മോഹൻലാലിന് സ്നേഹചുംബനം നല്കി സുചിത്ര, പൊന്നാട അണിയിച്ച് ലിജോ; വിഡിയോ
Mail This Article
മലൈക്കോട്ടൈ വാലിബന്റെ അണിയറ പ്രവർത്തകർക്കൊപ്പം ചെന്നൈയിൽ പിറന്നാൾ ആഘോഷിച്ച് മോഹൻലാൽ. ആഘോഷങ്ങളുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. സുഹൃത്തുക്കൾക്കൊപ്പം കേക്ക് മുറിച്ച് പിറന്നാൾ മധുരം പങ്കിടുന്ന മോഹൻലാലിനെ വിഡിയോയിൽ കാണാം. പിന്നാലെ കേക്ക് മോഹൻലാലിന് നൽകിയ സുചിത്ര, പ്രിയതമന് സ്നേഹ ചുംബനമേകി. ശേഷം മോഹൻലാലും ചുംബനം നൽകുന്നുണ്ട്. സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി മോഹൻലാലിനെ പൊന്നാട അണിയിച്ച് ആദരിച്ചു.
നടൻ ഹരീഷ് പേരടിയും പിറന്നാൾ ആഘോഷ ചിത്രങ്ങൾ പങ്കുവയ്ക്കുകയുണ്ടായി. ‘‘നടനവിസ്മയത്തിന് ഒരു പൊന്നാടയും..ബഷീറിയൻ കഥകളും...ചെന്നൈയിൽ നടന്ന പിറന്നാൾ ദിനാഘോഷം...എന്റെ അഭിനയ ജീവിതത്തിലെ അപൂർവ ദിനം...ലാലേട്ടാ..ഒരായിരം ജൻമദിനാശംസകൾ.’’–ഹരീഷ് പേരടിയുടെ വാക്കുകൾ.
കഴിഞ്ഞ ദിവസം ആശംസകൾ നേർന്ന എല്ലാവർക്കും മോഹൻലാൽ സമൂഹമാധ്യമങ്ങളിലൂടെ നന്ദി അറിയിച്ചിരുന്നു. ‘‘ഇന്ന് എനിക്കായി പകർന്ന എല്ലാ ആശംസകൾക്കും ഊഷ്മളമായ ചിന്തകൾക്കും എന്റെ ഹൃദയംഗമമായ നന്ദി പ്രകടിപ്പിക്കാൻ ഒരു നിമിഷം ചെലവഴിക്കുന്നു. ഈ ജീവിതത്തിൽ എന്നെ ചുറ്റിപ്പറ്റിയുള്ള സ്നേഹത്തിന്റെ ഓർമപ്പെടുത്തലായി ഞാൻ അവരെ ഓരോരുത്തരെയും എന്റെ ഹൃദയത്തോട് ചേർത്തുപിടിക്കും’’.–മോഹന്‍ലാൽ പറഞ്ഞു.
അതേസമയം, ലിജോ ജോസ് പെല്ലിശ്ശരി സംവിധാനം ചെയ്യുന്ന മലൈക്കോട്ടൈ വാലിബന്‍ എന്ന ചിത്രത്തിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. രാജസ്ഥാന്‍ പ്രധാന ലൊക്കേഷനാക്കുന്ന ചിത്രത്തിന്‍റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായിരുന്നു. നിലവില്‍ ചെന്നൈയില്‍ ആണ് ഷൂട്ട് പുരോഗമിക്കുന്നത്.