ADVERTISEMENT

മനുഷ്യരുടെ എല്ലാ അനുഭവങ്ങളെയും യുക്‌തിചിന്തകൊണ്ടുമാത്രം വ്യാഖ്യാനിക്കാൻ കഴിയില്ല. ഉത്തരം  കണ്ടുപിടിക്കാൻ  സാധിക്കാത്ത അതീന്ദ്രിയാനുഭവങ്ങൾ ലോകത്തിൽ ഒരുപാടുണ്ട്. അഴിച്ചുചെല്ലുമ്പോൾ പിന്നെയും മുറുകിവരുന്ന ത്രില്ലടികൾ. ഹൊറർ നോവലുകളും സിനിമകളും ഇത്തരത്തിൽ ഇന്നും നല്ല വിപണിമൂല്യമുള്ള ഉൽപന്നങ്ങളാണ്. ‘രോമാഞ്ചം’ വിജയിച്ചതും ‘നീലവെളിച്ചം’ സ്വീകരിക്കപ്പെടുന്നതും അതീന്ദ്രിയാനുഭവങ്ങളുടെ കലാസൗന്ദര്യം ആസ്വദിക്കാൻ നമുക്കു കഴിയുന്നതുകൊണ്ടല്ലേ! വിശദീകരണങ്ങളെ അസാധ്യമാക്കുന്ന ഇങ്ങനെയുള്ള വിചിത്രാനുഭവങ്ങളെ അബോധ മനസ്സുകളുടെ കണ്ണുപൊത്തിക്കളിയായും ചിലപ്പോഴെങ്കിലും ഗുരുതരമായ രോഗലക്ഷണങ്ങളായും വിദഗ്ധർ കരുതുന്നു. ഡോ. രാജശേഖരൻ നായരുടെ കൃതികളിൽ പടിഞ്ഞാറൻ നാടുകളിലെ പ്രഗത്ഭരായ ന്യൂറോളജിസ്റ്റുകളുടെ നിരവധി പഠനങ്ങൾ ഉദ്ധരിച്ചിട്ടുണ്ട്. ഈ ശ്രേണിയിൽ ഉൾപ്പെടുത്താവുന്ന ചില അനുഭവങ്ങളിലൂടെ ഞാനും കടന്നുപോയതാണ്.  അതിലൊരെണ്ണം പൊടിതട്ടിയെടുക്കാൻ ആഷിഖ് അബുവും ‘നീലവെളിച്ച’വും നിമിത്തമാകുന്നു.    

പതിനഞ്ചു വർഷങ്ങൾക്കു പിന്നിൽ തിരുവനന്തപുരത്തെ സാക്ഷരതാ മിഷനിൽ ഞാൻ മൂന്നരവർഷക്കാലം എഡിറ്ററായി ജോലിചെയ്തിട്ടുണ്ട്.  സാഹിത്യ നിരൂപകൻ പ്രഫസർ ഗുപ്തൻ നായരുടെ  മകൻ ഡോ. ശശിഭൂഷൺ ഡയറക്ടറും. അന്നത്തെ സാക്ഷരതാ മിഷൻ ഓഫിസ് ഇന്നത്തെ സ്ഥലത്തല്ല, ശാസ്തമംഗലത്തെ പഴയൊരു കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത്. ഏകദേശം ഒരു നൂറ്റാണ്ടു പഴക്കമുള്ള 'സ്ഥാണു  വിലാസ്'. ശ്രീമൂലം തിരുനാളിന്റെ ഭരണകാലത്ത് തിരുവിതാംകൂർ ഹൈക്കോടതിയിലെ മുഖ്യ ന്യായാധിപനായിരുന്ന പപ്പുപിള്ളയുടെ ഭവനം. പാർവതീപുരത്തെ ടി. ബി. സാനിറ്റോറിയത്തിലെ  ഡയറക്ടർ ഡോ. കൊച്ചുരാമൻപിള്ള, പപ്പുപിള്ളയുടെ മൂന്നാം തലമുറക്കാരനായിരുന്നു.  അദ്ദേഹത്തിന്റെ മകളിൽനിന്നും  സാക്ഷരതാ മിഷൻ  'സ്ഥാണു  വിലാസ്' വാടകവ്യവസ്ഥയിൽ ഏറ്റെടുത്തു.  മൂന്നുമാസം മുമ്പൊരു രാത്രിയിൽ  ചിത്രകാരൻ ഷിബു ചന്ദുമായി അതിനു  മുന്നിലൂടെ കടന്നുപോയനേരം ഒരുവട്ടംകൂടി കണ്ടു, റോഡിൽനിന്നിറങ്ങി  ഒറ്റപ്പെട്ടു നിൽക്കുന്ന പഴയ മാളിക, അസ്സൽ പ്രേതാലയം.

neela-velicham-first-look

സാക്ഷരതാ മിഷനിലെ ജീവനക്കാർക്കു താമസിക്കാൻ വെള്ളയമ്പലത്തായി വേറൊരു സംവിധാനം ഉണ്ടായിരുന്നുവെങ്കിലും പല രാത്രികളും ഞാൻ ഓഫിസിൽതന്നെ താമസിച്ചു. എഴുതാനുള്ള സൗകര്യം, പാട്ടു കേൾക്കാനുള്ള സൗകര്യം, ഫോൺ സൗകര്യം, അതിനും മേലേ നഗരത്തിലെ ചില ബൗദ്ധിക പ്രമാണികളുമായി വർത്തമാനം പറഞ്ഞിരിക്കാനുള്ള സൗകര്യം എന്നിവ ഓഫിസിൽ  ഉണ്ടായിരുന്നു. സന്ധ്യയോടെ എല്ലാവരും ഓഫിസിൽനിന്നു പിരിഞ്ഞാൽ കാവൽക്കാരനെയുംകൂട്ടി  മുന്നിലെ കടയിൽപ്പോയി ഒരു ചായയും കുടിച്ചു തിരിച്ചു വരും. പിന്നെ ബാക്കി കിടക്കുന്ന ജോലികളിൽ മുഴുകും. വായിക്കുക, വെട്ടുക, തിരുത്തുക, മാറ്റി എഴുതുക, കവർ വരപ്പിക്കുക, പ്രസ്സിൽ കൊണ്ടുപോകുക, അച്ചടിച്ചു കൊണ്ടുവരിക ഇതൊക്കെയാണ് ജോലി. അങ്ങനെ ഇരുന്നൂറ്റി ഇരുപത്തഞ്ചു പുസ്തകങ്ങൾ  ഇറക്കി, സർവകാല റെക്കോർഡാണ്. കെ. ജയകുമാർ ഐഎഎസ് തന്ന സർട്ടിഫിക്കറ്റ് ഇപ്പോഴും സൂക്ഷിക്കുന്നുണ്ട്.

 

തുടക്കം മുതലേ ഈ പഴയ കെട്ടിടത്തെപ്പറ്റി പലരും പലതും പറഞ്ഞു. അവിടെ കുറേക്കാലം മാധവിക്കുട്ടി താമസിച്ചിരുന്ന കാര്യം പരിസരവാസിയായ പുതുശ്ശേരി രാമചന്ദ്രൻ  ഒരിക്കൽ ഓർത്തെടുത്തു. കെട്ടിടത്തിന്റെ ചരിത്ര പ്രാധാന്യം  ശശിഭൂഷൺ വിവരിച്ചു. ഫൈൻ ആർട്സ് കോളേജിലെ പ്രിൻസിപ്പൽ കാട്ടൂർ നാരായണൻ വാസ്തുഭംഗിയിലും  ഓപ്പൺ സ്പേസുകളിലും അനുരക്തനായിരുന്നു. ചിത്രകാരൻ ദത്തൻ ഇതിനെ ഒരു ഗ്യാലറിയായി കാണാൻ ഇഷ്ടപ്പെട്ടു. ഫോറൻസിക് ഡയറക്ടറായിരുന്ന ഡോ. മുരളീകൃഷ്ണ കെട്ടിടത്തിന്റെ നിഗൂഢതയിൽ ശ്രദ്ധിച്ചു. ചാറ്റമഴ പെയ്തുനിന്ന ഒരു മൂവന്തിയിൽ ഓടിക്കേറിവന്ന വൃദ്ധൻ പറഞ്ഞതിൽ  ഇതൊന്നുമുണ്ടായിരുന്നില്ല. 'മോനേ, സൂക്ഷിക്കണം, ഇതൊരു സാധാരണ കെട്ടിടമില്ല. ഇതിനുള്ളിൽ  ഒരുപാടു പേരെ മറവു ചെയ്തിട്ടുണ്ട് . കുഴിച്ചിട്ട സമയത്തു ചിലർക്ക് ജീവനുണ്ടായിരുന്നു.'  ഒട്ടും നാടകീയതയില്ലാതെ ഏറ്റവും സ്വാഭാവികമായാണ് അയാൾ കാര്യങ്ങൾ വിശദീകരിച്ചതെങ്കിലും നല്ല ജീവൻപോകാൻ അതു ധാരാളമായിരുന്നു. 

ഇക്കാര്യങ്ങളെല്ലാം മനസിൽ ഞെരുങ്ങിക്കിടന്നതിനാൽ സമാധാനത്തോടെ രാത്രിയിൽ ജോലിചെയ്യാൻ ബുദ്ധിമുട്ടുണ്ടായി. എന്നാലും കുത്തിപ്പിടിച്ചിരുന്നു പണിയെടുത്തു. അങ്ങനെ ഒരു രാത്രി, സ്ഥിരം കാവൽക്കാരൻ വന്നിട്ടില്ല, ഞാൻ കെട്ടിടത്തിന്റെ മുകൾനിലയിൽ ഇടതുഭാഗത്തുള്ള ചെറിയ മുറിയിൽ ഇരിക്കുന്നു. വരാന്ത വളച്ചുകെട്ടി ഉണ്ടാക്കിയ മുറിയാണ്. അതല്ലാതെ ആ വലിയ  മാളികയിൽ മുറികൾ വേറെ ഉണ്ടായിരുന്നില്ല. മധ്യഭാഗത്തായി ഹാൾ. അതു കടന്ന് അപ്പുറത്തുപോയാൽ കുളിമുറികാണാം. മോഡേൺ  രീതിയിലുള്ള സൗകര്യങ്ങൾ ഉണ്ടായിരുന്നു. ഒന്നു ശ്രദ്ധിച്ചപ്പോൾ കേട്ടു, ടാപ്പിൽനിന്നു വെള്ളം ബക്കറ്റിൽ ശക്തിയായി വീഴുന്ന ശബ്ദം. ആരെങ്കിലും പൂട്ടാൻ മറന്നതാകും. വേഗം ചെന്നു. ഉണങ്ങിക്കിടക്കുന്ന കുളിമുറി! തിരികെ വന്നിരുന്നപ്പോൾ എല്ലാ ടാപ്പുകളും ഒന്നിച്ചു തുറന്നിട്ടതുപോലെയുള്ള കനത്ത ശബ്ദം. ഉടൻ പോയിനോക്കി. പിന്നെയും പറ്റിക്കപ്പെട്ടു. ഇതിങ്ങനെ തുടർന്നുകൊണ്ടിരുന്നു. അടുത്ത ഘട്ടത്തിൽ  കുളിമുറിയിൽനിന്ന് ഹാളിലേക്കു  പോകുന്ന ഹാഫ് ഡോർ തള്ളിത്തുറക്കുന്നു. ഡോർ പുറകിൽ ചെന്നടിച്ചു നിന്നു. ഒരു മിനിട്ടു   കഴിഞ്ഞപ്പോൾ ഈ അറ്റത്തെ ഹാഫ് ഡോർ തുറന്നു. അതും  പുറകിൽ ചെന്നടിച്ചു. പിന്നെ കേൾക്കാം വലിയ ഒച്ചയോടെ  ആരോ മരക്കോവണി ഇറങ്ങിപ്പോകുന്നു. എത്തിനോക്കാനുള്ള ധൈര്യം എടുത്തു. പക്ഷേ, എങ്ങും ഒരു ജീവിപോലുമില്ല. ഇക്കളി കുറച്ചു ദിവസം ഇങ്ങനെ  തുടർന്നുപോയി. പതിയെ  പേടി ശീലമായി. അജ്ഞാതൻ വന്നുപോകുന്ന സമയം ഞാൻ നോക്കിവച്ചു. രാത്രി ഒരു നിശ്ചിത  സമയമാകുമ്പോൾ ധിറുതിയിൽ പടികൾ കയറി വരും. ഹാളിലെ രണ്ടു ഹാഫ് ഡോറുകളും ഇടിച്ചു തുറന്നുകൊണ്ട്  കുളിമുറിയിലേക്കു പോകും. എല്ലാം തല്ലിപ്പൊളിച്ചുകൊണ്ട്   ഇറങ്ങിപ്പോകും. പ്രത്യേകം ശ്രദ്ധിക്കണം, ഇവിടെ ഓഡിയോ മാത്രം, വിഡിയോ ഇല്ല!

 

പതിവുപോലെ അന്നു രാത്രിയിലും ടിയാൻ വന്നു. മരക്കോവണിയിലെ ആദ്യത്തെ ചുവടിൽത്തന്നെ ഒരു വല്ലാത്ത ഘനം. ഞാൻ പേന താഴെ വച്ചു നടപ്പിലെ  താളം ശ്രദ്ധിച്ചു. ഇത്തവണ ചെറിയൊരു വ്യത്യാസമുണ്ട്. പതുക്കെയാണ് കയറിവരുന്നത്. തീർച്ചയായും ഒരാളല്ല, രണ്ടു മൂന്നുപേരുണ്ട്. അമിതഭാരത്താൽ കോവണി ഞരങ്ങുന്നു. എല്ലാവരും  മുകളിൽ എത്തിക്കഴിഞ്ഞു. എന്നത്തെയുംപോലെ ഇനി ഹാളിലെ ഹാഫ് ഡോറുകൾ തള്ളിത്തുറക്കും. ഞാൻ ചെവിയോർത്തു. ഇല്ല, തുറക്കുന്നില്ല. ഇന്നിതെന്തു പറ്റി, കുളിക്കുന്നില്ലേ എന്നു ചിന്തിച്ചതും കാലടി ശബ്ദങ്ങൾ  വളരെ സാവധാനം  പലകകൾ നിരത്തിയ വരാന്തയിലൂടെ  ഞാനിരിക്കുന്ന മുറി  ലക്ഷ്യമാക്കി വരികയാണ്! ഇതുവരെ സംഭവിച്ചിട്ടില്ലാത്ത കാര്യം. എനിക്കു പേടിയായി. പോരാത്തതിന്  വരാന്തയിൽ കനത്ത  ഇരുട്ടാണ്.  കുറച്ചു  ദിവസങ്ങളായി  അവിടെ  ലൈറ്റുകൾ  കത്തുന്നില്ല.  ഇപ്പോൾ   കെട്ടിടത്തിൽ ആകെയുള്ളത് എന്റെ ചെറിയ മുറിയിലെ മഞ്ഞവെളിച്ചം മാത്രം. ഞാൻ പൂങ്കുലപോലെ വിറച്ചുതുള്ളി. എടുത്തുപിടിക്കാൻ ഒരു ഇരുമ്പു കഷണംപോലുമില്ല. അതുകൊണ്ടു പ്രയോജനം ഉണ്ടാകും എന്നു വിചാരിച്ചിട്ടല്ല, പക്ഷേ അങ്ങനെ ഒരു വിശ്വാസം ഉണ്ടായിരുന്നല്ലോ!  

 

കാലടി ശബ്ദങ്ങൾ ഇപ്പോൾ എന്റെ മുറിയുടെ മുന്നിൽ എത്തിനിൽക്കുന്നതായി ഓരോ രോമകൂപത്തിലും ഞാൻ അനുഭവിച്ചു. ഞാൻ തല കുനിച്ചുപിടിച്ചു. കേവലം ഒന്നുയർത്തിയാൽ മതി, കണ്മുന്നിലുണ്ട്, കാണാം. എങ്ങനെയിരിക്കും? ഇതിനെപ്പറ്റി വായിച്ചുള്ള  അറിവല്ലേയുള്ളൂ.   മുഖം അഴുകി വികൃതമായിരിക്കുമോ? ചീഞ്ഞ കണ്ണുകൾ പുറത്തേക്കു തള്ളിയിട്ടുണ്ടാകുമോ? ദംഷ്ട്രകൾ  ഉണ്ടാകുമോ? ചോര തുള്ളികളായി ഇറ്റു വീഴുന്നുണ്ടാകുമോ? മച്ചിൽപോയി മുട്ടുന്നത്രയും ഉയരമുണ്ടാകുമോ? എല്ലാം ഞാൻ ക്ഷണമാത്രയിൽ ആധിയോടെ ചിന്തിച്ചുകൂട്ടി. വിയർത്തൊലിച്ച്‌  ശ്വാസംമുട്ടി നെഞ്ച് പൊട്ടുന്നതുപോലെ തോന്നി. അടുത്ത നിമിഷം  മുറിയുടെ മുന്നിലെ മരംകൊണ്ടു  നിർമിച്ച  ഹാഫ് ഡോറിനു മുകളിൾ രണ്ടു കൈകൾ മുറുകുന്ന ശബ്ദം സുവ്യക്തമായി കേട്ടു. പിന്നെ രണ്ടുപാളികളുംകൂടി  അതിശക്തിയോടെ പുറകിലേക്ക്  ആഞ്ഞൊരു വലി! അങ്ങനെ രണ്ടുമൂന്നു മിനിട്ടുകഴിഞ്ഞപ്പോൾ ഹാഫ് ഡോറിലെ പിടിവിട്ടു. അവ ശക്തിയോടെ തിരികെ വന്നടിച്ചു. വന്നവർ അകത്താണോ പുറത്താണോ എന്നുറപ്പില്ലാതെ ഞാൻ തണുത്തുറഞ്ഞുപോയി. അപ്പോൾ കേൾക്കാം, കാലൊച്ചകൾ കോണിപ്പടിയിലൂടെ താഴേക്കിറങ്ങിപ്പോകുന്നു. വെളുക്കുംവരെ ഞാൻ  കസേരയിൽ അതേ ഇരിപ്പിൽ ഇരുന്നു. രാവിലെ വന്നപ്പോഴേ സംഭവങ്ങൾ ശശിഭൂഷൺ സാറിനോടു വിശദീകരിച്ചു. അന്നേരവും  ശരീരത്തിൽനിന്നു വിയപ്പുതുള്ളികൾ തറയിൽ ഇറ്റിറ്റുവീണുകൊണ്ടിരുന്നു.

 

വർഷങ്ങൾ പഴക്കമുള്ള ഈ അനുഭവത്തെ മറ്റുള്ളവർ വെറുമൊരു തമാശക്കഥയായി  എടുത്തേക്കാം. അതങ്ങനെ ആയിരുന്നെങ്കിൽ എന്നു ഞാനും എത്രയോ തവണ ആഗ്രഹിച്ചിട്ടുണ്ട്. ഇത് മനസിൽ വരുമ്പോഴെല്ലാം ബേപ്പൂർ സുൽത്താൻ നടത്തിയ ഒരു ക്‌ളാസിക് പ്രസ്താവനയും ചിരിയോടെ  ഓർത്തുപോകും. അതിങ്ങനെയാണ്. 'ഭാർഗവീനിലയം' കണ്ടപാടേ  വടകരക്കടുത്തുള്ള  ഒരു ചങ്ങാതി വൈക്കം മുഹമ്മദ് ബഷീറിനെ കാണാൻ തിരക്കിട്ടു ചെന്നു. അയാളുടെ പേരും ബഷീർ എന്നുതന്നെ. തിരിച്ചുപോകാൻനേരം രണ്ടാമത്തെ ബഷീർ സുൽത്താനോടു വളരെ സഹതാപത്തോടെ  ചോദിച്ചു, 'ഇക്കാ, ഇങ്ങളെ  പയേ  ആ സൂക്കേട് ഇപ്പോം മുയുമനും  മാറീക്കില്ലാല്ലേ ?'  അതിനു  വൈക്കം മുഹമ്മദ് ബഷീർ കൊടുത്ത മറുപടി-  'എന്റെ സൂക്കേട്  മാറി ബഷീറേ. ഇപ്പോ  അനക്ക് തൊടങ്ങീട്ടുണ്ട്. അതാ ഇങ്ങന ചോദിക്കുന്നെ.  വേഗം പോയി നല്ല വല്ലോരേം കണ്ടോ.'  

(ലേഖകൻ ചലച്ചിത്ര ഗാനരചയിതാവും എറണാകുളം മഹാരാജാസ് കോളജിൽ പ്രഫസറുമാണ്)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com