ജോസഫ് വിജയ് ചന്ദ്രശേഖർ; ദളപതി ചവിട്ടിക്കയറിയ വഴിത്താര
Mail This Article
ഇളയദളപതിയിൽനിന്ന് ദളപതിയിലേക്കുള്ള ജോസഫ് വിജയ് ചന്ദ്രശേഖറിന്റെ വളർച്ച അഭൂതപൂർവമായിരുന്നു. അച്ഛന്റെ കൈപിടിച്ച് സിനിമയിലേക്ക്, തുടർ പരാജയങ്ങൾ, റൊമാന്റിക് ഹീറോയായി തിരിച്ചു വരവ്, ആക്‌ഷൻ ഹീറോയായി ഉയർച്ചയുടെ നാളുകൾ, വീണ്ടും തുടരെ പരാജയങ്ങൾ, തമിഴകത്തെ ഏറ്റവും വിപണിമൂല്യമുള്ള താരമായി വീണ്ടും ഉയർത്തേഴുന്നേൽപ്, സാമൂഹിക, രാഷ്ട്രീയ വിഷയങ്ങളിലെ ഇടപെടലുകൾ, സിനിമയ്ക്ക് അകത്തും പുറത്തും സംഘപരിവാർ രാഷ്ട്രീയത്തിന് എതിരെയുള്ള നിലപാടുകൾ... അങ്ങനെ സംഭവബഹുലമാണ് വിജയ്‌യുടെ വ്യക്തി-ചലച്ചിത്ര ജീവിത യാത്ര. ഉടൻ രാഷ്ട്രീയത്തിലേക്ക് ഉണ്ടാവില്ലെങ്കിലും ഭാവിയിൽ രാഷ്ട്രീയ പ്രവേശനത്തിനുള്ള സാധ്യതകൾ തള്ളിക്കളയാനാകില്ല എന്നു വ്യക്തമാക്കുന്ന സൂചനകൾ, നിലപാടുകൾ. എംജിആറിനെപ്പോലെ, കലൈഞ്ജർ കരുണാനിധിയെപ്പോലെ, ജയലളിതയെപ്പോലെ, രജനികാന്തിനെപ്പോലെ തമിഴിന്റെ രാഷ്ട്രീയ-സാംസ്കാരിക ഭൂമികയിൽ ചുരുങ്ങിയ കാലം കൊണ്ടൊരു ഐക്കണായി മാറുകയാണ് വിജയ്.
സ്വജനപക്ഷപാതത്തിനു പേരുകേട്ട ഇന്ത്യൻ ചലച്ചിത്ര ഭൂമികയിൽനിന്ന് ഒട്ടും വ്യത്യസ്തമല്ല തമിഴകത്തിന്റെ സിനിമാ ചരിത്രവും. തമിഴ് സിനിമയിലെ മുൻനിര നിർമാതാവും സംവിധായകനുമായ പിതാവ് എസ്.എ.ചന്ദ്രശേഖറിന്റെ പുത്ര വാത്സല്യത്തിന്റെ തണലിൽത്തന്നെയാണ് വിജയ് എന്ന അഭിനേതാവ് ലോഞ്ച് ചെയ്യപ്പെടുന്നത്. ബാലതാരമായി അരങ്ങേറ്റം കുറിച്ച വിജയ് പതിനെട്ടാം വയസ്സിൽ നായകനായി അരങ്ങേറുന്നത് അച്ഛൻ സംവിധാനം ചെയ്ത ‘നാളൈയ തീർപ്പ്’ എന്ന ചിത്രത്തിലൂടെയാണ്. 1992 ലായിരുന്നു റിലീസ്. അഭിനേതാവെന്ന നിലയിൽ ദയനീയമായി പരാജയപ്പെട്ട കന്നി ചിത്രം ബോക്സ്ഓഫിസിൽ ദുരന്തമായി മാറുകയും ചെയ്തു. മറ്റ് ഏതെങ്കിലും പുതുമുഖ നായകനായിരുന്നു വിജയ്‌യുടെ സ്ഥാനത്തെങ്കിൽ അയാളുടെ ചലച്ചിത്ര കരിയറിന് അന്നു തിരശ്ശീല വീഴുമായിരുന്നു. എന്നാൽ മകനെ താരമായി വാഴിക്കാനുള്ള ശ്രമത്തിൽനിന്ന് പിന്മാറാൻ എസ്.എ. ചന്ദ്രശേഖർ തയാറായിരുന്നില്ല. അച്ഛൻ-മകൻ കൂട്ടുകെട്ടിൽ തുടർച്ചയായ മൂന്നു ചിത്രങ്ങൾ കൂടി നിർമിക്കപ്പെട്ടു. സിന്തൂരപാണ്ടി (1993), രസിഗൻ (1994) ദേവ (1995) എന്നിവയായിരുന്നു ആ ചിത്രങ്ങൾ. അവസരങ്ങൾ ഏറെ ലഭിച്ചിട്ടും മികച്ച നടനെന്നു പേരെടുക്കാൻ വിജയ്ക്കു കഴിഞ്ഞില്ല എന്നതാണ് യാഥാർഥ്യം. അപ്പോഴേക്കും തമിഴിലെ പ്രമുഖ ചലച്ചിത്ര പ്രസിദ്ധീകരണങ്ങളും നിരൂപകരുമൊക്കെ ഏറെക്കുറെ വിജയ് ചന്ദ്രശേഖറിനെ എഴുതിത്തള്ളിയിരുന്നു. അച്ഛന്റെ മേൽവിലാസത്തിന്റെ തണലിൽ നിൽക്കുന്ന ഒരു പാരസൈറ്റായി വിജയ് പരിമിതപ്പെട്ടിരുന്നു.
എന്നാൽ രണ്ടു വർഷങ്ങൾക്കു ശേഷം, വിക്രമൻ സംവിധാനം ചെയ്ത ‘പൂവേ ഉനക്കാകെ’ എന്ന മ്യൂസിക്കൽ ലവ് സ്റ്റോറിയിലൂടെ വിജയ് ബോക്സ്ഓഫിസിൽ സാന്നിധ്യം അറിയിച്ചു. 1997 വിജയ് എന്ന നടന്റെ ഗംഭീര തിരിച്ചുവരവിനു സാക്ഷിയായി. ‘ലവ് ടുഡേ’, ‘നേർക്കുനേർ’, അനിയത്തിപ്രാവിന്റെ തമിഴ് റീമേക്കായ ‘കാതലുക്കു മര്യാദൈ’ എന്നീ ചിത്രങ്ങളിലൂടെ വിജയ് ബോക്സ്ഓഫിസിൽ വിജയം ആവർത്തിച്ചു. ‘കാതലുക്കു മര്യാദൈ’ യിലെ ജീവ എന്ന കഥാപാത്രത്തിലൂടെ ആ വർഷത്തെ മികച്ച നടനുള്ള തമിഴ്നാട് സർക്കാരിന്റെ പുരസ്കാരവും വിജയ് സ്വന്തമാക്കി. 1999 ൽ പുറത്തിറങ്ങിയ ‘തുള്ളാത മനമും തുള്ളും’ എന്ന ചിത്രത്തിലൂടെ വിജയ് തമിഴകത്തിന്റെ പ്രണയ നായകനായി കരിയർ ഗ്രാഫ് ഉയർത്തി. എസ്.എ. രാജ്കുമാർ ഈണമിട്ട സിനിമയിലെ എല്ലാ ഗാനങ്ങളും സൂപ്പർഹിറ്റായിരുന്നു. ചിത്രത്തിന്റെ വ്യാവസായിക വിജയം തമിഴകത്തിൽ എന്ന പോലെ കേരളത്തിലും വിജയ്ക്ക് ആരാധകരെ സൃഷ്ടിച്ചു.
പിന്നീട് അദ്ദേഹത്തെ തേടിയെത്തിയത് ഒരുപിടി പ്രണയ സിനിമകളായിരുന്നു. തുടർച്ചയായി നിർമിക്കപ്പെട്ട പ്രണയസിനിമകൾ സമ്മിശ്ര പ്രതികരണങ്ങളാണ് പ്രേക്ഷകർക്കിടയിൽ ഉണ്ടാക്കിയത്. ഖുഷിയും പ്രിയമാനവളേയും ബോക്സ്ഓഫിസ് വിജയങ്ങളായപ്പോൾ ഷാജഹാന് ശരാശരി വിജയം നേടാൻ മാത്രമേ കഴിഞ്ഞുള്ളു. സൂര്യയ്ക്കൊപ്പം ഒന്നിച്ച, മലയാള സിനിമ ഫ്രണ്ട്സിന്റെ അതേ പേരിലുള്ള റീമേക്ക് ബ്ലോക്ക്ബസ്റ്റർ വിജയം നേടി. പുതിയ മില്ലെനിയം വിജയ്ക്കു ഭാഗ്യ തുടക്കങ്ങളുടേതായി. ബദ്രി കൂടി വിജയമായതോടെ തുടർച്ചയായി നാലു വിജയങ്ങൾ വിജയ് സ്വന്തം പേരിൽ ചേർത്തു. പിന്നീട് പതിവു പോലെ ചിത്രങ്ങൾ പരാജയപ്പെടാൻ തുടങ്ങിയെങ്കിലും തിരുമലൈ എന്ന ചിത്രത്തിലൂടെ വിജയ് റൊമന്റിക് ഹീറോയിൽനിന്ന് ആക്‌ഷൻ ഹീറോയിലേക്കുള്ള ചുവടുമാറ്റം ഗംഭീരമാക്കി.
ധരണിയുടെ ‘ഗില്ലി’യുടെ മാസ്മരിക വിജയത്തോടെ വിജയ് സൂപ്പർതാര പദവിയിലേക്ക് കുതിച്ചുയർന്നു. അൻപതു കോടി രൂപ കലക്‌ഷൻ നേടിയ ആദ്യ തമിഴ് ചിത്രമായി ഗില്ലി മാറി. അതോടെ തമിഴ് വാണിജ്യ സിനിമയിലെ അഭിഭാജ്യ ഘടകമായി വിജയ്. ആക്‌ഷൻ സിനിമകൾക്ക് തുടർച്ചകളും തുടർ വിജയങ്ങളും ഉണ്ടായി. തിരുപ്പാച്ചിയുടെയും പോക്കിരിയുടെയും ബ്ലോക്ക്ബസ്റ്റർ വിജയങ്ങൾ തെന്നിന്ത്യൻ സിനിമാ ലോകത്ത് വിജയ്ക്കു വലിയ സ്വീകാര്യത നേടി കൊടുത്തു. ആക്‌ഷനൊപ്പം വിജയ് സിനിമകളിലെ തട്ടുപൊളിപ്പൻ പാട്ടുകളും ഡാൻസ് കൊറിയോഗ്രാഫിയും ട്രെൻഡിങ്ങായി മാറി. ലോറൻസ് മാസ്റ്റർക്കൊപ്പം തകർത്താടിയ തിരുമലൈയിലെ ഡാൻസ് നമ്പർ ഉൾപ്പടെ വിജയ് അനശ്വരമാക്കിയ എത്രയോ നൃത്തചുവടുകൾ. പാട്ടും ഡാൻസും ആക്‌ഷനും ചേർന്നൊരു കംപ്ലീറ്റ് മാസ് മസാല എന്റർടെയിൻമെന്റ് ഫോർമുലയിലേക്ക് വിജയ് ചിത്രങ്ങൾ മാറാൻ തുടങ്ങി. നിരന്തരം ആവർത്തിക്കപ്പെട്ട ഈ ഫോർമുല ഒരേ സമയം വിജയ്‌യ്ക്കു സമ്മാനിച്ചത് വിജയങ്ങളും പരാജയങ്ങളും.
ഇരട്ടവേഷത്തിലെത്തിയ നെഗറ്റീവ് ഛായയുള്ള ‘അഴകിയ തമിഴ് മകൻ’ ബോക്സ്ഓഫിസിൽ തകർന്നടിഞ്ഞു. തുടർന്നു പുറത്തുവന്ന വില്ല്, സുര ചിത്രങ്ങളും ശരാശരി വിജയം നേടിയെങ്കിലും വിജയ്‌യുടെ താരമൂല്യത്തിനൊത്ത വിജയം സമ്മാനിക്കാൻ കഴിയാതെ നിറം മങ്ങിപ്പോയി. മലയാള ചിത്രം ബോഡിഗാർഡിന്റെ തമിഴ് റീമേക്കായ ‘കാവലനി’ലൂടെ വിജയ് വിജയ വഴിയിൽ തിരികെയെത്തി. വേലായുധം, നൻപൻ, തുപ്പാക്കി, ജില്ലാ, കത്തി എന്നീ സിനിമകളിലൂടെ അദ്ദേഹം വിജയം ആവർത്തിച്ചു. ഫാന്റസി ചിത്രമായ പുലി പക്ഷേ വിജയ്‌യുടെ കരിയറിലെ ഏറ്റവും വലിയ പരാജയമായി മാറി. ബോക്സ് ഓഫിസിൽ ചിത്രം ദയനീയമായി പരാജയപ്പെട്ടു. എന്നാൽ പുലിയുടെ പരാജയത്തെ ‘തെരി’യുടെ മഹാവിജയത്തിലൂടെ വിജയ് മറികടന്നു. വിജയ്-അറ്റ്ലീ ഹിറ്റ് കൂട്ടുകെട്ടിന്റെ പിറവിയും തെരിയിൽ നിന്നായിരുന്നു. മെർസൽ, ബിഗിൽ എന്നീ ചിത്രങ്ങളിലൂടെ വിജയ്-അറ്റ്ലീ ഹിറ്റ് ജോഡി ബോക്സ്ഓഫിസിൽ ബ്ലോക്ക്ബസ്റ്റർ ഹാട്രിക് സ്വന്തമാക്കി. കോവിഡ് മഹാമാരിയിലൂടെ തകർന്നടിഞ്ഞു പോയ തമിഴ്നാട്ടിലെ ചലച്ചിത്ര വ്യവസായത്തിനു പ്രാണവായു ആയി മാറുകയായിരുന്നു. ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘മാസ്റ്റർ’ എന്ന ചിത്രം. തമിഴ്നാട്ടിൽ മാത്രമല്ല കേരളത്തിലെ പ്രദർശനശാലകൾക്കും പുതു ജീവൻ നൽകുന്നതായിരുന്നു മാസ്റ്ററിന്റെ ബോക്സ്ഓഫിസ് വിജയം. ഇരുവരും ഒന്നിക്കുന്ന ‘ലിയോ’യ്ക്കു വേണ്ടിയുള്ള കാത്തിരിപ്പിലാണ് ദളപതി ഫാൻസ്.
ഇളയദളപതിയിൽ നിന്ന് ദളപതിയിലേക്കുള്ള ദൂരം ചെറുതായിരുന്നില്ല വിജയ് എന്ന നടനും വ്യക്തിക്കും. അച്ഛന്റെ തണലിൽ തുടക്കം കുറിക്കുകയും തുടർ പരാജയങ്ങൾ ഏറ്റു വാങ്ങുകയും ചെയ്ത കൗമാരക്കാരനിൽനിന്ന് ഇന്ന് കാണുന്ന സൂപ്പർസ്റ്റാറിലേക്കുള്ള യാത്ര ഏറെക്കുറെ വിജയ് തന്റെ കഠിന പ്രയത്നത്തിലൂടെയും നിശ്ചയദാർഢ്യത്തിലൂടെയും നേടിയെടുത്തതാണ്. വാക്കിലും നോക്കിലും നിലപാടുകളിലും പക്വത കൈവരിച്ച വിജയ്, ഇളയദളപതിയിൽനിന്നു ദളപതിയിലേക്ക് വളരുന്നത് കാലത്തിനൊപ്പമാണ്. തന്റെ പേരിൽ രാഷ്ട്രീയ പാർട്ടി ഉണ്ടാക്കി മുതലെടുപ്പിനു ശ്രമിച്ച സ്വന്തം പിതാവിനെതിരെ പോലും വിജയ് സ്വരം കടുപ്പിക്കുന്ന കാഴ്ചയ്ക്കു തമിഴകം സാക്ഷിയായി.
കേന്ദ്രസർക്കാർ നയങ്ങളെ തന്റെ കഥാപാത്രങ്ങളിലൂടെ വിമർശിച്ച വിജയ് തിരഞ്ഞെടുപ്പ് ദിവസം സൈക്കിളിൽ വോട്ട് ചെയ്യാനെത്തി പ്രെടോൾ-ഡീസൽ വിലവർധനവിനെതിരെ പ്രതീകാത്മകമായി പ്രതിരോധം തീർക്കുകയും ചെയ്തു. തന്റെ മതത്തിന്റെ പേരിൽ സമുദായിക ധ്രുവീകരണവും രാഷ്ട്രീയ മുതലെടുപ്പും നടത്താൻ ശ്രമിച്ചപ്പോൾ ജോസഫ് വിജയ് എന്ന ലെറ്റർപാഡിലൂടെ മറുപടി നൽകിയ വിജയ് സിനിമയ്ക്കും പുറത്തും നിലപാടുകളുടെ പേരിൽ മാസായി.
കേന്ദ്രസർക്കാരിന്റെ കണ്ണിലെ കരടായപ്പോഴൊക്കെ ഇൻകം ടാക്സ് റെയിഡുകളും വിജയ്‌യെയെ പിൻതുടർന്നു. അതിനെയെല്ലാം വിജയകരമായി മറികടന്നുവെന്നു മാത്രമല്ല, പൊതുവേദികളിൽ സാധാരണ മൗനിയായിരിക്കുന്ന അദ്ദേഹം വാചാലനാകുന്നതും തനിക്കെതിരെ ഉയർന്നു വരുന്ന രാഷ്ട്രീയ വിവാദങ്ങളെ ശക്തമായി പ്രതിരോധിക്കുകയും അവസരം ലഭിക്കുമ്പോഴൊക്കെ സംഘപരിവാർ രാഷ്ട്രീയത്തെ പരോക്ഷമായി വിമർശിക്കുകയും ചെയ്യുന്നതും കാണാം. കാശ് നൽകി വോട്ട് വാങ്ങാൻ വരുന്നവരോട് നോ പറയണമെന്നു യുവ തലമുറയോട് വിജയ് ആഹ്വാനം ചെയ്തിട്ടും നാളുകൾ ഏറെയായിട്ടില്ല. കരിയറിലെ ഏറ്റവും മികച്ച കാലഘട്ടത്തിലൂടെയാണ് പ്രായം അൻപതിനോട് അടുക്കുന്ന വിജയ് കടന്നു പോകുന്നത്. മാത്രമല്ല രാഷ്ട്രീയ പ്രവേശനത്തിനു അനുകൂലമായ കാലവസ്ഥയല്ല നിലവിലുള്ളതെന്നും മറ്റാരേക്കാളും നന്നായി വിജയ്ക്ക് അറിയാം. അതുകൊണ്ടുതന്നെ നിലവിൽ തന്റെ ചലച്ചിത്ര കരിയറിൽ ശ്രദ്ധ ചെലുത്താൻ തന്നെയാകും അദ്ദേഹം ശ്രദ്ധിക്കുക. എന്നാൽ വിദൂര ഭാവിയിൽ രാഷ്ട്രീയ പ്രവേശനമെന്ന സാധ്യത തള്ളിക്കളയുന്നില്ല എന്ന് സാക്ഷ്യപ്പെടുത്തുന്നുണ്ട് വിജയ്‌യുടെ പൊതുവേദികളിലുള്ള ഹ്രസ്വവും അളന്നു കുറിച്ചുമുള്ള പ്രസംഗങ്ങൾ. ദ്രാവിഡ് സംസ്കാരത്തിന്റെയും രാഷ്ട്രീയത്തിന്റെയും പ്രതീകമായി വിജയ് ഉയരുമോ എന്നു കാത്തിരുന്നു തന്നെ കാണേണ്ടി വരും.
English Summary: Celebrating Thalapathy Vijay's birthday