‘എന്റെ പെൺമക്കളെ ഞാനെങ്ങനെ കല്യാണം കഴിപ്പിച്ചയയ്ക്കും?’
Mail This Article
സ്വദേശത്തായാലും വിദേശത്തായാലും അകലെയുള്ള മക്കളെ കാണാൻ പോകുന്ന മാതാപിതാക്കൾക്കുണ്ടാകുന്ന അതെ ആവേശത്തോടെ തന്നെയാണ് ഞാനും ലണ്ടനിലുള്ള മൂത്തമോളെയും ഡബ്ലിനിലുള്ള മൂന്നാമത്തെ മോളെയും കാണാൻ പോയത്. അവരുടെ കൂടെ രണ്ടു മൂന്ന് ദിവസം വീതം താമസിച്ചപ്പോൾ എന്നെ അത്ഭുതപ്പെടുത്തിയത് അവരുടെ സ്വയംപ്രാപ്തതയാണ്..എന്ത് കൃത്യനിഷ്ഠതയോടെയാണ് അവർ പ്രവർത്തിക്കുന്നതെന്ന് മനസ്സിലാക്കിയപ്പോൾ പിതാവെന്ന നിലയിൽ അഭിമാനം മാത്രം. വിദേശത്ത് പോയി മാസ്റ്റേഴ്സ് ചെയ്യാനുള്ള , പിന്നെ അവിടെ ജോലിചെയ്യാനുള്ള അവരുടെ കഴിവിന്റെ വലിയൊരു ശതമാനം ബെംഗളൂരിലും പൂനയിലുമായി ഡിഗ്രി പഠിച്ചതിന്റെ, ഇംഗ്ലിഷിലെ പ്രാവീണ്യം എന്നിവയായിരുന്നു.
'ഇംഗ്ലണ്ടുകാരിയും അയർലണ്ടുകാരിയും' എന്നെയൊരു കൂട്ടുകാരനെപോലെ കൊണ്ടുനടന്നു പുതിയസ്ഥലങ്ങൾ കാണിച്ചു തരികയും അവരുടെ കൂട്ടുകാരെയും പുതിയ ഭക്ഷണ ശാലകളെയും പരിചയപ്പെടുത്തുകയും ചെയ്തു . എനിക്കാണെങ്കിൽ പുതുപുത്തൻ സാനിറ്റൈസറുകളെ പരിചയപെടുന്നതിന്റെ ആവേശം വേറെയും. അവരുടെ വിശേഷങ്ങൾ ആയിരം നാക്കുള്ള അനന്തനെപോലെ വിവരിച്ചു തന്നു. നടന്ന് വലഞ്ഞ് അവശനായ എന്റെ കാലുകൾ അവർ തിരുമ്മി തരികയും ഒരു കുഞ്ഞിനെപ്പോലെ പരിപാലിക്കുകയും ചെയ്തു.
പക്ഷേ , പിരിയാനുള്ള സമയമാകുമ്പോൾ പ്രശ്നമാകും, മനസ്സ് നൊന്തു നീറാൻ തുടങ്ങും. പിരിയുമ്പോൾ നഴ്സറി സ്‌കൂളിലെ കൊച്ചു കുഞ്ഞുങ്ങളെപോലെ അവർ കെട്ടിപിടിച്ചു നിന്നു കരയും, അപ്പോളെന്റെ കണ്ണുകൾ നിറഞ്ഞു ചുവക്കാൻ തുടങ്ങും. വിങ്ങലോടെ തിരിഞ്ഞു നടക്കുമ്പോൾ വരണ്ടായിരുന്നു എന്നുവരെ തോന്നിപോകും . അത്രമാത്രം ചങ്കുപിടയുന്ന വേദനയോടെ, തിരിഞ്ഞുനോക്കാൻ പോലും ശേഷിയില്ലാതെ, വീട്ടിൽ തനിയെ കഴിയുന്ന അവരുടെ അമ്മ എന്നെ മാത്രം കാത്തിരിക്കുന്നു എന്ന സമാധാനത്തോടെ എയർപോർട്ടിന്റെ ഉള്ളിലേക്ക് ഒരൊറ്റ നടപ്പാണ്....ദൈവമേ എന്റെ പെൺമക്കളെ ഞാനെങ്ങനെ കല്യാണം കഴിപ്പിച്ചയയ്ക്കും?