എന്റെ പിന്തുണ മാരാർക്കില്ല, സെറീനയും ജുനൈസും ടോപ്പ് ഫൈവിൽ: റിയാസ് സലിം
Mail This Article
ബിഗ് ബോസ് ഷോയിൽ അഖിൽ മാരാരുടെ ‘മുണ്ടുവിവാദം’ ആകസ്മികമായി സംഭവിച്ച തെറ്റാണെന്ന് റിയാസ് സലിം. ‘‘അഖിൽ മാരാർ കുറെ തെറ്റായ കാര്യങ്ങൾ ബിഗ് ബോസിൽ പറയുന്നുണ്ട്. മാരാര്‍ക്ക് എന്റെ പിന്തുണ ഉറപ്പായും ഇല്ല. കേരളത്തിൽ ഏറ്റവും കൂടുതൽ ടോക്സിക് ആയിട്ടുള്ള ആളുകൾ ഉള്ളതുകൊണ്ടായിരിക്കും അഖിൽ മാരാരെ പോലെ ഒരാൾക്ക് കൂടുതൽ ആരാധകർ ഉണ്ടാകുന്നത്’’– റിയാസ് സലിം പറഞ്ഞു. റോബിനും രജിത് കുമാറിനും ശേഷം ബിഗ് ബോസ് സീസൺ ഫൈവിൽ അതിഥികളായി എത്തിയവരാണ് ഫിറോസ് ഖാനും റിയാസ് സലീമും. കോടതി ടാസ്ക് എന്ന ഗെയിമിന്റെ ഭാഗമായാണ് ഇരുവരും ബിഗ് ബോസ് ഹൗസില്‍ എത്തിയത്. ടാസ്ക് പൂർത്തിയാക്കി ബിഗ് ബോസ് ഹൗസിൽ നിന്നു തിരിച്ചെത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു റിയാസ്.
‘‘ബിഗ് ബോസ് ഇപ്പോൾ അഞ്ചു സീസൺ ആയി. ഇത്രയും നാൾ ഇറങ്ങിയ ഒരു മത്സരാർഥിയും ബിഗ് ബോസ് ഷോ സ്ക്രിപ്റ്റഡ് ആണെന്ന് പറഞ്ഞിട്ടില്ല. സമൂഹത്തിനു മുന്നിൽ നാണംകെടുമ്പോൾ ചിലപ്പോൾ പലതും പറയേണ്ടിവരും. പക്ഷേ ഞാൻ ഒരിക്കലും അങ്ങനെ പറയില്ല. ചിലപ്പോൾ റേറ്റിങ് കുറഞ്ഞതുകൊണ്ടായിരിക്കും ഞങ്ങളെ ഇപ്പോൾ ഷോയിലേക്ക് കൊണ്ടുവന്നത്. പക്ഷേ അത് പുതിയ കാര്യമല്ല. ഹിന്ദി ബിഗ്‌ബോസിലൊക്കെ ചാലഞ്ച് ചെയ്യാൻ വേണ്ടി പഴയ മത്സരാർഥികളെ കൊണ്ടുവരാറുണ്ട്. അത് ബിഗ്‌ബോസിന്റെ ഒരു ഫോർമാറ്റ് ആണ്. സീസൺ ഫൈവിലെ മത്സരാർഥികൾ എല്ലാം നല്ല ആളുകളാണ്. പക്ഷേ കുറച്ചുകൂടി സിലക്‌ഷൻ നന്നാക്കാമായിരുന്നു. എന്നെക്കൊണ്ട് ആകുന്ന വിധത്തിൽ അവരെ ആക്റ്റീവ് ആക്കാൻ ശ്രമിച്ചിട്ടുണ്ട്. ഞാൻ കുറെ ദിവസം മുന്നേ കണ്ട കാര്യങ്ങൾ എല്ലാം അവിടെ പോയി പറഞ്ഞിട്ട് കാര്യമില്ല. പക്ഷേ ചില കാര്യങ്ങളൊക്കെ അവരുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. നാദിറയും ജുനൈസുമൊക്കെ പൊളിറ്റിക്കലി തെറ്റായ കാര്യങ്ങൾ ശക്തമായി ചൂണ്ടിക്കാണിക്കുന്ന മത്സരാർഥികളാണ്.
ബിഗ് ബോസ് ഷോയിൽ അഖിൽ മാരാർ മുണ്ടുപൊക്കി കാണിച്ചത് ഗെയിം സ്ട്രാറ്റജി അല്ല. അത് പെട്ടെന്ന് ഒരു പ്രകോപനം ഉണ്ടായപ്പോൾ ചെയ്തുപോയതാണ്. അത് ആകസ്മികമായി സംഭവിച്ച ഒരു അബദ്ധമായിരുന്നു. മാളിൽ വച്ചുപോലും വേണമെങ്കിൽ ഇങ്ങനെയൊക്കെ ചെയ്യും എന്ന് പറഞ്ഞ സാഹചര്യം വന്നപ്പോൾ ആണ് അഖിൽ അങ്ങനെ ചെയ്തത്. ശോഭ ആളുകളെ സുഖിപ്പിച്ചാണ് ജീവിക്കുന്നത് എന്ന് മാരാർ പറഞ്ഞത് വളരെ തെറ്റായ പ്രസ്താവന ആണ്. അത് മാത്രമല്ല അഖിൽ കുറെ തെറ്റായ കാര്യങ്ങൾ അവിടെ പറയുന്നുണ്ട്. അവിടെയുള്ളവർ പ്രതികരിക്കുന്നുണ്ട്. പക്ഷേ അഖിൽ മാരാരുമായി ശക്തമായി മത്സരിച്ച് നിൽക്കാൻ കഴിയുന്നവർ കുറവാണെന്ന് തോന്നി. മാരാര്‍ക്ക് എന്റെ പിന്തുണ ഉറപ്പായും ഇല്ല. അഖിൽ മാരാർ ഒരു നല്ല ഗെയിമർ ആണെന്ന് നിങ്ങൾക്കെല്ലാം തോന്നുന്നുണ്ടെങ്കിൽ പുള്ളി ടോപ് ഫൈവിൽ ഉണ്ടാകാം. കേരളത്തിൽ ഏറ്റവും കൂടുതൽ ടോക്സിക് ആയിട്ടുള്ള ആളുകൾ ഉള്ളതുകൊണ്ടായിരിക്കും അഖിൽ മാരാരെ പോലെ ഒരാൾക്ക് കൂടുതൽ ആരാധകർ ഉണ്ടാകുന്നത്.
എന്റെ ജീവിതത്തിൽ കുറെ കാര്യങ്ങൾ നടക്കുന്നുണ്ട്. യാതൊരു പ്രസക്തിയുമില്ലാത്ത കാര്യങ്ങൾ വെറുതെ ഉണ്ടാക്കി തള്ളി മറിച്ചു ജീവിക്കുന്ന ആളല്ല ഞാൻ. എനിക്ക് ടാലന്റ് ഉണ്ട് എന്റെ ജീവിതത്തിൽ ചെയ്യാൻ കുറെ കാര്യങ്ങളുണ്ട്. അതുകൊണ്ട് ഇല്ലാത്ത കാര്യങ്ങൾ ഉണ്ടാക്കി പറഞ്ഞ് ബാക്കിയുള്ളവരെ കരി വാരി തേയ്‌ക്കേണ്ട ആവശ്യമില്ല. ഒരു ഷോയിൽ പോയി അതിനെ ഇഷ്ടപ്പെട്ട്, അതിൽനിന്നു കിട്ടിയ നേട്ടങ്ങൾ എല്ലാം ആഘോഷിച്ച് കൊണ്ടിരിക്കുന്ന ഒരാളാണ് ഡോക്ടർ. അദ്ദേഹം ബിഗ് ബോസ് ആടിനെ പട്ടി ആക്കുന്ന ഷോ ആണെന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ അതിൽ യാതൊരു അർഥവുമില്ല.
കഴിഞ്ഞ ഷോയിൽ നടന്നത് ശരിക്കും ഒരു ശാരീരിക ഉപദ്രവം ആയിരുന്നു, ഈ പ്രാവശ്യം നടന്നത് അഖിൽ ജുനൈസിനെ ശരീരം കൊണ്ട് ഒന്ന് തള്ളി. അത് ബിഗ് ബോസിൽ എപ്പോഴും നടക്കുന്ന കാര്യമാണ്. അത് ശാരീരിക ഉപദ്രവമായി ജുനൈസിനു തോന്നിയെങ്കിൽ ഗൗരവമായി കാണണം. പക്ഷേ എന്റെ കാഴ്ചപ്പാടിൽ അതൊരു ശാരീരിക ഉപദ്രവമായി കാണേണ്ട സംഭവം അല്ലായിരുന്നു. അതിന്റെ കാര്യത്തിൽ അഖിലിനെ പുറത്താക്കേണ്ട കാര്യമില്ല. ബിഗ് ബോസ് ഒരിക്കലും ഫെയ്ക് അല്ല. വളരെ നന്നായി അറേഞ്ച് ചെയ്ത ഒരു ഷോ ആണ്. അങ്ങനെ പറയുന്ന ഡോക്ടർ മാത്രമേ ഉണ്ടാകൂ. എല്ലാ ഷോയും എഡിറ്റ് ചെയ്തു മാത്രമേ കാണിക്കാൻ പറ്റൂ. ഒരു ദിവസം മുഴുവൻ പോകുന്ന ഷോ എഡിറ്റ് ചെയ്തു മാത്രമേ ഒരു മണിക്കൂർ കാണിക്കാൻ പറ്റൂ. അതൊരു പുതിയ കാര്യമല്ല. ബിഗ് ബോസ് സ്ക്രിപ്റ്റഡ് അല്ല.
അവിടെ പോയിട്ട് ഞാൻ കൂടുതൽ സമയം ചെലവഴിച്ചത് സെറീന, ജുനൈസ് എന്നിവരോടൊപ്പമാണ് അവർ രണ്ടും നല്ല വ്യക്തികളാണ്. നാദിറയും നല്ല വ്യക്തിയാണ്. അവരൊക്കെ ടോപ് ഫൈവിൽ വരട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു. ടോപ് ഫൈവിൽ ആരൊക്കെ വരുമെന്ന് ഞാൻ പറയുന്നില്ല. ജനങ്ങൾക്ക് ഇഷ്ടമുള്ളവരെ വിജയിപ്പിക്കട്ടെ. വീക്ക് ആയിട്ട് സേഫ് ഗെയിം കളിക്കുന്നവർ നോമിനേഷനിൽ വരാത്തതുകൊണ്ടാണ് ദുര്ബലരായവർ ഇപ്പോഴും നില്കുന്നതും നല്ല ആൾക്കാർ പുറത്തുപോകുന്നതും.’’– റിയാസ് സലിം പറഞ്ഞു.
ഡോ. റോബിൻ രാധാകൃഷ്ണനെ മനഃപൂർവം റിയാസ് ടാർഗറ്റ് ചെയ്യുകയാണെന്ന ആരതി പൊടി പറഞ്ഞതിനെപ്പറ്റിയുള്ള ചോദ്യത്തിന്, ആവശ്യമില്ലാത്ത കഥകൾ ഉണ്ടാക്കി തള്ളിമറിച്ച് ജീവിക്കുന്നവർ അങ്ങനെ പലതും പറയുമെന്ന് റിയാസ് സലിം പറയുന്നു. ഒരു പരിപാടിയിൽ പങ്കെടുത്ത് അവിടെനിന്നു കിട്ടിയ പ്രശസ്തിയുടെ നേട്ടം ആസ്വദിച്ച് പരിപാടിയെ കരിവാരിത്തേക്കുന്ന പ്രസ്താവനകൾ നടത്തുന്നത് ഒട്ടും ശരിയല്ല എന്നും അങ്ങനെ ചെയ്യുന്ന ഒരാൾ ഡോക്ടർ റോബിൻ മാത്രമേ ഉണ്ടാവുകയുള്ളൂ എന്നും റിയാസ് സലിം പറഞ്ഞു.
English Summary: Riyals Salim's first response after returning from big boss house.