ADVERTISEMENT

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിൽനിന്നും (ഇഡി) നോട്ടിസ് വന്നു എന്നത് സത്യമാണെന്നും എന്നാൽ 25 കോടി രൂപ പിഴ അടച്ചുവെന്ന വാർത്ത തെറ്റാണെന്നും നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ് സ്വീകരിച്ച നടപടികൾക്ക് പിഴയായി പൃഥ്വിരാജ് 25 കോടി രൂപ പിഴയടച്ചു എന്ന വാർത്തയെപ്പറ്റി പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ പേര് പറഞ്ഞ് തെറ്റായ വാർത്ത പ്രചരിപ്പിച്ചതുകൊണ്ടാണ് പൃഥ്വിരാജ് അങ്ങനെ പ്രതികരിച്ചതെന്നും രേഖകളോ തെളിവുകളോ ഇല്ലാതെയാണ് ഇങ്ങനെയൊരു വാര്‍ത്ത മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചതെന്നും ലിസ്റ്റിൻ വ്യക്തമാക്കി.

‘‘അത് വെറും വാർത്ത മാത്രമായിരുന്നു, അതെല്ലാം സത്യമാകണമെന്നില്ലല്ലോ. നമുക്കൊക്കെ ഇൻകം ടാക്സിന്റെയും ടിഡിഎസിന്റെയും ജിഎസ്ടിയുടെയുമൊക്കെ റെയ്ഡ് വന്നിട്ടുണ്ട്. അതൊക്കെ സ്വാഭാവികമാണ്. നമ്മൾ വർക്ക് ചെയ്യുന്നത് അങ്ങനെയുള്ളൊരു ഇൻഡസ്ട്രിയിലാണ്. അവിടെ ചില കാര്യങ്ങൾ തുറന്നു പറയേണ്ടി വരും. ഷോ ഓഫ് ചെയ്യേണ്ട ഇൻഡസ്ട്രിയാണ് സിനിമാ ഇൻഡസ്ട്രി. ആ വാർത്തയും അങ്ങനെയൊരു ഷോ ഓഫ് ആയിപ്പോയി. പൃഥ്വിരാജ് സുകുമാരൻ 25 കോടി രൂപ എൻഫോഴ്മെന്റ് ഡയറക്ടറേറ്റിൽ അടച്ചിട്ടുണ്ടെങ്കിൽ അതിനുള്ള രസീതോ ബില്ലോ ഉണ്ടാകും. ടിഡിഎസ് അടയ്ക്കുന്നതും അക്കൗണ്ടിലേക്കാണ്. ഒരു രൂപയുടെയെങ്കിലും രേഖകൾ ഇവരുടെ കയ്യിലുണ്ടോ? അതുമില്ല.

ഒരാളുടെ പേര് പറഞ്ഞ് തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചതുകൊണ്ടാണ് പൃഥ്വിരാജ് അങ്ങനെ പ്രതികരിച്ചത്. ഇഡിയുടെ നോട്ടിസ് നേരത്തെ വന്നിരുന്നു. നമ്മുടെ കയ്യിലുള്ള ഡോക്യുമെന്റ്സ് അവർക്കു കൊടുത്തു. ഓവർസീസ് റൈറ്റ്സുമായി ബന്ധപ്പെട്ടാണ് നോട്ടിസ് അയച്ചത്. ഇതുപോലുള്ള നോട്ടിസ് പലർക്കും വന്നിട്ടുണ്ട്.’’–ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു.

ആരോപണം തീർത്തും അസത്യവും അടിസ്ഥാന രഹിതവും അത്യന്തം അധിക്ഷേപകരവുമാണന്നായിരുന്നു പൃഥ്വിരാജ് സമൂഹമാധ്യമത്തില്‍ കുറിച്ചത്.

പൃഥ്വിരാജിന്റെ വാക്കുകൾ: ‘‘എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ് സ്വീകരിച്ച നടപടികൾക്ക് പിഴയായി 25 കോടി അടച്ചുവെന്നും ‘പ്രൊപഗാൻഡ’ സിനിമകൾ നിർമിക്കുന്നുവെന്നും ആരോപിച്ച് എനിക്കെതിരെ അപകീർത്തിപരവും വ്യാജവുമായ വാർത്ത ചില ഓൺലൈൻ, യൂട്യൂബ് ചാനലുകളിൽ പ്രസിദ്ധീകരിച്ചത് എന്റെ ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഈ ആരോപണം തീർത്തും അസത്യവും അടിസ്ഥാന രഹിതവും അത്യന്തം അധിക്ഷേപകരവുമാണ് എന്നതിനാൽ പ്രസ്തുത ചാനലിനെതിരെ ശക്തമായ നിയമനടപടികൾ ഞാൻ ആരംഭിക്കുകയാണെന്ന് ബഹുജനങ്ങളെയും എല്ലാ ബഹുമാനപ്പെട്ട മാധ്യമങ്ങളെയും അറിയിച്ചുകൊള്ളുന്നു. വസ്തുതകൾ ഉറപ്പു വരുത്തിയതിനു ശേഷം മാത്രമേ ഇതിനുമേൽ തുടർവാർത്തകള്‍ പ്രസിദ്ധീകരിക്കാവൂ എന്ന് ഉത്തരവാദിത്തമുള്ള എല്ലാ മാധ്യമങ്ങളോടും വിനയപൂർവം അഭ്യർഥിക്കുന്നു.

വർത്തമാനകാലത്ത് അതിവേഗം ഇല്ലാതായിക്കൊണ്ടിരിക്കുന്നു മാധ്യമ ധാർമികത എന്നതിനാൽ സാധാരണഗതിയിൽ ഇത്തരം വ്യാജആരോപണങ്ങളേയും വാർത്തകളെയും ഞാൻ അത് അർഹിക്കുന്ന അവഗണനയോടെ തള്ളിക്കളയാറാണുള്ളത്. എന്നാൽ തീർത്തും വസ്തുതാവിരുദ്ധവും വ്യക്തിപരമായി അധിക്ഷേപകരവുമായ ഒരു "കള്ളം", വാർത്ത എന്ന പേരിൽ പടച്ചുവിടുന്നത് എല്ലാ മാധ്യമധർമത്തിന്റെയും പരിധികൾ ലംഘിക്കുന്നതാണ്. ഈ വിഷയത്തിൽ നിയമത്തിന്റെ ഏതറ്റം വരെ പോകാനും ഞാൻ ഒരുക്കമാണ്. സിവിലും ക്രിമിനലുമായ എല്ലാ നിയമനടപടികളും സ്വീകരിക്കും.’’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com