ഞാൻ യെസ് പറഞ്ഞു: രാഘവ് ഛദ്ദയും പരിനീതി ചോപ്രയും വിവാഹിതരാകുന്നു
Mail This Article
ബോളിവുഡ് നടി പരിനീതി ചോപ്രയും ആം ആദ്മി പാർട്ടി നേതാവ് രാഘവ് ഛദ്ദയും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞു. ഏറെ നാളായി ഇരുവരും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. സമൂഹമാധ്യമങ്ങളിലൂടെയാണ് വിവാഹനിശ്ചയം കഴിഞ്ഞ വിവരം ഇരുവരും വെളിപ്പെടുത്തിയത്. ‘‘ഞാൻ യെസ് പറഞ്ഞു’, എന്ന അടിക്കുറിപ്പോടെയാണ് വിവാഹനിശ്ചയ ചിത്രങ്ങൾ പരിനീതി പങ്കുവച്ചത്.
ബോളിവുഡിലെ പ്രശസ്ത ഡിസൈനർ മനീഷ് മൽഹോത്രയാണ് പരിണീതിയുടെ വസ്ത്രം ഒരുക്കിയത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ, പരിണീതിയുടെ കസിനും നടിയുമായ പ്രിയങ്ക ചോപ്ര തുടങ്ങി രാഷ്ട്രീയ-സിനിമാ രംഗത്തെ പ്രമുഖർ വിവാഹനിശ്ചയ ചടങ്ങിനെത്തിയിരുന്നു.
1988 ഒക്ടോബർ 22ന് ഹരിയാനയിലെ അംബാലയിൽ പഞ്ചാബി കുടുംബത്തിലാണ് പരിനീതിയുടെ ജനനം. അച്ഛൻ പവൻ ചോപ്ര, അമ്മ റീന ചോപ്ര. നടിമാരായ പ്രിയങ്ക ചോപ്ര, മീര ചോപ്ര എന്നിവർ ബന്ധുക്കളാണ്.
2011-ൽ, രൺവീർ സിങ്, അനുഷ്‌ക ശർമ എന്നിവരോടൊപ്പം റൊമാന്റിക് കോമഡിയായ ലേഡീസ് വേഴ്സസ് റിക്കി ബാൽ എന്ന ചിത്രത്തിലെ ഒരു സഹകഥാപാത്രമായാണ് ചോപ്ര തന്റെ സ്‌ക്രീനിൽ അരങ്ങേറ്റം കുറിച്ചത്. ചംകീല, കാപ്സൂൾ ഗിൽ എന്നിവയാണ് നടിയുടെ പുതിയ റിലീസുകൾ.