ഇറച്ചി വെട്ടുകാരിയായി ഹണി റോസ്; ‘റേച്ചൽ’; നിര്‍മാണം ഏബ്രിഡ് ഷൈൻ
Mail This Article
ഹണി റോസ് പ്രധാന കഥാപാത്രമായെത്തുന്ന പുതിയ ചിത്രത്തിന്റെ പേരും മോഷൻ പോസ്റ്ററും പുറത്തു വിട്ടു. നവാഗതയായ അനന്തിനി ബാല സംവിധാനം ചെയ്യുന്ന ചിത്രം അവതരിപ്പിക്കുന്നത് ഏബ്രിഡ് ഷൈനാണ്. ‘റേച്ചല്‍’ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ പോസ്റ്ററിൽ കയ്യില്‍ വെട്ടുകത്തിയുമായി രക്തരൂക്ഷിതമായ അന്തരീക്ഷത്തില്‍ ഇറച്ചി നുറുക്കുന്ന ഹണി റോസിന്റെ ചിത്രമാണുള്ളത്. വെട്ടുകത്തി മൂർച്ചയുള്ള പെണ്ണിന്റെ കഥ എന്നാണു ചിത്രത്തെ വിശേഷിപ്പിക്കുന്നത്.
ഹണി റോസ് ഇതുവരെ ചെയ്തതിൽ നിന്നും വ്യത്യസ്തമായ വേഷത്തിലായിരിക്കും റേച്ചലിൽ പ്രത്യക്ഷപ്പെടുക എന്നാണു സൂചന. മലയാളി കണ്ട് പരിചയിച്ചിട്ടില്ലാത്ത കഥാ പരിസരത്തിലാണ് റേച്ചൽ എന്ന സിനിമ ഒരുങ്ങുന്നത്. ഒന്നിനൊന്ന് വ്യത്യസ്ഥമായ സിനിമകളുമായി വരുന്ന ഏബ്രിഡ് ഷൈൻ ഇക്കുറി എത്തുന്നത് സംവിധായകൻ ആയല്ല. ആനന്ദിനി ബാല എന്ന പുതുമുഖ സംവിധായികയേയും സിനിമ എഴുത്തിൽ തുടക്കം കുറിക്കുന്ന കഥാകൃത്തും കവിയുമായ രാഹുൽ മണപ്പാട്ടിനെയും പരിചയപ്പെടുത്തികൊണ്ട് നിർമാതാവിന്റെ വേഷപ്പകർച്ചയുമായാണ് ഇത്തവണത്തെ വരവ്. ഹണി റോസിന്റെ അഭിനയ രംഗത്തെ അനുഭവപരിചയം കൃത്യമായി ഉപയോഗിക്കുന്ന സിനിമ ആയിരിക്കുമെന്ന് ഫസ്റ്റ്ലുക്ക് പോസ്റ്റർ സൂചന നൽകുന്നു.
ചിത്രം ത്രില്ലർ ആയിരിക്കും എന്നും സൂചനയുണ്ട്. മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായാണ് സിനിമ ഒരുക്കുന്നത്. ബാദുഷ പ്രൊഡക്ഷൻസ്, പെൻ ആൻഡ് പേപ്പർ ക്രിയേഷൻസ് എന്നീ ബാനറുകളിൽ ബാദുഷ, എൻ എം, ഷിനോയ് മാത്യു, എബ്രിഡ് ഷൈൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചന്ദ്രു ശെൽവരാജാണ് സിനിമട്ടോഗ്രാഫർ. അങ്കിത് മേനോൻ സംഗീതവും പശ്ചാത്തല സംഗീതവും നിർവഹിക്കുന്ന ചിത്രത്തിന്റെ സൗണ്ട് മിക്‌സിങ് ചെയ്യുന്നത് എം.ആര്‍. രാജാകൃഷ്ണനാണ്.
സംസ്ഥാന അവാർഡ് ജേതാവായ ചന്ദ്രു ശെൽവരാജാണ് സിനിമാട്ടോഗ്രാഫർ. പ്രൊഡക്‌ഷൻ ഡിസൈൻ എം. ബാവ, എഡിറ്റിങ് മനോജ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് മഞ്ജു ബാദുഷ, നീതു ഷിനോയ്, ലൈൻ പ്രൊഡ്യൂസർ പ്രിജിൻ ജെ.പി., പിആർഓ എ.എസ്. ദിനേശ്, ആതിര ദിൽജിത്, ഡിസൈൻ ആൻഡ് മോഷൻ പോസ്റ്റർ ടെൻ പോയിന്റ്, ഡിജിറ്റൽ മാർക്കറ്റിങ് മാറ്റിനി ഫൈവ്, അനൂപ് സുന്ദരൻ.
മോൺസ്റ്ററിനു ശേഷം ഹണി റോസ് അഭിനയിക്കുന്ന ചിത്രമാണ് റേച്ചൽ. 2005 ൽ ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെ സിനിമാലോകത്ത് എത്തിയ ഹണി റോസ് ട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, ഹോട്ടല്‍ കാലിഫോര്‍ണിയ, അഞ്ചു സുന്ദരികള്‍, റിംഗ് മാസ്റ്റര്‍, ബഡി, മൈ ഗോഡ്, ചങ്ക്‌സ്, സര്‍ സി.പി, മോൺസ്റ്റർ തുടങ്ങിയവയാണ് ഹണി അഭിനയിച്ച മറ്റു ചിത്രങ്ങള്‍. മലയാളത്തിന് പുറമെ ഇതര ഭാഷാ ചിത്രങ്ങളിലും ഹണി തന്‍റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. സിനിമയ്ക്കും പുറമേ ഉദ്ഘാടന ചടങ്ങുകളിലും തിളങ്ങുന്ന താരമായി മാറുന്ന ഹണി റോസിന് ഏറെ ആരാധകരാണുള്ളത്.