വില്ലൻ ഫഹദ് ആണോ, നായകൻ സൈഡ് ആകും
Mail This Article
മലയാളത്തിലെ മറ്റു സൂപ്പര്സ്റ്റാറുകളെപ്പോലെയല്ല ഈ സൂപ്പര്‍സ്റ്റാര്‍. നായകന്റെ കിരീടം തന്നെ വേണമെന്ന അതിമോഹമൊന്നുമില്ല. വില്ലന്റെ പാളത്തൊപ്പിയണിഞ്ഞും അത് കിരീടമാക്കാനുള്ള വിസ്മയം ഈ പ്രതിഭയ്ക്കുണ്ട്. നിറഞ്ഞാടി കയ്യടി വാങ്ങിയും ചിലപ്പോഴൊക്കെ നായകനും മുകളില്‍ അഴിഞ്ഞാടിയുമുള്ള പാരമ്പര്യവുമുണ്ട്. ഫഹദ് ഫാസില്‍ പ്രകടനം കൊണ്ട് ഇന്ത്യന്‍ സിനിമാലോകത്തിനു തന്നെ അദ്ഭുതമായി മാറുകയാണ്. വീണ്ടും ഫഹദ് വാര്‍ത്തകളില്‍ നിറയുന്നത് ‘മാമന്ന’നിലെ പ്രകടനത്തിലൂടെയാണ്. ചിത്രത്തിലെ രത്നവേലിനെ സിനിമാ ആസ്വാദകർ നായകനും മുകളില്‍ പിടിച്ചിരുത്തുന്നുവെങ്കില്‍ അതില്‍ ഒട്ടും അതിശയപ്പെടാനില്ല. കാരണം ഷമ്മിയെപോലെ ഫഹദും ഹീറോയാടാ, ഹീറോ....
നായകന്റെ തൊഴി വാങ്ങിക്കൂട്ടി പേരിനു രണ്ടു ഡയലോഗും തള്ളിവിടുന്ന വില്ലനിസത്തിന്റെ കാലമൊക്കെ സിനിമയില്‍ അസ്തമിച്ചു. നായകനോടൊപ്പം കട്ടയ്ക്കു നിന്നും ആവശ്യത്തിന് അഭിനയ സാധ്യതകള്‍ തുറന്നു നല്‍കിയും അവരും സിനിമയിലെ നിര്‍ണായക ഭാഗമാകുന്നു. ഒടുവില്‍ പരാജയപ്പെട്ടാലും സിനിമ വിട്ടിറങ്ങുന്ന പ്രേക്ഷകന്റെയുള്ളില് നായകനൊപ്പം വില്ലനും ഉണ്ടാകും. ഫഹദ് ഫാസില്‍ വില്ലനായ സിനിമകള്‍ ആസ്വാദകരെ ഓര്‍മപ്പെടുത്തുന്നതും അതാണ്. ഫഹദ് വില്ലനായപ്പോള്‍ ലുക്കിലും വര്‍ക്കിലും പുതുമകള്‍ തേടി എന്നിടത്താണ് ആ നടന്റെ വിജയം.
ഒരിടവേളയ്ക്കു ശേഷം എത്തിയ വടിവേലു, കരിയറിലെ നിര്‍ണായക ചിത്രവുമായി എത്തിയ ഉദയനിധി സ്റ്റാലിന്, പ്രതീക്ഷകള്‍ വാനോളമുയര്‍ത്തി മാരി സെല്‍വരാജ്. മാമന്നന് തിയറ്ററുകളിലേക്ക് എത്തുമ്പോള്‍ ഫഹദ് അവിടെ വലിയ ഇടമൊന്നും നേടിയിരുന്നില്ല എന്നതാണ് സത്യം. എന്നാല്‍ ആ നിശബ്ദതയില്‍നിന്ന് പ്രേക്ഷകരെ ഇളക്കി മറിക്കുന്ന പേരായി ഫഹദ് മാറി. സിനിമ കണ്ടവരൊക്കെ നായകനെക്കാള്‍ വില്ലനെ ആസ്വദിച്ചു. അയാളുടെ ചലനങ്ങളും ഭാവമാറ്റങ്ങളും ഇടയ്ക്കൊക്കെ കോരിത്തരിപ്പിച്ചു. സിനിമ കണ്ട പ്രേക്ഷകര്‍ ഇതു ഫഹദിന്റെ ചിത്രമെന്ന് വിധിയെഴുതി. തന്റെ പ്രകടനംകൊണ്ട് സിനിമാ ചരിത്രത്തിലെ പുത്തന്‍ അധ്യായത്തിന് ഈ മലയാളി താരം തുടക്കം കുറിച്ചു. മലയാളത്തിലെ യുവതാരങ്ങളില്‍ മറ്റാരും കെട്ടിയാടാന്‍ ഒരുക്കമല്ലാതെ പോകുന്ന വില്ലന്‍ വേഷം ആര്‍ക്കൊപ്പവും ആസ്വദിച്ചു ചെയ്യുകയാണ് ഫഹദ്.
ഏതു കഥാപാത്രത്തിനോടും ഇഴുകിച്ചേരുന്ന ശരീരഭാഷയാണ് ഫഹദ് ഫാസിലിന്റെ മുഖ്യ ആകര്‍ഷണം. പൊട്ടിച്ചിരിപ്പിക്കുന്നതിലും വൈകാരികമായ രംഗങ്ങളില്‍ അലിഞ്ഞുചേരുന്നതിലും ഒട്ടും പിന്നിലല്ല. തന്റെ കഥാപാത്രങ്ങളെ അറിഞ്ഞഭിനയിച്ച ഫഹദ് തുടക്കം മുതല്‍ വ്യത്യസ്തതകള്‍ തേടി. പ്രതിനായകന്റെ ഛായയുള്ള ‘ചാപ്പാ കുരിശി’ലെ അര്‍ജുനായി ഫഹദ് കുറച്ചൊന്നുമല്ല വിസ്മയിപ്പിച്ചത്. വില്ലനിസത്തിന്റെ എല്ലാ ഭാവങ്ങളും ആ കഥാപാത്രത്തില്‍ നിറഞ്ഞപ്പോഴും ഫഹദ് പിന്നീട് നായകനായിത്തന്നെ എത്തി. താരപദവി ഉറപ്പിച്ച കാലത്താണ് ഫഹദ് ‘22 ഫീമെയില്‍ കോട്ടയ’ത്തിലെ സിറിലായി എത്തുന്നത്. വില്ലനായ നായകനായി ഫഹദ് ആ വേഷത്തില്‍ നിറഞ്ഞാടിയപ്പോള്‍ പുതുതലമുറ ഫഹദിനെ അറിഞ്ഞ് അംഗീകരിച്ചു.
‘കുമ്പളങ്ങി നൈറ്റ്സി’ലെ ഷമ്മി അതുവരെ കണ്ട വില്ലന്മാരുടെ പൊളിച്ചെഴുത്തായിരുന്നു. മാന്യനായ വില്ലനായി, പെണ്‍കുട്ടികള്‍ക്കു ‘ഫ്രീഡം കൊടുക്കുന്ന’ ഫാമിലിയിലെ നായകനായി. ഷമ്മിയുടെ നിഷ്കളങ്കതയിലായിരുന്നു ആ വില്ലന്‍. എന്നും ഹീറോയാകാന്‍ കൊതിച്ച ഷമ്മിയെപ്പോലെ ഫഹദും ഹീറോയായി ചിത്രത്തില്‍ നിറഞ്ഞു. പുതുകാലത്തിന്റെ പുത്തന്‍ സിനിമകളില്‍ വില്ലനിസത്തിന്റെ പുതുഭാവമണിയാന് ഫഹദിന് കഴിഞ്ഞു എന്നതും ആ നടന്റെ വിജയമായി. കണ്ണുരുട്ടിയും ചറപറ ഡയലോഗ് മുഴക്കിയും ഫഹദിനെ അഴിച്ചുവിടാന്‍ സംവിധായകരും എഴുത്തുകാരും തയാറായില്ല എന്നതും ആ നടന്റെ ഭാഗ്യമായി.
അല്ലു അര്ജുന് തലകുത്തി മറിഞ്ഞ പുഷ്പയില്‍ പ്രേക്ഷകരെ ഞെട്ടിച്ചിരുത്തിയത് എസ്പി ഭന്‍വര്‍ സിങ് ഷെഖാവത്തായിരുന്നു. അല്ലു അര്‍ജുന്റെ മാസ്സിനോട് ഏറ്റുമുട്ടാന്‍ മറ്റൊരു കൊലമാസെന്ന് ചിന്തിച്ചതിനാലാവാം അവിടെ ഫഹദ് ഫാസില്‍ വന്നെയെത്തിയത്. തിയറ്ററില്‍ പുഷ്പയെ എന്നപോലെ പ്രേക്ഷകരേയും കുറച്ചൊന്നുമല്ല ആ വില്ലന്‍ വെറുപ്പിച്ചിരുത്തിയത്.
തെന്നിന്ത്യന്‍ സിനിമയിലെ നടന്മാര്ക്കിടയില് ഇന്ന് സവിശേഷമായൊരു സ്ഥാനം ഫഹദ് ഫാസിലിനുണ്ട്. ഏതു വേഷത്തിലും നിറഞ്ഞാടുന്ന ഫഹദ് ഏതു വേഷത്തില്‍ വന്നുപോകുമ്പോഴും തന്റെ കയ്യൊപ്പു ചാര്‍ത്തി. എന്തായാലും ഫഹദിനൊപ്പം അഭിമാനം മലയാള സിനിമയ്ക്കുകൂടിയാണ്.