പിഷാരടി ‘ജൈവ ബുദ്ധിജീവി’യല്ല: പിന്തുണയുമായി ശബരീനാഥന്‍
Mail This Article
യൂത്ത് കോണ്‍ഗ്രസ് വേദിയില്‍ രമേശ് പിഷാരടി നടത്തിയ പ്രസംഗത്തിനെതിരെ ഉയരുന്ന വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് യൂത്ത് കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ കെ.എസ്. ശബരിനാഥന്‍. ലളിതമായ ഭാഷയില്‍ കുറിക്കുകൊള്ളുന്ന രാഷ്ട്രീയം പറയുവാനുള്ള പിഷാരടിയുടെ കഴിവ് ഇന്ന് മറ്റാര്‍ക്കുമില്ലെന്ന് ശബരിനാഥന്‍ അഭിപ്രായപ്പെട്ടു.
‘‘രമേശ് പിഷാരടി മന്ത്രി ആര്‍.ബിന്ദുവിന്റെ ഭാഷയില്‍ പറയുന്നത് പോലെ ഒരു ജൈവ ബുദ്ധിജീവിയല്ല, പക്ഷേ ലളിതമായ ഭാഷയില്‍ കുറിക്കുകൊള്ളുന്ന രാഷ്ട്രീയം പറയുവാനുള്ള പിഷാരടിയുടെ കഴിവ് ഇന്ന് മറ്റാര്‍ക്കുമില്ല.’’–ശബരിനാഥന്‍ സമൂഹമാധ്യമത്തിൽ കുറിച്ചു.
തൃശൂരില്‍ നടന്ന യൂത്ത് കോണ്‍ഗ്രസ് സമ്മേളനത്തില്‍ സിപിഐഎമ്മിനെതിരെ രൂക്ഷ പരിഹാസമാണ് രമേശ് പിഷാരടി ഉന്നയിച്ചത്. സമ്മേളനത്തിന് കയ്യടിക്കാത്തതുകൊണ്ട് ആരും വാട്‌സ്ആപ്പിലൂടെ പേടിപ്പിക്കില്ലെന്നും നിയമസഭയിലെ കമ്പ്യൂട്ടര്‍ വരെ എടുത്ത് കളയുന്നവര്‍ക്ക് ഇപ്പോഴും കമ്പ്യൂട്ടറിനോടുള്ള വിരോധം തീര്‍ന്നില്ലെന്നും പിഷാരടി പറഞ്ഞു.
കോൺഗ്രസിന് അംഗങ്ങളും അണികളുമുണ്ടെങ്കിലും അടിമകളില്ലെന്നും ലോകത്തിന്റെ ഏതുകോണിൽ എന്ത് നല്ല കാര്യം നടന്നാലും അതിന് പിന്നിൽ തങ്ങളാണെന്ന് പറയുന്ന പരിപാടി പണ്ടുമുതൽക്കേ ചിലർക്കുണ്ടെന്നും വേദിയിൽ രമേഷ് പിഷാരടി പറഞ്ഞു. എ ഐ ക്യാമറ ഉണ്ടാക്കിയ പ്രശ്‌നങ്ങൾ കോൺഗ്രസിലെ എ,ഐ ഗ്രൂപ്പുകൾ ഉണ്ടാക്കിട്ടിയില്ലെന്നും അദ്ദേഹം പരിഹസിച്ചു. നിയമസഭയിലെ കമ്പ്യൂട്ടർ വരെ എടുത്തു കളയുന്നവർക്ക് കമ്പ്യൂട്ടറിനോടുള്ള വിരോധം തീർന്നിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രസംഗം വൈറലായതോടെ സമൂഹമാധ്യമങ്ങളിൽ പിഷാരടിക്കു നേരെ വലിയ രീതിയിലുള്ള സൈബർ ആക്രമണമാണ് നടക്കുന്നത്.