നാണ്, അവിടെ മറ്റൊരു നിസ്സാർ കരഞ്ഞുകൊണ്ട് നിൽക്കുകയാണ്. അദേഹത്തിന് എന്റെ ഉപ്പയെ നേരിട്ട് കാണാൻ പറ്റിയില്ല, കാണാൻ പറ്റിയത് കബർ ആണ്. പാലക്കാട് നിന്നാണ് അയാൾ വന്നത്.

 

എന്റെ ബാപ്പയുടെ നന്മ കൊണ്ടായിരിക്കും അദ്ദേഹം ഇവിടെ വരെ വന്നത്. ആ നന്മകളൊക്കെ മതി ഞങ്ങൾക്ക്. എല്ലാവരും പ്രാർഥിച്ചാൽ മാത്രം മതി, അല്ലാതെ നാടകീയമായി ആരും വന്നു പോയിട്ട് കാര്യമില്ല. സൗകര്യമുള്ളവർ വരിക. ഉപ്പായ്ക്ക് ശത്രുക്കളായി ആരുമില്ല, ഒരു കള്ളം പോലും പറയാത്ത ആളാണ്. അത് കൊണ്ടു തന്നെ ശത്രുത കൊണ്ടൊന്നുമല്ല ആരും വരാതിരുന്നത്. വിലകൂടിയ ചെരുപ്പ് ധരിക്കില്ല, വസ്ത്രം ധരിക്കില്ല. ദേഷ്യം വരില്ല അങ്ങനെയായിരുന്നു ഉപ്പ. കുടുംബത്തിന് യാതൊരു പരാതിയുമില്ല. ആരെങ്കിലും ഇതൊരു വിഷയമായി പറയുകയാണെങ്കിൽ അത് പറയുന്നവരുടെ സ്വന്തം അഭിപ്രായം ആണ്, ഞങ്ങൾ പറയിപ്പിച്ചിട്ടും ഇല്ല, ഞങ്ങളോട് ചോദിച്ചിട്ട് പറഞ്ഞതുമല്ല. വിവാദങ്ങളെല്ലാം ഇതോടെ തീരണം, എല്ലാവരും ബാപ്പയ്ക്ക് വേണ്ടി പ്രാർഥിക്കണം.

 

ഒരുകാര്യത്തിനു കൂടി വിശദീകരണം പറയട്ടെ. മയ്യത്ത് കബർസ്ഥാനിൽ കയറ്റാൻ പോലും സമ്മതിക്കാതെ ചിലർ തിക്കിത്തിരക്കി വിഡിയോ എടുക്കുന്നത് കണ്ടു. ഒടുവിൽ ഞാൻ ഒരാളുടെ ഫോൺ പിടിച്ചുവാങ്ങി മാറ്റേണ്ടി വന്നു. അത് കണ്ടിട്ട് ചിലർ കമന്റ് പറയുന്നത് കേട്ടു. ഞാൻ ഒരു നടനോ രാഷ്ട്രീയക്കാരനോ അല്ല, എനിക്ക് അഭിനയിക്കാൻ അറിയില്ല.  സിനിമാ സീൻ ഒന്നും അല്ലല്ലോ എടുക്കുന്നത്, ജീവിതത്തിൽ പെട്ടെന്ന് പ്രതീക്ഷിക്കാതെ വരുന്ന സംഭവമാണ് മരണം. ആ സമയത്ത് എങ്ങനെ പ്രതികരിക്കും എന്ന് പറയാൻ പറ്റില്ല. 

എന്റെ ഉപ്പയുടെ അന്ത്യകർമങ്ങൾ നടക്കുന്ന സ്ഥലത്ത് ബുദ്ധിമുട്ടുണ്ടാക്കിയപ്പോൾ പ്രതികരിക്കുക മാത്രമാണ് ചെയ്തത്. ഞാൻ അയാളോടും മാപ്പുപറയുന്നു. എന്റെ ബാപ്പ ആരോടെങ്കിലും വഴക്ക് പിടിക്കുകയോ ദേഷ്യപ്പെടുകയോ ചെയ്തിട്ടുണ്ടെങ്കിൽ അതും എല്ലാവരും ക്ഷമിക്കുക.  

 

ബാപ്പയ്ക്ക് സാമ്പത്തികമായി എന്തെങ്കിലും ഇടപാടുകൾ ഉണ്ടെങ്കിൽ അതും ഞങ്ങൾ ഏറ്റെടുത്തോളം.  എല്ലാവരും സഹകരിക്കുക, ബാപ്പയുടെ നല്ല ഓർമകൾ മാത്രം സൂക്ഷിക്കുക. പൊലീസുകാരോടും പത്രക്കാരോടുമൊക്കെ നന്ദിപറയുകയാണ്.  മാധ്യമങ്ങളൊക്കെ ഒരു ശല്യവും ഉണ്ടാക്കിയില്ല.  പൊലീസുകാർ വളരെ നന്നായി പിന്തുണച്ചിരുന്നു.  ഒരുപാട് വലിയ വലിയ ആളുകളൊക്കെ വന്നുപോയി. അതൊക്കെ വലിയ സന്തോഷമാണ്.  ഇത്രയും വലിയ ബാപ്പയുടെ മകനാണെന്ന് ഞാനെന്ന് അറിഞ്ഞത് ഇന്നലെയും മിനിങ്ങാന്നുമൊക്കെ ആണ്.  ഒരാവശ്യവുമിലാതെ ചെറിയ വിഷയങ്ങൾ കൊണ്ട് വലിയ വിഷയങ്ങൾ ഉണ്ടാക്കരുത്. നല്ലത് മാത്രം പറയുക പ്രാർഥിക്കുക അത് മാത്രം മതി. ബാപ്പയുടെ പേരിലുള്ള പ്രശ്നങ്ങൾ എല്ലാം ഇതോടെ തീർക്കണം. ഞാൻ സംസാരിച്ചതിന് ആർക്കെങ്കിലും എന്തെങ്കിലും പാകപ്പിഴകൾ തോന്നിയിട്ടുണ്ടെങ്കിൽ അതിനും മാപ്പ് ചോദിക്കുന്നു. എല്ലാവരും ബാപ്പയ്ക്ക് വേണ്ടി പ്രാർഥിക്കുക."  മുഹമ്മദ് നിസാർ പറയുന്നു.

 

മാമുക്കോയക്ക്‌ മലയാള സിനിമ അർഹിച്ച ആദരവ് നൽകിയില്ലെന്ന സംവിധായകൻ വി.എം വിനുവിന്റെ പ്രതികരണം സിനിമാ മേഖലയില്‍ വലിയ ചർച്ചകൾക്കു വഴിവച്ചിരുന്നു. മാമുക്കോയയുടെ സംസ്‌കാര ചടങ്ങുകൾക്ക് പലരും വരുമെന്ന് കരുതി. പക്ഷേ വന്നില്ല. എറണാകുളത്ത് പോയി മരിച്ചാൽ കൂടുതൽ സിനിമാക്കാർ വരുമായിരുന്നെന്നുമാണ് വിനു പറഞ്ഞത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com