റിനോഷുമായുള്ള ബന്ധം വളച്ചൊടിച്ചു, അഞ്ജുസ് ഉമ്മ വച്ചതല്ല: ശ്രുതി ലക്ഷ്മി പറയുന്നു
Mail This Article
ബിഗ് ബോസ് സീസൺ 5വിലെ സഹമത്സരാർഥിയായിരുന്ന റിനോഷുമായിട്ടുള്ള ബന്ധം വളച്ചൊടിച്ചതിൽ വേദനയുണ്ടെന്ന് നടി ശ്രുതി ലക്ഷ്മി. ‘‘റിനോഷ് സഹോദരനെപ്പോലെയാണ്, അത്രയ്ക്ക് പരിശുദ്ധമായിരുന്നു റിനോഷുമായിട്ടുള്ള ബന്ധം. അതൊരു ഗെയിം ആയി പോലും കണ്ടിട്ടില്ല. ബിഗ് ബോസ് ഒരു ഷോ മാത്രമാണ്. അതിന് യഥാർഥ ജീവിതവുമായി ഒരുബന്ധവുമില്ല.’’– ശ്രുതി ലക്ഷ്മി പറയുന്നു. അവിടെ നടക്കുന്നത് എങ്ങനെയാണു പുറത്തേക്ക് വരുന്നതെന്ന് അറിയില്ലെന്നും ഉള്ളിൽ ഉള്ളവരെല്ലാം ഒറിജിനൽ ആയി പ്രവർത്തിക്കുന്നവരല്ലെന്നും ഒറിജിനൽ ആയ താൻ പുറത്തായതിൽ ദുഃഖമുണ്ടെന്നും ശ്രുതി ലക്ഷ്മി വെളിപ്പെടുത്തി. ബിഗ് ബോസ് ഷോയിൽനിന്നു പുറത്തായ ശേഷം കൊച്ചിയിൽ തിരിച്ചെത്തിയ നടി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു.
‘‘ബിഗ് ബോസ് ഷോയിൽ പങ്കെടുത്തത് നല്ല അനുഭവമായിരുന്നു. പറയുന്നതുപോലെയല്ല, നല്ല പാടാണ്. പുറമെ നിന്ന് കാണുന്നതുപോലെ അല്ല. അവിടെ പോയി നേരിട്ട് അനുഭവിച്ചാൽ മാത്രമേ അതു മനസ്സിലാകൂ. അവിടയുള്ള സംഭവങ്ങൾ പുറത്തേക്കു വരുന്നത് എങ്ങനെയാണ് എന്നുപോലും എനിക്ക് അറിയില്ല. മനസ്സിന് ഭയങ്കര പിരിമുറുക്കം ഉണ്ടാക്കുന്ന സ്ഥലം തന്നെയാണ്. സന്തോഷമായിട്ടാണ് ഇറങ്ങി വരുന്നത്. ബിഗ് ബോസ് ഒരിക്കലും സ്ക്രിപ്റ്റഡ് അല്ല. ഇതൊരു ഷോ ആണ്. യഥാർഥ ജീവിതവുമായി അത് ബന്ധപ്പെടുത്താൻ കഴിയില്ല. പുറത്തിറങ്ങി വിഡിയോ കണ്ടതിനു ശേഷമേ എങ്ങനെയാണ് പുറത്തു വന്നത് എന്ന് എനിക്ക് അറിയാൻ കഴിയൂ. പോയപ്പോൾ 56 ദിവസം അവിടെ പിടിച്ചു നിൽക്കും എന്ന് കരുതിയില്ല.
ആദ്യത്തെ ആഴ്ച തന്നെ പുറത്തു വരണം എന്ന് ആഗ്രഹിച്ച ആളാണ് ഞാൻ. ബിഗ് ബോസ് സ്ഥിരമായി കാണുന്ന ഒരു വ്യക്തി ആയിരുന്നില്ല. അതുകൊണ്ട് അതിനെക്കുറിച്ചുള്ള കാര്യങ്ങൾ ഒന്നും അറിയില്ലായിരുന്നു. ഈ എവിക്‌ഷൻ ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല. ടോപ് ഫൈവിൽ വരുമെന്നാണ് കരുതിയത്. അതുകൊണ്ട് ചെറിയ വിഷമമുണ്ട്. ഇടി, ചവിട്ട് ഒക്കെ നന്നായി കിട്ടും, ഗെയിം മനസ്സിൽ കയറുമ്പോൾ മറ്റൊന്നും നോക്കാതെ കളിക്കും. എല്ലാവർക്കും നല്ല ബുദ്ധിമുട്ട് ഉണ്ട്. പക്ഷേ ഗെയിം ആയതുകൊണ്ട് ഒന്നും പറയാതെ നിൽക്കുകയാണ്.
അഞ്ജുവിനെ ഞാൻ കണ്ടത് എന്റെ സഹോദരിയെപ്പോലെ ആണ്. എന്നോട് നല്ല സൗഹൃദമായിരുന്നു. എന്റെ കഴുത്തിൽ ഒരു വേദന വന്നപ്പോൾ അഞ്ജുസ് തിരുമി തരാൻ വന്നതാണ്. അപ്പോൾ അഞ്ജു ഊതി തന്നതാണ് ഉമ്മ വച്ചെന്ന തരത്തിൽ പുറത്തേക്ക് വന്നത്. അതിനെന്താണ്, അഞ്ജു ഉമ്മ വച്ചാൽ കുഴപ്പമുണ്ടോ? എനിക്ക് ആ സമയത്ത് ഒരു കുഴപ്പവും തോന്നിയില്ല. റിനോഷുമായി ഉള്ള എന്റെ ബന്ധം മറ്റുള്ളവർ തെറ്റിദ്ധരിച്ചെങ്കിൽ എനിക്ക് പറയാനുള്ളത് ഞാൻ അവനെ ഒരു സഹോദരനായിട്ടേ കണ്ടിട്ടുള്ളൂ എന്നാണ്.
ഇത്തരത്തിൽ ഒരു ട്രോൾ ഉണ്ടെന്ന് പുറത്തുവന്ന് അറിഞ്ഞപ്പോൾ ഞാൻ ഞെട്ടിപ്പോയി. മിഥുനെക്കുറിച്ച് പറയുന്നതിന് പകരം റിനോഷിനെക്കുറിച്ച് പറഞ്ഞപ്പോൾ എനിക്ക് ഞെട്ടലായി. കാരണം ഞാൻ അത്രയും പരിശുദ്ധമായി കണ്ട ഒരു ബന്ധമാണ് റിനോഷുമായി ഉണ്ടായിരുന്നത്. സഹോദരനായി കണ്ടാണ് കെട്ടിപ്പിടിച്ചത്. ഇത് പുറത്ത് പ്രചരിച്ചത് വേറെ രീതിയിലാണെന്ന് അറിഞ്ഞതാണ് എനിക്ക് ഏറ്റവും വിഷമം തോന്നിയ കാര്യം.
റിനോഷുമായി ഉള്ള ബന്ധം ഒരു ഗെയിം ആയിട്ടുപോലും എടുത്തിട്ടില്ല, അത്രയും പരിശുദ്ധമായിരുന്നു. അവിടെയുള്ള എല്ലാവരുമായും നമുക്ക് ബന്ധം ഉണ്ടാകില്ല, ചിലരുമായിട്ട് മാത്രമേ നമുക്ക് കണക്ടഡ് ആകാൻ കഴിയൂ. അതിനെ വളച്ചൊടിച്ചെങ്കിൽ എനിക്ക് ഒന്നും പറയാനില്ല. അവിടെയുള്ള എല്ലാവരും നല്ല കളിക്കാരാണ്. അവിടെയുള്ള എല്ലാവരും ഒറിജിനൽ ആണെന്ന് ഞാൻ വിശ്വസിക്കുന്നില്ല, ഒറിജിനൽ ആയ ഞാൻ ആണ് പുറത്തായത് അതിൽ വിഷമമുണ്ട്. എല്ലാവരും കളിക്കട്ടെ, അർഹിക്കുന്നവർക്ക് കിരീടം ലഭിക്കട്ടെ.’’–ശ്രുതി പറഞ്ഞു.