ADVERTISEMENT

ഫഹദ് ഫാസിൽ - അഖിൽ സത്യൻ കൂട്ടുകെട്ടിലൊരുങ്ങിയ 'പാച്ചുവും അത്ഭുതവിളക്കും' എന്ന ചിത്രം കുടുംബപ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് തിയറ്ററുകളിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ പേരിന് പിന്നിലെ ചില ടെക്നിക്കുകളെ കുറിച്ച് ഒരു ഓൺലൈൻ മാധ്യമത്തോട് മനസ്സ് തുറന്നിരിക്കുകയാണ് സംവിധായകൻ അഖിൽ സത്യൻ. ‘‘മലയാളത്തില്‍ തന്നെ സിനിമയുടെ പേര് വേണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. കാരണം ഞാന്‍ ഇത് എഴുതുന്ന സമയത്ത് ഇറങ്ങിയ സിനിമകളിലെല്ലാം മലയാളം പേരുകള്‍ വളരെ കുറവായിരുന്നു. വേണമെങ്കില്‍ ഈ സിനിമയ്ക്ക് പാച്ചു എന്ന് പേരിടാമായിരുന്നു. പാച്ചു എന്ന പേര് ഇതിന് വളരെ ഉചിതമാണ്. പക്ഷേ ആ സമയത്താണ് ജോജിയെല്ലാം ഇറങ്ങിയത്. ഈ പറഞ്ഞപോലെ ഒരു നാടോടിക്കഥ പോലെ തോന്നിക്കുന്ന നല്ലൊരു തലക്കെട്ട് കണ്ടാല്‍ നമ്മള്‍ ആ കഥ വായിക്കില്ലേ? അതുപോലെ കുട്ടികള്‍ക്കിഷ്ടമാകുന്ന പേര് വേണമെന്ന് എനിക്ക് ആഗ്രഹം ഉണ്ടായിരുന്നു. അങ്ങനെയാണ് ഈ പേരിട്ടത്.’’–അഖിൽ സത്യൻ പറയുന്നു.

 

‘‘എന്തുകൊണ്ടാണ് പാച്ചുവിനൊപ്പം അത്ഭുതവിളക്ക് വരുന്നതെന്ന് ഈ സിനിമ കണ്ട് കഴിഞ്ഞാല്‍ മനസ്സിലാകും. ഈ അത്ഭുത വിളക്ക് ആരാണെന്ന് കൂടി അപ്പോൾ മനസ്സിലാകും. അല്ലാതെ ഇതില്‍ ഫാന്‍റസി എലമെന്‍റുകള്‍ ഒന്നുമില്ല, റിയലിസ്റ്റിക് ചിത്രമാണ്. ഒരാളുടെ പല പല സ്ഥലങ്ങളിലൂടെയും പല മനുഷ്യരിലൂടെയുമുള്ള യാത്രയാണ് പാച്ചുവും അത്ഭുതവിളക്കും. ആരാണ് അയാളുടെ ജീവിതം മാറ്റാന്‍ പോകുന്നത് എന്നതിലാണ് അത്ഭുത വിളക്ക് എന്ന വിശേഷണം ഇരിക്കുന്നത്. ആ അത്ഭുതവിളക്ക് ആരാണെന്ന് സിനിമ കണ്ട് തന്നെ മനസിലാക്കേണ്ടതാണ്. 

 

ഈ തോക്കും ബോംബും കൊലപാതകവും ഇല്ലാത്ത സിനിമയെല്ലാം ഫീല്‍ ഗുഡ് എന്ന് കരുതുന്നൊരാളാണ് ഞാൻ. ഒരു സൈക്കോ കൊലയാളിയുടെ കഥ പറയുന്ന സിനിമകളോ, കുടുബങ്ങളുടെ കുടിപ്പക പറയുന്ന സിനിമകളോ ഒക്കെ എനിക്ക് ക്ലീഷേയായിട്ട് തോന്നുന്ന കാര്യങ്ങളാണ്. അതിൽ യാതൊരു വിധത്തിലുമുള്ള എക്സ്പിരിമെന്‍റും ഒരു സംവിധായകന്‍ എന്ന നിലയില്‍ ചെയ്യാനുള്ളതായി എനിക്ക് തോന്നുന്നില്ല. എങ്കിലും ഇതെല്ലാം ആസ്വദിക്കുന്നവര്‍ ഏറെയുണ്ട്. മാസ്സ് മസാല പടങ്ങളില്‍ ഒരു സംവിധായകന് ചെയ്യാൻ ചാലഞ്ചിങ്ങായ ഒന്നും തന്നെയില്ലെന്നാണ് എനിക്ക് തോന്നുന്നത്. സിനിമകളുടെ റീ വാച്ച് ക്വാളിറ്റിയാണ് ഞാന്‍ നോക്കുന്നത്. അച്ഛന്‍റെ ആയാലും അനൂപിന്‍റെ ആയാലും ഫീല്‍ ഗുഡ് എന്നതിന് അപ്പുറത്തേക്ക് ആ സിനിമകൾക്ക് റീ വാച്ച് ക്വളിറ്റിയുണ്ട്. അതിന് മാത്രമാണ് ഞാനും ശ്രമിക്കുന്നതും. 

 

ഓരോ നിമിഷത്തിലും സിംപിൾ ആയി കാര്യങ്ങളെ ഒപ്പിയെടുക്കുന്നതിൽ കാര്യമായ ക്രാഫ്റ്റ് ഉണ്ടല്ലോ, അതിനാണ് ഞാന്‍ ശ്രമിക്കുന്നത്. അത് വളരെ ബുദ്ധിമുട്ടുള്ളതും വളരെയധികം ആലോചിച്ച് ചെയ്യേണ്ട കാര്യവുമാണ്. അത് തന്നെയാണ് എനിക്ക് വ്യക്തിപരമായി ഏറ്റവും എക്സൈറ്റിങ്ങായി തോന്നിയിട്ടുള്ളതും അതുകൊണ്ടാണ് അത് തുടരുന്നതും.’’–അഖിൽ സത്യൻ പറഞ്ഞു. 

 

ഒരു ക്ലീൻ ഫാമിലി എന്‍റര്‍ടെയ്നറാണ് പാച്ചുവും അത്ഭുത വിളക്കുമെന്നാണ് തിയറ്ററിൽ നിന്നുള്ള പ്രതികരണം. പ്രശാന്ത് എന്ന പാച്ചുവായി വിസ്മയിപ്പിക്കുന്ന പ്രകടനമാണ് ഫഹദ് ഫാസിൽ കാഴ്ചവെച്ചിരിക്കുന്നതെന്നാണ് സിനിമ കണ്ടവർ സോഷ്യൽമീഡിയയിലുള്‍പ്പെടെ കുറിക്കുന്നത്. ഫഹദിന്‍റെ സുഹൃത്തായ സുജിത്തായെത്തുന്ന അൽത്താഫ് സലിം, അച്ഛൻ രാജനായെത്തുന്ന മുകേഷ്, വാസു അങ്കിളായെത്തുന്ന ഇന്നസെന്‍റ്, റിയാസായെത്തുന്ന വിനീത്, ഉമ്മച്ചിയായെത്തുന്ന വിജി വെങ്കടേഷ്, ഹംസധ്വനിയായെത്തുന്ന അഞ്ജന ജയപ്രകാശ്, രവിയായെത്തുന്ന ഇന്ദ്രൻസ് തുടങ്ങി ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും വിസ്മയിപ്പിച്ചുവെന്ന് പ്രേക്ഷകരുടെ വാക്കുകള്‍. 

 

ആദ്യ സിനിമയായിട്ടുകൂടി ഏറെ കൈയ്യടക്കത്തോടെയാണ് അഖിൽ സത്യൻ സിനിമ തൻറെ ആദ്യ സിനിമ അവതരിപ്പിച്ചിരിക്കുന്നതെന്ന് പ്രേക്ഷകരുടെ ഭാഷ്യം. ശരൺ വേലായുധന്‍റെ ഛായാഗ്രഹണം ഏറെ ഫ്രഷ്നസ് ഫീൽ സമ്മാനിക്കുന്നതാണ്. എഡിറ്റിങ് അഖിൽ സത്യൻ തന്നെയാണ് നിർവ്വഹിച്ചിരിക്കുന്നത്. കൃത്യമായി ഓരോ സീനുകളും വെട്ടിയൊരുക്കിയിട്ടുണ്ട്. ജസ്റ്റിൻ പ്രഭാകരൻ ഈണം നൽകിയിരിക്കുന്ന പാട്ടുകളും ജീവൻ തുടിക്കുന്ന പശ്ചാത്തല സംഗീതവും സിനിമയുടെ സ്വഭാവത്തോട് ചേർന്ന് പോകുന്നതാണെന്നും സിനിമാപ്രേമികൾ ഒരേ സ്വരത്തിൽ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com