ടൊവിനോയുടെ 40 കോടി ചിത്രം; നായിക ഭാവന; ‘നടികര്‍ തിലക’ത്തിനു തുടക്കം
Mail This Article
ഡേവിഡ് പടിക്കൽ എന്ന സൂപ്പർ താരത്തിന്റെ കഥ പറയുന്ന ‘നടികർ തിലകം’ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. കൊച്ചിയിലെ കാക്കനാട് ഷെറാട്ടൺ ഹോട്ടലിൽ നടന്ന പൂജാ ചടങ്ങോടെയായിരുന്നു സിനിമയുടെ ആരംഭം. ലാൽ ജൂനിയറാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ‘ഡ്രൈവിങ് ലൈസൻസ്’ എന്ന ചിത്രത്തിനു ശേഷം ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.
ഗോഡ് സ്പീഡ് ആൻഡ് മൈത്രിമൂവി മേക്കേഴ്സിന്റെ ബാനറിൽ നവീൻ യേർനേനി, വൈ. രവിശങ്കർ, അലൻ ആന്റണി,അനൂപ് വേണുഗോപാൽ എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്. പുഷ്പ ദ് റൈസ് പാര്‍ട്ട് 1 ഉള്‍പ്പെടെ ഒട്ടേറെ ജനപ്രിയ ചിത്രങ്ങള്‍ നിര്‍മിച്ച മൈത്രിമൂവി മേക്കേഴ്‌സിന്റെ ആദ്യ മലയാള ചിതമാണ് ‘നടികർ തിലകം’.
നാൽപതുകോടിയോളം മുതൽ മുടക്കിൽ അൻപതോളം വരുന്ന അഭിനേതാക്കളെ അണിനിരത്തിയാണ് ഈ ചിത്രത്തിന്റെ അവതരണം. വ്യത്യസ്തമായ ലൊക്കേഷനുകളിലൂടെ നൂറു ദിവസത്തോളം നീണ്ടു നിൽക്കുന്ന ചിത്രീകരണമാണ് തയാറാക്കിയിരിക്കുന്നത്. കൊച്ചി, ഹൈദരാബാദ്, കശ്മീർ, ദുബായ് എന്നിവിടങ്ങളാണ് ലൊക്കേഷൻസ്.
സൂപ്പർതാരമായ ഡേവിഡ് പടിക്കലിന്റെ അഭിനയ ജീവിതത്തിൽ അപ്രതീക്ഷിതമായി അരങ്ങേറുന്ന ചില സംഭവങ്ങളും അതു തരണം ചെയ്യാനുള്ള ശ്രമങ്ങളുമാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ഭാവനയാണ് നായിക. സൗബിൻ ഷാഹിർ, ധ്യാൻ ശ്രീനിവാസൻ, അനൂപ് മേനോൻ, രഞ്ജിത്ത്, ലാൽ, ബാലു വർഗീസ്, ഇന്ദ്രൻസ്, സുരേഷ് കൃഷ്ണ, മധുപാൽ, ഗണപതി, അൽത്താഫ് സലിം, മണിക്കുട്ടൻ, സഞ്ജു ശിവറാം, ജയരാജ് കോഴിക്കോട്, ഖാലിദ് റഹ്മാൻ, അഭിരാം പൊതുവാൾ, ബിപിൻ ചന്ദ്രൻ ,അറിവ്, മനോഹരി ജോയ്, മാലാ പാർവതി, ദേവികാഗോപാൽ, ബേബി ആരാധ്യ, അഖിൽ കണ്ണപ്പൻ, ജസീർ മുഹമ്മദ്, രജിത് കുമാർ (ബിഗ് ബോസ് ഫെയിം), ഖയസ് മുഹമ്മദ്.എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.
ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് സുവിന്‍ എസ്. സോമശേഖരനാണ്. ആല്‍ബിയാണ് ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത്. രതീഷ് രാജാണ് എഡിറ്റര്‍. യക്സന്‍ ഗാരി പെരേര, നേഹ എസ്. നായര്‍ എന്നിവര്‍ സംഗീത സംവിധാനവും പ്രശാന്ത് മാധവ് കലാസംവിധാനവും നിര്‍വഹിക്കുന്നു. നിതിന്‍ മൈക്കിളാണ് ചീഫ് അസോഷ്യേറ്റ്. പ്രൊഡക്‌ഷൻ കൺട്രോളർ മനോജ് കാരന്തൂർ, ഓഡിയോഗ്രഫി -ഡാൻ ജോസ്. ഏക്ത ഭട്ടേത് വസ്ത്രാലങ്കാരവും ആര്‍.ജി. വയനാടൻ മേക്കപ്പും നിര്‍വഹിക്കുന്നു. സൗണ്ട് ഡിസൈൻ അരുൺ വർമ തമ്പുരാൻ, വിഷ്വൽ എഫക്ട്സ് മേരകി വിഎഫ്എക്സ്, സ്റ്റിൽ ഫോട്ടോഗ്രഫി വി.വി. ചാർളി, പബ്ലിസിറ്റി ഡിസൈൻ ഹെസ്റ്റൺ ലിനോ, ഡിജിറ്റൽ മാർക്കറ്റിങ് അനൂപ് സുന്ദരൻ. പിആർഓ വാഴൂർ ജോസ്.