‘മുഖം കാണിക്കാതിരിക്കാൻ അത്രയ്ക്ക് ലോക ചുന്ദരനാണോ, ഓരോ പ്രഹസനം’; വിമർശകന് അമേയയുടെ മറുപടി
Mail This Article
ഭാവി വരന്റെ മുഖം വെളിപ്പെടുത്താതെ വിവാഹനിശ്ചയ ഫോട്ടോ പങ്കുവച്ച നടി അമേയ മാത്യുവിനെതിരെ സമൂഹമാധ്യമങ്ങളിൽ രൂക്ഷ വിമർശനമാണ് ഉയരുന്നത്. ഇപ്പോഴിതാ വിഷയത്തില്‍ നടിയെ വിമർശിച്ചു കമന്റ് പോസ്റ്റ് ചെയ്ത യുവാവിന് ചുട്ട മറുപടിയുമായി താരം. മുഖം വെളിപ്പെടുത്താൻ താൽപര്യം ഇല്ലാതെ ഒളിപ്പിച്ചു വയ്ക്കാൻ മാത്രം ലോക സുന്ദരനാണോ വരൻ എന്നായിരുന്നു വിമർശനം. തനിക്കിഷ്ടമുള്ളപ്പോൾ മാത്രമേ മുഖം കാണിക്കുകയുള്ളൂ എന്നും അത് ചോദിക്കാൻ നിങ്ങൾക്ക് അവകാശമില്ലെന്നും താരം തിരിച്ചടിച്ചു.
പ്രതിശ്രുത വരനുമായി മോതിരം കൈമാറിയതിന്റെ ചിത്രങ്ങളാണ് അമേയ കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. വരന്റെ മുഖമോ പേരോ വെളിപ്പെടുത്താതെയാണ് മോതിര കൈമാറ്റത്തിന്റെ ചിത്രങ്ങൾ നടി പോസ്റ്റ് ചെയ്തത്. ജീവിത പങ്കാളിയുടെ മുഖം കാണിക്കാത്തതിലുള്ള പരിഭവവും ചിലര്‍ പങ്കുവച്ചിരുന്നു. അതിനിടെയായിരുന്നു വളരെ മോശമായ രീതിയിലുള്ള യുവാവിന്റെ പ്രതികരണം.
‘‘നിനക്ക് നാണമില്ലേ? മുഖം കാണിക്കാൻ ആത്മവിശ്വാസം ഇല്ലാതെ ഒളിപ്പിച്ച് വയ്ക്കുന്നതെന്തെന്തിനാ? അത്രയ്ക്ക് ലോക ചുന്ദരൻ ആണോ? അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ, ഓരോരോ പ്രഹസനങ്ങൾ.’’ എന്നായിരുന്നു വിമർശകന്റെ കമന്റ്.
‘‘ഞാൻ എനിക്ക് ഇഷ്ടമുള്ളപ്പോൾ എന്റെ വരന്റെ മുഖം കാണിക്കും. ഇതിൽ നിങ്ങൾക്കൊരു കാര്യവുമില്ല.’’ എന്ന് അമേയ മറുപടി പറഞ്ഞു. അമേയയെ അഭിനന്ദിച്ച് നിരവധിപ്പേരെത്തി. പേരും മുഖവും വെളിപ്പെടുത്താത്തത് ഒരാളുടെ വ്യക്തിപരമായ തീരുമാനങ്ങളാണെന്നും അതിൽ മറ്റൊരാൾക്ക് ഇടപെടാനാകില്ലെന്നും അമേയയെ പിന്തുണച്ചവർ പ്രതികരിച്ചു.
വിമർശനങ്ങൾ കൂടിയതോടെ വിഷയത്തിൽ അമേയ കൂടുതൽ വിശദീകരണം നൽകുകയുണ്ടായി. ‘‘ എന്റെ ഭാവി വരന്റെ മുഖം വെളിപ്പെടുത്താത്തത് എന്തുകൊണ്ടാണെന്ന് നിരവധി ചോദ്യങ്ങൾ ഉയരുന്നുണ്ട്. എന്റേതായ സ്പെഷൽ ദിവസം ഒരു സർപ്രൈസ് ആയി അത് വെളിപ്പെടുത്താൻ ഇരിക്കുകയാണ് ഞാൻ. അത്രയും സന്തോഷത്തോടെ ഒരു കാര്യം പോസ്റ്റ് ചെയ്യുമ്പോൾ മാത്രം നാട്ടുകാർക്ക് ഇത്ര പ്രശ്നം എന്താണെന്ന് മനസ്സിലാകുന്നില്ല. എന്റെ സ്വകാര്യതയെ ദയവ് ചെയ്ത് മാനിക്കൂ.’’–അമേയ പറയുന്നു.
'കരിക്ക്' വെബ് സീരീസിലൂടെ പ്രശസ്തയായ താരമാണ് അമേയ മാത്യു. ദ് പ്രീസ്റ്റ്, ആട് 2, വുള്‍ഫ് തിരിമം എന്നീ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. ആരാധകർക്ക് പ്രിയങ്കരിയായ അമേയ മാത്യുവിന് ഇൻസ്റ്റാഗ്രാമിൽ അഞ്ച് ലക്ഷത്തിനു മുകളിൽ ഫോളോവേഴ്സ് ഉണ്ട്.