‘ദുൽഖറിന്റെ സമയം പാഴാക്കിയ നടി’; സോനം കപൂറിനോടും ദുല്‍ഖറിനോടും മാപ്പ് പറഞ്ഞ് റാണ
Mail This Article
ബോളിവുഡ് നടി സോനം കപൂറിനോടും നടൻ ദുൽഖർ സൽമാനോടും മാപ്പ് പറഞ്ഞ് റാണ ദഗുബാട്ടി. ‘കിങ് ഓഫ് കൊത്ത’യുടെ പ്രമോഷനിടെ റാണ നടത്തിയ ഒരു പരാമർശം വിവാദമായ പശ്ചാത്തലത്തിലാണ് റാണ മാപ്പപേക്ഷിച്ച് രംഗത്തുവന്നത്. ദുൽഖറിന്റെ ആദ്യ ബോളിവുഡ് ചിത്രത്തിൽ ബോളിവുഡിലെ ഒരു പ്രമുഖ നടന്റെ സമയം പാഴാക്കിയെന്നായിരുന്നു റാണ പറഞ്ഞത്.
ദുല്‍ഖറിന്റെ തിരക്കിനെ അവഗണിച്ച് സെറ്റില്‍ വച്ച് ഒരു പ്രമുഖനടി ലണ്ടനില്‍ ഷോപ്പിങ് നടത്തുന്നതിനെക്കുറിച്ച് ഭര്‍ത്താവിനോട് സംസാരിക്കുകയായിരുന്നുവെന്നും നടിയുടെ പെരുമാറ്റം സെറ്റിലുള്ളവരെയും ഷൂട്ടിനെയും അലോസരപ്പെടുത്തുന്നതായിരുന്നെന്നും റാണ പറയുകയുണ്ടായി. കിങ് ഓഫ് കൊത്തയുടെ ഹൈദരാബാദിലെ പ്രീ റിലീസ് ഇവന്റിലാണ് റാണ വിവാദമായ പ്രസ്താവന നടത്തിയത്. സോനം കപൂറിന്റെ പേരെടുത്ത് പറയാതെയായിരുന്നു റാണ സംസാരിച്ചത്.
‘‘ദുല്‍ഖര്‍ ആക്ടിങ് സ്കൂളില്‍ എന്റെ ജൂനിയറായിരുന്നു. ഞങ്ങള്‍ അവിടെ സുഹൃത്തുക്കളായിരുന്നു. അദ്ദേഹം വളരെ മാന്യനായ വ്യക്തിയാണ്. അദ്ദേഹം ഒരു ഹിന്ദി സിനിമ ചെയ്തിരുന്നു. അതിന്റെ നിര്‍മാതാക്കള്‍ എന്റെ സുഹൃത്തുക്കളാണ്. എന്റെ വീടിനടുത്തായിരുന്നു ഷൂട്ടിങ്. ദുല്‍ഖറിനെ കാണാനാണ് ഞാന്‍ അവിടെ പോയിരുന്നു. അവന് സ്പോട്ട് ബോയ്ക്കൊപ്പം മൂലയില്‍ നില്‍ക്കുകയായിരുന്നു.
ആ സിനിമ ചെയ്യുന്ന ഒരു വലിയ ഹിന്ദി നായിക തന്റെ ഭര്‍ത്താവുമായി ലണ്ടനില്‍ ഷോപ്പിങ് നടത്തുന്നതിനെക്കുറിച്ചുള്ള ഫോണ്‍ സംഭാഷണത്തിലായിരുന്നു. അത് ഷോട്ടുകളെ ബാധിക്കുന്നുണ്ടായിരുന്നു. സെറ്റിലുള്ളവര്‍ക്കും ആശങ്കയായി. എന്നാല്‍ വളരെ ആത്മാർഥതയോടെ വളരെ സഹിച്ചാണ് ദുല്‍ഖര്‍ അവിടെ പണിയെടുത്തത്. ആ സംഭവത്തില്‍ ഞാന്‍ നിർമാതാവിനോട് ദേഷ്യപ്പെടുകയും ചെയ്തിരുന്നു”.– എന്നായിരുന്നു റാണ പറഞ്ഞത്.
‘ദ് സോയ ഫാക്ടര്‍’ എന്ന ചിത്രത്തില്‍ സോനം കപൂറും ദുല്‍ഖറും ഒന്നിച്ച് അഭിനയിച്ചിരുന്നു. റാണയുടെ വാക്കുകള്‍ക്ക് പിന്നാലെ സോനം കപൂറിനെതിരെ ട്രോളുകളും വിമർശനങ്ങളും ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് സോനത്തിനോടും ദുല്‍ഖറിനോടും റാണ ക്ഷമ പറഞ്ഞത്. തന്റെ വാക്കുകള്‍ ദുല്വ്യാഖ്യാനം ചെയ്തുവെന്നും താന്‍ ഒരുപാട് ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന വ്യക്തികളാണ് സോനവും ദുല്‍ഖറുമെന്ന് റാണ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
‘‘എന്റെ പരാമര്‍ശങ്ങള്‍ മൂലം സോനം കപൂറിനുണ്ടായ നെഗറ്റിവിറ്റിയില്‍ എനിക്ക് തന്നെ ബുദ്ധിമുട്ട് ഉണ്ടായിരിക്കുകയാണ്. അതില്‍ സത്യമില്ല, ഞാന്‍ വളരെ തമാശയായി പറഞ്ഞതാണ്. സുഹൃത്തുക്കളെന്ന നിലയില്‍ ഞങ്ങള്‍ പരസ്പരം കളിയാക്കാറുണ്ട്. അതിനെ ദുര്‍വ്യഖ്യാനം ചെയ്തതില്‍ അതിയായ ദുഃഖം തോന്നുന്നു. ഈ അവസരത്തില്‍ സോനത്തിനോടും ദുല്‍ഖറിനോടും മാപ്പ് ചോദിക്കുകയാണ്. ഞാന്‍ ഒരുപാട് ബഹുമാനിക്കുന്ന വ്യക്തികളാണ് ഇരുവരും. എന്റെ വിശദീകരണം ഊഹാപോഹങ്ങള്‍ക്കും തെറ്റിദ്ധാരണകള്‍ക്കും വിരാമമിടുമെന്ന് പ്രതീക്ഷിക്കുന്നു.’’- റാണ പറഞ്ഞു.
English Summary: Rana Daggubati takes ‘veiled dig’ at Sonam Kapoor during King of Kotha event; apologises later