മുഖത്തെ കറുപ്പിന്റെ കാര്യം ഞാൻ ചോദിച്ചതാണ്, അന്നും അസുഖത്തെക്കുറിച്ചൊന്നും പറഞ്ഞില്ല: കലാഭവൻ അൻസാർ അഭിമുഖം
Mail This Article
സിദ്ദീഖ് പറഞ്ഞ കഥകളിലും എടുത്ത സിനിമകളിലും എന്നും നിറഞ്ഞു നിന്നത് സുഹൃത്തുക്കളായിരുന്നു. ആ സൗഹൃദമായിരുന്നു സിദ്ദീഖിന്റെ യഥാർഥ സമ്പത്ത്. സിദ്ദീഖ് കഥകളിലൂടെ മലയാളികൾക്ക് സുപരിചിതനാണ് നടനും തിരക്കഥാകൃത്തും സിദ്ദീഖിന്റെ സുഹൃത്തുമായ കലാഭവൻ അൻസാർ. സിദ്ദീഖിനു മമ്മൂട്ടിയെ പരിചയപ്പെടുത്തുന്നതും അതുവഴി സംവിധായകൻ ഫാസിലിന്റെ പരിചയവലയത്തിൽ എത്തിപ്പെടുന്നതിലുമെല്ലാം മുമ്പിൽ നിന്നത് അൻസാർ ആയിരുന്നു. 45 വർഷം നീണ്ട ആ സൗഹൃദത്തിന്റെ ഓർമകളുമായി കലാഭവൻ അൻസാർ മനോരമ ഓൺലൈനിൽ.
ആ കറുപ്പ് കണ്ടപ്പോൾ തോന്നിയ സംശയം
സിദ്ദീഖിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന് രണ്ടാഴ്ച മുമ്പ് ഞാൻ സംസാരിച്ചിരുന്നു. അപ്പോഴും അസുഖത്തിന്റെ കാര്യങ്ങളൊന്നും അവൻ പറഞ്ഞില്ല. കുറച്ചു കാലങ്ങളായി അവന്റെ മുഖത്ത് ഒരു കറുപ്പ് കാണുമായിരുന്നു. അഞ്ചെട്ടു മാസം മുമ്പ് ഞാൻ അവനോടു പറഞ്ഞു, ‘‘സിദ്ദീഖേ... എന്താ നിന്റെ മുഖത്തിങ്ങനെ കറുപ്പ്? നീയൊന്നു പോയി ടെസ്റ്റ് ചെയ്യണേ’’ എന്ന്. കൊച്ചിൻ ഹനീഫയ്ക്ക് സിറോസിസ് വന്നപ്പോൾ ഇതുപോലെ മുഖത്ത് കറുപ്പുണ്ടായിരുന്നു. അതോർത്താണ് ഞാൻ പറഞ്ഞത്. ആയുർവേദ മരുന്ന് ചെയ്യുന്നുണ്ടെന്നാണ് അന്ന് അവൻ പറഞ്ഞത്. പിന്നെ, ജോലിയുടെ ഭാഗമായി കുറച്ചു വെയിലു കൊണ്ടിരുന്നെന്നും അതു മൂലമായിരിക്കുമെന്നുമായിരുന്നു അവന്റെ മറുപടി. അല്ലാതെ അസുഖത്തെക്കുറിച്ച് ഒന്നും പറഞ്ഞില്ല. ഉള്ളിലൊരു ഭയം തോന്നിയതുകൊണ്ടാണ് അന്ന് അങ്ങനെ ഞാൻ പറഞ്ഞത്. പിന്നെ കാണുന്നത് അവന്റെ മൃതദേഹമാണ്.
കോളജിൽനിന്നു തുടങ്ങിയ സൗഹൃദം
45 വർഷമായി ഞാനും സിദ്ദീഖും തമ്മിൽ പരിചയപ്പെട്ടിട്ട്! എറണാകുളം മഹാരാജാസിൽ ഞാൻ രണ്ടാം വർഷം ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് സിദ്ദീഖിനെ പരിചയപ്പെടുന്നത്. ഡിഗ്രിയുടെ ആദ്യവർഷം എനിക്കായിരുന്നു മോണോ ആക്ടിൽ ഒന്നാം സ്ഥാനം. രണ്ടാം വർഷമായപ്പോൾ ഒന്നാം സമ്മാനം ബ്രാക്കറ്റ്ഡ് ആയി. പേര് എന്താണെന്നു അന്വേഷിച്ചപ്പോൾ മനസ്സിലായി എനിക്കൊപ്പം ഒന്നാം സമ്മാനം പങ്കിട്ടിരിക്കുന്നത് സിദ്ദീഖ് ആണെന്ന്. ഇയാളെയൊന്ന് കാണണമല്ലോ എന്നു മനസ്സിലുറപ്പിച്ചു. സമ്മാനദാനത്തിന്റെ സമയത്ത് എന്നെ മാത്രമേ സ്റ്റേജിൽ പേരു വിളിച്ചു പ്രൈസ് തന്നുള്ളൂ. അവൻ അന്നേ ഒതുങ്ങി നിൽക്കുന്ന ഒരാളായിരുന്നു. ആ വേദിയിൽ വച്ച് ഞങ്ങൾ പരിചയപ്പെട്ടു. അന്നു തുടങ്ങിയ സൗഹൃദമാണ്.
മിമിക്സ് പരേഡ് ദിനങ്ങൾ
മഹാരാജാസിനു ശേഷം കലാഭവനിൽ ആദ്യമെത്തുന്നത് ഞാനാണ്. കലാഭവനിലെ ആദ്യ മിമിക്രി ആർടിസ്റ്റ് ഞാനായിരുന്നു. അഞ്ചാറു പേർ കൂടി മിമിക്രി ട്രൂപ്പ് ഉണ്ടാക്കിയാൽ നല്ലതാകുമെന്ന ആശയം ആബേലച്ചന്റേതായിരുന്നു. സുഹൃത്തുക്കളെ വിളിക്കണമെന്നു വിചാരിച്ചിരിക്കുന്ന സമയത്ത്, ചേരാനല്ലൂർ അമ്പലത്തിൽ സിദ്ദീഖ് എന്നൊരു കക്ഷി മിമിക്രി കാണിച്ച് ഭയങ്കര ചിരിയായിരുന്നു എന്നു കേട്ടു. മഹാരാജാസിലെ എന്റെ സുഹൃത്താണ് ഈ സിദ്ദീഖ് എന്ന് ഒരിക്കലും ഞാൻ വിചാരിച്ചില്ല.
കാരണം, എന്റെ മനസിൽ സിദ്ദീഖ് സീരിയസ് ആയിട്ടു നടക്കുന്ന ആളായിരുന്നു. അങ്ങനെ അന്വേഷിച്ചു ചെന്നപ്പോൾ പഴയ സഹപാഠിയാണെന്നു മനസ്സിലായി. അങ്ങനെ സിദ്ദീഖ്, ലാൽ, റഹ്മാൻ, പ്രസാദ് എല്ലാം കലാഭവനിൽ വന്നു. ഒരു ട്രൂപ്പായി. പിന്നെയാണ് ആ തല്ലുപിടുത്തമുണ്ടായതും സിദ്ദീഖ് കലാഭവനിൽനിന്നു പോകുന്നതുമെല്ലാം. പക്ഷേ, പിന്നീട് ഞങ്ങൾ വീണ്ടും സൗഹൃദത്തിലായി. ഇണങ്ങുകയും പിണങ്ങുകയും ചെയ്യുന്ന നല്ല ചങ്ങാതിമാരായി. പക്വത വന്നപ്പോൾ ഞങ്ങൾ സിനിമയിലെത്തി. പരസ്പരം സഹായിച്ച് ധാരാളം സിനിമകൾ ചെയ്തു.
പലരും ഞങ്ങളെ തെറ്റിക്കാൻ ശ്രമിച്ചു
ഞങ്ങളെ തമ്മിൽ തെറ്റിക്കാനായി സിനിമയിലേക്ക് വന്ന സമയത്ത് പലരും ശ്രമിച്ചിട്ടുണ്ട്. ഞാൻ സിനിമയിലെത്താൻ കാരണം ഡെന്നിച്ചായൻ (കലൂർ ഡെന്നിസ്) ആണ്. എന്റെ കയ്യിൽ ഒരു കഥയുണ്ടെന്നു പറഞ്ഞപ്പോൾ മമ്മൂക്കയാണ് എന്നെ ഡെന്നിച്ചായന്റെ അടുത്തേക്ക് പറഞ്ഞു വിടുന്നത്. ആ കഥയാണ് ‘മിമിക്സ് പരേഡ്’ എന്ന സിനിമ ആയത്. റാംജി റാവ് സ്പീക്കിങ്ങിലൂടെ സിദ്ദീഖും ലാലും സിനിമയിൽ സൂപ്പർ സംവിധായകരായി. സിദ്ദീഖ്–ലാൽ സിനിമകൾ ഗംഭീരമായി വിജയിച്ചു വന്നപ്പോൾ എറണാകുളത്ത് ഒരു ചെറിയ സംസാരമുണ്ടായി. ഒരാൾ വലുതാകുമ്പോൾ സ്വാഭാവികമായും അസൂയാലുക്കൾ ഉണ്ടാകുമല്ലോ. ആ സമയത്ത് സിദ്ദീഖ് ലാൽ സിനിമകൾക്ക് തിയറ്ററിൽ കൂവലുണ്ടായി.
4 ആഴ്ചയായി ജീവിതത്തിനും മരണത്തിനും ഇടയിൽ; സിദ്ദിഖിന് സംഭവിച്ചത്
ഡെന്നിച്ചായൻ എന്നെ വിളിച്ചു. ‘‘എടാ... എന്താ സിദ്ദീഖിന്റെയൊക്കെ സിനിമകൾക്ക് ആളുകൾ കൂവുന്നത്? എന്തു നല്ല കോമഡിയാണ് അതിൽ. ഞാൻ പോലും ചിരിച്ചു പോയി. പിന്നെ എന്തിനാണ് ആളുകൾ കൂവി തോൽപ്പിക്കാൻ നോക്കുന്നത്?’’ അതിനൊപ്പം ഡെന്നിച്ചായൻ ഒരു കാര്യം കൂടി പറഞ്ഞു. ‘‘കൂവിയിട്ടുള്ള സിനിമകളൊക്കെ ഹിറ്റായിട്ടുണ്ട്!’’ ആ വാക്കുകൾ സത്യമായി. ഇൻ ഹരിഹർ നഗറും ഗോഡ്ഫാദറുമെല്ലാം സൂപ്പർ ഹിറ്റായി. പക്ഷേ, സിദ്ദീഖിനോടു ചിലർ പോയി പറഞ്ഞു കൊടുത്തത് ഡെന്നിച്ചായനും കൂട്ടരുമാണ് കൂവിച്ചത് എന്നായിരുന്നു. ഡെന്നിച്ചായന് അക്കാര്യം അറിയുക പോലുമില്ല! എന്തു വൃത്തികേടാണ് ആളുകൾ തിയറ്ററിൽ കാണിക്കുന്നതെന്ന് എന്നോടു ചോദിച്ച ആളാണ് ഡെന്നിച്ചായൻ. ആ കൂവലിനോട് സിദ്ദീഖിന് പരാതിയൊന്നും ഉണ്ടായിരുന്നില്ല. അങ്ങനെ പരാതി പറയുന്ന ആളുമല്ല സിദ്ദീഖ്.
സിദ്ദീഖിന്റെ തമാശകൾ വേറെ ലെവൽ
പഴയകാലങ്ങളൊക്കെ ഇങ്ങനെ ഓർമ വരുവാ! ചൂടുള്ള ടെംപോയിലിരുന്നു കേരളം മുഴുവൻ യാത്ര ചെയ്തതൊന്നും മറക്കാൻ പറ്റില്ല. അന്നത്തെ ആ തല്ലുപിടുത്തത്തിനു ശേഷം ഒരിക്കലും ഞങ്ങൾ പിണങ്ങിയിട്ടില്ല. സിദ്ദീഖിന്റെ കിങ് ലയറിലും ഫുക്രിയിലും ഞാൻ അഭിനയിച്ചു. അങ്ങോട്ടും ഇങ്ങോട്ടും സിനിമയുടെ കാര്യങ്ങൾ സംസാരിക്കാറുണ്ട്. അഭിപ്രായങ്ങൾ ചോദിക്കാറും പറയാറുമുണ്ട്. നേരിൽ കണ്ടാൽ ആളൊരു ഗൗരവക്കാരനാണെന്നു തോന്നും. പക്ഷേ, ഹ്യൂമറേ പറയുള്ളൂ. കൂടെ നടക്കുന്ന ഞങ്ങൾക്കറിയാം അവന്റെ ഹ്യൂമറിന്റെ റേഞ്ച്. ചീപ്പ് കോമഡികൾ സിദ്ദീഖ് ഒരിക്കലും പറയാറില്ല. അവന്റെ തമാശകളുടെ ലെവൽ വേറെയാണ്. അതുപോലെ തന്നെയായിരുന്നു അവന്റെ സിനിമകളിലെ തമാശകളും. ജീവിതഗന്ധിയായ കഥകൾ എന്നു പറയുന്ന പോലെ ജീവിതഗന്ധിയായ തമാശകളായിരുന്നു സിദ്ദീഖ് പറഞ്ഞിരുന്നത്.
വേദനകൾ സ്വകാര്യമാക്കിയ സുഹൃത്ത്
മകളുടെ അവസ്ഥയെക്കുറിച്ച് സിദ്ദീഖിന് വലിയ ദുഃഖം ഉണ്ടായിരുന്നു. പക്ഷേ, ഇന്നേവരെ അക്കാര്യം ഞാൻ ചോദിച്ചിട്ടുമില്ല. അവൻ പറഞ്ഞിട്ടുമില്ല. അവനു വിഷമമാകുമോ എന്നു കരുതി ഞാൻ ആ വിഷയം സംസാരിക്കാറേ ഇല്ല. എല്ലാ സങ്കടങ്ങളും ഉള്ളിലൊതുക്കുന്ന പ്രകൃതമായിരുന്നു അവന്. ചെയ്യാൻ പോകുന്ന സിനിമകളുടെ കഥകൾ പുറത്തു പറയില്ല. ഇപ്പോൾ ദിലീപിനെ വച്ചും മമ്മൂക്കയെ വച്ചും രണ്ടു സിനിമകൾ പ്ലാൻ ചെയ്തിരുന്നു. അതിൽ മമ്മൂക്കയുടെ പ്രോജക്ട് മുമ്പോട്ടു പോകുന്നതിന് ഇടയിലാണ് സിദ്ദീഖ് നമ്മെ വിട്ടു പിരിയുന്നത്.