ADVERTISEMENT

സിദ്ദീഖും ലാലും ഒരുമിച്ചു വന്നാൽ ചിരിക്കാനുള്ള വകയുണ്ടാകുമെന്നാണ് മലയാളികളുടെ ഉറച്ച വിശ്വാസം. എന്നാൽ, കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ സിദ്ദീഖിന്റെ മൃതദേഹത്തിനരികെ ലാൽ ഇരിക്കുന്ന ഫ്രെയിം കണ്ട് ഉള്ളുലയാത്ത മനുഷ്യരുണ്ടാകില്ല. രണ്ടു ശരീരവും ഒരു മനസുമെന്നു പറയുന്ന വായ്മൊഴിയെ ജീവിച്ചു കാണിച്ചു രണ്ടു മനുഷ്യരുടെ ജീവിതത്തിലെ അവസാനത്തെ ഫ്രെയിം! സിദ്ദീഖിന്റെ കുടുംബത്തിന്റെ ദുഃഖത്തേക്കാൾ മലയാളികൾ ആകുലപ്പെട്ടത് ഒരു പക്ഷേ, ലാൽ എങ്ങനെയാകും ഈ വേർപാടിനെ ഉൾക്കൊള്ളുക എന്നതായിരിക്കും. കാരണം, പ്രേക്ഷകർക്കിപ്പോഴും നടൻ ലാൽ എന്നത് 'സിദ്ദീഖ്–ലാലിലെ ലാൽ' ആണ്. ഓരോ പരിചയപ്പെടുത്തലിലും ഓർത്തു പറയലിലും മലയാളികൾ പരസ്പരം ഉപയോഗിക്കുന്ന ഈ മേൽവിലാസം ഇനി നൊമ്പരപ്പെടുത്തുന്ന ഓർമ്മപ്പെടുത്തലാകും. 

 

ലാലും സിദ്ദിഖും (ഫയൽ ചിത്രം: മനോരമ)
ലാലും സിദ്ദിഖും (ഫയൽ ചിത്രം: മനോരമ)

മലയാള സിനിമ കണ്ട ഏറ്റവും മനോഹരമായ കൂട്ടുകെട്ടുകളിലൊന്നായിരുന്നു സിദ്ദീഖ്–ലാൽ എന്ന ഇരട്ട സംവിധായകർ. ഒരുമിച്ചു നിന്നപ്പോഴും പിരിഞ്ഞപ്പോഴും അവർ പുലർത്തിയ പക്വതയും പരസ്പര ബഹുമാനവുമാണ് അവരുടെ സൗഹൃദത്തെ വേറിട്ടു നിറുത്തിയത്. പരസ്പരം കൊമ്പു കോർത്തു നടന്നിരുന്ന രണ്ടു ക്ലബിലെ അംഗങ്ങളെ അപ്രതീക്ഷിതമായി ഒറ്റ വേദിയിലേക്ക് കൈ പിടിച്ചു കയറ്റിയതിന് നിമിത്തമായത് സിദ്ദീഖിന്റെ സുഹൃത്ത് ഉസ്മാൻ ആയിരുന്നു. അത് സംഭവിച്ചത് ഒരു ഞായറാഴ്ചയും. 

ലാലും സിദ്ദിഖും (ഫയൽ ചിത്രം:)
ലാലും സിദ്ദിഖും (ഫയൽ ചിത്രം:)

 

സിദ്ദീഖ്–ലാൽ
സിദ്ദീഖ്–ലാൽ

അന്ന് സിദ്ദീഖും ലാലും സുഹൃത്തുക്കൾ ആയിട്ടില്ല. പുല്ലേപ്പടിയിൽ നാടകത്തിനും ഫുട്ബോളിനും എന്നു വേണ്ട എല്ലാ കലാകായിക മത്സരങ്ങളിലും ഏറ്റുമുട്ടുന്ന രണ്ടു ക്ലബിലെ അംഗങ്ങൾ മാത്രം. ക്ലബിലെ അംഗങ്ങൾ തമ്മിൽ അങ്ങനെ സൗഹൃദമൊന്നുമില്ല. അത്യാവശ്യത്തിന് തല്ലുപിടി ഉണ്ടുതാനും. അന്നേ രണ്ടു പേർക്കും മിമിക്രിയുണ്ട്. സിദ്ദീഖ് സുഹൃത്ത് ഉസ്മാനൊപ്പം നാട്ടിൻപുറത്ത് ചെറിയ രീതിയിൽ മിമിക്രി കളിച്ചു നടക്കുന്ന കാലമാണ്. അങ്ങനെയൊരു ഞായറാഴ്ച വന്നു. അന്നു വൈകീട്ട് ആറു മണിക്ക് വടുതല അമ്പലത്തിൽ സിദ്ദീഖിന് പരിപാടിയുണ്ട്. ഉച്ചയോടെ സുഹൃത്ത് ഉസ്മാൻ ഒരു പ്രഖ്യാപനം നടത്തി. ഇനി മിമിക്രി പരിപാടിക്ക് ഇല്ല. അതോടെ വെട്ടിലായത് സിദ്ദീഖാണ്. പരിപാടി നടന്നില്ലെങ്കിൽ സംഘാടകരുടെ കയ്യിൽ നിന്ന് നല്ല ഇടി കിട്ടും. 

അന്തരിച്ച സിദ്ദിഖിന്റെ പൊതുദർശനം നടക്കുന്ന കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലെത്തിയ ലാൽ. ചിത്രം: ഇ.വി.ശ്രീകുമാർ∙ മനോരമ
അന്തരിച്ച സിദ്ദിഖിന്റെ പൊതുദർശനം നടക്കുന്ന കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലെത്തിയ ലാൽ. ചിത്രം: ഇ.വി.ശ്രീകുമാർ∙ മനോരമ

 

ഇനി എന്തു ചെയ്യും എന്ന് ടെൻഷനടിച്ച് ഇരിക്കുമ്പോഴാണ് ഉസ്മാന് പകരക്കാരനായി, അപ്പുറത്തെ ക്ലബിലെ ലാലിനെ വിളിച്ചാലോ എന്ന ആശയം തോന്നുന്നത്. പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു. ഒരു ഓട്ടോയിൽ സിദ്ദിഖും ലാലും വടുതലയിലേക്ക് പറന്നു. ആ ഓട്ടോയിലിരുന്ന് അന്നത്തെ മിമിക്രി അവർ സെറ്റാക്കി. ആ പരിപാടി ചരിത്രമായി. രണ്ടു പേരുടെയും ഒരുമിച്ചുള്ള പ്രകടനം കണ്ട് കാണികൾ ചിരിച്ചു മറിഞ്ഞു. പിന്നീട് പല വേദികളിലും തിയറ്ററുകളിലും അതിനു ശേഷം മൊബൈലിന്റെ ഇത്തിരിക്കുഞ്ഞൻ സ്ക്രീനിനു മുമ്പിലും ആവർത്തിക്കപ്പെട്ട, ഇപ്പോഴും ആവർത്തിച്ചു കൊണ്ടിരിക്കുന്ന ചിരിപ്പൂരത്തിന് തിരി തെളിഞ്ഞത് അങ്ങനെയാണ്.

 

അന്തരിച്ച സിദ്ദിഖിന്റെ പൊതുദർശനത്തിനിടെ ലാലിനെ ആശ്വസിപ്പിക്കുന്ന ഫഹദ് ഫാസിൽ. ചിത്രം: ഇ.വി.ശ്രീകുമാർ∙മനോരമ
അന്തരിച്ച സിദ്ദിഖിന്റെ പൊതുദർശനത്തിനിടെ ലാലിനെ ആശ്വസിപ്പിക്കുന്ന ഫഹദ് ഫാസിൽ. ചിത്രം: ഇ.വി.ശ്രീകുമാർ∙മനോരമ

എങ്ങനെയുള്ള സുഹൃത്തുക്കളായിരുന്നു അവർ രണ്ടു പേരും? പലപ്പോഴും പല അഭിമുഖങ്ങളിലും ആവർത്തിക്കപ്പെട്ട ചോദ്യത്തിന് ഒരു ഉത്തരമേ അവർക്കുണ്ടായിരുന്നുള്ളൂ. "പലരും കരുതുംപോലെ ഞങ്ങൾ ഒരിക്കലും ഉറ്റ സുഹൃത്തുക്കളല്ലായിരുന്നു. എടാ എന്നു വിളിക്കാത്ത, തോളിൽ കൈയിട്ടു നടക്കാത്ത, ഒരിക്കലും പിണങ്ങാത്ത, തമാശയ്‌ക്കുപോലും തല്ലുണ്ടാക്കാത്ത ഒരു പോളിഷ്‌ഡ് സൗഹൃദമാണ് ഞങ്ങളുടേത്. രണ്ടു നേതാക്കൾ തമ്മിലുള്ള സൗഹൃദം പോലെ ഡിപ്ലോമാറ്റിക് ആയ ബന്ധം... ഒളിഞ്ഞു നോക്കാൻ ഞങ്ങളൊരിക്കലും പരസ്‌പരം കൂട്ടുവിളിച്ചിട്ടില്ല. അതിനാൽ ആരുടെ കൈവശവും ചെളിവാരിയെറിയാൻ ഒന്നുമില്ല," സിദ്ദീഖായിരുന്നു അന്ന് അതിന് ഉത്തരം പറഞ്ഞത്. 

 

എന്നും വിളിച്ചില്ലെങ്കിലും നേരിൽ കണ്ടില്ലെങ്കിലും അവർ തമ്മിലുള്ള സൗഹൃദത്തിന്റെ അദൃശ്യച്ചരട് ഒരിക്കലും മുറിഞ്ഞില്ല. ഒരാവശ്യം വന്നാൽ പ്രത്യേകിച്ചൊന്നും പറയാതെ പോലും അവർ തമ്മിലറിഞ്ഞു. അങ്ങനെയൊരു അനുഭവം ഒരിക്കൽ ലാൽ പറഞ്ഞിട്ടുണ്ട്. ലാലിന്റെ സഹോദരിയുടെ വിവാഹം ഉറപ്പിച്ച സമയം. അതിന്റെ കാര്യങ്ങളുമായി ഓടി നടക്കുന്നതിന് ഇടയിലാണ് സഹോദരിയുടെ കയ്യിലെ ബ്രേസ്‍ലറ്റ് കളഞ്ഞു പോയത്. എല്ലാവർക്കും അതൊരു സങ്കടമായി. കല്യാണച്ചെലവുകൾ കൂട്ടിമുട്ടിക്കാനോടുന്നതിന് ഇടയ്ക്ക് കളഞ്ഞു പോയ ആഭരണത്തിന് പകരം മറ്റൊന്നു വാങ്ങാനുള്ള അവസ്ഥ ഉണ്ടായിരുന്നുമില്ല. എന്നാൽ ഇക്കാര്യമൊന്നും ലാൽ, സിദ്ദീഖിനോട് പറഞ്ഞിരുന്നില്ല. ആ സമയത്താണ് സിദ്ദീഖിന് എവിടെ നിന്നോ അൽപം പണം കയ്യിലെത്തിയത്. അതു കയ്യിൽ കിട്ടിയതും സിദ്ദീഖ് ലാലിനെ കാണാൻ ഓടിച്ചെന്നു. "പെങ്ങളുടെ വിവാഹ സമയമല്ലേ... കാശിന് ആവശ്യം ഉണ്ടാകുമല്ലോ" എന്നു പറഞ്ഞ് ആ പണം ലാലിനെ ഏൽപ്പിച്ചു. കണ്ണു നിറഞ്ഞു പോയ ആ അനുഭവം വർഷങ്ങൾക്കു ശേഷം ലാൽ പറഞ്ഞപ്പോഴാണ് അതിനു പിന്നിലെ കഥ സിദ്ദീഖ് അറിയുന്നതു പോലും. പൊതു ഇടത്തിൽ ഒരിക്കൽ പോലും കരഞ്ഞിട്ടില്ലാത്ത സിദ്ദീഖിന്റെ കണ്ണുകൾ അന്ന് ലാലിന്റെ വാക്കുകൾ കേട്ട് ഈറനണിഞ്ഞു. "ഇങ്ങനെയുണ്ടാകുമോ സുഹൃത്തുക്കൾ" എന്ന് ചുറ്റുമുള്ളവർ അസൂയപ്പെട്ടതിന്റെ കാരണവും മറ്റൊന്നായിരുന്നില്ല. 

 

പരസ്പര ബഹുമാനമുള്ള സൗഹൃദമാണ് തങ്ങൾക്കിടയിലുള്ളതെന്ന് എല്ലായ്പ്പോഴും സിദ്ദീഖും ലാലും ആവർത്തിച്ചു. ആ കൂട്ടുകെട്ടിനെ തകർക്കാൻ അങ്ങനെയൊന്നും ആർക്കും സാധ്യമായിരുന്നില്ല. കാരണം, അത്ര ആഴത്തിൽ അവർ പരസ്പരം അറിഞ്ഞിരുന്നു. ‘‘ഞങ്ങൾ ഒരിക്കലും സൗഹൃദങ്ങൾ മുറിച്ച് പിരിഞ്ഞവരല്ല. പരസ്‌പരം ചെളിവാരി എറിഞ്ഞവരല്ല. പരസ്‌പരം ബഹുമാനിച്ചുകൊണ്ടാണ് ഇക്കാലമത്രയും കഴിഞ്ഞത്. ഇനിയും അങ്ങനെ തന്നെയായിരിക്കും," സിദ്ദീഖും ലാലും ഒരിക്കൽ 'മനോരമ'യോട് പറഞ്ഞ വാക്കുകളാണിത്.  

 

സിദ്ദീഖിന്റെയും ലാലിന്റെയും ജീവിതത്തിലെ മറക്കാനാവാത്ത ചില ഓർമകളുടെ ഫ്രെയിമുകൾ ഒരുപോലെയാണ്. പലപ്പോഴും അഭിമുഖങ്ങളിൽ കരിയറിലെ വഴിത്തിരിവുകളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് സിദ്ദീഖും ലാലും പറയുന്ന ഉത്തരങ്ങളിൽ പോലും ആ ഫ്രെയിമുകൾ ആവർത്തിക്കും. കച്ചേരിപ്പടിയിലെ മയൂര പാർക്കിലെ 205–ാം മുറി... അതിലെ ജനലുകൾ... അതിൽ പിടിച്ച് കഥ ആലോചിച്ചു നിന്ന നിമിഷം! (പിന്നീട് സിദ്ദീഖ്–ലാലിന്റെ ഭാഗ്യമുറിയെന്നു ആ ഇടം പെരുമ കൊണ്ടു.) സംവിധായകൻ ഫാസിലിന്റെ അടുത്ത് ആദ്യം ചെന്ന നിമിഷങ്ങൾ. ആ മുറിയിലെ ലൈറ്റിന്റെ പാറ്റേൺ, ഫാസിൽ എന്ന സംവിധായകന്റെ ആ പ്രസൻസ്, മുറിയിലെ തണുപ്പ്, ഗന്ധം! അതുപോലെ റാംജി റാവു സ്പീക്കിങ്ങിന്റെ ആദ്യ ഷോയ്ക്കു മുമ്പുള്ള നെഞ്ചിടിപ്പ്! 'സിദ്ദീഖ്–ലാൽ പിരിയുന്നു' എന്ന വാർത്ത വന്ന വെള്ളിയാഴ്ച ചെലവഴിച്ച മദ്രാസിലെ ആ സായാഹ്നം! അങ്ങനെ ഒരായിരം ഫ്രെയിമുകളിൽ സിദ്ദീഖും ലാലും ഒരുമിച്ചു തന്നെയായിരുന്നു. 

 

ആ ഓർമകൾ രണ്ടുപേരുടെയും മനസിൽ പതിഞ്ഞത് ഒരേ പാറ്റേണിലായിരിക്കണം. എന്നാൽ, കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ വിരിച്ച ചുവന്ന പരവതാനിക്കു മുകളിൽ ഒരുക്കിയ ചില്ലുപേടകത്തിൽ വെളുത്ത തുണി പുതച്ചു കിടക്കുന്ന പ്രിയസുഹൃത്തിനെ നോക്കിയിരിക്കേണ്ടി വന്ന നിമിഷം ലാലിന്റെ ജീവിതത്തിൽ ഇനി മറക്കാനാഗ്രഹിച്ചാലും മറക്കാൻ പറ്റാത്ത ഫ്രെയിമായി മാറും. ഇരുവരുടെ സൗഹൃദത്തിലെ ഈ നിമിഷം ഒരുപക്ഷേ, സിദ്ദീഖിന്റെ ബോധമണ്ഡലങ്ങളിൽ ഉണ്ടാകില്ല. ഭൂതവും ഭാവിയും വർത്തമാനവുമില്ലാത്ത ലോകത്തിലിരുന്ന് സിദ്ദീഖ് കാണുന്നത് മറ്റൊരു ദൃശ്യമായിരിക്കും. ചേതനയറ്റ തന്റെ ശരീരത്തിനടുത്ത് മണിക്കൂറുകളോളം ഒരു ചെറിയ കസേരയിൽ തകർന്നിരിക്കുന്ന ലാലിന്റെ ദൃശ്യം! ഒരു വലിയ ആൾക്കൂട്ടത്തിൽ ഒറ്റയ്ക്കായി പോയ പ്രിയ സുഹൃത്ത്! ലോകത്തിലെ ഏറ്റവും ഏകാകിയായി സുഹൃത്തിന് ആ നിമിഷം ഒറ്റ മുഖമേയുള്ളൂ... അതു ലാലിന്റേതായിരിക്കും! വർഷങ്ങൾക്കു മുമ്പ് പത്രത്തിൽ വന്ന വാർത്തയുടെ തലക്കെട്ട് അങ്ങനെ സത്യമായി, ഇനി സിദ്ദീഖ്–ലാൽ ഇല്ല! 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com