അവസാനം കണ്ടപ്പോൾ ഞങ്ങൾ പരസ്പരം നോക്കി ചിരിച്ചതേയുള്ളു, അന്നെന്താ ഞാൻ എന്റെ സിദ്ദിഖിനോടു സംസാരിക്കാതിരുന്നത്?
Mail This Article
വലിയ സ്വഭാവ വൈശിഷ്ട്യമുള്ള ആളായിരുന്നു എന്റെ സിദ്ദിഖ്. അതിന്റെ ദോഷങ്ങളും സിദ്ദിഖ് അനുഭവിച്ചിട്ടുണ്ട്. സിനിമാ സംവിധായകനായ സിദ്ദിഖിനെ അറിയുന്ന ഒരുപാടു പേരുണ്ടാകും. പക്ഷേ, നല്ല മനുഷ്യൻ എന്നൊരു രഹസ്യ വ്യക്തിത്വമുണ്ടായിരുന്നു സിദ്ദിഖിന്. ഒരുപാടു പേരെ സഹായിച്ചിട്ടുണ്ട്. അതാരും അറിയരുതെന്ന നിഷ്ഠയുള്ളതിനാൽ സ്വാഭാവികമായും ആരും അറിഞ്ഞതുമില്ല. മമ്മൂട്ടിയാണ് സിദ്ദിഖിനെയും ലാലിനെയും പറ്റി എന്നോട് ആദ്യം പറഞ്ഞത്. അവർ ആദ്യം ക്യാമറ വച്ചതും മമ്മൂട്ടിയുടെ മുഖത്താവും.
അന്നൊക്കെ ആലപ്പുഴ വഴി പോയാൽ മമ്മൂട്ടി എന്റെ വീട്ടിൽ വരുമായിരുന്നു. അങ്ങനെയൊരു സന്ദർശനത്തിലാണ് സിദ്ദിഖിനെയും ലാലിനെയും പറ്റി മമ്മൂട്ടി എന്നോടു പറഞ്ഞത്. നമുക്കൊരു പരിപാടി കാണാൻ പോകാമെന്നു പറഞ്ഞു മമ്മൂട്ടി ക്ഷണിച്ചു. ആലപ്പുഴ കാർമൽ ഹാളിലാണെന്നാണ് ഓർമ. സിദ്ദിഖിന്റെയും ലാലിന്റെയും മിമിക്രിയാണ്. പരിപാടി കഴിഞ്ഞപ്പോൾ മമ്മൂട്ടി അവരെ വിളിച്ച് എനിക്കു പരിചയപ്പെടുത്തി. അന്നാണു സിദ്ദിഖും ലാലും ആദ്യമായി എന്റെ കണ്ണിൽപെട്ടത്.
പിന്നീടൊരിക്കൽ കലാഭവൻ അൻസാർ പറഞ്ഞു: സിദ്ദിഖിന്റെയും ലാലിന്റെയും കയ്യിൽ നല്ലൊരു കഥയുണ്ട്. അവരോടു വീട്ടിലേക്കു വരാൻ പറയൂ എന്ന് അൻസാറിനെ ഞാൻ അറിയിച്ചു. അവർ വന്നു, കഥ പറഞ്ഞു. മുഴുനീള കോമഡി കഥ. എനിക്കപ്പോൾ കോമഡി ചെയ്യാൻ താൽപര്യമില്ലായിരുന്നു. ഞാൻ ചെയ്തുകൊണ്ടിരുന്ന പടങ്ങളുടെ സെറ്റിലേക്ക് അവരെ ക്ഷണിച്ചു. അവർ അവസരം തേടിയതല്ല, ഞാൻ ക്ഷണിക്കുകയായിരുന്നു! ‘പൂവിനു പുതിയ പൂന്തെന്നൽ’ ഷൂട്ട് ചെയ്യുന്ന സമയത്ത് ഒരു ദിവസം വൈകിട്ടു 3 മണിക്കു ഞാൻ ഇറങ്ങുമ്പോൾ എന്റെ ബാപ്പയ്ക്കു സുഖമില്ലാതായി. മമ്മൂട്ടി 7 മണിക്കു സെറ്റിലെത്തും. ഞാൻ ബാപ്പയെ ആശുപത്രിയിൽ കൊണ്ടുപോകുന്നു. സെറ്റ് ഞാൻ സിദ്ദിഖിനെയും ലാലിനെയും ഏൽപിച്ചു. അവരുടെ ആദ്യ ഫ്രെയിമിൽ മമ്മൂട്ടിയുടെ മുഖമായിരിക്കും. ഒന്നോ രണ്ടോ മണിക്കൂർ ഷൂട്ട് ചെയ്തു കാണും. അപ്പോഴേക്കും ബാപ്പ മരിച്ചു.
‘നോക്കെത്താ ദൂരത്തി’ലും ‘വർഷം 16’ലും സിദ്ദിഖ് ചെറിയ വേഷം ചെയ്തിട്ടുണ്ട്. ‘റാംജി റാവു സ്പീക്കിങ്ങി’ന്റെ കഥ എന്നോടു പറഞ്ഞപ്പോൾ സ്വതന്ത്രമായി ചെയ്യൂ എന്ന് ഉപദേശിച്ചു ഞാനവരെ അയച്ചു. അവരുടെ കന്നിച്ചിത്രം ബംപർ ഹിറ്റായി. അടുത്തിടെ എന്റെ അനുജൻ ഖയിസിന്റെ മകളുടെ വിവാഹ നിശ്ചയ ചടങ്ങിലാണ് സിദ്ദിഖിനെ അവസാനം കണ്ടത്. മുഖം കരുവാളിച്ചിരുന്നു. നീരുവീഴ്ചയുണ്ടെന്നു തോന്നി. എന്തു പറ്റിയതാകുമെന്നു മനസ്സിൽ തോന്നിയെങ്കിലും ചോദിച്ചില്ല. ഞങ്ങൾ പരസ്പരം നോക്കി ചിരിക്കുക മാത്രം ചെയ്തു. എന്താണു സിദ്ദിഖിനോടു സംസാരിക്കാഞ്ഞത് എന്നു മടക്കത്തിൽ ഞാൻ ചിന്തിച്ചു. അത് അവസാന കൂടിക്കാഴ്ചയാണെന്നു സിദ്ദിഖിനും തോന്നിയിരുന്നോ?
അന്നു തന്നെ സിദ്ദിഖ് ആശുപത്രിയിലായി. നോൺ ആൾക്കഹോളിക് ലിവർ സിറോസിസ് ആണു രോഗമെന്നു ഡോക്ടർമാർ പറഞ്ഞപ്പോൾ ഉള്ളു വല്ലാതെ നൊന്തു. ഒരു ദുശ്ശീലവുമില്ലാത്ത പാവമായിരുന്നു സിദ്ദിഖ്. രോഗത്തെ സിദ്ദിഖ് അതിജീവിച്ചതാണ്. പക്ഷേ, കഴിഞ്ഞ ദിവസം രാത്രി വൈകി ഹൃദയാഘാതമുണ്ടായതോടെ എല്ലാ പ്രതീക്ഷയും തെറ്റി. ഗുരുക്കൻമാരുടെ വിയോഗങ്ങൾ താങ്ങിയവനാണു ഞാൻ. ശിഷ്യൻ പോകുന്നതു കാണാൻ വയ്യ.
English Summary: Fazil remembers Director Siddique