അങ്ങനെ രവീന്ദ്രൻ നായർ, പൂജപ്പുര രവിയായി
Mail This Article
മലയാള സിനിമയുടെ വഴിമാറ്റത്തിനൊപ്പം സഞ്ചരിച്ച നടനാണ് രവീന്ദ്രന്‍ നായരെന്ന പൂജപ്പുര രവി. 1962 ൽ ‘വേലുത്തമ്പി ദളവ’ എന്ന ചിത്രത്തിലൂടെ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചു. പിന്നീട് ജഗതി എൻ. കെ. ആചാരിയുടെ കലാനിലയത്തിലെ സ്ഥിരം സാന്നിധ്യമായി. അവിടെ വച്ചാണ് രവീന്ദ്രൻ, പൂജപ്പുര രവിയാകുന്നത്. കലാനിലയം കൃഷ്ണൻ നായരാണ് അദ്ദേഹത്തിന്റെ പേര് മാറ്റിയത്.
ഈ പേര് വരാൻ കാരണമായതെങ്ങനെയെന്നുള്ള ചോദ്യത്തിന് പൂജപ്പുര രവി പറഞ്ഞതിങ്ങനെ: ‘‘കലാനിലയത്തിൽ വന്നപ്പോൾ ഒരുപാട് രവിമാരുണ്ട്. മെഴ്സ് രവി, ക്ലാർക് രവി അങ്ങനെ ഒരുപാട് രവിമാര്...സർ പറയും, ‘ആ രവിയെ വിളിക്ക്’, ഏത് രവിയെന്ന് നോക്കി നിൽക്കുമ്പോൾ പറയും, ‘എടാ ആ പൂജപ്പുര രവിയെ വിളി’, അങ്ങനെയാണ് ഞാൻ പൂജപ്പുര രവിയാകുന്നത്.
കലാനിലയം ഡ്രാമാ വിഷൻ എന്നപ്രശസ്ത നാടക ട്രൂപ്പിന്‍റെ ഭാഗമായി അദ്ദേഹം പ്രവർത്തിച്ചിരുന്നു. 1970 കളുടെ പകുതിയോടെയാണ് രവി സിനിമയിലേക്ക് വീണ്ടുമെത്തുന്നത്. ഹരിഹരന്‍റെ സംവിധാനത്തില്‍ എത്തിയ അമ്മിണി അമ്മാവനിലൂടെ അഭിനയജീവിതത്തിന് തുടക്കമിട്ടു. സത്യൻ, നസീർ, മധു, ജയൻ തുടങ്ങി മമ്മൂട്ടിയും മോഹൻലാലും കഴിഞ്ഞ് പ്രിഥ്വിരാജും ടൊവീനോ തോമസും ഉൾപ്പെടെയുള്ള വിവിധ തലമുറകൾക്കൊപ്പം അഞ്ചു പതിറ്റാണ്ടോളം അഭിനയരംഗത്ത് സജീവമായിരുന്നു അദ്ദേഹം. ‘ഗപ്പി’ സിനിമയിലാണ് അവസാനമായി അഭിനയിച്ചത്.