വടിവേലുവിന് വില്ലനായി ഫഹദ്?; മാമന്നന് ട്രെയിലർ
Mail This Article
പരിയേറും പെരുമാള്‍, കര്‍ണന്‍ എന്നീ ബ്ലോക്ക് ബസ്റ്റര്‍ ചിത്രങ്ങള്‍ക്ക് ശേഷം മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന ‘മാമന്നൻ’ ട്രെയിലർ പുറത്തിറങ്ങി. ഉദയനിധി സ്റ്റാലിൻ, ഫഹദ് ഫാസിൽ, വടിവേലു, കീർത്തി സുരേഷ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തമിഴിൽ പതിറ്റാണ്ടുകളായി ഹാസ്യരംഗത്ത് മുടിചൂടാ മനന്നനായി വാഴുന്ന വടിവേലുവിന്റെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളിലൊന്നാകും മാമന്നലിലേത്.
ഫഹദ് ഫാസില്‍ വില്ലനായി എത്തുന്നുവെന്നാണ് റിപ്പോർട്ട്. ഡിസംബറിൽ തമിഴ്‌നാട്ടിലെ യുവജനക്ഷേമ കായിക വികസന മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം നടനും-രാഷ്ട്രീയ പ്രവർത്തകനുമായ ഉദയനിധി തന്റെ അവസാന സിനിമയായി പ്രഖ്യാപിച്ച ചിത്രമാണ് ‘മാമന്നൻ’. രാഷ്ട്രീയ പ്രവർത്തനത്തിൽ സജീവമായി നിൽക്കാൻ വേണ്ടിയാണ് താൽക്കാലികമായി അഭിനയരംഗത്തുനിന്നും മാറി നിൽക്കുന്നത്.
ഓസ്കർ ജേതാവ് എ.ആർ. റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. പ്രശസ്‌ത പ്രൊഡക്‌ഷൻ ആൻഡ് ഡിസ്ട്രിബൂഷൻ കമ്പനി ആയ റെഡ് ജയന്റ് ആണ് ചിത്രത്തിന്റെ നിർമ്മാണം.
ഛായാഗ്രഹണം തേനി ഈശ്വർ ആണ്. കേരളത്തിൽ ഷിബു തമീൻസിന്റെ എച്ച്‌ആർ പിക്ചേഴ്സ് ആണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. പിആർഓ പ്രതീഷ് ശേഖർ. ജൂൺ 29ന് ചിത്രം റിലീസ് ചെയ്യും.