ലൈക പ്രൊഡക്‌ഷന്റെ ഓഫിസിൽ ഇഡി റെയ്ഡ്; നടപടി പിഎസ് 2 വിജയത്തിനു പിന്നാലെ
Mail This Article
തമിഴ്നാട്ടിലെ പ്രമുഖ സിനിമാ നിർമാതാക്കളായ ലൈക പ്രൊഡക്‌ഷന്റെ ഓഫിസിൽ കേന്ദ്ര ഏജൻസിയായ എൻഫോഴ്സ്മെന്റിന്റെ പരിശോധന. ചെന്നൈയിലെ ഓഫിസടക്കം പത്ത് സ്ഥലങ്ങളിലാണ് പരിശോധന നടക്കുന്നത്. മണിരത്നം സംവിധാനം ചെയ്ത പൊന്നിയിൻ സെൽവൻ 1, പൊന്നിയിൻ സെൽവൻ 2 ഉൾപ്പെടെയുളള ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ നിർമാതാക്കളാണ് ലൈക. രണ്ട് ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ തുടർവിജയത്തിന് പിന്നാലെയാണ് നിർമാണ കമ്പനിയിലെ എൻഫോഴ്സ്മെന്റ് പരിശോധന. അനധികൃത പണിമിടപാടുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടക്കുന്നതെന്നാണ് ഇഡി വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം.
ഇന്ത്യന്‍ സിനിമയില്‍ തന്നെ കഴിഞ്ഞ വര്‍ഷത്തെ വലിയ വിജയങ്ങളില്‍ ഒന്നായിരുന്നു പൊന്നിയിൻ സെൽവൻ ആദ്യ ഭാഗം. 492 കോടി ആയിരുന്നു ചിത്രത്തിന്‍റെ ലൈഫ് ടൈം ഗ്രോസ്. വിക്രം, കാർത്തി, ജയം രവി, ഐശ്വര്യ റായ് ബച്ചൻ, തൃഷ കൃഷ്‍ണന്‍, റഹ്മാൻ, പ്രഭു, ജയറാം, ശരത് കുമാർ, വിക്രം പ്രഭു, ബാബു ആന്റണി, റിയാസ് ഖാൻ, ലാൽ, ശോഭിത ധൂലിപാല, ഐശ്വര്യ ലക്ഷ്‍മി, ജയചിത്ര തുടങ്ങി ഇന്ത്യന്‍ സിനിമയിലെ തന്നെ നിരവധി പ്രമുഖ താരങ്ങള്‍ ഒരുമിച്ച ചിത്രത്തിന്റെ രണ്ടാം ഭാഗവും മികച്ച വിജയം നേടി പ്രദർശനം തുടരുന്ന വേളയിലാണ് നിർമാണ കമ്പനിയിലെ പരിശോധന.
2014 ൽ വിജ.യ് നായകനായ ‘കത്തി’ എന്ന ചിത്രത്തിലൂടെയാണ് ലൈക നിർമാണരംഗത്തേയ്ക്കു കടന്നുവരുന്നത്. തുടര്‍ന്ന് കൊലമാവ് കോകില, 2.0, വടചെന്നൈ, കാപ്പാൻ, ഡോൺ തുടങ്ങിയ നിരവധി സിനിമകൾ നിര്‍മിച്ചു. കമൽഹാസനെ നായകനാക്കി ശങ്കർ ഒരുക്കുന്ന ഇന്ത്യൻ 2 ആണ് ലൈകയുടെ അടുത്ത വമ്പൻ പ്രോജക്ട്.