‘ആദിപുരുഷ്’ ആദ്യ ഷോ കാണുന്ന വാനരൻ; വൈറൽ വിഡിയോ
Mail This Article
പ്രഭാസ് നായകനായി എത്തുന്ന ‘ആദിപുരുഷ്’ തിയറ്ററിൽ എത്തുമ്പോൾ ഹനുമാനായി ഒരു സീറ്റ് ഒഴിച്ചിടും എന്ന നിർമാതാക്കളുടെ പ്രഖ്യാപനം ഏറെ ചർച്ചയായിരുന്നു. ഇപ്പോഴിതാ സിനിമയുടെ റിലീസ്ദിനത്തിൽ ആദ്യ ഷോയുടെ സമയത്ത് തിയറ്ററിലെത്തിയ ഒരു കുരങ്ങിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. പ്രഭാസിന്റെ ആരാധകർ തന്നെയാണ് ഈ വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. എന്നാൽ ഈ വിഡിയോയുടെ ആധികാരികത സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
അതേസമയം, ‘ആദിപുരുഷ്’ പ്രദർശിപ്പിക്കുന്ന തിയറ്ററുകളിൽ ഹനുമാനുവേണ്ടി ഒഴിച്ചിടുന്ന സീറ്റുകളുടെ ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിലടക്കം വലിയതോതിൽ പ്രചരിക്കുന്നുണ്ട്. ഹനുമാന്റെ ചിത്രം ആലേഖനം ചെയ്ത കാവി മുണ്ട് സീറ്റിൽ വിരിച്ചിടുന്ന ഫോട്ടോയാണ് പ്രചരിക്കുന്നത്. രാമായണം പ്രമേയമായ ചിത്രം കാണാൻ ഹനുമാൻ ഉറപ്പായും എത്തും എന്ന വിശ്വാസമാണ് സീറ്റ് ഒഴിച്ചിടാൻ അണിയറപ്രവർത്തകരെ പ്രേരിപ്പിച്ചത്.
വിഎഫ്എക്സിന് ഏറെ പ്രാധാന്യമുള്ള സിനിമയുടെ ബജറ്റ് 500 കോടിയാണ്. അതിന്‍റെ 85 ശതമാനത്തോളം, റിലീസിനു മുന്‍പു തന്നെ ചിത്രം തിരിച്ചുപിടിച്ചതായാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
‘താനാജി’ക്കു ശേഷം ഓം റൗട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രാഘവ എന്ന കഥാപാത്രമായി പ്രഭാസും ലങ്കേഷ് എന്ന വില്ലൻ കഥാപാത്രമായി സെയ്ഫ് അലിഖാനും എത്തുന്നു. ജാനകിയായി കൃതി സനോണും ലക്ഷ്മണനായി സണ്ണി സിങ്ങും ഹനുമാന്റെ വേഷത്തിൽ ദേവദത്ത നാഗേയും അഭിനയിക്കുന്നു.
ഇന്ത്യയിലെ ഏറ്റവും മുതൽമുടക്കേറിയ ചിത്രങ്ങളിലൊന്നാണ് ആദിപുരുഷ്. നിർമാണച്ചെലവിൽ 250 കോടിയും വിഎഫ്എക്സിനു വേണ്ടിയാണ്. 120 കോടിയാണ് പ്രഭാസിന്റെ മാത്രം പ്രതിഫലം. ടി- സീരിസ്, റെട്രോഫൈല്‍ ബാനറില്‍ ഭൂഷണ്‍ കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സാഹോയ്ക്കും രാധേശ്യാമിനും ശേഷം നിർമാതാവ് ഭൂഷണ്‍ കുമാറുമായുള്ള പ്രഭാസിന്റെ മൂന്നാമത്തെ പ്രോജക്ടാണ് ആദിപുരുഷ്.
English Summary: Monkey Enters Theatre During Screening Of Adipurush