പറയാൻ പാടില്ലാത്തത് പറഞ്ഞു, ബിഗ് ബോസ് സമ്മതിച്ചാൽ പോകും: ക്ഷമ ചോദിച്ച് അനിയൻ മിഥുൻ
Mail This Article
ബിഗ് ബോസ് വീക്‌ലി ടാസ്കിൽ കമാൻഡോ ഓഫിസറുമായുള്ള പ്രണയകഥ പറഞ്ഞ് വിവാദത്തിലായ അനിയൻ മിഥുൻ ഒടുവിൽ പ്രേക്ഷകരോടും ബിഗ് ബോസിനോടും മാപ്പ് പറഞ്ഞു. ഇവിടെ പറയാൻ പാടില്ലാത്ത കാര്യങ്ങളാണ് പറഞ്ഞതെന്നും അതിന്റെ ഗൗരവം മനസ്സിലാക്കി വ്യക്തിപരമായി മോഹൻലാലിനോടും ബിഗ് ബോസിനോടും ക്ഷമ ചോദിക്കുന്നുവെന്നും അനിയൻ മിഥുൻ പറഞ്ഞു.
‘‘മുന്നോട്ടുപോകണം എന്ന് തന്നെയാണ് ആഗ്രഹിച്ചത്. പക്ഷേ കഴിഞ്ഞ എപ്പിസോഡിനു ശേഷം കാര്യങ്ങൾ മാറി. ബിഗ് ബോസ് സമ്മതിക്കുകയാണെങ്കില്‍ എനിക്കു പോകണം എന്നാണ് ആഗ്രഹം. മത്സരത്തിന്റെ ഗുഡ് വൈബ് നഷ്ടപ്പെട്ടു. കഴിഞ്ഞ എപ്പിസോഡിലുണ്ടായ സംഭവത്തില്‍ എനിക്ക് വ്യക്തിപരമായി സോറി പറയണം എന്ന് തോന്നി. ലാലേട്ടനോടായാലും ബിഗ് ബോസിനോടായാലും പ്രേക്ഷകരോടായാലും എന്നെ ഇഷ്‍ടപ്പെടുന്ന ആള്‍ക്കാരോടും, ഇന്ത്യൻ ആര്‍മി എന്ന് പറയുന്ന ആ വലിയ ഫോഴ്‍സിനോടും. എനിക്ക് ഈ വേദിയില്‍ വച്ചു തന്നെ സോറി പറയണമെന്ന് തോന്നി. എന്റെ കഥയില്‍ ഞാൻ പറഞ്ഞ കാര്യം ഏതെങ്കിലും രീതിയില്‍ ബാധിച്ചിട്ടുണ്ട് എന്ന് എനിക്ക് അറിയാം. ഞാൻ അത് ന്യായീകരിക്കുകയല്ല, സോറി പറഞ്ഞിട്ട് ഇവിടെ നിന്ന് ഇറങ്ങണം എന്നു തോന്നുന്നു. ഞാൻ പറയാൻ പാടില്ലാത്ത ഒരു കാര്യം ഇവിടെ പറഞ്ഞിട്ടുണ്ടെന്ന് എനിക്ക് ബോധ്യമുണ്ട്. ’’– അനിയൻ മിഥുൻ പറഞ്ഞു.
ബിഗ് ബോസ് ഷോയിൽ വീക്‌ലി ടാസ്‌കായി സ്വന്തം ജീവിതാനുഭവം വെളിപ്പെടുത്താൻ ആവശ്യപ്പെട്ടപ്പോഴാണ് അനിയൻ മിഥുന്‍ എന്ന മത്സരാർഥി ഇന്ത്യൻ ആർമിയിലെ ഒരു പാരാ കമാൻഡോയുമായി ഉണ്ടായ പ്രണയകഥ പറഞ്ഞത്. കശ്മീരില്‍ ഇന്ത്യന്‍ ആര്‍മി വിഭാഗത്തിലെ പാരാ കമാൻഡോ ആയ സനയെന്ന ഓഫിസര്‍ റാങ്കില്‍ ഒരു വനിതയെ പരിചപ്പെട്ടെന്നും അവള്‍ പഞ്ചാബി ആയിരുന്നെന്നും തുടര്‍ന്ന് അവൾ പ്രൊപ്പോസ് ചെയ്‌തെന്നും സ്വന്തം ഇഷ്ടം തുറന്നു പറയുന്നതിന് മുൻപ് ആ ഓഫിസർ ഒരു യുദ്ധത്തിൽ നെറ്റിയിൽ വെടിയുണ്ട തറച്ചു മരിച്ചു എന്നുമാണ് അനിയൻ മിഥുൻ പറഞ്ഞത്. അതേസമയം ഇന്ത്യന്‍ ആർമിയെക്കുറിച്ചുള്ള മിഥുന്റെ വെളിപ്പെടുത്തലുകളെ ഷോയുടെ അവതാരകന്‍ മോഹന്‍ലാലും ചോദ്യം ചെയ്തിരുന്നു.
സമൂഹമാധ്യമങ്ങളില്‍ അടക്കം നിരവധി പേര്‍ മിഥുനെ നിശിതമായി വിമർശിച്ചിരുന്നു. ഇതിനെക്കുറിച്ച് ശനിയാഴ്‌ച മോഹൻലാൽ ചോദ്യമുയർത്തിയപ്പോഴും പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിന്ന മിഥുൻ ഞായറാഴ്ചത്തെ എപ്പിസോഡില്‍ മോഹൻലാലിനോടും പ്രേക്ഷകരോടും മാപ്പ് പറയുകയാണുണ്ടായത്. പക്ഷേ പറഞ്ഞ കാര്യങ്ങൾ തിരുത്തുകയോ അതിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തുകയോ ചെയ്യാൻ മിഥുൻ തയാറായില്ല.