ADVERTISEMENT

മാരി സെൽവരാജിന്റെ ‘മാമന്നൻ’ശ്രദ്ധിക്കപ്പെട്ടതിനു പിന്നാലെ സമൂഹമാധ്യമങ്ങളിലടക്കം അതിലെ കഥാപാത്രനിർമിതിയെപ്പറ്റി ചർച്ചകൾ കൊഴുക്കുകയാണ്. ഫഹദ് അവതരിപ്പിച്ച വില്ലൻ കഥാപാത്രമായ രത്നവേലിന് നായകനെക്കാൾ പ്രാധാന്യം ലഭിക്കുന്നോ എന്നതാണ് വിഷ‌യം. മാമന്നൻ ഒടിടി റിലീസായതിനു പിന്നാലെ ഫഹദ് ഫാസിൽ എന്ന ഹാഷ് ടാഗ് എക്സ് പ്ലാറ്റ്ഫോമിൽ (ട്വിറ്ററിൽ) ട്രെൻഡിങ്ങായി. ക്രൂരനായ രത്നവേലിനു ഹീറോ പരിവേഷം നൽകുന്ന വിഡിയോകൾ ചില ആരാധകർ സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നുണ്ട്. പ്രേക്ഷകർ വെറുക്കാൻ വേണ്ടി സംവിധായകൻ സൃഷ്ടിച്ച ഈ കഥാപാത്രത്തെ ഇപ്പോൾ നായകനേക്കാൾ മുകളിലായാണ് ആളുകൾ പ്രതിഷ്ഠിക്കുന്നത്. 

 

ഇതിന്റെ ചുവടുപിടിച്ച്, മുകുന്ദനുണ്ണി അസോസിയേറ്റ്‌സ് എന്ന സിനിമയുടെ സംവിധായകൻ അഭിനവ് സുന്ദർ നായക് പങ്കുവച്ച ഒരു പോസ്റ്റാണ് ഇപ്പോൾ ചർച്ചയാകുന്നത്. തന്റെ സ്കൂൾ കാലഘട്ടത്തിൽ സുഹൃത്തുക്കളെല്ലാം മോഹൻലാലിനെയും മമ്മൂട്ടിയെയും ആരാധിച്ചപ്പോൾ താൻ ഒരു പൃഥ്വിരാജ് ഫാൻ ആയിരുന്നു എന്ന് അഭിനവ് പറയുന്നു. വർഷങ്ങൾക്കു മുൻപിറങ്ങിയ ‘വാസ്തവം’ എന്ന സിനിമയിൽ‌ പൃഥ്വിരാജ് അവതരിപ്പിച്ച ബാലചന്ദ്രൻ അഡിഗയെ സൂചിപ്പിച്ചാണ് അഭിനവിന്റെ പോസ്റ്റ്. പൃഥ്വിരാജിന്റെ സമകാലികരായ അഭിനേതാക്കൾ സ്വപ്നം കണ്ടിരുന്നതിനും അപ്പുറമാണ് ബാലചന്ദ്രൻ അഡിഗയെന്നും പോസ്റ്റിൽ പറയുന്നു.

 

നായകനെന്നതിനെക്കാൾ ഒരു വില്ലന്റെ ഷെയ്ഡുള്ള കഥാപാത്രമാണ് ബാലചന്ദ്രൻ അഡിഗ. തകഴി ശിവശങ്കരപ്പിള്ളയുടെ ‘ഏണിപ്പടികൾ’ എന്ന നോവലിനെ ഉപജീവിച്ച് ബാബു ജനാർദ്ദനൻ തിരക്കഥയെഴുതിയ ‘വാസ്തവം’ എം. പദ്മകുമാറാണ് സംവിധാനം ചെയ്തത്. പത്മകുമാറിന്റെ മികച്ച സിനിമകളിലൊന്നായാണ് വാസ്തവം കണക്കാക്കപ്പെടുന്നത്. പൃഥ്വിരാജിന് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ആദ്യമായി നേടിക്കൊടുത്തത് ബാലചന്ദ്രൻ അഡിഗയാണ്; 24 ാം വയസ്സിൽ. ഏറ്റവും കുറഞ്ഞ പ്രായത്തിൽ ആ പുരസ്കാരം നേടിയ നടനാണ് പൃഥ്വി.

 

സമൂഹത്തിലെ ജാതിപരമായ ഉച്ചനീചത്വങ്ങളുടെയും ഭരണ സിരാകേന്ദ്രങ്ങളിലെ അഴിമതിയുടെ ക്രൂരമായ യാഥാർഥ്യത്തിന്റെയും സൂക്ഷ്മമായ തുറന്നുകാട്ടലായിരുന്നു ‘വാസ്തവം’. നമ്മുടെ രാഷ്ട്രീയ, സാമൂഹിക, ഉദ്യോഗസ്ഥ വ്യവസ്ഥകളുടെ ജീർണതകൾക്കു നേരെ പിടിച്ച കണ്ണാടിയായിരുന്നു ആ ചിത്രം. ഒട്ടേറെ നവോത്ഥാന പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ കമ്യുണിസ്റ്റുകാരനായിരുന്നു നായകൻ ബാലചന്ദ്രൻ അഡിഗയുടെ അച്ഛൻ. പക്ഷേ സാഹചര്യങ്ങൾ ബാലചന്ദ്രനെ കൊണ്ടെത്തിച്ചത് ഉയരങ്ങളിലെത്താൻ ഏതു വഴിയും സ്വീകരിക്കാൻ മടിയില്ലാത്ത, അതിനായി ജാതിയേയും പണത്തെയും അധികാരത്തെയും ബന്ധങ്ങളെയുമൊക്കെ ഉപയോഗിക്കുന്ന ഒരു മാനസികാവസ്ഥയിലേക്കാണ്.

 

ആളുകളെ ജാതിയുടെ വലുപ്പം വച്ച് മാത്രം കാണുന്ന ആളാണ് മാമന്നനിലെ വില്ലനായ രത്നവേല്‍. താൻ വളർത്തുന്ന രാജപാളയം നായ്ക്കളെപ്പോലെ, തന്റെ കൂടെ നിൽക്കുന്നവരും തന്റെ മുന്നിൽ വാലാട്ടി കുമ്പിട്ടു നിൽക്കണമെന്ന് ആഗ്രഹിക്കുന്ന ക്രൂരനായ നേതാവ്. സങ്കീർണതകള്‍ ഏറെ നിറഞ്ഞ ഈ കഥാപാത്രത്തെ ഫഹദ് തന്റെ പ്രകടനം കൊണ്ട് മറ്റൊരു തലത്തിലെത്തിച്ചു. സിനിമ ഇറങ്ങുമ്പോൾ ഏത് കഥാപാത്രത്തെ പ്രേക്ഷകർ വെറുക്കണമെന്നാണോ മാരി സെൽവരാജ് ആ​ഗ്രഹിച്ചത്, ആ കഥാപാത്രത്തെ ആളുകൾ ആഘോഷിക്കുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. 

 

അഭിനവ് സുന്ദർ നായകിന്റെ ആദ്യ സിനിമയായ മുകുന്ദനുണ്ണി അസോസിയേറ്റ്‌സിലെ നായകനും ചതിയിലൂടെയും തട്ടിപ്പിലൂടെയും കുറുക്കുവഴികളിലൂടെയും സമ്പത്ത് നേടാനാഗ്രഹിക്കുന്ന ഒരു സാധാരണക്കാരനാണ്. വിനീത് ശ്രീനിവാസന്‍ നായകനായ മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ് എന്ന ചിത്രത്തെ വിമർശിച്ച് നടൻ ഇടവേള ബാബു രംഗത്തുവന്നതും വലിയ വിവാദമായി. സിനിമ മുഴുവനും നെഗറ്റീവാണെന്നും ഇതിന് എങ്ങനെ സെന്‍സര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചെന്ന് അറിയില്ലെന്നുമാണ് ഇടവേള ബാബു പറഞ്ഞത്.

 

അതുപോലെ അടുത്ത കാലത്ത് പ്രേക്ഷകർ ആഘോഷിച്ച കഥാപാത്രമായിരുന്നു കുമ്പളങ്ങി നൈറ്റ്സിലെ ഷമ്മി. ഫഹദിന്റെ പ്രത്യേക മാനറിസവും അഭിനയവും തന്നെയാണ് ആ കഥാപാത്രവും ‘ജനപ്രിയ’മാകാന്‍ കാരണം. നായകനെക്കാൾ കയ്യടി നേടുന്ന വില്ലൻമാരെ ആരാധിക്കുന്ന പുതുതലമുറയുടെ ഈ പ്രവണത അപകടമാണെന്നും അഭിപ്രായങ്ങൾ ഉയരുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com