ADVERTISEMENT

ഓണക്കാലത്തെ വരവേല്‍ക്കാന്‍ ഒരുങ്ങി കേരളത്തിലെ സിനിമാ തിയറ്ററുകൾ. യുവ താരങ്ങളായ ദുൽഖർ സൽമാൻ, ഷെയ്ൻ നിഗം, ആന്റണി വർഗീസ്. നിവിൻ പോളി തുടങ്ങിയവരുടെ വിവിധ ജോണറുകളിലുള്ള മൂന്ന് സിനിമകളാണ് ഇക്കുറി ഓണത്തിന് തിയറ്ററുകളിൽ എത്തുന്നത്. സൂപ്പർ താരങ്ങളുടെ ചിത്രങ്ങളൊന്നും തന്നെ തിയറ്ററുകൾ കൊഴുപ്പിക്കാൻ ഉണ്ടാകില്ല എന്നതും ഇക്കുറി ഓണത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. ഏറെ പ്രതിസന്ധികൾക്ക് ശേഷം വീണ്ടുമൊരു ഉത്സവകാലമെത്തുമ്പോൾ തിയറ്ററുകള്‍ സജീവമാകുമെന്ന പ്രതീക്ഷയിലാണ് തിയറ്റര്‍ ഉടമകളും നിര്‍മ്മാതാക്കളും.

 

പാൻ ഇന്ത്യൻ ‘കൊത്ത’

 

മലയാളത്തിന്റെ സ്വന്തം പാൻ ഇന്ത്യൻ താരം ദുൽഖർ സൽമാൻ നായകനാകുന്ന ബജറ്റ് മാസ്സ് ചിത്രം കിങ് ഓഫ് കൊത്തയാണ് പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന സിനിമ. ഇതുവരെ കാണാത്ത ആകർഷകമായ ലുക്കിലാണ് ദുൽഖർ എത്തുന്നത്. തിയറ്ററിൽ ദൃശ്യവിസ്മയം തീർക്കുന്ന ഒരു മാസ്സ് എന്റർടെയ്നർ ആയിരിക്കും കിങ് ഓഫ് കൊത്ത. സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഐശ്വര്യ ലക്ഷ്മിയാണ് നായിക. ചെമ്പൻ വിനോദ്, ഷമ്മി തിലകൻ ഗോകുൽ സുരേഷ് നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖ സുരേന്ദ്രൻ എന്നിവരാണ് മറ്റു താരങ്ങൾ.

 

ഇടിയുടെ ‘ആർഡിഎക്സ്’

 

ഷെയ്ൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ആക്‌ഷൻ എന്റർടെയ്നറായ  ‘ആർഡിഎക്സ്’ ആണ് ഓണക്കാലത്ത് ഗംഭീര ഓണത്തല്ലുമായി തീയറ്ററിൽ എത്തുന്നത്. ഓണത്തിന് തിയറ്ററിൽ എത്തുന്ന ചിത്രം വമ്പൻ ഹിറ്റ് ആയിരിക്കുമെന്ന സൂചനയാണ് റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ ദശലക്ഷക്കണക്കിന് കാഴ്ചക്കാരെ സ്വന്തമാക്കിയ ട്രയിലർ നൽകുന്നത്.  സിനിമയുടെ ട്രെയിലർ അത്യുഗ്രൻ ആക്‌ഷൻ രംഗങ്ങളാൽ സമ്പന്നമാണ്.  ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.  കെജിഎഫ്, വിക്രം, ബീസ്റ്റ് തുടങ്ങിയ ചിത്രങ്ങൾക്ക് സംഘട്ടനം ഒരുക്കിയ അൻബ് അറിവാണ് ഈ ചിത്രത്തിന്റെ ആക്‌ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത്. ബാബു ആന്റണി, ലാൽ, ഐമ റോസ്മി സെബാസ്റ്റ്യൻ, മഹിമ നമ്പ്യാർ, മാല പാർവതി, ബൈജു തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.  മിന്നൽ മുരളി, ബാംഗ്ലൂർ ഡേയ്സ്, കാട് പൂക്കുന്ന നേരം, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പടയോട്ടം തുടങ്ങി സൂപ്പർഹിറ്റ് ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സാണ് നിർമാതാക്കൾ.

 

ചിരിയുടെ മോഷണവുമായി നിവിൻ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍

 

നിവിന്‍ പോളിയുടെ ഫാമിലി എന്റര്‍ടെയ്നര്‍ 'രാമചന്ദ്രബോസ് ആൻഡ് കോ'യാണ് ഓണത്തിന് രസക്കൂട്ടുകളുമായി തീയറ്ററിൽ എത്തുന്ന മറ്റൊരു ചിത്രം. ഒരു കൊളളയുടെയും നല്ലവനായ കൊള്ളക്കാരന്റെയും കഥ പറയുന്ന ചിത്രത്തിൽ രസകരവും സ്‌റ്റൈലിഷുമായ രംഗങ്ങള്‍ ഏറെയുണ്ടെന്നാണ് ടീസർ സൂചിപ്പിക്കുന്നത്. മാജിക് ഫ്രെയിംസും പോളി ജൂനിയര്‍ പിക്‌ചേഴ്സും ചേര്‍ന്ന് നിർമ്മിക്കുന്ന രാമചന്ദ്ര ബോസ്സ് & കോയുടെ രചനയും സംവിധാനവും നിർവഹിക്കുന്നത് ഹനീഫ് അദേനിയാണ്. നിവിന്‍ പോളി കൂടാതെ ജാഫര്‍ ഇടുക്കി, വിനയ് ഫോര്‍ട്ട്, വിജിലേഷ്, മമിത ബൈജു, ആര്‍ഷ ബൈജു തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.  മിഖായേലിന് ശേഷം സംവിധായകൻ ഹനീഫുമായി നിവിൻ പോളി കൈകോർക്കുന്ന രണ്ടാമത്തെ ചിത്രമാണിത്.  രാമചന്ദ്ര ബോസും സ്ക്വാഡും ചേർന്ന് ഈ ഓണക്കാലത്ത് തീയറ്ററുകളിൽ പൊട്ടിചിരിയുടെ അലയൊലികൾ തീർക്കാൻ ആണ് സാധ്യത.

 

തമിഴ് സംവിധായകൻ നെൽസൺ സംവിധാനം ചെയ്ത രജനികാന്ത് ചിത്രം ജയിലറും ഓണം കെങ്കേമമാക്കാൻ തിയറ്ററിലുണ്ടാകുമെന്ന് ഉറപ്പാണ്.  കേരളത്തിൽ റെക്കോർഡ് കലക്‌ഷൻ ലഭിച്ച ജയിലർ വാരാന്ത്യത്തോടെ 30 കോടി കലക്‌ഷൻ പിന്നിട്ടുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.  പ്രവർത്തി ദിവസങ്ങളിലും തിയറ്ററുകൾ ഹൗസ്ഫുൾ ആയതോടെ ഈ ട്രെൻഡ് ഓണം വരെ നീണ്ടുപോകാൻ ആണ് സാധ്യത.  കന്നഡയിലും തെലുങ്കിലും സിനിമയ്ക്കു വമ്പൻ സ്വീകരണമാണ് ലഭിക്കുന്നത്. മോഹൻലാലിന്റെയും ശിവരാജ്കുമാറിന്റെയും തീപ്പൊരി അതിഥി വേഷങ്ങളും സിനിമയ്ക്കു മുതൽക്കൂട്ടായി മാറിയിട്ടുണ്ട്.  ഓണചിത്രമില്ലെങ്കിലും മോഹൻലാൽ ചിത്രമായി ‘ജയിലർ’ ആഘോഷിക്കപ്പെടുമ്പോൾ ആരാധകരുടെ പ്രിയപ്പെട്ട ലാലേട്ടനും ഓണക്കാലത്ത് തിയറ്ററുകളിൽ ആവേശമായി മാറും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com