‘സൂപ്പർതാരങ്ങളുടെ കൂട്ടുകാരനോ സ്വന്തക്കാരനോ ആയി ഒതുങ്ങിപ്പോകേണ്ട ഞങ്ങളെ നായകരാക്കിയ സിദ്ദിഖ്–ലാൽ’
Mail This Article
സംവിധായകൻ സിദ്ദീഖിന്റെ മരണം മലയാള സിനിമയ്ക്കു മാത്രമല്ല മലയാള ഭാഷയ്ക്കു കൂടി തീരാനഷ്ടമാണെന്ന് നടൻ മുകേഷ്. ജീവിതത്തിൽ ഇതുവരെ സിഗരറ്റ് വലിക്കുകയോ മദ്യപിക്കുകയോ ചെയ്യാത്ത ആളാണ് സിദ്ദീഖ്. അദ്ദേഹത്തിന് ഇങ്ങനെ ഒരു അസുഖം വന്നത് തന്നെ ഞെട്ടിച്ചുവെന്ന് മുകേഷ് പറയുന്നു. ‘റാംജി റാവു സ്പീക്കിങ്’ എന്ന സിനിമയിലൂടെ മലയാള സിനിമയുടെ ചരിത്രം തന്നെ മാറ്റി എഴുതിയ സംവിധായക കൂട്ടായ്മയാണ് സിദ്ദീഖ്–ലാൽ. ‘ഗോഡ് ഫാദർ’ എന്ന സിനിമ കേരളത്തിൽ 410 ദിവസം ഓടി. ഏറ്റവും കൂടുതൽ തിയറ്ററിൽ ഓടിയ സിനിമയിലെ നായകനാകാൻ തനിക്ക് കഴിഞ്ഞതും സിദ്ദീഖ്–ലാലിലൂടെയാണ്. ആ റെക്കോർഡ് ഇനി ഒരിക്കലും മലയാള സിനിമയ്ക്ക് തിരുത്താൻ കഴിയില്ല. സിദ്ദീഖിന്റെ സിനിമകളിലെ സംഭാഷണങ്ങൾ മലയാള ഭാഷയ്ക്കു കൂടി മുതൽക്കൂട്ടായതാണ്. അത്തരമൊരു ജീനിയസിന്റെ മരണം മലയാള സിനിമയ്ക്കും സിനിമാപ്രേമികൾക്കും തീരാനഷ്ടമാണെന്നും മുകേഷ് പറയുന്നു.
‘ഒരാഴ്ച മുമ്പ് ഡോ. മനു എന്നോടു പറഞ്ഞത് സിദ്ദീഖിന് നോൺ ആൽക്കഹോളിക് ലിവർ സിറോസിസ് ആണെന്നാണ്. ഇനി കരൾ മാറ്റി വയ്ക്കുകയാണ് ചെയ്യേണ്ടതെന്നും പറഞ്ഞു. ജീവിതത്തിൽ ഇതുവരെ സിഗരറ്റ് വലിക്കുകയോ മദ്യപിക്കുകയോ ചെയ്യാത്ത ആളാണ് സിദ്ദീഖ്. അദ്ദേഹത്തിന് ഇങ്ങനെയൊരു അസുഖം വന്നത് എന്നെ ഞെട്ടിച്ചു. ഈ ആശുപത്രിയിൽത്തന്നെ കരൾ മാറ്റിവയ്ക്കാനുള്ള ഏർപ്പാടുകൾ ചെയ്യാം എന്നാണ് ഡോക്ടർ പറഞ്ഞത്. പക്ഷേ രണ്ടു ദിവസം മുമ്പാണ് വീണ്ടുമൊരു അറ്റാക്ക് വന്ന് നില ഗുരുതരമായത്. എന്നാലും അദ്ദേഹം തിരിച്ചുവരും, തിരിച്ചു വരേണ്ടതാണ് എന്നാണ് ഞങ്ങളെല്ലാവരും പ്രാർഥിക്കുകയും ആഗ്രഹിക്കുകയും ചെയ്തത്. പക്ഷേ വളരെ ക്രൂരമായ ഒരു മരണമായിപ്പോയി ഇത് എന്നുവേണമെങ്കിൽ പറയാം. കാരണം അത്രമാത്രം ആത്മബന്ധം ഉള്ള ഒരാളായിരുന്നു സിദ്ദീഖ്.
80കളിൽ ആണ് ഞാൻ സിനിമയിൽ വന്നത്, മുത്താരംകുന്ന്, ബോയിങ് ബോയിങ്, ഓടരുതമ്മാവാ ആളറിയാം സിനിമകളൊക്കെ ഇറങ്ങിയ സമയം. ഇതിനൊക്കെ ശേഷം ഞാനും എന്നെപ്പോലെയുള്ള കുറച്ച് ആർട്ടിസ്റ്റുകളും സിനിമയിൽ സൂപ്പർതാരങ്ങളുടെ അയൽക്കാരന്റെയോ കൂട്ടുകാരന്റെയോ ചെറിയ സ്വന്തക്കാരുടെയോ ഒക്കെ റോളുകളൊക്കെ ചെയ്ത് ജീവിതം അവസാനിക്കുമെന്നു വിചാരിച്ചിരുന്നതാണ്. കാരണം നമ്മളെയൊക്കെ വച്ച് സിനിമ ചെയ്യാനും സംവിധാനം ചെയ്യാനും ആരും മുന്നോട്ടു വരുമെന്നു കരുതിയിരുന്നില്ല. അങ്ങനെ ഒതുങ്ങിക്കൂടുന്ന അവസരത്തിലാണ് റാംജി റാവു എന്ന സിനിമ വരുന്നത്. എന്നെപ്പോലെയുള്ള പുതുമുഖ താരങ്ങളെ വച്ച് എടുത്ത സിനിമ ഓണക്കാലത്ത് റിലീസ് ചെയ്താൽ ആരും കാണാതെ പോകും എന്ന് കരുതി രണ്ടാഴ്ച മുൻപാണ് റിലീസ് ചെയ്യാൻ തീരുമാനിച്ചത്. കാരണം അന്ന് ഓണത്തിന് വലിയ ചിത്രങ്ങൾ റിലീസ് ഉണ്ടായിരുന്നു.
അതുകൊണ്ട് ഓണത്തിന് രണ്ടാഴ്ച മുൻപ് റിലീസ് ചെയ്തു. ആദ്യ ദിവസം വളരെ കുറച്ചുപേരും രണ്ടാമത്തെ ദിവസം ഒന്ന് മെച്ചപ്പെട്ട് മൂന്നാമത്തെ ദിവസം തൊട്ട് ഹൗസ്ഫുൾ ആയി സിനിമ ഓടിത്തുടങ്ങി. രണ്ടാഴ്ച കൊണ്ട് കേരള ജനത രണ്ടു കയ്യും നീട്ടി സിനിമ സ്വീകരിച്ചു. കോൺട്രാക്ട് ഉള്ളതുകൊണ്ട് തിയറ്ററിൽ നിന്ന് സിനിമ പിൻവലിച്ചെങ്കിലും രണ്ടാഴ്ച കഴിഞ്ഞു വീണ്ടും അതേ തിയറ്ററിൽ സിനിമ കളിച്ചു തുടങ്ങി. വലിയ താരങ്ങളൊന്നും വേണ്ട, നല്ല കഥയും അഭിനയവും നല്ല മുഹൂർത്തങ്ങളുമുണ്ടെങ്കിൽ പ്രേക്ഷകർ സിനിമ സ്വീകരിക്കും എന്നുള്ളതിന്റെ ഏറ്റവും വലിയ തെളിവായിരുന്നു റാംജിറാവു. അതിനുശേഷം ആണ് എനിക്കും എന്നെപ്പോലെയുള്ള ഒരുപാട് നടന്മാർക്കും സ്വന്തമായി ഒരു മേൽവിലാസം കിട്ടിയത്. ആ സിനിമയോടെ ഇൻഡസ്ട്രി തന്നെ മാറുകയായിരുന്നു.
ഇൻഡസ്ട്രിയുടെ തന്നെ ഏറ്റവും വലിയ ഗുണകരമായ മാറ്റം സിദ്ദീക്കും ലാലും കൂടിയാണ് നടത്തിയത്. പിറ്റേക്കൊല്ലം ‘ഇൻ ഹരിഹർ നഗർ’ വന്നു. അവരുടെ ഏറ്റവും വലിയ നിർബന്ധം പഴയ സിനിമയെപ്പോലെ ആകരുത് പുതിയ സിനിമ, മൊത്തത്തിൽ വ്യത്യസ്തമായിരിക്കണം എന്നായിരുന്നു. മറ്റേത് നാടകവും ഗ്രാമീണ അന്തരീക്ഷവും ഒക്കെ ആയിരുന്നെങ്കിൽ ഇത് പട്ടണത്തിലായിരുന്നു കഥ. ഒരു ത്രില്ലർ ഹ്യൂമര്‍ ജോണർ മലയാളത്തിൽ ആദ്യമായി കൊണ്ടുവന്ന സിനിമയായിരുന്നു അത്. അതു കഴിഞ്ഞിട്ടാണ് ‘ഗോഡ് ഫാദർ’ വന്നത്. എന്റെ ഓർമയിൽ, ആദ്യത്തെ ദിവസം ഇന്നസന്റിന്റെ സീൻ ആണ് എടുക്കുന്നത്. ആ ദിവസം എനിക്ക് ഷൂട്ടിങ് ഇല്ല എന്ന് പറഞ്ഞതാണ്. പെട്ടെന്ന് എന്നെ വിളിപ്പിച്ചിട്ട് കാലിക്കറ്റ് ഗെസ്റ്റ് ഹൗസിൽ എത്തണം എന്നു പറഞ്ഞു. അസിസ്റ്റന്റ് ഡയറക്ടർക്കു തെറ്റിയതായിരിക്കും എനിക്കിന്ന് ഷൂട്ട് ഇല്ല എന്നാണ് ഞാൻ പറഞ്ഞത്. പക്ഷേ അവിടെ ചെന്നപ്പോൾ സിദ്ദീഖ് ചിരിച്ചുകൊണ്ട് പറഞ്ഞു അങ്ങോട്ട് ചോദിക്ക് എന്ന്.
ഞാൻ നോക്കുമ്പോൾ ഇന്നസന്റ് ചേട്ടൻ അവിടെ ഉണ്ട്. ചേട്ടൻ എന്നോട് പറഞ്ഞു, ‘‘നീ ഒരു സഹായം ചെയ്യണം. പറ്റില്ല എന്നു പറയരുത്’’. ഞാൻ ചോദിച്ചു: ‘‘എന്താണ്?’’. ‘‘ഇവർ രണ്ടുപേരും റാംജി റാവു, ഹരിഹർ നഗർ ഇത്രയും സൂപ്പർ ഹിറ്റ് സിനിമകൾ ചെയ്തിട്ട് ഇതിന് എന്റെ മുഖം വച്ച് തുടങ്ങിയിട്ട് എന്തെങ്കിലും സംഭവിച്ചാൽ എന്റെ ഐശ്വര്യക്കേടാണെന്ന് ഇവന്മാർ പറയും.’’ പകുതി തമാശയും പകുതി സീരിയസും ആയി അദ്ദേഹം എന്നോട് പറഞ്ഞു, ‘‘അതുകൊണ്ട് നീ ആദ്യത്തെ സീൻ അഭിനയിക്കണം’’ . ഇത് കേട്ടപ്പോൾ എല്ലാവരും ചിരിച്ചെങ്കിലും അദ്ദേഹം സീരിയസ് ആയിട്ടാണ് പറഞ്ഞത്. അതുകൊണ്ട് ഗോഡ്ഫാദറിന്റെ ആദ്യ സീനിൽ എന്റെ മുഖത്താണ് ക്യാമറ വയ്ക്കുന്നത്. അഞ്ഞൂറാന്റെ ഫോൺ വരുന്നു. അപ്പോൾ രാമഭദ്രൻ ഹോസ്റ്റലിലാണ്. അഞ്ഞൂറാന്റെ ഫോൺ ആണെന്ന് അറിയാതെ ഞാൻ വന്ന് ഒരു സിഗരറ്റ് വലിച്ചു കൊണ്ട് ഫോൺ എടുക്കുന്നു.
എന്റെ ജീവിതത്തിൽ നടന്ന ഒരു സംഭവമുണ്ട്. എന്റെ അച്ഛൻ ഫോൺ വിളിച്ചപ്പോൾ, അച്ഛനാണ് എന്നറിയാതെ സിഗരറ്റ് വലിച്ചിട്ട് വന്നു ഫോണെടുത്തു. അച്ഛനാണെന്ന് അറിഞ്ഞതോടെ പെട്ടെന്ന് എന്റെ ഒരു റിഫ്ലക്ഷൻ. പുക വായിൽനിന്ന് ഊതിക്കളയുന്നു. അച്ഛൻ അത് കാണില്ലെന്നുള്ളത് പിന്നെയാണ് ചിന്തിക്കുന്നത്. ഞാനത് ചെയ്തോട്ടെ എന്ന് ചോദിച്ചപ്പോൾ ഇവർ പറഞ്ഞു, ഇതിനപ്പുറം ഒരു ഇംപാക്ട് കിട്ടാനില്ലെന്ന്. അഞ്ഞൂറാൻ സ്വന്തം മകൻ പോലും ഇത്രയും ഭയഭക്തി ബഹുമാനം കാണിക്കുന്ന ഒരാളാണ് എന്ന് അറിയുന്നത് ഒരു വലിയ ഇംപാക്ട് ആയിരിക്കും.
ആ സിനിമ 410 ദിവസം ഒരു തിയറ്ററിൽ ഓടി. അത് റെക്കോർഡ് ആണ് ആ റെക്കോർഡ് ഇനി ഒരിക്കലും മലയാള സിനിമയ്ക്ക് തിരുത്താൻ പറ്റില്ല. ഞാൻ അതുകൊണ്ട് എവിടെപ്പോയാലും പറയും ഗോഡ് ഫാദർ റെക്കോർഡ് ഹോൾഡർ ആണെന്ന്. പിന്നെ അങ്ങോട്ടുള്ള എല്ലാ സിനിമകളും സിദ്ദീഖ് സ്വന്തമായി ചെയ്ത ഹിറ്റ്ലറും ക്രോണിക് ബാച്ചിലറും ഫ്രണ്ട്സും എല്ലാം വ്യത്യസ്തമായിരുന്നു. എപ്പോഴും വ്യത്യസ്തത കൊണ്ടുവരാൻ ആഗ്രഹിക്കുന്ന ഒരാളാണ് സിദ്ദീഖ്. ഫ്രണ്ട്സ് സിനിമയിൽ എന്നെ വേറൊരു രീതിയിൽ പ്രതിഷ്ഠിക്കാൻ അദ്ദേഹം ശ്രമിച്ചു. ജയറാമും ശ്രീനിവാസനും ഒക്കെ ഭയങ്കരമായ തമാശ പറയുമ്പോൾ ഞാൻ തമാശ പറയാതെ നിൽക്കുന്നു. അപ്പോൾ ഞാൻ സിദ്ദീഖിനോട് ചോദിച്ചു: ‘‘ഇത് ശരിയാകുമോ? ആളുകൾ പറയത്തില്ലേ ഇവരുടെ മുന്നിൽ ഞാൻ നിഷ്പ്രഭനായി പോയെന്ന്. മുകേഷിൽ നിന്ന് കൂടുതൽ ഞങ്ങൾ പ്രതീക്ഷിച്ചു എന്ന് പറയില്ലേ?’’
അപ്പോൾ സിദ്ദീഖ് പറഞ്ഞു ‘‘അതാണ് ശരിയാകുന്നത്.’’ അതെ, സിദ്ദീഖിനെ എനിക്ക് വിശ്വാസമാണ്. സിനിമ വന്നപ്പോൾ ഇന്നും എന്റെ ജീവിതത്തിൽ ഏറ്റവും വ്യത്യസ്തമായി, ഏറ്റവും ഓർമിക്കുന്ന കഥാപാത്രം ചന്തു ആയിരുന്നു. അത് അതുകഴിഞ്ഞ് ക്രോണിക് ബാച്ചിലർ. സിദ്ദീഖിന്റെ എഴുത്തിലെ ഒരു മഹിമയും എടുത്ത് പറയണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. മാന്നാർ മത്തായി സ്പീക്കിങ് എന്ന സിനിമയെ കുറിച്ച് പല സമയത്തും എനിക്ക് കിട്ടിയ കോംപ്ലിമെന്റ്സ് വളരെ വലുതാണ്. ഇപ്പോഴും കൊച്ചു കുട്ടികൾ വരെ ഹരിഹർ നഗറും ഗോഡ് ഫാദറും മാന്നാർ മത്തായിയും ഒക്കെ കണ്ടുകൊണ്ടിരിക്കുകയാണ്. പലരും എന്നോട് പരാതി പറഞ്ഞിട്ടുണ്ട്, അത്യാവശ്യമായി എവിടെയെങ്കിലും പോകുമ്പോൾ പിള്ളേര് ടിവിയിൽ ഇത് കണ്ടുകൊണ്ടിരിക്കുമെന്ന്. ഇപ്പോഴും അത്രമാത്രം മലയാളികളെ പിടിച്ചിരുത്താനുള്ള ഒരു കഴിവ് സിദ്ദീഖിനുണ്ട്.
ഞാൻ ഒരിക്കൽ സെറ്റിൽ പറഞ്ഞ ഒരു കഥയാണ് ഒരു മണിക്കൂർ കൊണ്ട് ഒരിക്കലും ആർക്കും മറക്കാത്ത ഒരു മുഹൂർത്തം ആക്കി മാറ്റിയത്. ഞാൻ പേപ്പർ വായിച്ചു കൊണ്ടിരിക്കുകയും ഇന്ദ്രൻസ് വന്ന് നോക്കുകയും ഞെട്ടിക്കുന്ന വാർത്തയുണ്ടെന്ന് പറയുകയും ചെയ്യുന്ന സീൻ. ഈ ലോകമുള്ളിടത്തോളം കാലം ആൾക്കാർ പറഞ്ഞു രസിക്കുന്ന ഒരു സീനാക്കി മാറ്റുക എന്നുള്ളത് മറ്റുള്ള ഒരു എഴുത്തുകാരനിലും സംവിധായകനും ഞാൻ കണ്ടിട്ടില്ല. നമ്മുടെ മലയാള ഭാഷയ്ക്ക് തന്നെ ഒരുപാട് സംഭാവന ചെയ്തിട്ടുള്ള ആളുകളാണ് സിദ്ദീഖും ലാലും. തോമസ് കുട്ടീ വിട്ടോടാ, കമ്പിളിപ്പുതപ്പ് കമ്പിളിപ്പുതപ്പ് എന്നൊക്കെ എന്നോട് പോലും ആൾക്കാർ പറഞ്ഞിട്ടുണ്ട്.
ഞാൻ ഫോണിൽ കൂടി, കേൾക്കുന്നില്ല എന്നു പറയുമ്പോൾ എന്നോട് കമ്പിളിപ്പുതപ്പ് എന്ന് പറയാറുണ്ട്. റാംജി റാവുവിൽ ഇങ്ങനെ ഒരു സീൻ ഉണ്ടെന്നു പോലും അറിയാത്തവർ പോലും ഇത് പറയാറുണ്ട്. ഇതെല്ലാം ഭാഷയുടെ ഒരു ഭാഗമായി മാറി. അദ്ദേഹത്തിന്റെ ഏത് സിനിമ എടുത്താലും മനസ്സിനകത്ത് ഇറങ്ങുന്ന ഒരു കഥയ്ക്കും സംഭാഷണങ്ങൾക്കും ഒപ്പം ഒരിക്കലും മലയാളഭാഷയ്ക്ക് മറക്കാൻ കഴിയാത്ത വാചകങ്ങളും വന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് പകരം വയ്ക്കാൻ ആരും ഉണ്ടാകില്ല. എന്നെപ്പോലെയുള്ള ആൾക്കാർക്കാണ് കൂടുതൽ നഷ്ടം.
ഗോഡ് ഫാദർ 30 കൊല്ലം തികയുന്ന ദിവസം ഞാൻ ലാലിനെ അനുമോദിച്ചു, 30 കൊല്ലം എത്ര പെട്ടെന്നാണ് പോയത് എന്ന് പറഞ്ഞിട്ട്. അപ്പോൾ ലാൽ പറഞ്ഞു, സിദ്ദീഖിനെ വിളിക്കൂ എന്ന്. ഞങ്ങൾ സിദ്ദീഖിനെ വിളിച്ചു. ഈ 30 കൊല്ലം തികയുന്നത് വലിയ സന്തോഷമാണ് എന്നൊക്കെ പറഞ്ഞപ്പോൾ ലാൽ ഫോൺ വാങ്ങിയിട്ട് പറഞ്ഞു, ‘‘മുകേഷിനെ വച്ചിട്ട് സിനിമ എടുത്തിട്ട് എത്ര നാളായി, എഴുത് പേപ്പർ എടുത്ത്, ഇപ്പോൾ എഴുതണം. മുകേഷ് ആണ് അടുത്ത സിനിമയിലെ നായകൻ’’ എന്ന്. അപ്പോൾ സിദ്ദീഖ് പറഞ്ഞു ‘‘ഞാൻ എഴുതി തുടങ്ങുകയാണ്’’. അപ്പോൾ ചിരിച്ചുകൊണ്ട് ലാൽ പറഞ്ഞു ‘‘എന്റെയും കൂടി ചേർത്ത് എഴുതിക്കോ’’. ആ ഒരു ബന്ധമാണ് ഞങ്ങൾ തമ്മിൽ, അങ്ങനെ എത്രയെത്ര സിനിമകൾ, മലയാളഭാഷയ്ക്കും നമ്മുടെ സംസാരരീതിക്കും ഒക്കെയുള്ള എത്രയെത്ര ഡയലോഗുകൾ, എത്ര മഹത്തായ റെക്കോർഡുകൾ ഒക്കെയാണ് ഇങ്ങനെ അദ്ദേഹത്തിന്റെ മരണത്തോടെ നടക്കാതെ പോകുന്നത് എന്ന് ഓർക്കുമ്പോൾ ഒരു സഹപ്രവർത്തകനും സുഹൃത്തും എന്ന് മാത്രമല്ല സിനിമയെ സ്നേഹിക്കുന്ന ഒരു സിനിമ പ്രവർത്തകൻ എന്ന നിലയിൽ ഞാൻ പറയുന്നു ഇതൊരു തീരാനഷ്ടമാണ്. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.’’–മുകേഷ് പറഞ്ഞു.