ADVERTISEMENT

ഉമ്മൻ ചാണ്ടിയെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ച നടന്‍ വിനായകന്റെ ചിത്രം കത്തിച്ച് മഹിളാ കോൺഗ്രസ് പ്രവർത്തക ബിന്ദു ചന്ദ്രൻ വി. ഇതിനെരെ ഒന്നല്ല ഒൻപതിനായിരം കേസ് വന്നാലും സഹിക്കുമെന്നും ജയിലിൽ കിടക്കാൻ തയാറാണെന്നും ബിന്ദു ചന്ദ്രൻ പറഞ്ഞു. ആർക്കും ഒരു ദ്രോഹവും ചെയ്യാത്ത ഉമ്മൻ ചാണ്ടിയെപ്പോലൊരാളെ അവഹേളിക്കുമ്പോൾ ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ് എന്ന പ്രസ്ഥാനത്തിൽ നിന്നുകൊണ്ട് എങ്ങനെയാണ് പ്രതികരിക്കാതിരിക്കുന്നതെന്നും ബിന്ദു ചോദിക്കുന്നു. വിനായകന്റെ ചിത്രം കത്തിക്കുന്ന വിഡിയോയും ബിന്ദു സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചു.

 

‘‘നമ്മുടെ ഏവരുടെയും പ്രിയപ്പെട്ട കുഞ്ഞൂഞ്ഞ് ഈ ലോകത്തിൽ നിന്നും വിട പറഞ്ഞിട്ട് ഏതാനും മണിക്കൂറുകളെ ആയിട്ടൊള്ളൂ. എല്ലാ രാഷ്ട്രീയപാർട്ടികളിലെ നേതാക്കളും അദ്ദേഹത്തിന് അനുശോചനം അറിയിച്ചു. ഒരു മനുഷ്യർപോലും കുഞ്ഞൂഞ്ഞിനെതിരെ ഒന്നും പറയില്ല. എല്ലാ ശത്രുക്കളോടും അദ്ദേഹം ക്ഷമിക്കാറാണ് പതിവ്. ആർക്കും ഒരു ദ്രോഹവും ചെയ്യാത്ത നമ്മുടെ സ്വന്തം കുഞ്ഞൂഞ്ഞിനെ ഒരാൾ അവഹേളിക്കുമ്പോൾ ഈ ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ് എന്ന പ്രസ്ഥാനത്തിൽ നിന്നുകൊണ്ട് എങ്ങനെയാണ് പ്രതികരിക്കാതിരിക്കുന്നത്. എല്ലാവരും പ്രതികരിച്ചു കഴിഞ്ഞു. നിങ്ങളുടെ അനുഗ്രഹത്തോടെ കർമം നിർവഹിക്കുകയാണ്. 

 

എടോ വിനായകൻ ഇതിന്റെ പേരിൽ ഒന്നല്ല ഒൻപതിനായിരം കേസ് വന്നാലും ഞാൻ സഹിക്കും. ഞങ്ങളുടെ കു​ഞ്ഞൂഞ്ഞിനു വേണ്ടി...കണ്ണേ കരളേ കുഞ്ഞൂഞ്ഞേ...ഞങ്ങളുടെ നെഞ്ചിലെ റോസാ പൂവേ.’’–ബിന്ദു ചന്ദ്രൻ വി. കുറിച്ചു.

 

ഫെയ്സ്ബുക് ലൈവിലെത്തിയായിരുന്നു ഉമ്മൻ ചാണ്ടിക്കെതിരെ വിനായകൻ അധിക്ഷേപ പരാമർശങ്ങൾ നടത്തിയത്. ആരാണ് ഈ ഉമ്മൻ ചാണ്ടി, എന്തിനാണ് മൂന്നു ദിവസം അവധി തുടങ്ങിയ ആരോപണങ്ങളാണ് ഫെയ്സ്ബുക് ലൈവിലെത്തി വിനായകൻ പറഞ്ഞത്. വിനായകന്റെ ലൈവിനു പിന്നാലെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഇതിനെ തുടര്‍ന്ന് നടൻ തന്നെ പോസ്റ്റ് പിൻവലിക്കുകയായിരുന്നു. 

 

‘‘ആരാണ് ഈ ഉമ്മൻ ചാണ്ടി, എന്തിനാടോ മൂന്ന് ദിവസമൊക്കെ, നിർത്തിയിട്ട് പോ, പത്രക്കാരോടാണു പറയുന്നത്. എന്റെ അച്ഛനും ചത്തു, നിങ്ങളുടെ അച്ഛനും ചത്തു. അതിനിപ്പോ ഞങ്ങളെന്തു ചെയ്യണം. നല്ലവനാണെന്നു നിങ്ങൾ വിചാരിച്ചാലും ഞാൻ വിചാരിക്കില്ല. കരുണാകരന്റെ കാര്യം നോക്കിയാൽ നമ്മൾക്കറിയില്ലേ ഇയാൾ ആരൊക്കെയാണെന്ന്’’– വിനായകന്റെ പരാമർശം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com