ADVERTISEMENT

വിഷമഘട്ടങ്ങളിൽ തന്നെ പലവട്ടം കൈപിടിച്ചുയർത്തിയ സുഹൃത്താണ് വിടപറയുന്നതെന്ന് ഹരിശ്രീ അശോകൻ.  കുടുംബപരമായും ജോലിസംബന്ധമായും ഉള്ള സംശയങ്ങളും ആശങ്കകളും എല്ലാം സിദ്ദിഖിനോടായിരുന്നു പങ്കുവയ്ക്കുന്നതെന്നും അതിനു അദ്ദേഹം തരുന്ന ഉപദേശം ഏറ്റവും മികച്ചതായിരിക്കുമെന്നും ഹരിശ്രീ അശോകൻ പറയുന്നു. തന്റെ പേരും തന്റെ കഥാപാത്രങ്ങളുടെ പേരും അവസാനിക്കുന്നത് 'ഇൻ' എന്ന വാക്കിലാണ് എന്നത് യാദൃച്ഛികമായി കണ്ടെത്തിയപ്പോൾ അത് പങ്കുവച്ചത് സിദ്ദിഖിനോടാണ് അദ്ദേഹം ഇക്കാര്യം ഒരു സ്റ്റോറിയായി ഏതെങ്കിലും ചാനലിന് നൽകണമെന്നും പറഞ്ഞിരുന്നു. ‘അശോകൻ എന്നും ഇൻ ആണ്’ എന്ന് ആ ലേഖനത്തിനു പേരു നൽകണമെന്നും അതിന്റെ കഥ താൻതന്നെ എഴുതി തരാമെന്നും അദ്ദേഹം പറഞ്ഞു. പക്ഷേ അതുമാത്രം നടന്നില്ല എന്ന് ഹരിശ്രീ അശോകൻ പറയുന്നു. എല്ലാവരെയും സ്നേഹിക്കാൻ മാത്രമറിയാവുന്ന സിദ്ദിഖ് വിടപറയുന്നത് മലയാള സിനിമയ്ക്കും തനിക്ക് വ്യക്തിപരമായും ഒരിക്കലും മായ്ക്കാനാകാത്ത വിടവാണ് സൃഷ്ടിക്കുന്നതെന്ന് ഹരിശ്രീ അശോകൻ പറഞ്ഞു.

 

‘‘സിദ്ദിഖ് ആശുപത്രിയിൽ  ആയതു മുതൽ അദ്ദേഹത്തിന്റെ സഹോദരനെ വിളിച്ച് വിവരങ്ങൾ അന്വേഷിക്കുന്നുണ്ടായിരുന്നു. കുഴപ്പമില്ല പുരോഗതി ഉണ്ടെന്നാണ് അറിഞ്ഞത്. പക്ഷേ ആരോഗ്യം പെട്ടെന്നാണ് വഷളായത്. ആശുപത്രിയിൽ ചെന്നാൽ കാണാൻ പറ്റാത്ത അവസ്ഥയിലായിരുന്നു.  ഇതുവരെയും ഒന്നും പറ്റരുതേ എന്ന പ്രാർഥനയിലായിരുന്നു, പക്ഷേ അദ്ദേഹം നമ്മെ വിട്ടുപോയി.  വലിയ വിഷമമുണ്ട്.

 

‘സൂപ്പർതാരങ്ങളുടെ കൂട്ടുകാരനായി ഒതുങ്ങിപ്പോകേണ്ട ഞങ്ങളെ നായകരാക്കിയ സിദ്ദിഖ്–ലാൽ’


സിദ്ദിഖ് ലാൽ (ഫയൽ ചിത്രം: മനോരമ)
സിദ്ദിഖ് ലാൽ (ഫയൽ ചിത്രം: മനോരമ)

മിമിക്രി തുടങ്ങി സിനിമയിൽ ഇവിടെ വരെ നിൽക്കാൻ കാരണം തുടക്കത്തിൽ ‘പപ്പൻ പ്രിയപ്പെട്ട പപ്പൻ’ എന്ന സിനിമയിൽ അദ്ദേഹം ഒരു അവസരം തന്നതാണ്. അദ്ദേഹമാണ് കൈപിടിച്ച് സിനിമയിൽ കയറ്റിയത്. പുല്ലേപ്പടി എന്ന സ്ഥലത്ത് ഇവർ രണ്ടുപേരും കഥയുണ്ടാക്കി കഥ പറയുമ്പോൾ ഞാനും അവരുടെ കൂടെ സ്റ്റേഡിയത്തിൽ പോയിരിക്കാറുണ്ട്. ആ സമയത്ത് ഇരുവരും തമാശയ്ക്ക് കളിയാക്കുമ്പോൾ വരുന്ന കൗണ്ടറുകൾ കേട്ടാണ് ഞാനൊക്കെ തമാശ പറയാൻ പഠിച്ചത്. പിന്നീട് എട്ടു പത്ത് സിനിമകൾ അടുപ്പിച്ച് ഹിറ്റ് ഉണ്ടാക്കുക എന്നു പറഞ്ഞാൽ അത് വലിയൊരു സംഭവം തന്നെയാണ്. സ്വന്തം കുടുംബത്തെയും ചിറകിനടിയിൽ സൂക്ഷിച്ച ഒരാളാണ് അദ്ദേഹം.

harisree-ashokan-mimcry

 

മലയാള സിനിമയിൽ ഞാൻ കത്തി നിൽക്കുന്ന സമയത്ത് ഒന്ന് ഡൾ ആയപ്പോൾ അദ്ദേഹം ക്രോണിക് ബാച്ച്‌ലർ എന്ന സിനിമയിൽ ഒരു മുഴുനീള വേഷം തന്നു എന്നെ കൈപിടിച്ച് ഉയർത്തിയ മഹാ വ്യക്തിയാണ്. കുടുംബമായി വലിയ ബന്ധമാണുള്ളത്. ഞങ്ങളെല്ലാം ഒരു കൂട്ടുകുടുംബം പോലെയായിരുന്നു കുടുംബത്തിലെ എല്ലാവർക്കും ഒരു സഹായിയായിരുന്നു അദ്ദേഹം.അതുപോലെ തന്നെ ഞാൻ എന്ത് കാര്യമുണ്ടെങ്കിലും അദ്ദേഹത്തിനോട് ഉപദേശം ചോദിക്കും. അദ്ദേഹം പറയുന്നത് അനുസരിച്ചാൽ ആ കാര്യം ഭംഗിയായി നടത്താൻ പറ്റും. അദ്ദേഹവുമായി അഞ്ചു മിനിറ്റ് സംസാരിച്ചാൽ നമ്മുടെ വിഷമങ്ങളെല്ലാം മാറിക്കിട്ടും. പറയുന്നതെല്ലാം കൃത്യമായ കാര്യങ്ങളായിരിക്കും.  ഈ അടുത്ത കാലത്ത് ഞാനും ഭാര്യയും കൂടി സിനിമകൾ കണ്ടപ്പോൾ ഞാൻ ചെയ്ത കഥാപാത്രങ്ങളുടെ പേരും എന്റെ പേരും ‘ഇൻ’ എന്നതിലാണ് അവസാനിക്കുന്നതെന്ന് കണ്ടു. അത് ഞാൻ വിളിച്ച് സിദ്ദിക്കിനോട് പറഞ്ഞു.  ഇത് നല്ല ഒരു മാഗസിനിൽ ഒരു ലേഖനം ആയി എഴുതണമെന്നും അതിനു ക്യാപ്‌ഷൻ ‘അശോകൻ എന്നും ഇൻ ആണ്’ എന്നും കൊടുക്കണമെന്നും അദ്ദേഹം പറഞ്ഞു.  

 

അതിന്റെ മാറ്റർ പറഞ്ഞുതരാം എന്നും പറഞ്ഞിരുന്നു.  അദ്ദേഹത്തെക്കുറിച്ച് പറഞ്ഞാൽ തീരില്ല.  സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരു വ്യക്തിയാണ് അദ്ദേഹം ആരോടും മറുത്തൊരു വാക്ക് പറഞ്ഞു കേട്ടിട്ടില്ല. അത്രയ്ക്ക് ആത്മാർഥതയുള്ള ഒരു ദുശീലങ്ങളുമില്ലത്ത ഒരു മനുഷ്യൻ ഇതുപോലെ ഒരു അസുഖം വന്നു മരിക്കുന്നു എന്ന് പറയുന്നത് കഷ്ടമാണ്.  സിദ്ദിഖ് മരിച്ചു എന്ന് ഇപ്പോഴും എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല.  ഭയങ്കര വിഷമമുണ്ട്.  എന്റെ വീട്ടിലെ കാര്യങ്ങളും വ്യക്തിപരമായ കാര്യങ്ങളും ചർച്ച ചെയ്യുന്നതും ഉപദേശം ചോദിക്കുന്നതും സിദ്ദിഖിനോടായിരുന്നു. സിദ്ദിഖിന്റെ അസിസ്റ്റന്റ് ആയാണ് റാഫി മെക്കാർട്ടിനൊക്കെ വർക്ക് ചെയ്തത്.  അവിടെ നിന്ന് വന്നവരും വളരെ മികച്ച ആളുകളായിരുന്നു. 

ജീവന്റെ പാതി പോയ പോലെ: ലാൽ

ഒരുപോലെ ചിന്തിക്കുന്ന ഒരുപോലെ സ്നേഹിക്കുന്ന ആളുകളാണ് അവരെല്ലാം. അതെല്ലാം സിദ്ദിഖിൽ നിന്ന് കിട്ടിയതാണ്. ഹരിശ്രീയുടെ പ്രോഗ്രാം നടക്കുമ്പോൾ സ്റ്റേജിൽ അഭിനയിക്കുന്നവരോടൊപ്പം പിന്നിൽ ഇരുന്നു സിദ്ദിഖ് അഭിനയിക്കും അത്രക്ക് ടെൻഷൻ ആണ് അദ്ദേഹത്തിന്.  അദ്ദേഹത്തിന്റെ ഉള്ളിലെ കലാകാരനെ നമുക്ക് അതിൽ നിന്ന് മനസ്സിലാകും. സിദ്ദീഖിന്റെ മുഖത്തുനോക്കി ആരെങ്കിലും മോശമായിട്ട് സംസാരിച്ചാൽ പോലും അദ്ദേഹം ചിരിച്ചുകൊണ്ടാണ് പ്രതികരിച്ചിരുന്നത്. സ്നേഹം കൊണ്ടാണ് അതിന് മറുപടി പറഞ്ഞിരുന്നതും. ഒരുപാട് സ്നേഹിക്കാൻ അറിയാവുന്ന ഒരു നല്ല വ്യക്തി നമ്മെ വിട്ടു പോകുന്നു എന്നു പറയുന്നത് വലിയ വിഷമവും വേദനയും ആണ് നൽകുന്നത്.’’– ഹരിശ്രീ അശോകൻ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com