ആ രംഗത്തിൽ എന്റെ രവിയേട്ടനെയാണ് മനസ്സില്‍ കണ്ടത്: ശ്രീജ രവി പറയുന്നു
Mail This Article
റിയൽ ലൈഫിലെ അമ്മയും കുഞ്ഞും റീൽ ലൈഫിലും അമ്മയും കുഞ്ഞും ആകുന്ന അപൂർവ്വത... അഭിനേത്രി, വ്ലോഗർ, ടെലിവിഷൻ anchor എന്നീ നിലകളിൽ ശ്രദ്ധേയയായ പാർവ്വതി ആർ കൃഷ്ണയും മകൻ അവ്യുക്ത് എന്ന അച്ചുവും തന്നെയാണ് "കഠിന കഠോരമീ അണ്ഡകടാഹം" സിനിമയിലെ ബാനുവും മകനും ആയി അഭിനയിച്ചിരിക്കുന്നതും... ഫഹദ് ഫാസിലിൻ്റെ മാലിക്കിലെ ഒരു പ്രധാന വേഷം ചെയ്ത പാർവ്വതി ഇപ്പോൾ മഴവിൽ മനോരമയിലെ "കിടിലം" എന്ന റിയാലിറ്റി ഷോയുടെ anchor കൂടിയാണ്
ശബ്ദത്തിലൂടെ പലപ്പോഴും പ്രേക്ഷകരെ വിസ്മയിപ്പിച്ചിട്ടുണ്ട് ഡബിങ് ആർടിസ്റ്റ് ശ്രീജ രവി. എന്നാൽ, അപ്പോഴെല്ലാം ആ ശബ്ദത്തിനു മുഖമായത് മലയാളത്തിലെ പ്രഗത്ഭരായ നായികമാരായിരുന്നു. ഡബിങ് സ്റ്റുഡിയോയുടെ ഇത്തിരിവട്ടത്തിനുള്ളിൽ കാഴ്ചവച്ചിരുന്ന ആ അഭിനയമികവ് പ്രേക്ഷകർ നേരിട്ട് കണ്ടു തുടങ്ങിയത് അടുത്ത കാലത്തു മാത്രമാണ്. മുഹാസിൻ സംവിധാനം ചെയ്ത് ബേസിൽ ജോസഫ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ‘കഠിന കഠോരമീ അണ്ഡകടാഹം’ എന്ന ചിത്രത്തിലെത്തുമ്പോൾ പ്രേക്ഷകർ കാണുന്നത്, അഭിനയത്തിന്റെ സൂക്ഷ്മഭാവങ്ങൾ പോലും അനായാസം കൈകാര്യം ചെയ്യുന്ന ശ്രീജ രവിയെന്ന കയ്യടക്കമുള്ള അഭിനേത്രിയെ ആണ്. സിനിമയിലെ അതിവൈകാരിക നിമിഷങ്ങൾ ഭാവതീവ്രമായി, സൂക്ഷ്മമായി ശ്രീജ അവിസ്മരണീയമാക്കി. ബേസിലിന്റെ ഉമ്മയുടെ കഥാപാത്രം പ്രേക്ഷകരുടെ കണ്ണു നനയ്ക്കുമ്പോൾ ശ്രീജ രവിയുടെ മനസ്സിലും ഒരു കുഞ്ഞു സങ്കടം കിനിയുന്നുണ്ട്. സിനിമയും ജീവിതവും ഇഴപിരിയുന്ന ആ അസാധാരണ നിമിഷങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ് ശ്രീജ രവി മനോരമ ഓൺലൈനിൽ.
എനിക്ക് രവിയേട്ടനെ ഓർമ വന്നു
‘കഠിന കഠോരമീ അണ്ഡകടാഹം’ എന്ന ചിത്രത്തിലെ ഉമ്മയെക്കുറിച്ച് എപ്പോൾ ആലോചിച്ചാലും പറഞ്ഞാലും എന്റെ കണ്ണു നിറയും. അപ്രതീക്ഷിതമായി ഭർത്താവ് നഷ്ടപ്പെടുന്ന ഒരു ഉമ്മയുടെ വേഷമാണ്. എന്റെ രവിയേട്ടനെ ആണ് ഞാൻ ആ സ്ഥാനത്ത് പ്രതിഷ്ഠിച്ചത്. സിനിമയിൽ ഉമ്മയുടെ സങ്കടം കാണിക്കുന്ന സീനിൽ ഒരു പാട്ട് വരുന്നുണ്ട്. വല്ലാതെ മനസ്സിൽ തറയ്ക്കുന്ന പാട്ടാണ് അത്. എപ്പോൾ കേട്ടാലും കണ്ണിൽനിന്നു വെള്ളം വരും. അന്ന് പാട്ട് കേൾപ്പിച്ചിട്ടല്ല ഷൂട്ട് ചെയ്തത്.
ആ പാട്ട് അന്നേ കേൾപ്പിച്ചിരുന്നെങ്കിൽ അഭിനയം കുറച്ചുകൂടി നന്നാക്കാമായിരുന്നു എന്ന് എനിക്കിപ്പോൾ തോന്നുന്നു. അത്രക്ക് ആഴമുള്ള വരികളും ട്യൂണുമൊക്കെയാണ് അത്. എന്റെ രവിയേട്ടനെ ഓർത്തിട്ടാണ് ആ രംഗങ്ങൾ എനിക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞത്. രവിയേട്ടൻ ഉണ്ടായിരുന്നെങ്കിൽ ഈ സിനിമ നന്നായി ആസ്വദിക്കുകയും സന്തോഷിക്കുകയും ചെയ്യുമായിരുന്നു. അദ്ദേഹം ഒരുപാട് എക്സൈറ്റഡ് ആകുന്ന ആളാണ്. ഈ സിനിമ കാണുമ്പോൾ ഏറ്റവും കൂടുതൽ സന്തോഷിക്കുന്ന വ്യക്തി അദ്ദേഹം ആയിരുന്നേനെ.
സംവിധായകന്റെ വിശ്വാസം എന്നെ ഉമ്മയാക്കി
മുഹാസിൻ എന്ന സംവിധായകനെ എനിക്ക് യാതൊരു പരിചയവുമില്ല. അദ്ദേഹത്തിന് എന്നെയും പരിചയമില്ല. ഞാൻ ഡബ്ബിങ് ആർടിസ്റ്റാണെന്ന് അദ്ദേഹത്തിന് അറിയാം. എന്റെ ഇന്റർവ്യൂ ഏതോ അദ്ദേഹം കണ്ടിട്ടുണ്ടെന്ന് തോന്നുന്നു. ഈ കഥാപാത്രം ചെയ്യാൻ എന്നെത്തന്നെ വേണം എന്ന് അദ്ദേഹം നിർബന്ധിച്ചു പറഞ്ഞു. ശാകുന്തളം എന്ന സിനിമയുടെ മലയാളവും തമിഴും ഡബ്ബ് ചെയ്യുന്ന സമയമായിരുന്നു. ചെയ്തു തീർക്കേണ്ട ഡെഡ് ലൈൻ അടുത്തതുകൊണ്ട് അതിന്റെ ടെൻഷനിലായിരുന്നു ഞാൻ. ഇക്കാര്യം ഞാൻ അവരോട് പറഞ്ഞു.
എന്നിട്ടും ഈ കഥാപാത്രത്തിന് ഞാൻ തന്നെ വേണമെന്ന് നിർബന്ധം പിടിക്കുന്നതു കണ്ടപ്പോൾ ഞാൻ ചോദിച്ചു, എന്റെ ഏതെങ്കിലും പടം കണ്ടിട്ടാണോ ഇങ്ങനെ പറയുന്നത് എന്ന്. അദ്ദേഹം പറഞ്ഞു, ചേച്ചി ഒരുപാട് കഥാപാത്രങ്ങൾക്ക് ശബ്ദം കൊടുത്തിട്ടുള്ള ആളാണ്. എല്ലാ ഇമോഷനും ചേച്ചി നന്നായി കൈകാര്യം ചെയ്യുന്ന ആളാണെന്ന് എനിക്ക് നന്നായി അറിയാം.
ശബ്ദത്തിലൂടെ അഭിനയിക്കുന്ന ആൾക്കാർക്ക് വിഷ്വലായിട്ട് അത് നന്നായി അഭിനയിച്ചു ഫലിപ്പിക്കാൻ കഴിയുമെന്ന് എനിക്ക് വിശ്വാസമുണ്ട്. ഈ ഉമ്മയുടെ മുഖത്തിന് ചേച്ചി അല്ലാതെ വേറെ ആരെയും ആലോചിക്കാൻ പോലും പറ്റുന്നില്ല, എന്ന്. അതു കേട്ടപ്പോൾ ഞാൻ ഇമോഷനൽ ആയി. ഉടനെ ഞാൻ സമ്മതിച്ചു.
ഉമ്മയാണ് നായിക
കഥാപാത്രം ചെയ്യാമെന്നു സമ്മതിക്കുമ്പോഴും ഈ കഥാപാത്രത്തിന് ഇത്രമാത്രം വിലയുണ്ട്, ഇവരിലൂടെയാണ് ഈ കഥ പോകുന്നത് എന്നൊന്നും അറിയില്ലായിരുന്നു. ഉമ്മയെ സിനിമയിൽ ഉടനീളം കാണിക്കുന്നില്ലെങ്കിലും ആ കഥാപാത്രത്തിന് നല്ല പ്രാധാന്യമുണ്ടെന്ന് സിനിമ കണ്ടപ്പോഴാണ് മനസ്സിലായത്. ഉമ്മയാണ് ഇതിലെ നായിക എന്ന് മുഹാസിൻ ഷൂട്ടിങ് സമയത്ത് പറയുമായിരുന്നു. എന്നെ ചുമ്മാ കളിപ്പിക്കുകയാണ് എന്നാണ് ഞാൻ അപ്പോൾ കരുതിയിരുന്നത്. പക്ഷേ, സിനിമ കണ്ടപ്പോൾ മനസിലായി, ഉമ്മ തന്നെയാണ് ആ സിനിമയിലെ നായിക.
ഞാനും മകളും സിനിമ കണ്ടത് കൊച്ചിയിൽ ആണ്. സിനിമ കണ്ടപ്പോൾ മകൾക്കും സങ്കടം വന്നു. അവൾക്കും അവളുടെ അച്ഛനെ തന്നെയാണ് ഓർമ്മ വന്നത്. അതുപോലെ, നിരവധി പേർ വിളിച്ചും മെസേജ് അയച്ചും ആ കഥാപാത്രത്തെക്കുറിച്ച് പറഞ്ഞു. അതൊക്കെ കേൾക്കുമ്പോൾ സന്തോഷം. ആദ്യമായിട്ടാണ് ഇതെല്ലാം എന്റെ കരിയറിൽ സംഭവിക്കുന്നത്. വലിയ സന്തോഷം.