ADVERTISEMENT

മുപ്പത്താറു വർഷങ്ങൾക്കു പുറകിൽ ഇതേ ജൂലൈ മാസം മുപ്പത്തിയൊന്നാം തീയതി റിലീസായ ‘തൂവാനത്തുമ്പികൾ’ ഇതിനകം എത്ര തവണ കണ്ടു എന്നു പറയാൻ എനിക്കു സാധിക്കില്ല. ഏതായാലും ‘മദനോത്സവം’ പതിനഞ്ചുവട്ടം കണ്ട, വടക്കേവെളിയിലെ ജനാർദനൻ ചേട്ടന്റെ മൂത്ത മകൻ രമേശനെ ഈ വിഷയത്തിൽ ഞാൻ തോൽപിച്ചിട്ടുണ്ട്. ‘തൂവാനത്തുമ്പികൾ’ സിരകളിൽ ലഹരിപോലെ നുരയുന്ന നിരവധി സുഹൃത്തുക്കളെയും എനിക്കറിയാം. ഞങ്ങളുടെ തലമുറ മാത്രമല്ല, പുതുമുറക്കാരും ഈ കൾട്ട് നിനിമയെ ആവേശപൂർവം നെഞ്ചിൽ സൂക്ഷിക്കുന്നവരാണ്. പത്തൊൻപതു കൊല്ലമായി കലാലയത്തിൽ വിദ്യാർഥികൾക്കിടയിൽ ജീവിക്കുന്ന ഞാൻ മണ്ണാറത്തൊടി ജയകൃഷ്ണമേനോനോടുള്ള അവരുടെ വീരാധന ശരിക്കും മനസ്സിലാക്കിയിട്ടുണ്ട്. ഓരോ തവണ കാണുമ്പോഴും പുതിയതായി മാറുന്ന ഇന്ദ്രജാലം പ്രകടിപ്പിക്കുന്ന സിനിമയിലെ കുറെയേറെ രംഗങ്ങൾ ഇന്നലെയും കൂടി കണ്ടു, അനുഭവിച്ചു.

അയൽ ജില്ലകളിൽ വേണ്ടവണ്ണം വിജയം നേടാതെപോയ ‘തൂവാനത്തുമ്പികൾ’ ആലപ്പുഴ പങ്കജിൽ നിറഞ്ഞുകവിഞ്ഞ സദസ്സിനു മുന്നിൽ പ്രദർശിപ്പിച്ചപ്പോൾ ഞാൻ ഒന്നാംവർഷ ഡിഗ്രി വിദ്യാർഥിയായിരുന്നു. റേഷനരിയും മണ്ണെണ്ണയും വാങ്ങാൻ നിവൃത്തിമാർഗമില്ലാതെ ക്ലാരമാരാകാൻ വിധിക്കപ്പെട്ട നാട്ടിലെ ചില ചേച്ചിമാർ കാരണം അന്നൊന്നും സിനിമയിലെ ക്ലാരയുടെ നേരെ എന്നിൽ വേണ്ടത്ര മതിപ്പുണ്ടായില്ല. അവരുടെ അപൂർവമായ വ്യക്തിത്വസൗന്ദര്യം മറഞ്ഞുകിടന്നു. കാലംപോകെ ക്ലാരയോടുള്ള സമീപനം പൂർണമായും ഭേദപ്പെട്ടു. അതിനു കാരണവും നഗരജീവിതത്തിൽ പരിചയപ്പെട്ട ക്ലാരമാർ തന്നെ. എന്നിട്ടും ‘തൂവാനത്തുമ്പികൾ’ മനസ്സിൽ ഉയിർപ്പിച്ച സംശയങ്ങൾ പിന്നെയും പച്ചയോടെ നിന്നു. പണക്കാരനായ ജയകൃഷ്ണനെയും കെട്ടി ക്ലാരയ്ക്ക് മണ്ണാറത്തൊടിയിൽ ഒരു റാണിയെപ്പോലെ വാഴാമായിരുന്നില്ലേ? അതിനുള്ള അവസരം അവൾ എന്തുകൊണ്ട് നിഷേധിച്ചു? ഈ രണ്ടു ചോദ്യങ്ങളും ഇപ്പോൾ എന്നിൽ അവശേഷിക്കുന്നില്ല. നാലു നാളത്തെ കമ്പമെന്നു കവികൾ വിശേഷിപ്പിച്ച പ്രണയത്തെ ശാശ്വതവൽക്കരിക്കാനായി ക്ലാര സ്വയംവരിച്ച മഹത്തായ ത്യാഗത്തെ ഇന്നു ഞാൻ മനസ്സിലാക്കുന്നു. പൊതുവേ യോജിച്ചുപോകാൻ കൂട്ടാക്കാത്ത പ്രണയത്തെയും സ്വാതന്ത്ര്യത്തെയും ചേർത്തുപിടിക്കാൻ തിടുക്കംകൊണ്ട അവളുടെ ഹൃദയവിശുദ്ധിയെ, സമർപ്പണത്തെ, ധീരതയെ ഞാനും വണങ്ങട്ടെ.

മണ്ണാറത്തൊടി ജയകൃഷ്ണൻ പ്രകടിപ്പിക്കുന്ന സ്വച്ഛന്ദതാബോധം സാമൂഹികവും സാമ്പത്തികവുമായ സുരക്ഷിതത്വത്തിൽനിന്നു പിറവികൊണ്ടതാണ്. മുഴുക്കുടിയനായ പിതാവിന്റെയും സ്വൈര്യം കൊടുക്കാത്ത രണ്ടാനമ്മയുടെയും നടുവിൽ ഗതികെട്ടു ജീവിക്കുന്ന ക്ലാര ഇത്തരം പ്രിവിലേജുകൾ അനുഭവിക്കുന്നവളല്ല. ക്ലാരയുടെ സ്വതന്ത്രചിന്തകൾ നൈസർഗികമാണ്. അവൾ നിശ്ചയിക്കുന്നു, നടപ്പാക്കുന്നു. ഒരുതവണ മാത്രമേ ഇടനിലക്കാരനായ തങ്ങളുടെ സേവനം പോലും ക്ലാര സ്വീകരിച്ചിട്ടുള്ളൂ. തുടർന്നുള്ള യാത്രകൾ അവൾ തനിച്ചു നടത്തി. അതിനുവേണ്ട ത്രാണി അവൾക്കെങ്ങനെ ലഭിച്ചു? മറുപടി ഒരൊറ്റ വരിയിൽ തീരും- ജയകൃഷ്ണനോടുള്ള തീവ്രമായ പ്രണയം. കേവലം ഒരു രാത്രികൊണ്ട്, എത്ര അകലെയായാലും എന്നും അടുത്തുണ്ടെന്ന തോന്നൽ ക്ലാരയുടെ ഹൃദയത്തിൽ ആഴത്തിൽ മുദ്രവച്ചു കൊടുത്തയാൾ പോലും ഈ രഹസ്യം തുടക്കത്തിൽ അറിഞ്ഞില്ല. ജീവിതത്തിലാദ്യമായി ശരീരം പങ്കിട്ട പെണ്ണായി ജയകൃഷ്ണൻ ക്ലാരയെ കണ്ടപ്പോൾ ക്ലാരയെ സംബന്ധിച്ചിടത്തോളം അവൾ ആദ്യമായി മാത്രമല്ല, അവസാനമായും പ്രണയിച്ച പുരുഷനായിരുന്നല്ലോ ജയകൃഷ്ണൻ. അവളെ കേവലമായ അനുഭൂതിയുടെ സ്രോതസ്സായി ജയകൃഷ്ണൻ കരുതിയപ്പോൾ ഏതു ജീവിതകാലാവസ്ഥയിലും നിലനിൽക്കുന്ന നിത്യഹരിതപ്രേമത്തെ ക്ലാര, ജയകൃഷ്ണനിൽ കണ്ടെടുത്തു. ഇനി മറ്റൊരുവനെ വേണ്ടാത്തവിധത്തിൽ ഏറ്റം സന്തോഷപൂർവം അയാളിൽ അവൾ സമ്പൂർണമായി സമർപ്പിച്ചു കൊടുത്തു.

‘തൂവാനത്തുമ്പികൾ’ ആണും പെണ്ണും തമ്മിലുള്ള പ്രണയവ്യത്യാസങ്ങൾ അറിഞ്ഞുകൊണ്ടു മാത്രം ആസ്വദിക്കാൻ കഴിയുന്ന സിനിമയാണ്. പ്രണയത്തിൽ അകപ്പെട്ടുകഴിഞ്ഞാൽ സ്ത്രീകൾക്കു പ്രണയം പ്രാണവായു പോലെയും പുരുഷനു ഭക്ഷണം പോലെയുമാണെന്നു വ്യാഖ്യാനിക്കാറുണ്ട്. ഒരാൾക്കു പ്രണയം നിലനിൽപാണ്. മറ്റെയാൾ ആവശ്യമുള്ളപ്പോൾ മാത്രമേ അതിനെപ്പറ്റി ചിന്തിക്കുന്നുള്ളൂ. ഇതിനു നടുവിൽ ഉചിതമായ സന്തുലനം പാലിക്കാൻപോന്ന പക്വതയുള്ള വ്യക്തിത്വം ക്ലാര പ്രകടിപ്പിക്കുന്നുണ്ട്. വികാരത്തെക്കാൾ വിവേകം അവളെ വഴി നടത്തുന്നു. പ്രണയം ഇന്നലെ കണ്ട സ്വപ്നമായി പൊലിഞ്ഞുപോകരുതെന്നും എന്നത്തെയും യാഥാർഥ്യമായി കൂടെയുണ്ടാവണമെന്നും അവൾ മോഹിച്ചു. അതിനാൽ ഗന്ധർവനെ വ്യാഖ്യാനിക്കുന്ന സുപ്രസിദ്ധമായ വാക്യം ക്ലാരയിലും സർവഥാ ഇണങ്ങി വരുന്നു. പട്ടണങ്ങളിൽനിന്നു പട്ടണങ്ങളിലേക്കും മുറികളിൽനിന്നു മുറികളിലേക്കും അഭംഗുരം സഞ്ചരിക്കുമ്പോഴും ജയകൃഷ്ണന്റെ ക്ലാര ആവാൻ ഒരു മാത്രപോലും അവൾക്കു വേണ്ടിവരുന്നില്ല.

mohanlal-parvathy

ഇതിൽനിന്നൊക്കെ ദൂരെമാറി ജയകൃഷ്ണ മേനോൻ പ്രദർശിപ്പിക്കുന്ന വീരസാഹസങ്ങളുടെ കഥയായി മഹാഭൂരിപക്ഷം പുരുഷ പ്രേക്ഷകരും ‘തൂവാനത്തുമ്പികൾ’ ആസ്വദിക്കുന്നു. ഓരോ നിമിഷവും ജീവിതത്തെ ആഘോഷമാക്കി മാറ്റുന്ന ജയകൃഷ്ണൻ ആണുങ്ങളിൽ ചെലുത്തുന്ന സ്വാധീനത അത്രമേൽ അഗാധമാണ്. അയാളിൽനിന്നു പ്രചോദനം ഉൾക്കൊണ്ട ചിലർ ജയകൃഷ്ണനാകാൻ കൊതിച്ചപ്പോൾ ചിലർ ഉള്ളിലെ ജയകൃഷ്ണനെ തിരിച്ചറിഞ്ഞുതുടങ്ങി. സത്യത്തിൽ സാഹസികൻ എന്നതിനപ്പുറം ജയകൃഷ്ണനിൽ ഒളിഞ്ഞുകിടക്കുന്ന ഒരു കാമുകഭാവമുണ്ട്. സ്ത്രീയെ ശരീരമായിമാത്രം കാണുന്ന ഭോഗവാസനകളുടെ ചേറിൽ കുഴയാതെ ജലോപരിതലത്തിൽ താമരപ്പൂപോലെ വിടർന്നുനിൽക്കുന്നയാൾ ഉള്ളാലെ ഒരു പെൺകുട്ടിയുടെ പ്രണയം ആഗ്രഹിക്കുന്നു. അവൾക്കുവേണ്ടിയുള്ള നിഗൂഢമായ കാത്തിരിപ്പുകൾ ക്ലാരയിൽ അവസാനിച്ചു.

'തൂവാനത്തുമ്പികളി'ൽ ഉടനീളം ഒരു കഥാപാത്രത്തെപ്പോലെ വന്നുപോകുന്ന മഴയെ പലരും പലതരത്തിൽ വിലയിരുത്തിയിട്ടുണ്ട്. അതിനെ ജയകൃഷ്ണന്റെ ഉള്ളിൽ പെയ്യുന്ന പ്രണയമായി കാണാൻ ഞാൻ താൽപര്യപ്പെടുന്നു. മദർ സുപ്പീരിയറുടെ വ്യാജപ്പേരിൽ കത്തെഴുതാനിരിക്കുമ്പോൾ തുറന്നിട്ട ജനാലയിലൂടെ തൂളിവീഴുന്ന മഴത്തുള്ളികളിൽ ആദ്യാനുരാഗം പകരുന്ന കുളിർമ അയാൾ അനുഭവിക്കുന്നുണ്ട്. നാളതുവരെ പ്രേമം എന്തെന്നറിയാതെപോയ ജയകൃഷ്ണൻ ക്ലാരയുടെ സാന്നിധ്യത്തിൽ പ്രണയത്തെ ഒരായിരം സൗഗന്ധികങ്ങളുടെ സൗരഭ്യമായി തിരിച്ചറിയുന്നു. ഇവിടെ 'മഹാഭാരത'ത്തിലെ ഋഷ്യശൃംഗനും മണ്ണാറത്തൊടി ജയകൃഷ്ണനും തമ്മിൽ അസാധാരണമാംവിധം തന്മയീഭാവം കൊള്ളുന്നു. അയാളുടെ വരണ്ടുണങ്ങിയ പുരുഷഹൃദയത്തെ പ്രണയമഴയിൽ കുതിർത്തെടുക്കാൻ ഒരു പെൺകുട്ടിയുടെ ഉദാരത ആവശ്യമുണ്ടായിരുന്നു. ക്ലാരയിലൂടെ ദൗത്യം സഫലമായി നിർവഹിക്കപ്പെട്ടു. തങ്ങളും രണ്ടാനമ്മയും അതിനാവശ്യമായ പശ്ചാത്തലം ഒരുക്കിക്കൊടുത്തെന്നേയുള്ളൂ.

തൂവാനത്തുമ്പികളിൽ മോഹൻലാലും സുമലതയും (1), ഡോ. മധു വാസുദേവൻ (2).
തൂവാനത്തുമ്പികളിൽ മോഹൻലാലും സുമലതയും (1), ഡോ. മധു വാസുദേവൻ (2).

നിർധന കുടുംബത്തിൽനിന്നുള്ള ഒരു കോൾഗേളിനും അഭിജാത പാരമ്പര്യത്തിൽ ജനിച്ചുവളർന്ന യുവാവിനും ഇടയിൽ മുളച്ചുപൊന്തുന്ന അസാധാരണമായ ഹൃദയബന്ധമാണല്ലോ 'തൂവാനത്തുമ്പികളു'ടെ പ്രമേയം. മിഥോളജിയുടെ ഘടകങ്ങളെല്ലാം സ്വാഭാവികമായി ചേർന്നുവരുന്ന പുരാതനമായ കഥാഖ്യാന മാതൃക ഏതു കാലഘട്ടത്തിനും പാകം. കമിതാക്കളുടെ സമർപ്പണവും ത്യാഗസന്നദ്ധതയും പരിഗണിക്കുമ്പോൾ അവർക്കിടയിലെ വൈകാരികബന്ധനത്തെ പ്ലേറ്റോണിക് എന്ന വിഭാഗത്തിൽ ഉൾപ്പെടുത്താൻ യാതൊരു പ്രയാസവുമില്ല. അതിനാൽ പ്രണയത്തിനു വേണ്ടി മാത്രമായി നിർമിക്കുന്നതും നിലകൊള്ളുന്നതുമായ പ്രണയം വിപരീത ചുറ്റുപാടുകളിലും തകരാതെ സംരക്ഷിക്കപ്പെടുന്നു. കഥാന്ത്യത്തിൽ ജയകൃഷ്ണനും ക്ലാരയും രണ്ടു കുടുംബങ്ങളിലേക്കു പിരിഞ്ഞു പോകുന്നുവെങ്കിലും തീവണ്ടി മുന്നോട്ടു നീങ്ങുന്ന വേളയിൽ ജയകൃഷ്ണനു നേരെ കൈവീശുന്ന ക്ലാരയുടെ നിർമലമായ പുഞ്ചിരിയിൽ, കണ്ണുകളിലെ വജ്രത്തിളക്കത്തിൽ നിത്യഗന്ധിയായ പ്രണയത്തെ ഞാൻ തിരിച്ചറിയുന്നുണ്ട്. അതിനെ ജയകൃഷ്ണന്റെ ശരീരഭാഷ പിന്നെയും ഉറപ്പിച്ചുതരുന്നു. കാരണം അവരുടെ പ്രണയം ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ ഒരു പുലർച്ചെ അവസാനിച്ചുപോകാൻ വേണ്ടി ഉയിരെടുത്തതല്ല. ഒരിക്കൽ നിർമിക്കപ്പെട്ടാൽ പിന്നെ ഒരു പ്രകാരത്തിലും ഇല്ലാതാക്കാൻ സാധിക്കാത്ത മനോവികാരമായ പ്രണയം അനുരാഗിയുടെ ഹൃദയങ്ങളിൽ, അവർ തിരിച്ചറിഞ്ഞില്ലെങ്കിൽപോലും എന്നേക്കുമായി രേഖപ്പെട്ടു കിടക്കും എന്ന സത്യം ‘തൂവാനത്തുമ്പികൾ’ ഉറപ്പിച്ചു പറയുന്നു.

പ്രണയങ്ങൾ സാഹചര്യങ്ങളുടെ ഉൽപന്നമാണെന്നും ആൺ -പെൺ സൗഹൃദങ്ങൾ അപ്ഡേറ്റ് ചെയ്യുമ്പോൾ പ്രണയമുണ്ടാകുന്നതായും വിശ്വസിക്കുന്നവരുണ്ട്. എന്നാൽ സാഹചര്യങ്ങളുടെയോ സൗഹൃദങ്ങളുടെയോ തുടർച്ചയായി സംഭവിക്കുന്നതല്ല ക്ലാരയും ജയകൃഷ്ണനും തമ്മിലുള്ള ചേർച്ച. ഒരു പെൺകുട്ടിയുടെ നാശത്തിനു കാരണമായതിൽനിന്നുണ്ടായ പശ്ചാത്താപം കൊണ്ടുമാത്രം ക്ലാരയെ ജീവപര്യന്തം സ്നേഹിക്കാൻ ജയകൃഷ്ണനു സാധിക്കണമെന്നില്ല. അന്നേരത്തെ വാശിപ്പുറത്തേറി അയാൾ ചിലപ്പോൾ അവളെ വിവാഹം കഴിച്ചുവെന്നും വരാം. സത്യം പക്ഷേ അതല്ലല്ലോ. ക്ലാരയെ കണ്ടുമുട്ടുന്ന നിമിഷത്തിൽതന്നെ ജയകൃഷ്ണനിൽ പ്രണയം പതിയെ രൂപപ്പെട്ടുതുടങ്ങി. ‘അങ്ങനെ എളുപ്പം മനസ്സിലാക്കാൻ കഴിയുന്ന പെൺകുട്ടിയല്ല അവൾ’ എന്നു പറയുന്നതോടെ അയാൾ അവളെ പൂർണമായും മനസ്സിലാക്കിക്കഴിഞ്ഞു. എങ്കിലും ‘ഞാൻ ക്ലാരയെ മാരി ചെയ്യട്ടെ?’ എന്ന ലഘുവായ ചോദ്യത്തിലൂടെ അകത്തെ പുരുഷ ഈഗോയെ സംരക്ഷിക്കാൻ ജയകൃഷ്ണൻ വൃഥാ ശ്രമിക്കുന്നു. അവളുടെ ശരീരം പങ്കിട്ടു പോയതിനു പരിഹാരമായി വച്ചുനീട്ടുന്ന വിവാഹം വാഗ്ദാനംപോലും വിജയം തിരിച്ചുപിടിക്കാനുള്ള പുരുഷാധിപത്യബോധത്തിൽ കുറഞ്ഞ യാതൊന്നുമല്ല. രക്ഷകനും അധികാരിയുമാകാൻ ആഗ്രഹിക്കുന്ന അയാളുടെ അഹംബോധത്തെ ക്ലാര വളരെ വേഗം തിരിച്ചറിയുന്നു. അതിൽനിന്നു ജയകൃഷ്ണനെ മോചിപ്പിച്ചെടുക്കാനും അവളോടുള്ള യഥാർഥ മനോഭാവത്തെ സ്വയം തിരിച്ചറിയാനും ക്ലാര അവസരം കൊടുത്തു. അവളുടെ പലായനം അതിനുവേണ്ടിയുള്ളതായിരുന്നു. ക്ലാരയുടെ അസാന്നിധ്യം ജയകൃഷ്ണനിൽ മറഞ്ഞുകിടക്കുന്ന അനുരാഗിയെ പരമാവധി തീവ്രതയോടെ പുറത്തുകൊണ്ടുവന്നു.

തങ്ങളും രണ്ടാനമ്മയും ഒരുക്കിയ തിരക്കഥയുടെ ഭാഗമായാണ് ക്ലാര ജയകൃഷ്ണനു മുന്നിൽ എത്തിച്ചേരുന്നതെങ്കിലും അയാളുടെ മായാലീലകളെ വേർതിരിച്ചെടുക്കാൻ പോന്ന ബുദ്ധിസാമർഥ്യം അവൾ തുടക്കംമുതൽ പ്രദർശിപ്പിക്കുന്നു. ഒരു പെണ്ണിനെ സംബന്ധിച്ചിടത്തോളം വിലപിടിച്ചതാണ് നഷ്ടപ്പെടുന്നതെന്ന യാതൊരു സംഘർഷവും ക്ലാരയുടെ മുഖഭാവങ്ങളിലും ശരീരഭാഷയിലും കാണുന്നില്ല. പഠിപ്പും ലോകപരിചയവും കുറഞ്ഞ, പരമ്പരാഗത മൂല്യബോധങ്ങളിൽ വളർന്ന ഒരു പെൺകുട്ടി ഇതിനെ എങ്ങനെ അനായാസമായി നേരിട്ടു എന്ന സന്ദേഹത്തിനുള്ള ഉത്തരം എനിക്കും വേണ്ടിയിരുന്നു. യഥാർഥത്തിൽ ക്ലാര അയാൾക്കു സമർപ്പിച്ചത് വെറും ശരീരമല്ല, അവളുടെ പ്രണയമാണ്. ജയകൃഷ്ണനോടോത്തുള്ള ഓരോ മാത്രയിലും അവൾ അനുഭവിക്കുന്ന ആനന്ദം കേവലം അഭിനയമല്ല. അഗാധമായ പ്രണയത്തിൽ അലിഞ്ഞുകിടക്കുന്ന പെൺകുട്ടിക്കു മാത്രമേ ആദ്യമായി പരിചയപ്പെടുന്ന പുരുഷനുമായി അത്രത്തോളം തല്ലീനത സ്ഥാപിക്കാൻ സാധിക്കുകയുള്ളൂ. കാമുകനുവേണ്ട യോഗ്യതകളെപ്പറ്റി കൃത്യമായ ധാരണ പുലർത്തുന്ന ക്ലാര നിശ്ചയമായും അയാളിൽ അതത്രയും കണ്ടുകാണണം. ജയകൃഷ്ണൻ ഒരു ഉപാധിപോലെ വച്ചുനീട്ടുന്നതിനെ യാതൊരുവിധ ഉപാധികളുമില്ലാതെ ക്ലാര മടക്കിക്കൊടുക്കുന്നു.

mohanlal-sumalatha

എന്നും പുതിയതിനുവേണ്ടി തിടുക്കംകൂട്ടുന്ന മനോഭാവം കൊണ്ടുനടക്കുന്ന പുരുഷന്മാർ പ്രണയത്തെ സ്ത്രീകളുടെമേൽ ആധിപത്യം ഉറപ്പിക്കാനുള്ള ഉപായമായി കാണുന്നു. സ്ത്രീകളാവട്ടെ ഒരിക്കൽ പ്രണയത്തെ മനസ്സോടെ വരിച്ചുകഴിഞ്ഞാൽ അതിൽനിന്നു പുറത്തു കടക്കാൻ ആഗ്രഹിക്കുന്നില്ല. ഇഷ്ടപുരുഷൻ എപ്പോഴും നോട്ടത്തിൽ ഉണ്ടാവണമെന്നു മോഹിക്കും. അയാളുടെ സമ്പർക്കം കൊതിക്കും. എന്നാൽ ഒരു ഘട്ടം പിന്നിട്ടുകഴിയുമ്പോൾ പ്രണയം ഏതു പുരുഷനും ഒരു ബാധ്യതയായി മാറും. അയാളുടെ സ്വാതന്ത്ര്യത്തെ വഴിതടയുന്ന ഘടകമായി പ്രണയത്തെ അയാൾ കണ്ടുതുടങ്ങും. ഈ പുരുഷ മനഃസ്ഥിതിയെ ലളിതമായി നേരിടാൻ എല്ലാ സ്ത്രീകൾക്കും കഴിയണമെന്നില്ല. അവരിൽ സന്തോഷം നിറച്ചുകൊടുത്ത പ്രണയം ആത്യന്തികമായി അവരെ മനോരോഗികളാക്കി ഏകാന്തതയിൽ തളച്ചിട്ടുവെന്നും വരാം. ഇതിനു വിപരീതമായി ജയകൃഷ്ണനും ക്ലാരയും പരിചയപ്പെടുത്തുന്ന പ്രണയം നിരുപാധികവും നിസ്വാർഥവുമാണ്. പഴയതും പുതിയതുമായ രണ്ടുകാലങ്ങളെ താരതമ്യപ്പെടുത്താൻ അവരുടെ ഹൃദയബന്ധം ഏറെ സഹായിക്കുന്നു. തമ്മിൽ സംശയിച്ചും ശ്വാസംമുട്ടിച്ചും പോരടിച്ചും ഭീഷണിപ്പെടുത്തിയും സ്വസ്ഥത കെടുത്തിയും കുറ്റപ്പെടുത്തിയും സ്വകാര്യതകളിൽ ഇടിച്ചുകയറിയും ഓരോ ദിവസത്തെയും ദുസ്സഹവും ദുരിതപൂർണവുമാക്കുന്ന പുതിയകാല പ്രണയനാടകങ്ങളിൽ വേഷം കെട്ടിനിൽക്കുന്നവർ ‘തൂവാനത്തുമ്പികൾ’ ഒരു വട്ടംകൂടി കണ്ടുനോക്കാൻ സന്നദ്ധമാകണം. അടിപ്പാവാടച്ചരടിൽ കെട്ടിയിടാനുള്ള വ്യഗ്രതകൾ എത്രത്തോളം പരിഹാസ്യമാണെന്നും സ്വതന്ത്രമായി ചിന്തിക്കാനും സമൂഹത്തിൽ ഇടപെടാനുമുള്ള സ്വാതന്ത്യം പെണ്ണിനുമുണ്ടെന്നു ബോധ്യപ്പെടാനും വൈരുദ്ധ്യങ്ങളെ സമന്വയിപ്പിക്കുന്ന പ്രണയകലയുടെ വിശുദ്ധപാഠങ്ങൾ സ്വായത്തമാക്കാനും ‘തൂവാനത്തുമ്പികൾ’ തീർച്ചയായും പ്രയോജനപ്പെടും.

സ്ത്രീകളാൽ തിരസ്കരിക്കപ്പെട്ട ദേവദാസുമാരുടെ ദുരിതകഥകൾ സമൂഹം എത്രയോ കാലമായി നാവേറു പാടി നടക്കുന്നു. എന്നാൽ വലിച്ചറിയപ്പെടുന്നതിലെ പ്രാണവേദനയിൽ ഉരുകിയില്ലാതാകുന്ന സ്ത്രീജീവിതങ്ങളുടെ കഥ അധികം രേഖപ്പെടുത്തിയിട്ടില്ല. അഥവാ കൊള്ളാത്തതിനെ ഉപേക്ഷിക്കാനുള്ള അവരുടെ സ്വാതന്ത്ര്യത്തെ അത്രയൊന്നും അനുവദിക്കുന്നില്ല. തോക്കും കഠാരയും പെട്രോളും ആസിഡും കൊണ്ടു പ്രതികാരം തീർക്കാൻ പുറപ്പെടുന്നവരെ ബോധവൽക്കരിക്കാൻ സമൂഹത്തിനും സാധിക്കുന്നില്ല. സമാന്തരമായി പുരുഷാധിപത്യ മനോവൃത്തികളെ പിന്താങ്ങുന്ന മാതൃകകൾ സാഹിത്യാദികലകളിലും ആഘോഷിക്കപ്പെടുന്നു. ഇവിടെയൊക്കെ പുരുഷനെ സംബന്ധിച്ചിടത്തോളം പ്രണയം പ്രച്ഛന്ന കാമമാണ്, ഒരുതരം ജനിതകവാസന. ഉദാഹരണങ്ങൾ മറിച്ചും ലഭ്യമാണ്. കിടക്കവിരി മാറ്റുന്ന ലാഘവത്വങ്ങൾ ഞാനും കണ്ടുനിന്നിട്ടുണ്ട്. ക്ലാര അവരിൽനിന്നു വ്യത്യസ്തമാകാൻ കാരണം അവൾ പ്രണയത്തിനു കൽപ്പിച്ചുകൊടുക്കുന്ന മൂല്യമാണ്. പ്രണയത്തെയും സ്വാതന്ത്ര്യത്തെയും ഒന്നിച്ചു കൊണ്ടുപോകാൻ അനിവാര്യമായ നൈപുണിയും മനോനിയന്ത്രണവും അവളിൽ വേണ്ടുവോളമുണ്ടല്ലോ.

padmarajan-story-image-845

ഏതു വിഷയത്തെയും കൊണ്ടുവന്നിരുത്താൻ പാകമായ ഒരു ചട്ടക്കൂട് അധ്യാപനത്തിൽ പണ്ടേ ഞാൻ നിർമിച്ചെടുത്തിട്ടുണ്ട്. അതിനാൽ ക്ലാരയും ജയകൃഷ്ണനും ക്ലാസുകളിൽ പലതവണ വന്നുപോയിരിക്കുന്നു. അപ്പോഴൊക്കെ ഞാൻ തമാശപോലെ ആവർത്തിക്കുന്ന ഒരു വരിയുണ്ട്- ‘‘അയാം എഗൈൻസ്റ്റ് ലവ്.’’ കേൾക്കുന്ന മാത്രയിൽ പെൺകുട്ടികൾ അസ്വസ്ഥരാകും. ശ്രോതാക്കളിൽ ഏറെയും പ്രേമത്തിൽ തലകുത്തി വീണുകിടക്കുന്നവരല്ലേ. അതുകൊണ്ട് അവർ ചോദ്യംചെയ്യാൻ മുതിരും. ഈയിടെയും ഒരു കുട്ടി ചോദിച്ചു- ‘്‘പ്രേമത്തിന് എന്താണ് സാർ കുഴപ്പം?’’ ചുറ്റും കണ്ടുവരുന്നതിനെ അടിസ്ഥാനമാക്കി ഉത്തരം കാലേകൂട്ടി നിർമിച്ചു വച്ചിരുന്നു- ‘‘പ്രേമത്തിൽ പെണ്ണിന് സ്വാതന്ത്ര്യം ഇല്ല. പ്രേമത്തിൽ കൊണ്ടുവന്നുകഴിഞ്ഞാൽ പുരുഷൻ പെണ്ണിൽനിന്നും ആദ്യം നീക്കം ചെയ്യുന്നത് അവളുടെ സ്വാതന്ത്ര്യമാണ്.’’ അവൾക്കു മനസ്സിലായില്ലെങ്കിലും അനുബന്ധമായി സിലബസിലുള്ള ചില സിദ്ധാന്തങ്ങളും ഞാൻ കലർത്തി. ഇങ്ങനെയുള്ള വാചോടോപങ്ങൾ ക്ലാരയും പരിചയപ്പെട്ടിട്ടുള്ളതല്ല. എന്നിട്ടും സ്ത്രീപക്ഷ പഠനങ്ങൾ ഉയർത്തിക്കാട്ടുന്ന മോചനദാഹത്തെ അവൾ ജീവിതത്തിൽ ശമിപ്പിച്ചു. സ്വാതന്ത്ര്യത്തെ വെടിയാതെതന്നെ പ്രണയത്തെ സാക്ഷാത്കരിക്കാൻ സാധിക്കുമെന്നു തെളിയിച്ചു. സത്യമായതും സ്വാർഥവിമുക്തവും ജീവിതാനന്ദത്തിനുവേണ്ടി സങ്കൽപംകൊണ്ടതുമാണെങ്കിൽ ഏതു ജീവിതസാഹചര്യങ്ങളെയും കാലത്തെയും പ്രതിസന്ധിയെയും പ്രണയം അതിജീവിക്കും എന്നും ക്ലാര സ്ഥാപിച്ചുതന്നു. ഇതിനെ ഇനിയും വിശദമാക്കാൻ സഹായിക്കുന്ന ഉപകഥകൂടി ഇവിടെ ഞാൻ ചേർത്തോട്ടെ. അതിങ്ങനെയാണ്.

ഒരിക്കൽ പ്രഭാഷണത്തിനിടയിൽ ഓഷോ പറഞ്ഞു: ‘‘പ്രണയം വിഷമാണ്. മരണമാണ് വിധി.’’
സദസ്സിലിരുന്ന വിദേശിയായ ചെറുപ്പക്കാരൻ മറുചോദ്യവുമായി എഴുന്നേറ്റു: ‘‘അങ്ങനെയെങ്കിൽ ഗുരുജി ആളുകൾ എന്തിനാണിങ്ങനെ പ്രേമിക്കുന്നത്?’’
ഒരു മന്ദഹാസത്തോടെ ഓഷോ മറുപടി കൊടുത്തു: ‘‘പ്രിയപ്പെട്ടവനേ, നിന്റെ മരണം സംഭവിച്ചു കഴിഞ്ഞു. ഇനി പുനർജന്മത്തിനുവേണ്ടി അൽപം ക്ഷമയോടെ കാത്തിരിക്കുക.’’

ഓഷോയുടെ വചനങ്ങളിൽ ഒരു വലിയ രഹസ്യം ഒളിച്ചിരിക്കുന്നു- മരണകാരണമായ പ്രണയം പുനർജീവിതത്തിനും നിമിത്തമാകുന്നു. പക്ഷേ ക്ലാര മോഹിക്കുന്നത് വേറൊന്നാണ്. അവൾക്കു മരിക്കേണ്ട, മണ്ണാറത്തൊടി ജയകൃഷ്ണ മേനോൻ എന്ന ഈ ജന്മത്തിൽ തുടർന്നും ജീവിച്ചുകൊണ്ടിരുന്നാൽ മതി. കുന്നിൽചരിവിൽ ആമത്തിൽ കിടക്കുന്ന ചിത്തരോഗിയുടെ കാലിലെ ഉണങ്ങാത്ത മുറിവാകാനും സദാനേരവും ചങ്ങലയുടെ ഒറ്റക്കണ്ണിയോടു പറ്റിച്ചേർന്നു കഴിയാനുമുള്ള കാമനയിലൂടെ അവൾ വെളിപ്പെടുത്തുന്നതും ഇതുതന്നെയല്ലേ!

(ലേഖകൻ ചലച്ചിത്ര ഗാനരചയിതാവും എറണാകുളം മഹാരാജാസ് കോളജിൽ പ്രഫസറുമാണ്. )

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com