ADVERTISEMENT

മലയാളത്തിലെ ഏറ്റവും വിലകുറച്ചു മതിക്കപ്പെടുന്ന അഭിനേതാക്കളിൽ ഒരാളാണ് വിനീത് രാധാകൃഷ്ണൻ. ‘പാച്ചുവും അത്ഭുത വിളക്കും’ എന്ന സിനിമ കണ്ടിറങ്ങുമ്പോൾ വിനീതിനെക്കുറിച്ച് എഴുതണമെന്നു കരുതിയിരുന്നു. ചിത്രത്തെക്കുറിച്ചു ഫർസാന അലി സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പു കൂടിയായപ്പോൾ വിനീതിനെപ്പറ്റി എഴുതണമെന്ന ആഗ്രഹത്തിന് ആക്കം കൂടി. ഒരു പ്രവചനാതീത സ്വഭാവമുണ്ട് വിനീതിന്റെ കഥാപാത്രങ്ങൾക്ക്. അതു തന്നെയാണ് വിനീത് എന്ന നടന്റെ പൂർണതയും അദ്ദേഹത്തിന്റെ കഥാപാത്രങ്ങളുടെ സൗന്ദര്യവും.

നായകനായും പ്രതിനായകനായും സ്വഭാവ നടനായുമെല്ലാം അനായാസം ചുവടുമാറ്റാൻ കഴിവുള്ള നടനാണ് അദ്ദേഹം. ഒരു കഥാപാത്രത്തിൽത്തന്നെ ഒന്നിലേറെ അടരുകൾ ഒളിപ്പിച്ച് പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന അപൂർവം അഭിനേതാക്കളിൽ ഒരാൾ. ശാസ്ത്രീയമായി നൃത്തം അഭ്യസിച്ചതിന്റെ അനുഭവ സമ്പത്ത് അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾക്കു പലപ്പോഴും മുതൽക്കൂട്ടാകുകയും ചെയ്തിട്ടുണ്ട്. നർത്തകനായി അഭിനയിക്കുമ്പോൾ സ്ത്രൈണ ഭാവത്തിലേക്കു വീണു പോകാത്ത ചുരുക്കം ചില പുരുഷൻമാരിൽ ഒരാൾ കൂടിയാണ് വിനീത്.

1985-ൽ ഐ.വി. ശശിയുടെ ‘ഇടനിലങ്ങ’ളെന്ന സിനിമയിലൂടെയാണ് വിനീതിന്റെ ചലച്ചിത്ര പ്രവേശം. 1986-ൽ എംടി തിരക്കഥയെഴുതി ഹരിഹരൻ സംവിധാനം ചെയ്ത ‘നഖക്ഷത’ങ്ങളെന്ന തന്റെ രണ്ടാമത്തെ ചിത്രത്തിലൂടെ വിനീതെന്ന കൗമരക്കാരൻ മലയാള ചലച്ചിത്ര വേദിയിൽ വരവറിയിച്ചു. അതേ വർഷം സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കലാപ്രതിഭയുമായിരുന്നു വിനീത്. എംടി-ഹരിഹരൻ ടീമിന്റെ ഇഷ്ട അഭിനേതാക്കളിൽ ഒരാളായി വിനീത് മാറി. ‘അമൃതം ഗമയ’യിലും ‘ആരണ്യക’ത്തിലും എംടിക്കും ഹരിഹരനുമൊപ്പം വിനീത് വീണ്ടും ഒന്നിച്ചു. ഈ കാലയളവിൽത്തന്നെ മലയാളത്തിലെ എണ്ണം പറഞ്ഞ സംവിധായകർക്കൊപ്പം വിനീത് പ്രവർത്തിച്ചു. ഭരതൻ, പത്മരാജൻ, ഭദ്രൻ, പ്രതാപ് പോത്തൻ, ജോഷി, പ്രിയദർശൻ, പി.ജി. വിശ്വഭരൻ, തമ്പി കണ്ണന്താനം, വേണു നാഗവള്ളി എന്നിവരുടെ സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങളിൽ കൗമാരക്കാരനായ വിനീത് തിളങ്ങി.

vineeth-pachu

1992-ൽ കമൽ സംവിധാനം ചെയ്ത ‘ചമ്പക്കുളം തച്ചനി’ലൂടെ വിനീത് യുവ നായകൻമാരുടെ നിരയിലേക്ക് ഉയർന്നു. അതേ വർഷം പുറത്തിറങ്ങിയ ‘ആചാര്യ’നിലും വിനീത് നായകനായി. വിനീതെന്ന നടന്റെ കരിയർ ഗ്രാഫ് ഉയർത്തിയ വർഷമായി 92 മാറി. ലെനിൻ രാജേന്ദ്രന്റെ ‘ദൈവത്തിന്റെ വികൃതികൾ’, ലോഹിതദാസ്-സിബി മലയിൽ കൂട്ടുകെട്ടിൽ പിറന്ന ‘കമലദള’ത്തിലെ നെഗറ്റീവ് ഛായയുള്ള കഥാപാത്രങ്ങളൊക്കെയായി വിനീത് സ്ക്രീനിൽ നിറഞ്ഞാടി. വിനീതിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായ ‘സർഗ്ഗ’ത്തിലെ ഹരിദാസിന്റെ പിറവിയും അതേ വർഷമായിരുന്നു. ചൊവല്ലൂർ കൃഷ്ണൻകുട്ടി സംഭാഷണമെഴുതി ഹരിഹരൻ രചനയും സംവിധാനവും നിർവഹിച്ച ഈ മ്യൂസിക്കൽ ഡ്രാമയിലൂടെ വിനീത് മലയാള ചലച്ചിത്ര വേദിയിൽ പുതിയ ഉയരങ്ങൾ കീഴടക്കി. യൂസഫലിയുടെ വരികൾക്ക് ബോംബൈ രവി ഈണമിട്ട ചിത്രത്തിലെ ഗാനങ്ങളെല്ലാം എവർഗ്രീൻ ഹിറ്റുകളായി. ഒരേ സമയം പ്രേക്ഷക-നിരൂപക പ്രശംസകൾ നേടിയ ചിത്രം ഒട്ടേറെ പുരസ്കാരങ്ങളും നേടി.

ടി.എ. റസാഖ്-കമൽ കൂട്ടുകെട്ടിൽ പിറവിയെടുത്ത ‘ഗസൽ’, സിദ്ദീഖ് ലാലിന്റെ ‘കാബൂലിവാല’ തുടങ്ങി സംഗീതത്തിനു കൂടി പ്രധാന്യമുണ്ടായിരുന്ന സിനിമകളിൽ വിനീത് മികവ് ആവർത്തിക്കുന്ന കാഴ്ചയ്ക്കു 93 സാക്ഷിയായെങ്കിൽ വിനീത് എന്ന നടന്റെ അതുവരെ ആരും പരീക്ഷണ വിധേയമാക്കാതിരുന്ന പ്രതിഭയെ സ്വതന്ത്രമാക്കിയത് പാച്ചിക്കയെന്ന സാക്ഷാൽ ഫാസിലാണ്. ദ്വന്ദ സ്വാഭവമുള്ള, എപ്പോൾ വേണമെങ്കിലും വേഷപ്പകർച്ച നടത്താവുന്ന, പ്രവചനാതീതനായ കഥാപാത്രമായി വിനീത് ചുവട് മാറ്റം നടത്തുന്നത് ഫാസിലിന്റെ ‘മാനത്തെ വെള്ളിത്തേരി’ലൂടെയാണ്. സിനിമയുടെ ആദ്യപകുതിയിൽ നായികയെ പിന്തുടർന്നു ശല്യം ചെയ്യുന്ന പ്രതിനായകനാണ് വിനീതിന്റെ രമേശ് എന്ന കഥാപാത്രം. ക്ലൈമാക്സിലേക്ക് അടുക്കുമ്പോൾ ആ കഥാപാത്രത്തിന്റെ ഭൂതകാലം അയാളുടെ പ്രതിനായക സ്വഭാവത്തെ റദ്ദു ചെയ്യുകയും പ്രേക്ഷകർക്ക് സ്നേഹവും അലിവും സഹാനുഭൂതിയും തോന്നിപ്പിക്കുന്ന കഥാപാത്രമായി വികസിക്കുകയും ചെയ്യുന്നത് കാണാം. അത്യന്തം സങ്കീർണമായ കഥാപാത്രത്തെ അനായാസമാണ് വിനീത് സ്ക്രീനിലേക്ക് പകർത്തുന്നത്.

vineeth-fahadh-faasil

അൽപം എക്സെൻട്രിസിറ്റിയും ഫാന്റസിയുമുള്ള കഥാപാത്രങ്ങൾക്കായി വിനീതിനെ ഉപയോഗപ്പെടുത്താമെന്നും അത്തരം വേഷങ്ങൾ വിനീതിൽ സുരക്ഷിതമാണെന്നുമുള്ള ബോധ്യമുണ്ടാക്കിയ സിനിമ കൂടിയായിരുന്നു ‘മാനത്തെ വെള്ളിത്തേര്’. ‘ആലീസ് ഇൻ വണ്ടർ ലാൻഡ്’, ‘മൂന്നാമതൊരാൾ’, ‘അരികെ’ സിനിമകൾ വിനീതിലെ നടനിലെ എക്സെൻട്രിസിറ്റി ഫാന്റസി എലമെന്റിനെ ഫലപ്രദമായി ഉപയോഗപ്പെടുത്തിയ സിനിമകളാണ്. 1992-ൽ പത്മരാജൻ തിരക്കഥയെഴുതി ഭരതൻ സംവിധാനം ചെയ്ത ‘ആവാരംപൂ’ എന്ന ചിത്രത്തിലൂടെ തമിഴിൽ വരവറിയിച്ച വിനീത് വളരെ വേഗത്തിൽ തെന്നിന്ത്യൻ സിനിമയിലെ ഇഷ്ടനായകൻമാരിലൊരാളായി മാറി.

യൂത്ത് സെൻസേഷനായി മാറിയ ‘കാതൽ ദേശ’ത്തിൽ എ.ആർ. റഹ്മാന്റെ ഈണത്തിൽ ‘മുസ്തഫാ മുസ്തഫാ ഡോൺഡ് വറി മുസ്തഫാ’ എന്ന പാട്ടിൽ അബ്ബാസിനൊപ്പം ചുവടുവയ്ക്കുന്ന വിനീതിനെ ആർക്കാണ് മറക്കാൻ കഴിയുക. സൗണ്ട് മോഡുലേഷനിലും മാന്ത്രികത കാട്ടുന്ന അഭിനേതാവാണ് അദ്ദേഹം. ഡബ്ബിങ് ആർട്ടിസ്റ്റായി കഴിവ് തെളിയിച്ചു കഴിഞ്ഞു വിനീത്.‘ലൂസിഫറി’ൽ വിവേക് ഒബ്റോയ്ക്കും ‘മരക്കാറി’ൽ അർജുനും ശബ്ദം നൽകിയത് വിനീതാണ്.

vineeth-fahadh

കുഞ്ചാക്കോ ബോബനൊപ്പം സ്ക്രീൻ പങ്കിട്ട ‘മഴവില്ല്’, ‘പ്രേം പൂജാരി’ എന്നീ ചിത്രങ്ങൾ വിനീതെന്ന നടനെ വീണ്ടും അടയാളപ്പെടുത്തി. ജർമനിയിലുള്ള സുഹൃത്തിനെ സന്ദർശിക്കാനായി നാട്ടിൽ നിന്നെത്തുന്ന വിജയ് കൃഷ്ണൻ എന്ന എഴുത്തുകാരൻ ഒറ്റക്കാഴ്ചയിൽ ജെന്റിൽമാനാണ്. എന്നാൽ കൂട്ടുകാരന്റെ ഭാര്യയോട് തോന്നുന്ന ഇഷ്ടം അയാളുടെ സകല നിയന്ത്രണങ്ങളും തെറ്റിക്കുന്നു. അവരെ സ്വന്തമാക്കാനുള്ള ആഗ്രഹം ഉറ്റ ചങ്ങാതിയെ കൊലപ്പെടുത്തുന്നതിൽ വരെ എത്തുന്നു. പ്രേക്ഷകർക്കു ചിന്തിക്കാൻ പോലും കഴിയാത്ത വിധമുള്ള കഥാപാത്ര പരിവർത്തനമായിരുന്നു വിജയ കൃഷ്ണന്റേത്. ഭ്രാന്തമായ പ്രണയത്തിനൊപ്പം പ്രതിനായകനായി വികസിക്കുന്ന കഥാപാത്രത്തെ അത്രമേൽ തീവ്രമായി സ്ക്രീനിലേക്ക് പകർത്തുന്നുണ്ട് വിനീത്. പ്രേം പൂജാരിയിലാകട്ടെ പ്രതിനായകനെന്നു തോന്നിപ്പിക്കുന്ന കഥാപാത്രത്തിൽ നിന്നാണ് വിനീതിന്റെ മുരളിയെന്ന കഥാപാത്രം ചുവട് മാറ്റുന്നത്. അഖിൽ സത്യനെന്ന നവാഗത സംവിധായകനും ഉപയോഗപ്പെടുത്തുന്നത് വിനീതെന്ന നടനിലെ ഈ ദ്വന്ദ സ്വഭാവത്തെയാണ്.

അതിസമ്പന്നനായ ഒരു അപ്പർ ക്ലാസുകാരനാണ് ‘പാച്ചുവും അത്ഭുത വിളക്കി’ലെ റിയാസ്. മകനോടും അമ്മയോടുമൊക്കെ വളരെ പരുക്കനായി ഇടപെടുന്ന ഒരു ടിപ്പിക്കൽ ബിസിനസുകാരൻ. കനിവിന്റെ കണിക പോലും ഇല്ലെന്നു തോന്നിപ്പിക്കുന്ന കഥാപാത്രം. എന്നാൽ ഉമ്മച്ചിയുടെ റൈസു എന്ന ഒറ്റ വിളിയിൽ അയാൾ അലിഞ്ഞു ഇല്ലാതാകുന്നുണ്ട്. ഉമ്മച്ചിയുടെ റൈസു എന്ന ഒറ്റ വിളിയിൽ കനിവിന്റെ, സ്നേഹത്തിന്റെ നീരുറവകൾ അയാളിൽനിന്ന് അണപൊട്ടി ഒഴുകുന്നതു കാണാം.

fahadh-vineeth-3

അത്രയും നേരം സ്ക്രീനിൽ കണ്ടുകൊണ്ടിരുന്ന റിയാസിൽ നിന്ന് ഉമ്മച്ചിയുടെ സ്നേഹനിധിയായ മകനിലേക്കുള്ള അയാളുടെ പരിവർത്തനം അദ്ഭുതത്തോടെ മാത്രമേ കാണാൻ കഴിയൂ. ചലച്ചിത്രം ലോകം ഇനിയും വേണ്ടവിധത്തിൽ ഉപയോഗപ്പെടുത്താത്ത ബഹുമുഖ പ്രതിഭയാണ് വിനീത് രാധാകൃഷ്ണൻ. വ്യത്യസ്തമായ വേഷങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ചു കൊണ്ടു വിനീത് വീണ്ടുമെത്തുമെന്നു പ്രത്യാശിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com