ഒടിടിയിൽ കാണാം ഈ സിനിമയുടെ ‘അസ്ഥികൂടം’
Mail This Article
‘രക്ഷാധികാരി ബൈജു ഒപ്പ്’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിനു ശേഷം ആറു വർഷത്തെ ഇടവേള കഴിഞ്ഞാണ് രഞ്ജൻ പ്രമോദിന്റെ ഒരു ചിത്രം തിയറ്ററിലെത്തുന്നത്. മലയാളികളെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത തൂലികയാണ് രഞ്ജൻ പ്രമോദിന്റേത്. ഇതുവരെ രഞ്ജൻ പറഞ്ഞ കഥകളിൽനിന്നും എഴുതിയ കഥാപാത്രങ്ങളിൽനിന്നും തികച്ചും വ്യത്യസ്തമാണ് ‘ഓ. ബേബി’യുടെ ഭൂമിക. ദിലീഷ് പോത്തനെ കേന്ദ്രകഥാപാത്രമാക്കി ഹൈറേഞ്ചിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രം അടിമുടി വന്യമാണ്. കഥാപാത്ര പരിചരണത്തിലും പ്രമേയത്തിലും ഒരുപോലെ മികവു പുലർത്തുന്ന ചിത്രം രഞ്ജൻ പ്രമോദിന്റെ കരിയർ ബെസ്റ്റ് തന്നെയാണ്. സാങ്കേതികത്തികവു തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. സിനിമ കൃത്യമായി രാഷ്ട്രീയവും സംസാരിക്കുന്നുണ്ട്.
പ്രകൃതിയാണ് സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രം. പ്രകൃതിയിലെ ഓരോ ചെറിയ ശബ്ദവും നിശബ്ദത പോലും പ്രേക്ഷകരിലേക്ക് സന്നിവേശിപ്പിക്കുക ശ്രമകരമായ ദൗത്യമാണ്. സിനിമയിലൂടനീളം കാട്ടിലൂടെ സഞ്ചരിക്കുന്ന പ്രതീതി പ്രേക്ഷകരിൽ സൃഷ്ടിക്കാൻ സാങ്കേതിക പ്രവർത്തകർക്ക് കഴിഞ്ഞിട്ടുണ്ട്. ക്രാഫ്റ്റും അഭിനേതാക്കളുടെ പ്രകടനവും ദൃശ്യ-ശ്രവ്യ സാങ്കേതിക തികവും ചേരുന്നൊരു ടോട്ടൽ പാക്കേജാണ് ഇവിടെ കാണാൻ കഴിയുന്നത്. ബ്രഹ്മാണ്ഡ സിനിമകൾ മാത്രമല്ല, സാങ്കേതിക തികവും ക്രാഫ്റ്റുമുള്ള സിനിമകളും തിയറ്റർ വാച്ച് അർഹിക്കുന്നുണ്ടെന്നു ഒരിക്കൽ കൂടി അടിവരയിടുന്നുണ്ട് ‘ഓ. ബേബി’.
വെടികൊണ്ടു പിടഞ്ഞു കുതറിയോടുന്ന കാട്ടുപന്നി കുത്താൻ ആഞ്ഞടുക്കുന്ന പ്രതീതി സൃഷ്ടിക്കുന്നുണ്ട് സിനിമ. കാട്ടരുവികളിലൂടെ നടക്കുമ്പോൾ കാലുകൾ നനച്ച പ്രതീതിയും പ്രേക്ഷകർ അനുഭവിച്ചറിയുന്നുണ്ട്. വേട്ടയും വേട്ടക്കാരനും സിനിമയുടെ പ്രധാന ബിംബങ്ങളാണ്. തിയറ്ററിനകത്ത് സാങ്കേതിക തികവുകൊണ്ടും തിയറ്റർ വിട്ടിറങ്ങുമ്പോൾ, പങ്കുവയ്ക്കുന്ന രാഷ്ട്രീയത്തിന്റെ പേരിലും സിനിമ പ്രേക്ഷകനെ വേട്ടയാടുക തന്നെ ചെയ്യും. ‘ചെകുത്താൻമല’ ഇറങ്ങി വരുന്ന ഭാരം പ്രേക്ഷകന്റെ മനസ്സിൽ ബാക്കിവയ്ക്കുന്നുണ്ട് സിനിമ.
ശബ്ദ മിശ്രണത്തിലും ഛായാഗ്രഹണത്തിലും ഒരേ പോലെ മികവു പുലർത്തുന്ന ‘ഓ. ബേബി’ എല്ലാ അർഥത്തിലും തിയറ്റിൽത്തന്നെ അനുഭവിച്ചറിയേണ്ട സിനിമയാണ്. ഏറ്റവും മികച്ച സാങ്കേതിക സംവിധാനമുള്ള ഡോൾബി അറ്റ്മോസ് ശബ്ദ സംവിധാനമുള്ള തിയറ്ററിൽത്തന്നെ ‘ഓ. ബേബി’ കാണുകയും അനുഭവിച്ചറിയുകയും വേണം. കോവിഡ് കാലത്തായിരുന്നു സിനിമയുടെ ഷൂട്ടിങ്. ഏറെ വൈകിയാണ് സിനിമ തിയറ്റിലെത്തുന്നതും. എന്നാൽ അതൊന്നും സിനിമയുടെ നിലവാരത്തെ ഒരു തരത്തിലും ബാധിച്ചിട്ടില്ല എന്നു മാത്രമല്ല, സാങ്കേതികമായി ഒരു തരത്തിലുള്ള വിട്ടുവീഴ്ചകൾക്കും സംവിധായകനും അണിയറ പ്രവർത്തകരും വഴങ്ങിയിട്ടില്ല എന്നതും സിനിമയുടെ മാറ്റ് കൂട്ടുന്നു. ഹോളിവുഡ് സിനിമകളുടെ ടെക്നിക്കൽ ബ്രില്ല്യൻസിനെ വാനോളം പുകഴ്ത്തുന്ന മലയാളി പ്രേക്ഷകർ പരിമിതമായ സാഹചര്യങ്ങളിൽ പൂർത്തിയാക്കിയ ടെക്നിക്കലി ബ്രില്ല്യന്റായ ഈ ചിത്രത്തെയും പ്രോത്സാഹിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം കൂടിയാണ്.
ഹൈറേഞ്ചിന്റെ സൗന്ദര്യവും വന്യതയും അടിമ-ഉടമ ബന്ധങ്ങളും പ്രേമവും കാമവും പ്രതികാരവും പകയും ആസക്തികളും ജാതിയും വിശ്വാസങ്ങളുമൊക്കെ ഇടകലരുന്ന കഥാപരിസരത്തെ തീവ്രത നഷ്ടപ്പെടാതെ പ്രേക്ഷകരിലേക്ക് പകർത്തിവയ്ക്കുന്നത് ചിത്രത്തിന്റെ ടെക്നിക്കൽ ബ്രില്ല്യൻസ് തന്നെയാണ്. സംവിധായകന്റെ തന്നെ വാക്കുകൾ കടമെടുത്തു പറഞ്ഞാൽ ‘ഓ. ബേബി ഒടിടിയിൽ കാണാൻ കാത്തിരിക്കുന്നവർ അതിന്റെ അസ്ഥികൂടത്തെ മാത്രം ആവും കാണുന്നത്. തിയറ്ററിൽ കാണാൻ കഴിയാത്തതിൽ ഉറപ്പായും അപ്പോൾ വിഷമം തോന്നും.’ സംവിധായകന്റെ ഈ വാക്കുകളോട് പൂർണ്ണമായും യോജിക്കേണ്ടി വരും. ‘ഓ. ബേബി’ പൂർണമായും തിയറ്ററിൽ അനുഭച്ചറിയേണ്ട സിനിമയാണ്.