ADVERTISEMENT

അൻപത്തിമൂന്നാമാത് സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖാപനം പൂർത്തിയാകുമ്പോൾ ഏഴ് അവാർഡുകളുടെ തിളക്കവുമായി നിറഞ്ഞു നിന്നത് ‘ന്നാ താൻ കേസ് കൊട്’ എന്ന രതീഷ് ബാലകൃഷ്ണ പൊതുവാൾ ചിത്രം. തിയറ്ററിനകത്ത് ഒരേ സമയം ചിരിയും ചിന്തയും പടർത്തിയ ചിത്രം വേറിട്ട പ്രൊമഷൻ രീതികൾ കൊണ്ടും കാസ്റ്റിങിലെ വ്യത്യസ്തത കൊണ്ടും വേറിട്ട ചിത്രം കൂടിയായിരുന്നു. ആക്ഷേപഹാസ്യത്തിലൂടെ സാമൂഹിക-രാഷ്ട്രീയ വിഷയങ്ങൾ ചർച്ച ചെയ്യുന്ന സിനിമകൾ മലളാളത്തിൽ നന്നേ കുറഞ്ഞു വരുന്ന കാലത്ത് സിനിമയുടെ പുരസ്കാര നേട്ടം പ്രതീക്ഷ നൽകുന്നതാണ്. 

 

നർമമാണ് രതീഷ് ബാലകൃഷ്ണൻ സിനിമകളുടെ മുഖമുദ്ര. എന്നാൽ അതൊരിക്കലും കോമഡി സിനിമകളുടെ ഗണത്തിൽപ്പെടുന്നവയുമല്ല. ഗൗരവമുള്ള സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളെ നർമ്മത്തിനൊപ്പം അവതരിപ്പിക്കുന്നതിലാണ് അദ്ദേഹത്തിന്റെ മികവ്. പുറമെയ്ക്കു എന്റർടെയിൻമെന്റ് സിനിമ മാത്രമാണെന്ന പ്രതീതി സൃഷ്ടിക്കുമ്പോഴും തന്റെ നിലപാടുകളും രാഷ്ട്രീയവും പറഞ്ഞുവെക്കാൻ രതീഷിന്റെ സിനിമകൾക്കു കഴിയാറുണ്ട്. 

 

ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ സംവിധായകൻ എന്ന നിലയിൽ വരവറിയിച്ച സംവിധായകനാണ് രതീഷ് ബാലകൃഷ്ണ പൊതുവാൾ. സൂരാജ് വെഞ്ഞാറമൂടിനു മികച്ച നടനുളള പുരസ്കാരം നേടി കൊടുത്തതിനൊപ്പം മികച്ച നവാഗത സംവിധായനും കലാ സംവിധായകനുമുള്ള പുരസ്കാരങ്ങളും ആൻഡ്രോയിഡ് കുഞ്ഞപ്പൻ നേടിയിരുന്നു. എന്നും പരീക്ഷണ സ്വഭാവമുള്ള ആഖ്യാന ശൈലി പിന്തുടരുന്ന സംവിധായകൻ കൂടിയാണ് രതീഷ്. കുഞ്ചാക്കോ ബോബന്റെ കരിയറിലെ ഏറ്റവും വലിയ മേക്ക്ഓവറിനാണ് ‘നാ താൻ കേസ് കൊട്’ എന്ന സാക്ഷിയായത്. ചാക്കോച്ചന്റെ വൈറൽ ഡാൻസോടെയാണ് ചിത്രം ചർച്ചയായി തുടങ്ങിയത്. റോഡിലെ കുഴികളെ പരാമർശിച്ചുള്ള റിലീസിങ് ദിവസത്തെ പത്രപരസ്യം രാഷ്ട്രീയ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും തിരുകൊളുത്തിയെങ്കിലും പ്രേക്ഷകരും നിരുപകരും ഒരേ മനസ്സോടെ സ്വീകരിച്ചു. 

 

മലയാളിയുടെ നിത്യജീവിതത്തിന്റെ ഭാഗമാണ് റോഡിലെ കുഴികൾ. ആ കുഴികളിൽ നിന്നൊരു ചെറിയ പ്ലോട്ട് ഉണ്ടാക്കി കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളുമായി ബന്ധിപ്പിക്കുന്ന തരത്തിൽ അതിനെ വികസിപ്പിച്ചെടുത്ത് പൂർണ്ണമായും ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിച്ച സംവിധായകന്റെ സിനിമാറ്റിക് ബ്രില്ല്യൻസ് തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ഒരുപക്ഷേ കെ.ജി. ജോർജ്ജിന്റെ പഞ്ചവടി പാലത്തിനു ശേഷം നർമ്മത്തിലൂടെ ആക്ഷേപഹാസ്യത്തിലൂടെ സാധാരണക്കാരുടെ പ്രശ്നങ്ങളെ ഇത്രയും ലാളിത്യത്തിലൂടെയും സൂക്ഷമതയോടെയും അവതരിപ്പിച്ച മറ്റൊരു ചിത്രം ഉണ്ടാവില്ലയെന്നു തന്നെ പറയാം.

 

 മികച്ച ജനപ്രീതിയും കലാമൂല്യവുമുള്ള ചിത്രത്തിനൊപ്പം സംവിധായകൻ രതീഷ് ബാലകൃഷ്ണനു മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്കാരവും ലഭിച്ചു. രാജീവനിലൂടെ തന്റെ കരിയർ ബെസ്റ്റ് പ്രകടനം പുറത്തെടുത്ത കുഞ്ചാക്കോ ബോബനെ തേടിയെത്തിയത് മികച്ച നടനുള്ള പ്രത്യേക ജ്യൂറി പരാമർശവും. മുഖ്യാധാരാ അഭിനേതാക്കളെ മാറ്റി നിർത്തി പുതുമുഖങ്ങൾക്കും പ്രദേശവാസികൾക്കും പ്രധാന്യം നൽകിയുള്ള സിനിമയുടെ കാസ്റ്റിങ് വ്യത്യസ്തമായിരുന്നു. മികച്ച സ്വാഭവ നടനുള്ള പുരസ്കാരം നേടിയ പി.പി. കുഞ്ഞികൃഷ്ണൻ ഉൾപ്പടെ എത്രയോ കഥാപാത്രങ്ങളെ ജൈവികത നഷ്ടപ്പെടുത്താതെ അവതരിപ്പിക്കാൻ സംവിധായകനു കഴിഞ്ഞു. ന്യായധിപന്റെ വേഷത്തിൽ തിളങ്ങിയ കുഞ്ഞികൃഷ്ണന്റെ പ്രകടനം സമീപകാലത്തെ ഒരു പുതുമുഖ നടന്റെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നാണ്. മികച്ച ശബ്ദമിശ്രണം (വിപിൻ നായർ), മികച്ച പശ്ചാത്തലസംഗീതം (ഡോൺ വിൻസെന്റ്) , മികച്ച കലാസംവിധാനം (ജ്യോതിഷ് ശങ്കർ) എന്നീ വിഭാഗങ്ങളിൽ പുരസ്കാരം സ്വന്തമാക്കിയ സാങ്കേതിക പ്രവർത്തകർ സിനിമയ്ക്കു നൽകിയ സംഭാവനകളും ഒട്ടും ചെറുതല്ലെന്നു പറയാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com