ശമ്പളം പറഞ്ഞ് ടൊവിനോ ഞെട്ടിച്ചെന്ന് ലിസ്റ്റിൻ; രസകരമായ മറുപടിയുമായി താരം
Mail This Article
‘‘ലിസ്റ്റിൻ ചേട്ടൻ ഒന്നു വന്നു തള്ളിയിട്ടു പോകണം, തള്ളാൻ വേറെ ആരുമില്ല’’ എന്നു പറഞ്ഞതുകൊണ്ടാണ് അയജന്റെ രണ്ടാം മോഷണം എന്ന ചിത്രത്തിന്റെ ടീസർ റിലീസിനു വന്നതെന്ന രസകരമായ കമന്റുമായി ലിസ്റ്റിൻ സ്റ്റീഫൻ. ‘‘ഈ സിനിമ തള്ളേണ്ട കാര്യമില്ല. സംവിധായകൻ ജിതിൻ ലാൽ, തിരക്കഥാകൃത്ത് സുജിത്ത്, നായകൻ ടൊവിനോ തുടങ്ങിയവർ നന്നായി പണിയെടുത്ത ചിത്രമായതുകൊണ്ട് വൻ വിജയമായിരിക്കും. പടത്തിന്റെ ടീസർ റിലീസിനു വന്നതാണ്, ഈ ടീസർ എല്ലാവരെയും അമ്പരപ്പിക്കുന്ന ഒന്നായിരിക്കും. ചിത്രം പാൻ ഇന്ത്യൻ റിലീസ് ആണ് ലക്ഷ്യമിടുന്നത്’’ – ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു. ലിസ്റ്റിന്റ രസകരമായ തഗിന് ടൊവിനോ നൽകിയ മറുപടിയും കാണികളിൽ ചിരി പടർത്തി. ശമ്പളം പറഞ്ഞു ടൊവിനോ തങ്ങളെ ഞെട്ടിച്ചതുപോലെ ടീസർ നിങ്ങളെയും ഞെട്ടിക്കുമെന്ന് പറഞ്ഞ ലിസ്റ്റിനോട്, ശമ്പളം തരാതെ തന്നെ ലിസ്റ്റിനും ഞെട്ടിച്ചെന്നായിരുന്നു താരത്തിന്റെ രസകരമായ മറുപടി.
‘‘ലിസ്റ്റിൻ ചേട്ടനെ ഉള്ളൂ തള്ളാൻ. ഒന്ന് വന്നു തള്ളിയിട്ടു പോകണം എന്ന് ടൊവിനോ പറഞ്ഞിട്ടാണ് ഞാൻ വന്നത്. പക്ഷേ ഞാൻ തള്ളാൻ ഉദ്ദേശിക്കുന്നില്ല. ഈ സിനിമ തന്നെ ഒരു തള്ളലായിരിക്കും എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഈ സിനിമയുടെ സംവിധായകന്റെയും ടൊവിനോയുടെയുമൊക്കെ കഠിന പരിശ്രമം ഈ സിനിമയ്ക്കു പിന്നിലുണ്ട്. സിനിമ തുടങ്ങുന്നതിന് കുറച്ചു നാൾ മുൻപ് മാത്രമാണ് ഞാൻ വരുന്നത്. സിനിമയുടെ മുഴുവൻ ക്രെഡിറ്റും സംവിധായകനും തിരക്കഥാകൃത്തിനും ടൊവിനോയ്ക്കും ഇതിനു പിന്നിൽ പ്രവർത്തിച്ച അണിയറപ്രവർത്തകർക്കും ഉള്ളതാണ്.
നിർമാണം എന്നു പറയുന്നത് പണം മുടക്കുന്നതു മാത്രമാണ്. പാൻ ഇന്ത്യൻ ലെവലിൽ മലയാളത്തിൽനിന്ന് ഒരുപാടു ദൂരം സഞ്ചരിക്കേണ്ട സിനിമയാണ് ‘അജയന്റെ രണ്ടാം മോഷണം’. ഇന്നു മുതലാണ് സിനിമയുടെ പ്രമോഷൻ തുടങ്ങുന്നത്. മറ്റു സംസ്ഥാനങ്ങളിലെ വിതരണക്കാരെ ഞങ്ങൾ സമീപിച്ചിട്ടുണ്ട്. ഹിന്ദിയിലും തമിഴിലും തെലുങ്കിലും കന്നഡയിലും ഉള്ള പ്രമുഖ താരങ്ങളുടെ പേജിലൂടെയാണ് പ്രമോഷൻ തുടങ്ങുന്നത്. ടീസർ നിങ്ങളെ അൽപമെങ്കിലും അദ്ഭുതപ്പെടുത്തും അല്ലെങ്കിൽ ഞെട്ടിക്കും. ടൊവിനോ ശമ്പളം പറഞ്ഞ് ഞെട്ടിച്ചിട്ടുണ്ടെങ്കിൽ പോലും. വെറുതെ പറഞ്ഞതാണ്, സാധാരണ ഒരു സിനിമ 60 ദിവസം കൊണ്ടൊക്കെ ഷൂട്ട് തീരുന്നതാണ്. പക്ഷേ ഈ സിനിമ 120 ദിവസത്തോളം പോയി. സിനിമയുടെ ഷൂട്ടിങ്ങിന്റെ നൂറാം ദിവസം കേക്ക് മുറിച്ച് ആഘോഷിച്ചതാണ്. സിനിമയുടെ വിജയത്തിനായി എല്ലാവരുടെയും പിന്തുണ ഉണ്ടാകണം.’’– ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു.