‘രോമാഞ്ചം’ സംവിധായകൻ വിവാഹിതനായി, വധു സഹസംവിധായിക
Mail This Article
‘രോമാഞ്ചം’ സിനിമയുടെ സംവിധായകൻ ജിത്തു മാധവൻ വിവാഹിതനായി. സഹസംവിധായകയായ ഷിഫിന ബബിൻ പക്കർ ആണ് വധു. ‘രോമാഞ്ചം’ സിനിമയിലും അസോഷ്യേറ്റ് ഡയറക്ടറായി ഷിഫിന പ്രവർത്തിച്ചിരുന്നു. വിവാഹവാർത്ത ഷിഫിന തന്നെയാണ് സമൂഹമാധ്യമത്തിലൂടെ വെളിപ്പെടുത്തിയത്.
ലളിതമായി നടന്ന ചടങ്ങിൽ സംവിധായകൻ അൻവർ റഷീദ് ഉൾപ്പെടെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുത്തു. അർജുൻ അശോകൻ, ബിനു പപ്പു, നസ്രിയ നസിം, സൗബിൻ ഷാഹിർ, സിജു സണ്ണി ഉൾപ്പടെ സിനിമാ മേഖലയിൽ നിന്ന് നിരവധിപ്പേർ ദമ്പതികൾക്ക് സമൂഹ മാധ്യമങ്ങളിലൂടെ ആശംസകൾ നേർന്നിട്ടുണ്ട്.
ജിത്തു മാധവൻ ആദ്യം സംവിധാനം ചെയ്ത ചിത്രം കൂടിയായിരുന്നു ‘രോമാഞ്ചം’. ബോക്സ്ഓഫിസിൽ മികച്ച കലക്‌ഷനാണ് ചിത്രം നേടിയതും. രോമാഞ്ചത്തിന്റെ മികച്ച വിജയത്തിന് ശേഷം പുതിയ ചിത്രത്തിന്റെ പണിപ്പുരയിലാണിപ്പോൾ ജിത്തു. ‘ആവേശം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ഫഹദ് ഫാസിലാണ് നായകനായെത്തുന്നത്.