‘ഭാസ്കർ ദ് റാസ്കലിൽ’ വില്ലനായി ആദ്യം തീരുമാനിച്ചത് ജയറാമിനെ
Mail This Article
‘ഭാസ്കർ ദ് റാസ്കലി’ൽ ആദ്യം വില്ലനായി തീരുമാനിച്ചത് ജയറാമിനെ. എന്നാൽ ആ വേഷം ജയറാം നിരസിക്കുകയായിരുന്നുവെന്ന് സിദ്ദീഖ് പറയുന്നു. ഒരു ചാനലിനു നൽകിയ അഭിമുഖത്തിലാണ് സിദ്ദീഖ് ഇക്കാര്യം വെളിപ്പെടുത്തിയത്. ‘ജയിലർ’ സിനിമയില്‍ മമ്മൂട്ടിയെ വില്ലൻ കഥാപാത്രത്തിനു വേണ്ടി പരിഗണിച്ചിരുന്നുവെന്ന വാർത്തകൾ വരുന്നതിനിടയിലാണ് സിദ്ദീഖിന്റെ പഴയൊരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വീണ്ടും വൈറലായത്.
ചിത്രത്തിലെ നായിക നയൻതാരയുടെ ആദ്യഭർത്താവിന്റെ വേഷമാണ് ജയറാമിന് ഓഫർ ചെയ്തത്. നായികയുടെ ഭർത്താവ് ഒരു മാഫിയ തലവനാണ് എന്നായിരുന്നു ആദ്യം കഥ എഴുതിയത്. എന്നാൽ ചിത്രത്തിന് ഒരു ഫാമിലി ട്രാക്ക് വരട്ടെ എന്ന് കരുതിയാണ് മറ്റൊരു നായക താരമായ ജയറാമിനെ വിളിച്ചത്. എന്നാൽ ജയറാം ആ ചാൻസ് നിരസിച്ചതുകൊണ്ട് ആ ശ്രമം ഉപേക്ഷിച്ചു എന്ന് സിദ്ദീഖ് പറയുന്നു. ജയറാമിനു പകരം തെലുങ്ക് താരം ജെഡി ചക്രവർത്തിയെ ആണ് പിന്നീട് ആ വേഷത്തിലേക്കു തീരുമാനിച്ചത്.
‘‘മമ്മൂക്കയാണ് ഭാസ്കർ ദ് റാസ്കർ എന്ന ചിത്രത്തിലെ ഹീറോ. കൊച്ചിയിലാണ് ഷൂട്ടിങ് ലൊക്കേഷൻ. ഈ സിനിമയിൽ കണ്ടെത്താൻ ഏറ്റവും പ്രയാസപ്പെട്ടത് നായികയായ നയൻതാരയുടെ ആദ്യ ഭർത്താവിെ അവതരിപ്പിക്കാനുള്ള താരത്തെയായിരുന്നു. ആ കഥാപാത്രത്തെ കണ്ടെത്താൻ ഭയങ്കര ബുദ്ധിമുട്ടായിരുന്നു. ഒരു മാഫിയ തലവൻ ആണ് വേണ്ടത്. പക്ഷേ ഞങ്ങൾ ഒരു കുടുംബചിത്രം എന്ന നിലയിലേക്ക് കൊണ്ടുപോകുവാൻ വേണ്ടി നയൻതാരയുടെ ഭർത്താവായി ജയറാമിനെ കൊണ്ടുവന്നാലോ എന്ന് ആലോചിച്ചു. നന്നായി ജീവിച്ചിരുന്നവർ എന്തോ കാരണം കൊണ്ട് തെറ്റിപ്പോവുകയും പിന്നീട് ജീവിതത്തിലേക്ക് തിരിച്ചു വരുകയും ചെയ്യുന്ന ഒരു ഡ്രാമ ഉണ്ടാക്കാം എന്നാണ് കരുതിയത്.
പക്ഷേ ജയറാം അതിനു തയാറായില്ല. അങ്ങനെയാണ് ആ ശ്രമം ഉപേക്ഷിച്ച് തിരിച്ച് മാഫിയ ട്രാക്കിലേക്ക് കഥ കൊണ്ടുപോയത്. അല്ലെങ്കിൽ ആ സിനിമയ്ക്ക് വേറൊരു ട്രാക്ക് വന്നേനെ. ജയറാമിനെ പോലെ ഒരു ഹീറോ പരിവേഷം ഉള്ള ഒരാൾ വന്നാലേ ഫാമിലി ഡ്രാമ വിജയിക്കൂ. പക്ഷേ ജയറാം ആ കഥാപാത്രം ഏറ്റെടുക്കാത്തതുകൊണ്ടാണ് ആ ചിത്രം മറ്റൊരു ട്രാക്കിലേക്ക് പോയത്.’’–സിദ്ദീഖിന്റെ വാക്കുകൾ.