ഇതാണ് എന്റെ പാർട്ണർ: പങ്കാളിയെ പരിചയപ്പെടുത്തി ലച്ചു; വിഡിയോ
Mail This Article
പങ്കാളിയെ പരിചയപ്പെടുത്തി നടിയും ബിഗ് ബോസ് മത്സരാർഥിയുമായിരുന്നു ഐശ്വര്യ സുരേഷ് (ലച്ചു). മുംബൈ സ്വദേശിയായ ശിവാജിയാണ് ഐശ്വര്യയുടെ പങ്കാളി. ശിവാജി സംവിധായകനും ഫോട്ടോഗ്രാഫറുമാണെന്ന് ഐശ്വര്യ മാധ്യമങ്ങളോട് പറഞ്ഞു. മുംബൈയിൽ നിന്നും കൊച്ചി വിമാനത്താവളത്തിലെത്തിയപ്പോൾ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഐശ്വര്യ. സിനിമയില്‍ സജീവമാകാൻ ഒരുങ്ങുകയാണെന്നും അതിനു മുന്നോടിയായി നടൻ അക്ഷയ് രാധാകൃഷ്ണനൊപ്പമുള്ള മ്യൂസിക് വിഡിയോ ഉടൻ റിലീസ് ചെയ്യുമെന്നും ഐശ്വര്യ പറഞ്ഞു.
2018ൽ പുറത്തിറങ്ങിയ കളി എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. സെയ്ഫ്, തിങ്കളാഴ്ച നിശ്ചയം എന്നിവയാണ് മറ്റ് പ്രധാന സിനിമകൾ. ജയം രവിയും നയന്‍താരയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് റിലീസിനൊരുങ്ങുന്ന തമിഴ് ചിത്രം ഇരൈവനിലും ലച്ചു അഭിനയിച്ചിട്ടുണ്ട്.
അഭിനേത്രി മാത്രമല്ല, മോഡലിങ് രംഗത്തും തന്‍റെ മികവ് തെളിയിച്ച ആളാണ് ഐശ്വര്യ സുരേഷ് എന്ന ലച്ചു. ദിസ് ഈസ് ലച്ചുഗ്രാം എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ സജീവമായ നടി വിവാദമായ ഒട്ടേറെ ഫോട്ടോഷൂട്ടുകളിൽ ഭാഗമായിട്ടുണ്ട്. ഫാഷനോടുള്ള അവരുടെ സമീപനം എന്തെന്ന് വ്യക്തമാക്കുന്നതാണ് അതിലെ ഫോട്ടോഷൂട്ടുകളും ചിത്രങ്ങളുമൊക്കെ. പെരമ്പാമ്പിനെ ശരീരത്തില്‍ ചുറ്റിക്കൊണ്ടുള്ള ഇവരുടെ നഗ്ന ഫോട്ടോഷൂട്ട് ഇന്‍സ്റ്റഗ്രാമില്‍ വൈറല്‍ ആയിരുന്നു. കേരളത്തില്‍ ജനിച്ച് ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബര്‍ഗില്‍ വളര്‍ന്ന ആളാണ് ഐശ്വര്യ. നടി, മോഡല്‍ എന്നതിനൊപ്പം നര്‍ത്തകിയുമാണ്.