ADVERTISEMENT

അവസാന ആഴ്‌ചകളിലേക്ക് എത്തി നിൽക്കുന്ന ബിഗ് ബോസ് സീസൺ ഫൈവിൽ സർപ്രൈസുകളുടെ ഘോഷയാത്രയാണ് കഴിഞ്ഞ ദിവസം അരങ്ങേറിയത്. എട്ടു മത്സരാർഥികൾ മാത്രം അവശേഷിക്കുന്ന വീട്ടിലേക്ക് ഓരോരുത്തരുടെയും കുടുംബാംഗങ്ങളുടെ സന്ദർശനം കണ്ണീർക്കാഴ്ചകളുടെയും ഒത്തുചേരലിന്റെ നിമിഷങ്ങളായി മാറി. മത്സരാർഥികളിൽ ഷിജുവിന്റെ ഭാര്യയും മകളുമാണ് ആദ്യം ബിഗ് ബോസ് വീട്ടിലേക്കെത്തിയത്. പിന്നാലെ നാദിറയുടെ സഹോദരിയും സുഹൃത്തും എത്തിയതോടെ തമ്മിലുള്ള ഉൾപ്പോരുകളും മത്സരങ്ങളും മാറ്റിവച്ച് മത്സരാർഥികൾ പരസ്പരം സ്നേഹം പങ്കിടുന്ന അപൂർവ കാഴ്‌ചകൾക്ക് ബിഗ് ബോസ് ഹൗസ് വേദിയായി.

ബിഗ് ബോസ് സീസൺ ഫൈവിലെ സ്ത്രീ മത്സരാർഥികളുടെ ചേരിപ്പോരോടെ കലുഷമായിരുന്ന വീട്ടിലേക്കാണ് പുതിയ സർപ്രൈസ് എത്തിയത്. എല്ലാവരും കണ്ണുമൂടി പുതിയ അതിഥികളെ കാത്തിരിക്കാനുള്ള അറിയിപ്പാണ് ആദ്യം വന്നത്. ആരോ വരാൻ പോകുന്നു എന്ന സൂചനയായിരുന്നു ബിഗ് ബോസ് നൽകിയത്. മെഡിക്കൽ റൂമിലേക്ക് പോയ റിനോഷ് തിരികെ വരാൻ പോകുന്നു എന്നായിരുന്നു മത്സരാർഥികളുടെ ചർച്ച. തുടർന്ന് ‘മിനുങ്ങും മിന്നാമിനുങ്ങേ’ എന്ന് തുടങ്ങുന്ന പാട്ട് കേട്ടതോടെ മത്സരാർഥികളുടെ കുടുംബാംഗങ്ങളാണ് വരാൻ പോകുന്നതെന്ന സൂചന ലഭിച്ചു. ആരാണ് വരുന്നതെന്നറിയാതെ ആകാംക്ഷ ഉള്ളിലടക്കിയിരുന്ന മത്സരാർഥികളുടെ ഇടയിലേക്ക് ആദ്യമെത്തിയത് ഷിജുവിന്‍റെ ഭാര്യ പ്രീതിയും മകള്‍ മുസ്കാനുമായിരുന്നു. ഗാർഡൻ ഏരിയയിൽ ഇരുന്ന ഷിജുവിന്റെ അടുത്തേക്ക് മകളും ഭാര്യയും എത്തി ഷിജുവിനെ കെട്ടിപ്പുണർന്നു. വന്നത് സ്വന്തം കുടുംബമാണെന്നു തിരിച്ചറിഞ്ഞതോടെ പൊട്ടിക്കരയുന്ന ഷിജുവിനെയാണ് പിന്നീട് കാണാനായത്. ഷിജുവും ഭാര്യയും മകളും കെട്ടിപ്പിടിച്ച് സ്നേഹം പങ്കിടുന്നത് കണ്ട മറ്റു മത്സരാർഥികള്‍ക്കും വിതുമ്പൽ അടക്കാനായില്ല.

ഷിജുവിന്റെ ഭാര്യ കൊണ്ടുവന്ന സമ്മാനങ്ങൾ മത്സരാർഥികൾക്ക് സമ്മാനിച്ചു. ജുനൈസിനെ ഏറെ ഇഷ്ടമാണെന്നു പറഞ്ഞ പ്രീതി എല്ലാവരോടും സ്നേഹം പങ്കിടുകയും ഭർത്താവിനോട് തങ്ങൾക്ക് സുഖമാണെന്നും മത്സരത്തിൽ ശ്രദ്ധ ചെലുത്തണം എന്ന് പറയുകയും ചെയ്തു. ഷിജുവിന്റെ മകൾ മുസ്കാൻ ഏവരുടെയും ശ്രദ്ധാകേന്ദ്രമായി മാറി.

തന്റെ സ്കൂളിലെ സഹപാഠികളെല്ലാം റിനോഷ് ഫാൻ ആണെന്നാണ് മുസ്കാൻ പറഞ്ഞത്. വിഷ്ണുവിനെ ഒരുപാടിഷ്ടമാണെന്ന് പറഞ്ഞ മുസ്കാൻ വിഷ്ണുവിനേയും റിനോഷിനെയും കാണാൻ കഴിയാത്തതിൽ നിരാശ പ്രകടിപ്പിച്ചു. ഷിജുവിനൊപ്പം മാത്രമായി കുറച്ച് സമയം ചെലവഴിച്ചതിനു ശേഷം ഇരുവരും മടങ്ങി.

തുടർന്ന് വീട്ടിലേക്ക് വന്നത് നാദിറയുടെ സഹോദരി ഷഹനാസ് ആയിരുന്നു. ട്രാൻസ്ജെൻഡർ ആയതിനു ശേഷം വീട് വിട്ട നാദിറ ഏറെ കാലങ്ങൾക്കു ശേഷമായിരുന്നു സഹോദരിയെ വീണ്ടും കാണുന്നത്. ജീവിതത്തിൽ ഏറെ വെല്ലുവിളികൾ നേരിട്ട് സ്വന്തം അസ്തിത്വം തിരിച്ചുപിടിക്കാൻ ശ്രമിക്കുന്ന നാദിറയെ സ്വന്തം കുടുംബം അംഗീകരിക്കുന്നു എന്ന തിരിച്ചറിവ് ബിഗ് ബോസ് സീസണ്‍ 5 ലെ അസാധാരണ കാഴ്ചയായി മാറി.

കുഞ്ഞനുജത്തി എങ്ങനെ തനിച്ചു വന്നു, വന്നത് വീട്ടിൽ ആരെങ്കിലും അറിഞ്ഞോ എന്നൊക്കെയായിരുന്നു നാദിറയുടെ ആകാംക്ഷ. ബാപ്പയാണ് എയർപോർട്ടിൽ കൊണ്ടാക്കിയതെന്ന് സഹോദരി പറഞ്ഞതു കേട്ട നാദിറയുടെ കണ്ണുകൾ ആനന്ദാശ്രുക്കളാൽ നിറഞ്ഞു. ഹൗസിൽ ഉള്ള മറ്റുള്ളവർക്കും ആ നിമിഷം ഹൃദ്യമായി മാറി. ‘‘ഉമ്മയും വാപ്പയുമൊക്കെ പറഞ്ഞിട്ടാണ് ഞാൻ വന്നത്. വീട്ടിൽ വേറെ പ്രശ്നം ഒന്നുമില്ല. നന്നായിട്ട് കളിക്കണം എന്ന് പറയാൻ പറഞ്ഞിട്ടുണ്ട്. പടച്ചോൻ കൂടെ ഉണ്ട്. നാദിറയുടെ ബാപ്പയല്ലേ എന്ന് ബാപ്പയോട് ചിലർ ചോദിക്കാറുണ്ട്, അത് കേൾക്കുന്നത് ബാപ്പയ്ക്ക് അഭിമാനം ആണ്’’ എന്നൊക്കെ ഷഹനാസ് നാദിറയോട് പറഞ്ഞപ്പോൾ മനം നിറഞ്ഞ് ലോകം വെട്ടിപ്പിടിച്ച ഭാവമായിരുന്നു നാദിറയുടെ മുഖത്ത്.

തന്റെ വീട്ടിൽ നിന്നും ഒരാൾ വരുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ലെന്നും ഈ അപൂർവ നിമിഷം ഒരിക്കലും മറക്കില്ലെന്നുമാണ് നാദിറ പ്രതികരിച്ചത്. ഒരു ട്രാൻസ് വ്യക്തി എന്ന നിലയിൽ ഒരുപാട് കയ്പ്പേറിയ അനുഭവങ്ങളിലൂടെ കടന്നുപോയി സ്വന്തം വീട്ടിൽ നിന്ന് തന്നെ പടിയിറങ്ങേണ്ടി വന്ന നാദിറ വീട്ടുകാരാൽ സ്വീകരിക്കപ്പെടുന്നതും സ്വന്തം പിതാവ് തന്നെ ഓർത്തു അഭിമാനിക്കുന്നു എന്ന് പറഞ്ഞതും ഒരു നാട് മുഴുവൻ തന്നെ പിന്തുണയ്ക്കുന്നു എന്ന് കേട്ടതും നാദിറയുടെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷ നിമിഷമായി മാറി.

നാദിറയുടെ അനുജത്തി ഷഹനാസ് അഖിൽ മാരാരുടെ ഫാൻ ആണെന്നാണ് വെളിപ്പെടുത്തിയത്. അനുജത്തിക്ക് ശേഷം മറ്റൊരു സർപ്രൈസും കൂടി ബിഗ് ബോസ് നാദിറയ്ക്കായി ഒരുക്കിയിരുന്നു. നാദിറയുടെ ഏറ്റവും അടുത്ത സുഹൃത്തായ മിസ് ട്രാൻസ് ഗ്ലോബൽ ശ്രുതി സിതാര ആണ് മത്സരാർഥികളെ സന്ദര്‍ശിക്കാനെത്തിയത്. ശ്രുതിയുടെ വരവോടെ ബിഗ് ബോസ് വീട് വളരെ ആഘോഷകരമായ അന്തരീക്ഷത്തിലേക്ക് മാറി. ഷഹനാസും ശ്രുതിയും മടങ്ങിയതോടെ ഇനി അടുത്തതായി ആരുടെ കുടുംബാംഗം ആയിരിക്കും എത്തുക എന്ന ചർച്ചയിലാണ് മത്സരാർഥികൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com